Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ഒബാമയുടെ സന്ദര്‍ശനം ബാക്കിയാക്കുന്നത്


ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കുന്നുവെന്നത് കൊണ്ട് മാത്രമല്ല അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ സവിശേഷനാകുന്നത്. നയതന്ത്രകുശലതയ്‌ക്കൊപ്പം ഉജ്ജ്വലമായ വാഗ്മിത്വവും ബറാക് ഒബാമ എന്ന ഭരണാധിപന് വൈശിഷ്ട്യം നല്‍കുന്നു. മഹാത്മാഗാന്ധിയുടെ പ്രഭാവമില്ലായിരുന്നെങ്കില്‍ ഒരു പ്രസിഡണ്ടായി നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയുമായിരുന്നില്ലെന്ന് പ്രസ്താവിച്ചും സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ചും ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ചുമാണ് ഒബാമ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നടത്തിയ 20 മിനുട്ട് പ്രസംഗം പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് നൃത്തം ചവിട്ടിയും കോളേജ് വിദ്യാര്‍ത്ഥികളുമായി സംവാദത്തിലേര്‍പ്പെട്ടും ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും ഔപചാരികതയുടെ മഞ്ഞുരുക്കി. ഒബാമയുടെ ഇന്ത്യാ  സന്ദര്‍ശനം അത്രവലിയ ഒരു വിജയമായിരുന്നുവോ? എതിര്‍പ്പു പ്രകടിപ്പിക്കാനാണെങ്കില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചുവെന്ന പ്രസ്താവന തന്നെ വികലമാണ്. മൂന്ന് ദിവസം കൊണ്ട് മുംബൈയിലും ഡല്‍ഹിയിലും ചില സ്വീകരണങ്ങളും കൂടിക്കാഴ്ചകളും നടത്തി പാര്‍ലിമെന്റില്‍ സംസാരിച്ച് തിരിച്ചുപോകുകയെന്നാല്‍ അത് ഇന്ത്യ സന്ദര്‍ശിച്ചുവെന്നതല്ല അര്‍ത്ഥമെന്നു പറയുന്നവരുണ്ട്. എന്നാല്‍ ഇന്ത്യയെ കണ്ടെത്തുകയെന്നതായിരുന്നില്ല ബറാക് ഒബാമയെന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം. അത് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. വിപണി നിയന്ത്രണം കുറയ്ക്കുക, ആണവരംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിങ്ങനെ കൃത്യമായ അജണ്ടയോടെയായിരുന്നു ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം. 

ഇന്ത്യയുമായി ആയിരം കോടി ഡോളറിന്റെ വ്യാപാര ഉടമ്പടി ബറാക് ഒബാമ ആദ്യദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി അമേരിക്കയില്‍ 54,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അത്രതന്നെ തൊഴിലവസരങ്ങള്‍ ഇന്ത്യയിലുമുണ്ടാകുമെന്നും ശനിയാഴ്ച മുംബൈയിലെത്തി ട്രൈഡന്റ് ഹോട്ടലില്‍ നടന്ന ഇന്ത്യ-അമേരിക്ക ബിസിനസ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒബാമ അറിയിച്ചിരുന്നു. ഹൈടെക് മേഖലകളില്‍ സുരക്ഷാനടപടികള്‍മൂലം വ്യാപാരം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ കയറ്റുമതി സമിതികള്‍ക്കുരൂപം നല്‍കുമെന്നും വ്യാപാര വിലക്കുകള്‍ നീക്കുന്ന നടപടി ത്വരിതപ്പെടുത്തുമെന്നും ഒബാമ ഉറപ്പുനല്‍കി. നിലവില്‍ അമേരിക്കയുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം  സ്ഥാനത്താണ് ഇന്ത്യ. ഗ്യാസ് ടര്‍ബൈനുകള്‍ വാങ്ങുന്നതിനായി അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ 3,500 കോടി രൂപയുടെ  കരാര്‍ അമേരിക്കന്‍ സ്ഥാപനമായ ജനറല്‍ ഇലക്ട്രിക്കുമായി  ഒപ്പുവച്ചിരുന്നു. രത്തന്‍ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്കൊപ്പം അമേരിക്കയില്‍നിന്നെത്തിയ ഇരുന്നൂറോളം വ്യവസായികളും ട്രൈഡന്റിലെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ആണവായുധങ്ങള്‍ ഭീകരരുടെ കൈയിലെത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നും ആണവ തീവ്രവാദം തടയുന്നതിന് അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നുമുള്ള വമ്പന്‍ തമാശകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭാഗത്തുനിന്നും ഇതിനിടെ ഉണ്ടായിരുന്നു. ലോകസമാധാനത്തില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ ആണവായുധങ്ങള്‍ കുത്തകയായി കൈവശംവയയ്ക്കുകയും തരംപോലെ മറ്റുരാജ്യങ്ങള്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രത്തിന്റെ തലവനാണ് ബറാക് ഒബാമയെന്നത് അത്രമേല്‍ വലിയ രഹസ്യമൊന്നുമല്ല. പാകിസ്താന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒബാമ പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നുണ്ടെന്നത് ബറാക് ഒബാമയുടെ കണ്ടെത്തലല്ല. ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ കാലംമുതലേ ആളില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ പാകിസ്ഥാന്റെ ഗ്രാമപ്രദേശങ്ങളില്‍ ബോംബ് വര്‍ഷിച്ചുതുടങ്ങിയിട്ടുള്ളതാണ്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ബറാക് ഒബാമ നടത്തിയ പ്രസ്താവന പലവട്ടം പലരില്‍നിന്നായി നമ്മള്‍ കേട്ടിട്ടുള്ളതാണ്. ഇതിനായി അമേരിക്ക പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന വാചകത്തിന്റെ സത്യസന്ധത കണ്ടുതന്നെ വേണം അറിയാന്‍. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാനോ നയം വ്യക്തമാക്കാനോ ഒബാമ തയ്യാറായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് അമേരിക്ക സമ്മര്‍ദം ചെലുത്തില്ലെന്നും പരസ്പരവിശ്വാസം വളര്‍ത്താന്‍ ശ്രമം നടത്തണമെന്നുമായിരുന്നു ഒബാമയ്ക്ക് ഇക്കാര്യത്തില്‍ ഇന്ത്യയോട് പറയാനുണ്ടായിരുന്നത്.

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുമെന്ന് ഒബാമ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി.  മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഒബാമ നടത്തിയ സുപ്രധാന പ്രഖ്യാപനമെന്നാണ് വിദഗ്ധര്‍ ഇതിനെ നിരീക്ഷിക്കുന്നത്. എന്നാല്‍ എങ്ങനെ, എപ്പോള്‍ എന്നു തുടങ്ങിയ യാതോരു പരാമര്‍ശവുമില്ലാത്ത, അവ്യക്തമായ പ്രസ്താവനയാണിതെന്നതാണ് വാസ്തവം. ചുരുക്കത്തില്‍ അജണ്ടകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സന്ദര്‍ശനത്തിനൊടുവില്‍ ഇന്ത്യ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ ഉപരിപ്ലവമായി നടത്തിയ പ്രസ്താവനകളാണ് ഒബാമയില്‍ നിന്നും ഉണ്ടായിരിക്കുന്നത്, അല്ലെങ്കില്‍ അത്രമാത്രം രാഷ്ട്രീയ പ്രസക്തിയേ അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഈ സന്ദര്‍ശനത്തിന് ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ - പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഒബാമ പറഞ്ഞപ്പോള്‍ ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കട്ടെ, എന്നിട്ടാകാം ചര്‍ച്ചയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരത്തിലുള്ള ഓര്‍മപ്പെടുത്തലുകളായിരുന്നു നമ്മള്‍ നിരന്തരം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ ഇന്ത്യ - അമേരിക്ക ബന്ധം കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒഴിച്ചുകൂടാനാകാത്തതാണെന്ന പ്രസ്താവനയോ, പാര്‍ലമെന്റിലെ വിശിഷ്ടാഥിതികള്‍ക്കുള്ള ഗോള്‍ഡന്‍ ബുക്കില്‍ അദ്ദേഹം ഒപ്പുവച്ചുവെന്നതോ രാജ്യതാല്‍പര്യത്തില്‍ അത്രയധികം കുതിച്ചുചാട്ടമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :