Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ഇറോം ഷര്‍മ്മിളയുടെ പത്ത് വര്‍ഷങ്ങള്‍


2004 ജൂലൈ 15നാണ് 12 മണിപ്പൂരി വനിതകള്‍ പൂര്‍ണനഗ്നരായി ഇന്ത്യന്‍ സൈന്യം ഞങ്ങളെ ബലാത്സംഗം ചെയ്യൂ എന്നാക്രോശിച്ചുകൊണ്ട് തലസ്ഥാന നഗരമായ ഇംഫാലില്‍ പ്രകടനം നടത്തിയത്. താങ്ജം മനോരമ എന്ന 32 കാരിയെ ഭീകരവാദിയെന്ന് സംശയിച്ച് കസ്റ്റഡിയിലെടുക്കുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത സുരക്ഷാസൈനികര്‍ക്കെതിരായിരുന്നു ഇംഫാലിലെ വനിതകളുടെ പ്രകടനം. ഞങ്ങളുടെ മാംസമെടുത്തുകൊള്ളുക എന്ന മുദ്രാവാക്യവുമായി കാംഗ്‌ല ഗെയ്റ്റിലെ ആസാം റൈഫിള്‍സ് ക്യാമ്പിനുമുന്നില്‍ ഏകദേശം മുക്കാല്‍മണിക്കൂറോളം പ്രകടനം നീണ്ടുനിന്നു. ജൂലൈ പത്തിനാണ് മനോരമയെ സൈന്യം കസ്റ്റഡിയിലെടുക്കുന്നത്. പിറ്റേന്ന് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട അവരുടെ ശരീരത്തില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളുണ്ടായിരുന്നു. സംരക്ഷിക്കാന്‍ രക്ഷകരൊന്നും അവതരിക്കാനില്ലെന്നു തിരിച്ചറിഞ്ഞുതന്നെയാവണം വികാരവേലിയേറ്റങ്ങളോടെ ഈ സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയതെന്നുവേണം കരുതാന്‍. കൊളോണിയല്‍ ഭരണകാലത്തെ ശേഷിപ്പായ സായുധസേന പ്രത്യേകാധികാരനിയമ ((AFSPA - Armed Forces (Special Powers) Act) ത്തിനെതിരെ മണിപ്പൂരില്‍ നടക്കുന്ന ആദ്യത്തെ പ്രക്ഷോഭമായിരുന്നില്ല ഇത്.

അതിനും നാലുവര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇറോം ഷര്‍മിള എന്ന 28 കാരി സായുധസേന പ്രത്യേകാധികാരനിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരാഹാരസമരം ആരംഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ രണ്ടായിരാമാണ്ട് നവംബര്‍ നാലിന്. അതെ, മണിപ്പൂരിലെ സേനയുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ഷര്‍മ്മിള ചാനു ആരംഭിച്ച നിരാഹാരസമരം പത്ത് വര്‍ഷങ്ങള്‍ കടന്നു. ഇംഫാല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള മാലോം എന്ന ഗ്രാമത്തില്‍ ബസ് കാത്തുനിന്ന ഗ്രാമീണരെ സേന കാരണംകൂടാതെ വെടിവെച്ചുകൊന്നതായിരുന്നു സമരം ആരംഭിക്കാനുണ്ടായ കാരണം. ആസ്സാം റൈഫിള്‍സിലെ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഗര്‍ഭിണിയടക്കം പത്ത് പേരാണ് മാലോം കൂട്ടക്കൊലയെന്നറിയപ്പെടുന്ന ആ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. സേനയുടെ വാഹനത്തിന് തീവ്രവാദികള്‍ ബോംബ് വച്ചതിന്റെ ദേഷ്യം തീര്‍ക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനുമുമ്പും പ്രത്യേകാധികാര നിയമമുപയോഗിച്ച് സൈന്യം ഗ്രാമീണരെ വന്‍തോതില്‍ പീഡിപ്പിച്ചിരുന്നതായി പിന്നീട് വാര്‍ത്തകള്‍ വന്നു. ഇതേത്തുടര്‍ന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകയും കവിയും പത്രപ്രവര്‍ത്തകയുമായ ഇറോം ഷര്‍മിള പ്രത്യേകാധികാരനിയമം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

വലിയ സംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ പിന്‍ബലമൊന്നും ഇല്ലാതെയാണ് ഇറോം ഷര്‍മിള നിരാഹാരസമരം ആരംഭിച്ചത്. മൂന്നാം ദിവസം ഐ പി സി 309 പ്രകാരം ആത്മഹത്യാശ്രമത്തിന്
 അവരെ അറസ്റ്റ് ചെയ്യുകയെന്നതായിരുന്നു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. സ്‌പോണ്‍സര്‍മാരില്ലാത്ത സമരമായതിനാല്‍ അറസ്റ്റിനായി ഏറെയൊന്നും പണിപ്പെടേണ്ടതുണ്ടായിരുന്നില്ല എന്നതും ഇതോട് കൂട്ടിവായിക്കേണ്ടതുണ്ട്. ജയിലിലും കോടതിയിലും ആശുപത്രിയിലുമായി വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടാതെ ഇറോം ഷര്‍മിള തന്റെ സഹനസമരം പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു, പലപ്പോഴും മരണത്തെ തൊട്ടടുത്ത് കണ്ടുകൊണ്ട്. ട്യൂബ് ഉപയോഗിച്ച് മൂക്കിലൂടെ നല്‍കുന്ന ഭക്ഷണം മാത്രമാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഇറോം ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സേനയുടെ പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു എന്നതൊഴിച്ചാല്‍ കാര്യമായ ഒരു പുരോഗതി ഇക്കാര്യത്തിലുണ്ടായിട്ടില്ല. മണിപ്പൂരില്‍ മാത്രമല്ല, ആസാമിലും കശ്മീരിലും ഇത്തരത്തിലുള്ള പ്രത്യേകാധികാര നിയമങ്ങളുണ്ടെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് രവീന്ദ്രനാഥ ടാഗോര്‍ സമാധാന പുരസ്‌കാരം ഇറോം ഷര്‍മിളയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇവരുടെ ജീവന് എന്തെങ്കിലും സംഭവിക്കുന്ന പക്ഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ ഉത്തരവാദികളായിരിക്കുമെന്ന് 2003 സമാധാന നോബല്‍ പുരസ്‌കാരജേതാവായ ഷിറിന്‍ എബാദി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ-അന്തര്‍ദേശീയ സംഘടനകള്‍ പുരസ്‌കാരങ്ങളും പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതപോലുമില്ലാതെ ഇങ്ങനെ എത്രകാലം എന്നതാണ് ചോദ്യം. പോഷകാഹാരക്കുറവ് അവരുടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയും സാധുതകളെ ചോദ്യം ചെയ്തുകൊണ്ടാണ് ചരിത്രത്തിലെതന്നെ നീളംകൂടിയ സഹനസമരം തുടര്‍ന്നുപോകുന്നത്. അഹിംസയും നിരാഹാരവും ആയുധങ്ങളാക്കി സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങളില്‍ നിന്നും സ്വാതന്ത്രം നേടിത്തന്നു എന്നു നാം വിശ്വസിക്കുന്ന മഹാത്മാവിന്റെ സ്വപ്നങ്ങളിലെ ഗ്രാമങ്ങള്‍ പോലും നിലനില്‍പിനായി നട്ടംതിരിയുന്ന പുതിയ കാലത്ത് ഇറോം ഷര്‍മിളമാര്‍ ഇത്തരം സാഹസങ്ങള്‍ക്കൊരുങ്ങാതിരിക്കട്ടെ എന്നു കരുതുകയേ നിര്‍വാഹമുള്ളൂ.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :