റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പെട്രോളിയം മന്ത്രാലയം 7,000 കോടി പിഴയിട്ടു
News added on : Friday, May 04, 2012 3:44 AM hrs IST
ന്യൂഡല്‍ഹി: കൃഷ്ണഗോദാവരി തടത്തിലെ വാതക ഖനനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ ലംഘനം നടത്തിയതിനാല്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്ന് കാണിച്ച് കമ്പനിക്ക് 1.2 ബില്യന്‍ ഡോളര്‍ (7,000 കോടിയോളം രൂപ) പിഴ ചുമത്തിക്കൊണ്ട് പെട്രോളിയം മന്ത്രാലയം നോട്ടീസ് നല്കി. ഇത്രയും ഭീമമായ തുക ഇത്തരത്തില്‍ സര്‍ക്കാര്‍ പിഴയിടുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുകേഷ് അംബാനി നേതൃത്വം നല്കുന്ന കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വാതക ലഭ്യത വളരെ കുറഞ്ഞിരിക്കുന്നതിനാല്‍ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കരാറില്‍ പറഞ്ഞതിന് വിഭിന്നമായി കമ്പനി സ്ഥാപിച്ച വാതക കിണറുകള്‍ കുറവാണെന്നും ഉത്പാദനം പങ്കുവെക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ റിലയന്‍സ് ലംഘിച്ചിരിക്കുകയാണെന്നും പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രതീക്ഷിച്ച വാതകശേഖരം ഇല്ലതിരുന്നതിനാലാണ് നഷ്ടം സംഭവിച്ചതെന്നാണ് റിലയന്‍സിന്റെ വാദം. 2010 മുതല്‍ 12 വരെയുള്ള കാലയളവിലെ നഷ്ടം കണക്കാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിഴ ചുമത്തിയിരിക്കുന്നത്.









Print
Email to A Friend