Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

നിരര്‍ത്ഥകതയുടെ അര്‍ത്ഥമറിഞ്ഞ് നടന്നുമറഞ്ഞ ഒരാള്‍


പോയവഴിക്കെല്ലാം സുഗന്ധം വാരിപ്പൂശിയ കസ്തൂരിമാനായിരുന്നു പി കുഞ്ഞിരാമന്‍ നായര്‍ എന്ന മഹാകവി. പി എന്ന ഒറ്റയക്ഷരം അടയാളപ്പെടുത്തിയ കവിതയുടെ പൂര്‍ണവസന്തമായിരുന്നു എ അയ്യപ്പന്‍ എന്ന ജീവിതോത്സവത്തിലും മലയാളം കണ്ടത്. കുപ്പായക്കീശയില്‍ നിറഞ്ഞ മധുരമായിരുന്നു കുഞ്ഞിരാമന്‍നായരുടെ പ്രത്യേകതയെങ്കില്‍ മറ്റവന്റെ കുപ്പായക്കീശയില്‍ ലഹരിക്കു പണം തിരയുന്നവനായിരുന്നു അയ്യപ്പന്‍. ഒരു പത്തുരൂപ നോട്ടിലോ ഒരുകവിള്‍ മദ്യത്തിലോ വെളിപ്പെടുന്ന ദൗര്‍ബല്യമായിരുന്നു എ അയ്യപ്പന്‍. കവിതയും ജീവിതവും രണ്ടല്ലയെന്ന വിളംബരമായിരുന്നു അയ്യപ്പന്റെ ജീവിതവര്‍ഷങ്ങള്‍. അനന്തപുരിയിലെ ആളൊഴിഞ്ഞ വഴിയരികില്‍ അനാഥനായി ബോധമറ്റുകിടന്ന് അയ്യപ്പന്‍ കവി ഒരു കവിതപാടിത്തീര്‍ക്കുന്ന ലാഘവത്തോടെ ജീവിതത്തിന്റെ ആവരണം വലിച്ചെറിഞ്ഞു. മുഷിഞ്ഞ ഒരു കൈലിമുണ്ട് മുഖത്തിട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തിരിച്ചറിയപ്പെടാതെ മണിക്കൂറുകളോളം മരവിച്ചു കിടന്നു. ഏകാന്തത ആഘോഷമാക്കുകയും അലങ്കാരങ്ങളെ നിരാകരിക്കുകയും ചെയ്ത അയ്യപ്പന്‍ ഇരുനിലവീട്ടിലെ ശരറാന്തലിനു കീഴിലിരുന്നല്ല തെരുവുവിളക്കിനു ചുവട്ടിലിരുന്നാണ് ജീവിതത്തെക്കുറിച്ച് പാടിയത്. കാറപകടത്തില്‍ പെട്ടുമരിച്ച/വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി/ആള്‍ക്കൂട്ടം നില്‍ക്കെ/മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന/അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ് എന്ന് പാടാന്‍ അയ്യപ്പനു മാത്രമേ കഴിയുമായിരുന്നുള്ളൂ.

സ്‌നേഹിച്ചും കലഹിച്ചും തെരുവുകളില്‍ ജീവിതം ആഘോഷമാക്കുകയും കവിതയുടെ കെടാവിളക്ക് കാത്തുസൂക്ഷിക്കുകയും ചെയ്തു അയ്യപ്പന്‍ എന്ന അവധൂത കവി. പരിചയപ്പെട്ടവര്‍ക്കെല്ലാം കൈനിറയെ കഥകള്‍ വാരിക്കൊടുത്തു. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതും ഏറെക്കഴിയാതെ അമ്മയെ നഷ്ടപ്പെട്ടതും അയ്യപ്പന് രക്തബന്ധങ്ങളോടുള്ള മതിപ്പില്ലാതാക്കിയിരുന്നിരിക്കണം. ഏകസഹോദരിയോട് അടുത്തും അകന്നും വീടുവിട്ടിറങ്ങിയും വ്യവസ്ഥാപിത ജീവിതത്തോട് കലഹിക്കുകയായിരുന്നു അയ്യപ്പന്‍. വിവാഹമെത്താതെ പിരിഞ്ഞ പ്രണയത്തിന്റെ ഇച്ഛാഭംഗവും രാഷ്ട്രീയജീവിതത്തിലെ അനുഭവങ്ങളും അയ്യപ്പന്റെ അച്ചടക്കങ്ങളെ കളിയാക്കി. സ്വപ്നം പോലെ സ്വതന്ത്രമായ കവിതകളിലൂടെ അയ്യപ്പന്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചു. അച്ചടക്കമെന്ന സമ്പ്രദായത്തെ നിരാകരിക്കുകയും നിഷേധങ്ങളെ പരീക്ഷണമാക്കിയെടുക്കുകയും ചെയ്തു കവി. സര്‍ഗ്ഗാത്മകതയുടെ കലാപങ്ങളും പുതുകാല്‍പനികതയുടെ ബിബംബകല്‍പനകളും അയ്യപ്പന്‍ അനായാസമായി സാധിച്ചു. അക്കാദമിക് ബുദ്ധിജീവികളുടെ പിടിയിലൊതുങ്ങാതെ വഴുതിമാറിയും കവിതയെഴുത്തിന്റെ ചിട്ടവട്ടങ്ങളെ ആവുംപോലെ പരിഹസിച്ചും അയ്യപ്പന്‍ ആസ്ഥാനകവികളുടെ അഹംബോധത്തോട് സംസാരിച്ചു. ഒരുപാടിടത്ത് ഉണ്ടുറങ്ങിയതിന്റെ ഓര്‍മകള്‍ അയ്യപ്പനുണ്ടായിരുന്നു. തനിക്ക് വേണ്ടി പണിയുന്ന സ്മാരകം ഒരു സത്രമാവട്ടെ എന്നു കവി ആഗ്രഹിക്കാനുള്ള കാരണവും ഈ ഓര്‍മതന്നെയാവണം.

1949 ല്‍ തിരുവനന്തപുരം ബാലരാമപുരത്തായിരുന്നു എ അയ്യപ്പന്റെ ജനനം. ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാസമാഹാരമാണ് ആദ്യകൃതി. ബുദ്ധനും ആട്ടിന്‍കുട്ടിയും, വെയില്‍, കറുപ്പ് തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സഖീ, മാളമില്ലാത്ത പാമ്പ്, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍. 2010ലെ ആശാന്‍ പുരസ്‌കാരമായിരുന്നു അവസാനമായ അയ്യപ്പനെത്തേടിയെത്തിയ പുരസ്‌കാരം. എന്നാല്‍ ആശാന്‍ കവിതകള്‍ ഉറക്കെച്ചൊല്ലിയ അയ്യപ്പന് അത് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവാര്‍ഡ് ലഭിച്ചുവെന്ന് കേട്ടയുടന്‍ എത്രയാണ് അവാര്‍ഡ് തുകയെന്നന്വേഷിക്കുമായിരുന്നത്രെ അയ്യപ്പന്‍. സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ ചെക്ക് മാത്രം സ്വീകരിച്ച് ബഹുമതിപത്രം തിരിച്ചുകൊടുത്തു കവി. ഇനിയുണ്ടാവില്ല അയ്യപ്പന്‍ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോഴും ചിരിച്ചുകൊണ്ട് അയ്യപ്പന്‍ തിരിച്ചുവന്നു. ഇനി കുടിക്കരുത് എന്ന് ഉപദേശിച്ച കുടിയനല്ലാത്ത ഡോക്ടര്‍ തന്നെക്കാള്‍ പത്ത് വര്‍ഷം മുമ്പേ മരിച്ചുപോയ കഥയും കവി തമാശയ്ക്കായി പറയുമായിരുന്നു. ജീവിതാനുഭവങ്ങളുടെ വിഷത്തെ കവിതയാക്കി വിളമ്പിയ കവി കയ്യെത്തും ദൂരത്ത് വന്ന മരണത്തെ ഒന്നിലധികം തവണ തിരിച്ചയച്ചിരുന്നു. ഒടുവില്‍ കാവ്യനീതിപോലെ അയ്യപ്പന്‍ വിടപറഞ്ഞു. ആരാലും അറിയപ്പെടാതെ വഴിവക്കില്‍ മരിച്ചുകിടന്നു. തന്റെ മരണക്കിടയ്ക്കരികെ ആരാധകര്‍ അലറിവിളിക്കുന്നതും ശുശ്രൂക്ഷിക്കാനായി ആലുകള്‍ തടിച്ചുകൂടുന്നതും അയ്യപ്പനു സഹിക്കാനാകുമായിരുന്നില്ല. അങ്ങിനെ ഒരു സ്ഥിതി വന്നിരുന്നെങ്കില്‍ ഒരുപക്ഷേ മരണക്കിടക്കയില്‍ നിന്നും എഴുന്നേറ്റുനടന്നേനെ കവി. ലക്ഷണമൊത്ത ഒരു അയ്യപ്പന്‍ കവിതപോലെ അനായാസമായി, തെറ്റിയോടിയ ആ സെക്കന്റ് സൂചി നിലച്ചു. സ്വര്‍ഗ്ഗ ഗേഹങ്ങള്‍ തന്നെ വാതില്‍ തുറന്നിട്ടാലും ഒരിടത്തിരിക്കില്ല എന്ന് ഉറപ്പുള്ള കവിക്ക് കേവല ആദരാഞ്ജലികള്‍ നേരുന്നതില്‍ കഴമ്പില്ല. ആ ഓര്‍മ്മകള്‍ ആ എഴുത്തുകള്‍ പൂര്‍ത്തിയാക്കാതെ പോയ ആ കവിത തന്നെ പുണ്യം. 

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :