Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

രാഷ്ട്രസുരക്ഷയും പൊതുതാല്‍പര്യവും പ്രധാനം


അറുപത് വര്‍ഷത്തെ ഉദ്വേഗജനകമായ കാത്തിരിപ്പിനും വാദങ്ങള്‍ക്കുമൊടുവില്‍ അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കമന്ദിരക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കയാണ്. തര്‍ക്കത്തിന്റെ വേരുകള്‍ ചികഞ്ഞ് കൃത്യമായ ഒരു നിരീക്ഷണത്തിലെത്താന്‍ കഴിയില്ലെന്നത് ഏറെക്കുറെ നേരത്തെത്തന്നെ വ്യക്തമായിരുന്നു. അതിനാല്‍ത്തന്നെ തര്‍ക്കസ്ഥലം മൂന്നായി വിഭജിച്ച് കക്ഷികള്‍ക്ക് നല്‍കുവാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് കേസിലെ പ്രധാനകക്ഷികളായ ഹിന്ദുമഹാസഭയ്ക്കും വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും നല്‍കാനാണ് കോടതിയുത്തരവ്. ഭൂമിയുടെ പൂര്‍ണ അവകാശം വേണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളിയ ജസ്റ്റീസുമായ എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി.വി. ശര്‍മ എന്നിവരടങ്ങിയ ബഞ്ച് മൂന്നുമാസത്തേക്ക് ഭൂമി സംബന്ധിച്ച ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നതായാണ് കോണ്‍ഗ്രസ്സും ബി ജെ പിയും വിവിധ ഹിന്ദുസംഘടനകളും പ്രതികരിച്ചത്. എന്നാല്‍ കിട്ടാതെപോയ നീതിക്കായി ഇന്ത്യ ഉറപ്പുനല്‍കുന്ന നിയമവ്യവസ്ഥയില്‍ അടിയുറച്ചുനിന്നുകൊണ്ട് സുപ്രീം കോടതിയില്‍ അപ്പീലിനു പോകാനാണ് ബാബറി കമ്മിറ്റിയുടെ തീരുമാനം. നിയമവ്യവസ്ഥയെ അംഗീകരിക്കുന്നുവെന്നു മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.


അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കമന്ദിരം നിലകൊള്ളുന്ന സംസ്ഥാനത്തെ ഹൈക്കോടതിയാണ് വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത്. വിധിന്യായവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ക്ക് പരമോന്നത കോടതിയില്‍ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനുള്ള സാവകാശമുണ്ട്. അത് ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരവസരത്തില്‍ വിധിയോട് വൈകാരികമായി പ്രതികരിക്കുന്നതിനു പകരം അതിനെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. പൗരാവകാശം സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന നീതിന്യായവ്യവസ്ഥയും അതിനെ അംഗീകരിക്കുന്ന സാമാന്യജനവുമാണ് നമുക്കുള്ളത്. ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് ഭൂരിപക്ഷതീരുമാനം കണക്കിലെടുത്തിട്ടുള്ളതാണ് വിധി. എന്നിരിക്കിലും വിധിയുടെ ന്യായാന്യായങ്ങള്‍ പഠിക്കുന്നതിന് ആവശ്യമായ സമയം മുന്നിലുണ്ട്. കോടതിവിധി തലനാരിഴകീറി പരിശോധിക്കുന്നതിലുപരി, സമാശ്വാസത്തിന്റെ പ്രതികരണമാണ് ഒട്ടുമിക്ക കേന്ദ്രങ്ങളില്‍നിന്നും ഉണ്ടായതെന്നത് സ്വാഗതാര്‍ഹമാണ്. പ്രധാന കക്ഷികളടക്കം ഇതുമായി ബന്ധപ്പെട്ട സംഘടനകളും നേതാക്കളുമെല്ലാം തികഞ്ഞ സംയമനവും സമചിത്തതയും പുലര്‍ത്തുന്ന തരത്തിലാണ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.


അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കമന്ദിരത്തിന്റെ സങ്കീര്‍ണതകളിലേക്ക് കടക്കാന്‍ സാധാരണജനത്തിന് വലിയ ആകാംക്ഷയില്ല. ഇത് തീര്‍ച്ചയായും ഒരു നല്ല സൂചനയാണ്. രാജ്യം വളര്‍ച്ചയുടെ പാതയില്‍ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. സമാധാനകാംക്ഷികളായ ജനങ്ങളുടെ വിജയവും രാജ്യത്തിന്റെ വളര്‍ച്ചയുടെ ലക്ഷണവുമാണിത്. സാമ്പത്തികംഗത്തെ കുതിച്ചുചാട്ടമോ ദേശീയവരുമാനത്തിലെ മികവോ മാത്രമല്ല സാംസ്‌കാരികവിഷയങ്ങളിലെ പാകതയും ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഒരു പ്രതിസന്ധിഘട്ടത്തില്‍ നാനാജാതി, മത, സാംസ്‌കാരികസംഘടനകള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും മനുഷ്യത്വത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടാക്കാന്‍ സാധിക്കുന്നു എന്നുതന്നെയാണ് ഹൈക്കോടതി വിധി അടിവരയിടുന്നത്. രാഷ്ട്രീയമുതലെടുപ്പുകള്‍ മാത്രം ലക്ഷ്യംമിട്ടുകൊണ്ടുള്ള വിവാദങ്ങളില്‍ പ്രസക്തിയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇത്തരം വിഷയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം അതാണ് തെളിയിക്കുന്നത്. എന്നാലും സ്ഥാപിതതാല്‍പര്യക്കാര്‍ സന്ദര്‍ഭങ്ങള്‍ ഉപയോഗിച്ചുകൂടായ്കയില്ല. എതിനെതിരായ നിതാന്തജാഗ്രതയാണ് ഇനി ആവശ്യം.


രാജ്യത്തിന്റെ സല്‍പ്പേരിനേറ്റ കളങ്കം മായ്ച്ചുകളയുന്നതിനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പൂര്‍ണമായും ആരെയെങ്കിലും തൃപ്തരാക്കുകയോ അസംതൃപ്തരാക്കുകയോ ചെയ്യുന്നതല്ല കോടതിവിധി. ഇതി ഒരുപക്ഷത്തിന്റെ വിജയമല്ലെന്നും കലാപങ്ങള്‍ക്ക് വഴിയൊരുക്കാത്ത രീതിയിലുള്ള ഒരു സംവിധാനമാണെന്നും നമ്മള്‍ തിരിച്ചറിയുകയാണ് ഇനി വേണ്ടത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്ഥലലും കെട്ടിടവും സംബന്ധിച്ച് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കത്തെ ന്യായവാദങ്ങളുടെ തുലാസില്‍ കൃത്യമായി അളക്കുക അനായാസമായ ഒന്നല്ല. അതുകൊണ്ടുതന്നെയാവണം പ്രധാനകക്ഷികള്‍ വിധിന്യായവുമായി ബന്ധപ്പെട്ട് സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടാകുക. മൂന്നുമാസത്തേക്ക് തല്‍സ്ഥിതി തുടരുകയും തുടര്‍ന്ന് തര്‍ക്കസ്ഥലം വിഭജിക്കുകയുമാണ് വേണ്ടത്. ഇക്കാര്യത്തിന്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് നിര്‍ണായകമാണ്.  സര്‍ക്കാരിനും കക്ഷികള്‍ക്കും സംഘടനകള്‍ക്കും തൃപ്തികരമായ രീതിയില്‍ അത് നിര്‍വഹിക്കുകയാണ് വേണ്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടും അല്ലാതെയും രാജ്യം അന്താരാഷ്ട്ര ശ്രദ്ധയിലുള്ള സമയമാണിത്. വീണ്ടും വ്യക്തിയും പ്രസ്ഥാനങ്ങളുമല്ല രാജ്യമാണ് പ്രധാനമെന്ന പരമമായ സന്ദേശത്തിലേക്ക് നമുക്ക് പങ്കുചേരാം. വിധിക്കുമുന്‍പും വിധി കേള്‍ക്കുമ്പോഴും കാണിച്ച പാകതയും ഉത്തരവാദിത്തബോധവും രാജ്യം നമ്മളില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :