Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

വിധികേള്‍ക്കാന്‍ വേണം ഒരുമനസ്സ്


രാജ്യം ഇന്നേവരെ മറ്റൊരു കേസിന്റെയും വിധിതീര്‍പ്പിനായി ഇത്രയും ഉദ്വേഗത്തോടെ കാത്തിരുന്നിട്ടില്ലെന്നത് കേവലം ആലങ്കാരികമായ ഒരു പ്രസ്താവനയല്ല. അറുപത് വര്‍ഷങ്ങള്‍ക്കപ്പുറത്താണ് രാമജന്മഭൂമിത്തര്‍ക്കത്തിന്റെ പേരിലുളള വ്യവഹാരം ആരംഭിക്കുന്നതെങ്കിലും ഇതിന്റെ വേര് ചികഞ്ഞുപോയാല്‍ അതിലേറെ പിന്നിലേക്ക് നടക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എവിടെയാണ് ന്യായമെന്നും ആര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടതെന്നും പ്രസ്താവിക്കുക എളുപ്പമല്ല. ജൂഡീഷ്യറിയെ വിശ്വാസത്തിലെടുത്തുകൊണ്ട്  വിധിയെ അംഗീകരിക്കുക എന്നതാണ് ഈ അവസരത്തില്‍ ജനാധിപത്യവാദിയായ ഇന്ത്യാക്കാരന്‍ എന്ന നിലയ്ക്ക് നമുക്ക് ചെയ്യാനുളളത്. അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിക്കാനിരിക്കുന്ന വിധിതീര്‍പ്പ് ജനങ്ങളില്‍ ഇപ്പോഴേ ഉത്കണ്ഠയും നെഞ്ചിടിപ്പും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും ഒരുപക്ഷത്തിന് നീതി എന്നത് ഈ കേസില്‍ സാധ്യമാകുമോ എന്ന ആശങ്കയുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രേരിതമോ മറ്റേതുതരത്തിലുള്ളതോ ആയ മുതലെടുപ്പുകള്‍ക്ക് തങ്ങള്‍ കരുക്കളാവുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട്.

എല്ലാമതങ്ങളെയും സഹിഷ്ണുതയോടെ കാണുകമാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന് അംഗീകരിക്കുക കൂടി ചെയ്യുന്നതാണ് ഭാരതത്തിന്റെ സംസ്‌കാരം. അസഹിഷ്ണുക്കളായ നേരിയ ഒരു വിഭാഗം ഇടയ്ക്കിടെ മലീമസമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ അന്തസത്ത നമുക്ക് കൈമോശം വന്നിട്ടില്ല. തന്നെപ്പോലെ അയല്‍ക്കാരനെ സ്‌നേഹിക്കുകയും ലോകം മുഴുവന്‍ സുഖം ഭവിക്കട്ടെ എന്ന് പാടിപ്പഠിക്കുകയും ചെയ്ത ഒരു ജനതയ്ക്ക് കോടതിവിധി, അതെന്തുതന്നെയായാലും ഉള്‍ക്കൊള്ളാനുള്ള കരുത്തുണ്ട്. നാനജാതിമതസ്ഥരും ത്രിവര്‍ണപതാകയ്ക്കുകീഴില്‍ ഒരുമിച്ച് നില്‍ക്കുകയും വ്യക്തിയോ പ്രസ്ഥാനങ്ങളോ അല്ല രാജ്യമാണ് പരമമായ താല്‍പര്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സംയമനം പാലിക്കുകയും ചെയ്യേണ്ടതുണ്ട്.  തര്‍ക്കമന്ദിരം നിലകൊള്ളുന്ന സംസ്ഥാനത്തെ ഹൈക്കോടതിയാണ് വിധിന്യായം പുറപ്പെടുവിക്കുന്നത്. വിധിന്യായവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ക്ക് പരമോന്നത കോടതിയില്‍ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനുള്ള സാവകാശമുണ്ട്. ജനാധിപത്യപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശീലിച്ച ഒരു ജനത എന്ന നിലയ്ക്ക് നമ്മള്‍ പ്രതികരിക്കേണ്ടതും അങ്ങിനെയാണ്. 

ഹൈക്കോടതി വിധിയിലൂടെ തര്‍ക്കത്തിന് അവസാനമുണ്ടാകുമോ എന്ന് പ്രവചിക്കുക വയ്യ. വിധി എന്തു തന്നെയായാലും ബന്ധപ്പെട്ട കക്ഷികള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നുതന്നെ കരുതേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ത്തന്നെ വിവിധ വിഷയങ്ങള്‍ കൊണ്ട് അസന്തുഷ്ടമായ അന്തരീക്ഷം കോടതി വിധിയോടുകൂടി കൂടുതല്‍ പ്രശ്‌നകലുഷിതമാകുമോ എന്നതാണ് സാധാരണ ജനത്തെ അലട്ടുന്ന വിഷയം.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ-സാമുദായിക സംഘടനകളും ഭയാശങ്കകള്‍ അകറ്റുന്നതിനും സമാധാനപാലനത്തിനുമുള്ള നീക്കങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. കോടതിവിധിയോട് വികാരപരമായി പ്രതികരിക്കുകയില്ല മറിച്ച് ജനാധിപത്യപരമായി പെരുമാറുമെന്ന  സംഘടനാനേതാക്കളുടെ പ്രസ്താവനകള്‍ നല്‍കുന്ന സമാധാനം ചെറുതല്ല. വിവാദഭൂമി ഉള്‍പ്പെടുന്ന ഫെയ്‌സാബാദ് ഉള്‍പ്പെടെ നിരവധി ജില്ലകളും പ്രധാന നഗരങ്ങളും ആരാധാനാലയങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളടക്കമുള്ള സ്ഥലങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്. കേന്ദ്രസേന ഉള്‍പ്പെടെയുള്ള പൊലീസ് വിഭാഗങ്ങള്‍ മുന്നൊരുക്കങ്ങളുമായി അഹോരാത്രം പ്രയത്‌നിക്കുകയാണ്. ബള്‍ക്ക്, ഗ്രൂപ്പ് എസ് എം എസുകളും മെയിലുകളും മറ്റും നിയന്ത്രിച്ചുകൊണ്ട് തെറ്റായ സന്ദേശങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്.

1992 ഡിസംബറിലേക്കോ സമാനമായ സാഹചര്യങ്ങളിലേക്കോ തിരിച്ചുപോകാനുള്ള അവസ്ഥയോ മനസ്സോ രാജ്യത്തിനില്ലെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. കുറവുകളും കുറ്റങ്ങളും ഉണ്ടെങ്കിലും സമീപഭാവിയില്‍ സൂപ്പര്‍പവറാകാനുള്ള സാധ്യതകളും വിഭവങ്ങളും സ്വരുക്കൂട്ടുകയാണ് രാജ്യം. ഈയവസരത്തില്‍ സാമുദായികമായ കലാപമോ യുദ്ധമോ ഇന്ത്യയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈയൊരവസരത്തില്‍ വിധി എന്തു തന്നെയായാലും അത് അംഗീകരിക്കുമെന്ന നിലപാട് തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കക്ഷികളും സംഘടനകളും വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ സമചിത്തത കൈവിടില്ലെന്ന് വ്യക്തികളും ഉറപ്പുവരുത്തണം. സമചിത്തതയും ശാന്തതയും കൈവെടിയാതിരുന്നാല്‍ അതിന്റെ ഗുണം രാജ്യത്തിനാണ്, രാജ്യപുരോഗതിക്കാണ്.

ബാബ്‌റി മസ്ജിദ് കേസിന്റെ വിധി തീര്‍പ്പ് സംപ്രേഷണം ചെയ്യുന്നതില്‍ ടിവി ചാനലുകള്‍ സ്വയമേവ ചില പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടുണ്ട്. വാര്‍ത്താ സംപ്രേഷണത്തിനിടയില്‍ ഒരിക്കല്‍പ്പോലും ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത് പോലുള്ള പഴയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്‍ ബി എ ന്യൂസ് ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യക്തിയും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഉത്തരവാദിത്തം കാണിക്കേണ്ട നിര്‍ണായകനിമിഷമാണ് മുന്നില്‍. സ്‌കൂള്‍ നാളുകള്‍ മുതല്‍ നാം പറഞ്ഞുപഠിക്കുന്നതും വിദേശീയര്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നതുമായ ജനാധിപത്യബോധവും സഹിഷ്ണുതയും പൊളളയായ അവകാശവാദമല്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് മുന്നില്‍. അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങളെക്കാള്‍ പലപ്പോഴും നന്നാവുക പെരുമാറ്റച്ചട്ടങ്ങള്‍ സ്വയം നടപ്പില്‍ വരുത്തുന്നതാണ്. അയോധ്യാവിധി രാഷ്ട്രശത്രുക്കള്‍ക്ക്  ആയുധമാകില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :