Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

പരാതികളൊതുങ്ങി; ഇനി പ്രകടനം പ്രധാനം


മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ അതിജീവിച്ചുകൊണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് തലസ്ഥാനനഗരിയില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. അവസാനനിമിഷം നടത്തിയ ഫലപ്രദമായ ഇടപെടലുകള്‍ ഗെയിംസ് നടത്തിപ്പിനെ സാരമായി സഹായിച്ചിട്ടുണ്ട്. പരാതികള്‍ക്ക് ഇടമൊരുക്കാതെയും ഉള്ള പരാതികള്‍ എത്രയും വേഗം പരിഹരിച്ചും മികച്ച സൗകര്യമാണ് കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഗെയിംസ് വില്ലേജില്‍ ലഭിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ഇന്ത്യ പാകമല്ലെന്നു വരെ പറഞ്ഞ ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ മൈക്ക് ഫെന്നല്‍ ഉദ്ഘാടനം കഴിഞ്ഞതോടെ മനസ്സുമാറ്റിയതും സംഘാടകമികവിനെയും ആതിഥേയസംസ്‌കാരത്തെയും പുകഴ്ത്തി സംസാരിക്കാന്‍ തുടങ്ങിയതും ഇന്ത്യയുടെ വിജയമാണ്. ഗെയിംസ് അഞ്ചുദിവസം പിന്നിടുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന പരാതികളും കുറ്റപ്പെടുത്തലുകളും ഒരുപരിധി വരെ കുറഞ്ഞിട്ടുണ്ട്. സംഘാടനത്തിലെ ആദ്യകാലത്തെ പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിന് പേരുദോഷമൊന്നും കേള്‍പ്പിക്കാനിടയില്ല. എന്നുമാത്രമല്ല ചില്ലറ പരിഭവങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ സംഘാടനമികവും പ്രകടനത്തിലെ മിന്നലും ചേര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് നല്‍കുന്ന ചെറുതല്ലാത്ത ആത്മവിശ്വാസവും നല്‍കുന്നുണ്ട്. 

ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് വമ്പന്‍ പരാജയമാകുമെന്നും രാജ്യത്തിന്റെ സംഘാടകമികവിന് കളങ്കമാകുമെന്ന തരത്തിലായിരുന്നു ഒരാഴ്ചമുമ്പുവരെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍. തീയില്ലാതെ പുകയുണ്ടാകില്ല എന്നത് കണക്കെ തന്നെയായിരുന്നു കാര്യങ്ങള്‍. അഴിമതിക്കഥകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും രണ്ട് ദിവസം കൊണ്ട് ഗെയിംസ് വില്ലേജ് തയ്യാറാക്കുമെന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളും മാത്രമായിരുന്നു ഗെയിംസിനു തൊട്ടുമുമ്പുവരെ. സുരേഷ് കല്‍മാഡിയെ ചിത്രത്തില്‍ മാത്രമാക്കി നിര്‍ത്തി കേന്ദ്രം നേരിട്ട് ചുമതലകള്‍ ഏറ്റെടുത്തതോടെ ഗെയിംസിന്റെ മുഖച്ഛായ മാറി. അത്ഭുതങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ചെപ്പ് തുറന്ന് ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങ് വിമര്‍ശനങ്ങളുടെ വായടപ്പിക്കാന്‍ പോന്നതായിരുന്നു. പൂത്തിരികത്തിച്ചപോലെ ആകാശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞുനിന്നപ്പോള്‍ നൂറ്റിപ്പത്തുകോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ മനസ്സ് ഒരേ ലഹരിയിലേക്ക് സമന്വയിച്ചു. വര്‍ണങ്ങളും സംഗീതവും നൃത്തങ്ങളും മറ്റുമായി വിവിധ വര്‍ഗവും നിറവും തരവും ഭാഷയുമുള്ള ഒരു വലിയ രാജ്യം ഒരേ ലക്ഷ്യത്തിലേക്ക് മനസ്സുചേര്‍ത്തപ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ മേളയ്ക്ക് തുടക്കമായി. ബാജയും ബാംഗ്രയും ബിഹുവും ഗുദും ഡോലും വംഗാളയും അടക്കമുള്ള തുകല്‍വാദ്യങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ചെണ്ടയും ഗെയിംസ് ഉദ്ഘാടനവേദിയില്‍ ശ്രദ്ധേയമായി. 

വിവാദങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിശ്ചയവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസിനെത്തിയത്. സംഘാടകര്‍ക്കില്ലാതെ പോയ ദൃഢനിശ്ചയം താരങ്ങള്‍ ഭംഗിയായി പ്രാവര്‍ത്തികമാക്കുന്നതാണ് ഗെയിംസ് വില്ലേജില്‍ നിന്നുള്ള കാഴ്ച. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ സ്വന്തം കാണികളുടെ മുന്നില്‍ വച്ച് രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ കഴിയുമെന്ന പ്രതീക്ഷയുമായാണ് ഇന്ത്യയിറങ്ങിയത്. നീന്തലില്‍ പതിവുപോലെ ഓസ്‌ട്രേലിയന്‍ ആധിപത്യം പ്രകടമായ ആദ്യ ദിനത്തില്‍ ഭാരോദ്വഹനത്തില്‍ രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി ഇന്ത്യ മെഡല്‍പ്പട്ടികയില്‍ ഹരിശ്രീ കുറിച്ചു. രണ്ടാം ദിവസം നേടിയ അഞ്ച് സ്വര്‍ണമെഡലുകള്‍ പട്ടികയില്‍ ലക്ഷ്യമിട്ട രണ്ടാം സ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഒരിക്കല്‍പ്പോലും ഇന്ത്യ രണ്ടാം സ്ഥാനക്കാരെന്ന സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. അഞ്ചാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ 20 സ്വര്‍ണം 16 വെള്ളി 12 വെങ്കലം എന്നിങ്ങനെ 48 മെഡലുകളുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. 47 സ്വര്‍ണമടക്കം 99 മെഡലുകളോടെ ഓസ്‌ട്രേലിയ ബഹുദൂരം മുന്നിലാണ്. ഗെയിംസിനായി ചേരി നിവാസികളെ ഒഴിപ്പിച്ചെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും മറ്റുമുള്ള പരാതികള്‍ ഒറ്റപ്പെട്ടിടങ്ങളില്‍ നിന്നെങ്കിലും ഉയരുന്നുണ്ട്. സംഘാടനത്തിലെ തുടക്കത്തിലെ പാളിച്ചകളെ മറികടക്കാനും ആതിഥേയമികവിന് പേരുകേട്ട സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ മെഡല്‍പട്ടികയില്‍ രണ്ടാം സ്ഥാനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും രാജ്യത്തിനു കഴിയട്ടെ

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ്‌ മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :