Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ഇന്ത്യ തിളങ്ങി; അഭിമാനത്തോടെ തന്നെ


കോമണ്‍വെല്‍ത്തില്‍ രണ്ടാം സ്ഥാനമെന്ന അഭിമാനം ഇന്ത്യ കയ്യെത്തിപ്പിടിക്കുന്നത് കണ്ടുകൊണ്ട് 19ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. ആരോപണങ്ങളില്‍ കുത്തിയൊലിച്ചുപോകുന്നതല്ല തങ്ങളുടെ മാനം എന്നു വെളിവാക്കി ആതിഥേയരായ ഇന്ത്യ നടത്തിയ സ്വപ്നതുല്യമായ തേരോട്ടമാണ് ഇന്ദ്രപ്രസ്ഥത്തില്‍ നടാടെ വിരുന്നെത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സൗന്ദര്യമായത്. സംഘാടനത്തിലെ പിഴവുകളും മറനീക്കി പുറത്തുവന്ന അഴിമതിക്കഥകളും കൊണ്ട് അമ്പേ പരാജയമാകുമെന്ന് തോന്നിച്ച ഗെയിംസ് വമ്പന്‍ വിജയമെന്ന ഖ്യാതിയോടെയാണ് പൂര്‍ത്തിയാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി അത്ഭുതങ്ങളുടെ നാടെന്നു പുകഴ്‌പെറ്റ ഇന്ത്യ തുറന്ന വിസ്മയച്ചെപ്പില്‍ ഭ്രമിച്ചിരിക്കയായിരുന്നു ലോകം കഴിഞ്ഞവാരം. ഗെയിംസ് വില്ലേജില്‍ കുറവുകളുടെയും പരാതികളുടെയും കെട്ടുകളഴിയുന്നതും കാത്തിരുന്ന വിദേശറിപ്പോര്‍ട്ടര്‍മാരെ മാത്രമല്ല, സുരക്ഷാപ്രശ്‌നങ്ങളുന്നയിച്ച് ഗെയിംസില്‍ നിന്നും വിട്ടുനിന്നവരെയും ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അമ്പരപ്പിപ്പിച്ചു. കലാശക്കളിയുടെ തലേന്ന് ഉത്തേജക വിവാദത്തില്‍ ഇന്ത്യന്‍ താരത്തിന്റെ പേരും കേള്‍ക്കാനിടയായി എന്നതുമാത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആതിഥേയര്‍ക്ക് പേരുദോഷമായത്. വനിതകളുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ ആറാമതെത്തിയ റാണി യാദവാണ് പത്താം ദിവസം മരുന്നടിക്ക് പിടിയിലായത്.

കോമണ്‍വെല്‍ത്തിലെ വന്‍ശക്തിയായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സംശയമേതുമുണ്ടായിരുന്നില്ല. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനും കാനഡയ്ക്കും പിന്നിലായിരുന്ന ഇന്ത്യ സ്വന്തം കാണികളുടെ മുന്നില്‍ രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങിയത്. 71 സ്വര്‍ണവുമായി ഓസീസ് അനായാസം ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ ഇഞ്ചോടിഞ്ചു പോരാടിയ ഇംഗ്ലണ്ടിനെ അവസാനനിമിഷം പിന്തള്ളിയാണ് ഇന്ത്യ സ്വപ്നനേട്ടം കൈയ്യെത്തിപ്പിടിച്ചത്. ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡല്‍പ്പപ്പട്ടികയില്‍ 100 എന്ന മാന്ത്രികസംഖ്യ തികയ്ക്കുന്നതിനും ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സാക്ഷിയായി. 2002ലെ മാഞ്ചസ്റ്റര്‍ ഗെയിംസില്‍ നേടിയ 69 മെഡലായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ചനേട്ടം. കഴിഞ്ഞ തവണ മെല്‍ബണില്‍ 49 മെഡല്‍ മാത്രമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. താരങ്ങള്‍ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും പ്രതീക്ഷിച്ചതിലും അപ്പുറത്തെ പ്രകടനമാണ് ഡല്‍ഹി കാഴ്ച വച്ചതെന്നുമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്ക് ഫെന്നല്‍ അഭിപ്രായപ്പെട്ടത്. സെപ്തംബര്‍ 23 ന് ഒരുക്കങ്ങള്‍ വിലയിരുത്താനെത്തുമ്പോള്‍ ഈ ഗെയിംസ് നടക്കുമോ എന്നുവരെ താന്‍ ചിന്തിച്ചിരുന്നു എന്ന് ഫെന്നല്‍ വെളിപ്പെടുത്തുമ്പോഴാണ് പിന്നീടുള്ള ദിവസങ്ങളില്‍ ഇന്ത്യ എത്രമാത്രം കഠിനപരിശ്രമമമാണ് ഈ മേള വിജയിപ്പിക്കാനായി നടത്തിയതെന്ന് വ്യക്തമാകുന്നത്.    

സംഘാടനത്തില്‍ കുറവുകളുണ്ടായാലും പ്രകടനമികവുകൊണ്ട് അത് മറികടക്കുമെന്ന് നിശ്ചയിച്ചുറപ്പിച്ച പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് വില്ലേജില്‍ പെരുമാറിയത്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രത്യേകിച്ചും അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളുടെ പ്രകടനവും നിര്‍ണായകമായി. പരിചയസമ്പന്നനായ മലയാളി ദ്രോണാചാര്യന്‍ സണ്ണി തോമസിന്റെ കീഴില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹോക്കിയില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന സൂചനകളും ഗുസ്തിയിലും ബാഡ്മിന്റണിലും പ്രതീക്ഷിച്ച വിജയങ്ങളും ഇന്ത്യന്‍ മോഹങ്ങള്‍ കാത്തു. 71 രാജ്യങ്ങളില്‍നിന്നുള്ള കായികതാരങ്ങള്‍ക്ക് പരിഭവം കൂടാതെ പന്ത്രണ്ട് ദിവസങ്ങള്‍ ചെലവഴിക്കാന്‍ മാത്രമല്ല, 75 റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുന്നതിനും ഡല്‍ഹി ഗെയിംസ് വേദിയായി. ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയ ചരിത്രത്തമുള്ള നമ്മള്‍ കോമണ്‍വെല്‍ത്ത് ഗെയിംസും ആ വഴിയിലെത്തിച്ചിരിക്കുന്നു. പ്രധാനമന്ത്രി നേരിട്ടെത്തി സംഘാടനത്തിലെ പോരായ്മകള്‍ നിരീക്ഷിച്ച ശേഷം ഇന്ത്യ തിരിഞ്ഞുനോക്കിയില്ല. ഉദ്ഘാടനദിവസം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കണ്ടത് വെറും സാമ്പിള്‍ മാത്രമായിരുന്നു. പന്ത്രണ്ട് ദിവസങ്ങള്‍ ഫീല്‍ഡിലും ട്രാക്കിലും സമാപനസമ്മേളനത്തിലും കണ്ട വെടിക്കെട്ടിനുള്ള വെറും സാമ്പിള്‍. കൃത്യവിലോപം കാട്ടി ഈ മേളയെ തകര്‍ക്കുമെന്ന് തോന്നിച്ചവരെ വെറുതെ വിടാനാവില്ല. ചുമതലകളില്‍ പാളിച്ച വരുത്തിയവര്‍ അതിനുത്തരം പറയേണ്ടതുണ്ട്. അത് ഉറപ്പുവരുത്തുക എന്നത് ഇനിയും ഇത്തരം വീഴ്ചകള്‍ വരുത്തുന്നവര്‍ക്കെതിരായ സന്ദേശം കൂടിയാവണം.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്, ഗള്‍ഫ്‌ മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :