Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

കോമണ്‍വെല്‍ത്ത് ഗെയിംസ്: പിടിപ്പുകേടുകളുടെ ഘോഷയാത്ര


അഴിമതിക്കഥകളുടെ ഘോഷയാത്രകളുമായാണ് ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. അതില്‍നിന്നും പുറത്തുകടക്കുകയെന്ന വിഷമകമായ ദൗത്യം ഒരു പരിധിവരെ വിജയിച്ചുവെങ്കിലും വിവാദങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് 2010 നെ വിടുന്ന മട്ടില്ല. സെപ്റ്റംബര്‍ 24 ന് വിധിപറയാനിരിക്കുന്ന രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കമന്ദിരക്കേസ് ആഭ്യന്തരസുരക്ഷയില്‍ എന്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെ ഒരു മഹാമഹം നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. ഒരു ഒളിംപിക്‌സ് വിജയകരമായി നടത്തിയശേഷം ചൈനയുടെ ഗ്രാഫ് ഏത് തരത്തിലാണ് ഉയര്‍ന്നുപൊങ്ങിയതെന്ന് പരിശോധിച്ചാല്‍ മാത്രം ഇത്തരം സംഘാടനങ്ങളുടെ പ്രസക്തി വ്യക്തമാകും. എന്നാല്‍ രണ്ട് ദിവസം കൊണ്ട് ഗെയിംസ് വില്ലേജ് തയ്യാറാക്കുമെന്ന രീതിയിലുള്ള അടിസ്ഥാനരഹിതമായ പ്രഖ്യാപനങ്ങളില്‍ അഭിരമിക്കുകയാണ് അധികൃതര്‍. അടിസ്ഥാനസൗകര്യങ്ങളില്ലെന്ന പരാതിയുമായി വിദേശതാരങ്ങള്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.


എന്നാല്‍ ഇതിലപ്പുറം ഗുരുതരമാണ് പ്രശ്‌നങ്ങള്‍ എന്നതിന് വ്യക്തമായ തെളിവുകളാണ് ഗെയിംസ് വില്ലേജില്‍ നിന്ന് കഴിഞ്ഞ രണ്ടുദിവസമായി ലോകത്തിന് ലഭിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രധാനവേദിയായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍  തുടര്‍ച്ചയായ രണ്ടാം ദിവസവും അപകടമുണ്ടായി. ഇന്നലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്കുള്ള നടപ്പാലം തകര്‍ന്ന് 23 പേര്‍ക്കു പരുക്കേറ്റപ്പോള്‍ ഇന്ന് ഭാരോദ്വഹനവേദിയുടെ താല്‍ക്കാലിക മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. സംഘാടനത്തിലെയും തയാറെടുപ്പിലെയും പിഴവുകള്‍ ഓരോ ദിവസവും ഇത്തരത്തില്‍ പുറത്തുവരുമ്പോഴും സുരക്ഷാ പാളിച്ച ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം. എങ്കില്‍ എന്താണ് മികച്ച സുരക്ഷയെന്ന ചോദ്യമാണ് താരങ്ങള്‍ക്കും കായികപ്രേമികള്‍ക്കും ചോദിക്കാനുള്ളത്. ഒരുവശത്ത് പാളിച്ചകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കോമണ്‍വെല്‍ത്ത് വേദികളില്‍ നിയോഗിക്കുമ്പോള്‍ ഗെയിംസ് വിജയിപ്പിക്കേണ്ട പ്രധാനതാരങ്ങള്‍ പലരും വിട്ടുനില്‍ക്കുകയാണ്.


വിവിധ രാജ്യങ്ങളും ലോക ചാംപ്യന്‍മാരും ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തി. ഡിസ്‌കസ് ത്രോ ലോക ചാംപ്യന്‍ ഡാനി സാമുവല്‍സിനു പിന്നാലെ ഇംഗ്ലണ്ടിന്റെ ട്രിപ്പിള്‍ ജംപ് ലോക ചാംപ്യന്‍ ഫിലിപ്പ്‌സ് ഇഡോവു ഉള്‍പ്പെടെ മൂന്നു പ്രമുഖ താരങ്ങളാണു ഗെയിംസിനെത്തില്ല എന്ന് പ്രഖ്യാപിച്ചത്. ജീവന്‍ പണയപ്പെടുത്തി മത്സരത്തിനെത്താന്‍ കഴിയില്ലെന്ന ഇഡോവുവിന്റെ നിലപാടിനെ കുറ്റപ്പെടുത്താനാവില്ല. മെഡിക്കല്‍ സൗകര്യങ്ങളിലുള്ള തങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഇംഗ്ലണ്ട് ഒരുദിവസത്തെ സമയം നല്‍കിയപ്പോള്‍ തങ്ങളുടെ ആവശ്യങ്ങളോടുള്ള ഇന്ത്യയുടെ മറുപടി നിരാശരാണെന്നാണ് കാനഡയുടെ പ്രതികരണം. ടീമിനെ അയക്കുന്ന കാര്യത്തില്‍ ന്യൂസിലന്‍ഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. ഗെയിംസ് വില്ലേജ് വാസയോഗ്യമല്ലെന്ന പരാതിക്കുപുറമേ സുരക്ഷാപ്രശ്‌നങ്ങളും ന്യൂസിലന്‍ഡ് താരങ്ങല്‍ ഉയര്‍ത്തുന്നുണ്ട്. ഗെയിംസില്‍ പങ്കെടുക്കണമോയെന്നത് താരങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ വ്യക്തമാക്കിക്കഴിഞ്ഞു.


മികവുറ്റ സുരക്ഷയാണ് ഗെയിംസിനായി ഒരുക്കിയിട്ടുള്ളതെന്ന് ഈ അപകടങ്ങള്‍ക്കിടയിലും ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായരെ വേദികള്‍ സന്ദര്‍ശിക്കുന്നതിന് നിയോഗിക്കുകയും ചെയ്തു.  മേല്‍പ്പാലം തകര്‍ന്നുവീണതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതിയും ഉത്തരവിട്ടു. ഗെയിംസ് ഉദ്ഘാടനത്തിനെത്തിയ കലാകാരന്മാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയെന്നും പരാതിയുണ്ട്. മലയാളികളടക്കമുള്ള കലാകാരന്മാര്‍ക്ക് രാവിലേയും ഉച്ചയ്ക്കും നല്‍കിയ ഭക്ഷണം പഴകിയതായിരുന്നതിനെത്തുടര്‍ന്ന് ഇവര്‍ ഭക്ഷണം ബഹിഷ്‌കരിച്ചു. സ്വതവേ ദുര്‍ബ്ബല പോരെങ്കില്‍ ഗര്‍ഭിണിയും എന്നു പറഞ്ഞ കണക്കിന് താരങ്ങള്‍ക്കോ ഒഫീഷ്യലുകള്‍ക്കോ പരുക്കേറ്റാല്‍ ഇന്‍ഷുറന്‍സ് നല്‍കാനാവില്ല എന്ന് ഗെയിംസിന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ ലോയ്ഡ് സിന്‍ഡിക്കേറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. 750 കോടി രൂപയുടെ പരിരക്ഷ ഇല്ലാതായതോടെ ഇതിനുപകരം കാണുക എന്ന ശ്രമകരമായ ദൗത്യവും സംഘാടകസമിതിക്കു മുന്നിലുണ്ട്. അപാകതകള്‍ പരിഹരിക്കാന്‍ സംഘാടകര്‍ക്കു ഗെയിംസ് ഫെഡറേഷന്‍ നല്‍കിയ സമയപരിധി അവസാനിച്ചുകഴിഞ്ഞു. ഒളിംപിക്‌സ് ആതിഥേയത്വമെന്ന വലിയ ദൗത്യത്തിലേക്ക് ചവിട്ടുപടിയാകുമായിരുന്ന ഒരു അവസരത്തെ വിഭവശേഷിയും സാമ്പത്തികമടക്കമുള്ള സകല സാധ്യതകളും ധൂര്‍ത്തടിച്ച് ഇല്ലാതാക്കി എന്ന ദുഷ്‌പേര് മായ്ച്ചുകളയാന്‍ കഴിയില്ല ഈ സംഘാടകസമിതിക്കും അതിന് ചുക്കാന്‍ പിടിച്ചവര്‍ക്കും.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :