Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ഗള്‍ഫ് മലയാളി.കോം - യുവര്‍ മീഡിയ പാര്‍ട്ണര്‍


നാടിന്റെ സ്പന്ദനങ്ങളും ചിന്തകളും പ്രവാസികളിലെത്തിക്കുക എന്നതായിരുന്നു 2004-ല്‍ ആദ്യത്തെ പ്രവാസിമലയാളി ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഞങ്ങളുടെ ദൗത്യം. നീണ്ട ആറുവര്‍ഷങ്ങള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തനരംഗത്തും പ്രവാസികളുടെ ചിന്താമണ്ഡലങ്ങളിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. വിവരസാങ്കേതികവിദ്യയുടെ മുഴുവന്‍ സാധ്യതയും പ്രയോജനപ്പെടുത്തി ഗള്‍ഫ് മലയാളി.കോം നിങ്ങളുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ്. ആറുവര്‍ഷമായി നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പരിഗണനയും, ഒരു മാസം നീണ്ട ബീറ്റവേര്‍ഷനില്‍ ലഭിച്ച നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും ഞങ്ങള്‍ വിലമതിക്കുന്നു. വായനക്കാരുടെ സജീവമായ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് തിരുത്തലുകള്‍ നടത്താനുള്ള ഒരവസരമാണ് നല്‍കിയത്. വാര്‍ത്തകളില്‍, സംഭവങ്ങളില്‍, കൂട്ടായ്മകളില്‍ നിങ്ങളുടെ മീഡിയ പാര്‍ട്ണര്‍ എന്ന നിലയില്‍ തുടര്‍ന്നും സഹകരണങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.


ഒരുമാസത്തെ ബീറ്റ വേര്‍ഷനുശേഷം ഗള്‍ഫ് മലയാളി.കോം ''യുവര്‍ മീഡിയ പാര്‍ട്ണര്‍'' ദൗത്യവുമായി വായനക്കാരിലേക്കെത്തുകയാണ്. കെട്ടിലും മട്ടിലും ഒട്ടനവധി മാറ്റങ്ങളുമായാണ് ഗള്‍ഫ് മലയാളി.കോം നിങ്ങളുടെ മുമ്പിലേക്ക് വീണ്ടുമെത്തുന്നത്. സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ഭാരവും പേറി മറുനാട്ടിലെത്തിയ മലയാളികളിലേക്ക് നാടിന്റെ വാര്‍ത്തകള്‍ എത്തിക്കുക എന്നതുതന്നെയാണ് ഗള്‍ഫ് മലയാളി.കോമിന്റെ ആത്യന്തിക ലക്ഷ്യം. ആകുലതകളില്‍ എരിയുന്ന സഹജീവികളില്‍ സാന്ത്വനത്തിന്റെയും സേവനത്തിന്റെയും സന്ദേശമെത്തിക്കാനാകും എന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കിടമത്സരത്തിന്റെ സാധ്യതകള്‍ക്കപ്പുറത്ത് വായനക്കാരന് വേണ്ടതെന്തെന്ന് തിരിച്ചറിയാനും അത് നല്‍കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതിനുള്ള പ്രയത്‌നമായിരിക്കും ഗള്‍ഫ് മലയാളി.കോം വരും നാളുകളില്‍ നടത്തുക. വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പം വിനോദത്തിനും ഇടം കണ്ടെത്തുന്നതോടൊപ്പം സംവാദങ്ങള്‍ക്കും സിറ്റിസണ്‍ ജേര്‍ണലിസത്തിനും ഗള്‍ഫ് മലയാളി.കോം പ്രത്യേക പരിഗണന നല്‍കുന്നു. പ്രാതിനിധ്യ മാധ്യമപ്രവര്‍ത്തനത്തിന്റെ നവീനവും പ്രായോഗികവുമായ ഉദാഹരണമായ ബ്ലോഗുകളെ പരിചയപ്പെടുത്തുകയും പുതിയ എഴുത്തുകാര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുകയെന്നതും ഉദ്ദേശലക്ഷ്യങ്ങളില്‍പ്പെടുന്നു. തത്സമയ വീഡിയോ വാര്‍ത്തകളും ഗള്‍ഫില്‍നിന്നും ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്കും തിരിച്ചും സൗജന്യമായി എസ് എം സ് അയക്കുന്നതിനുള്ള സൗകര്യവുമാണ്  പുതിയ ഭാവത്തിലെത്തുന്ന ഗള്‍ഫ് മലയാളി.കോമിന്റെ സവിശേഷതകളിലൊന്ന്.


എല്ലാ ജി സി സി രാജ്യങ്ങളിലും പരിചയസമ്പന്നരായ, പ്രവാസിയുടെ തുടിപ്പറിയുന്ന മുഴുവന്‍ സമയ റിപ്പോര്‍ട്ടര്‍മാരും മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഓണ്‍ലൈന്‍ മാധ്യമരംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയവും കൈമുതലുള്ള എഡിറ്റോറിയല്‍ ടീമംഗങ്ങളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങിയ ഉപദേശകസമിതിയും വിവരസാങ്കേതികവിദ്യയില്‍ വിദഗ്ധരായ ടെക്‌നിക്കല്‍ ടീമും ഗള്‍ഫ് മലയാളി.കോമിന് ആത്മവിശ്വാസം പകരുന്നു.
വാര്‍ത്താമാധ്യമമെന്ന രീതിയില്‍ നൂറുശതമാനം സത്യസന്ധത പുലര്‍ത്തുക എന്നതോടൊപ്പം സാംസ്‌കാരിക-സാമൂഹിക ഇടപെടലുകള്‍ക്കും ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. നാട്ടിലും വിദേശത്തുമുള്ള സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്നുകൊണ്ട് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന-ജില്ലാതല മത്സരങ്ങളും സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തും. ഇതോടൊപ്പം സാമ്പത്തിക പരാധീനതയും അവശതയും അനുഭവിക്കുന്നവര്‍ക്ക് ഈ വി സലാഹുദ്ദീന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ ചികിത്സാസഹായങ്ങളും സംഘടിപ്പിക്കും


മലയാളിയുടെ വായനാസംസ്‌കാരത്തിന്റെ മുന്നോട്ടുള്ള സാധ്യതകളില്‍ നിര്‍ണായകമാവുന്ന പദ്ധതികളും സജീവമായ ഇടപെടലുകളുമായെത്തുന്ന ഗള്‍ഫ് മലയാളി.കോമിന് നിങ്ങളുടെ സ്‌നേഹവും സഹകരണവും കൂടിയേ തീരൂ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമയാസമയങ്ങളില്‍ ഞങ്ങളെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രിയ വായനക്കാരുടെ മുഴുവന്‍ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്

(സാങ്കേതികമായ ചില ജോലികള്‍ കൂടി പൂര്‍ത്തിയാകാനുള്ളത് ഗള്‍ഫ് മലയാളി.കോമിന്റെ അപ്‌ഡേഷനെ ബാധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മുഴുവന്‍ ജോലികളും പൂര്‍ത്തിയാകുന്നതാണ്. പ്രിയ വായനക്കാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)


സ്‌നേഹാശംസകളോടെ സക്കറിയ സലാഹുദ്ദീന്‍,
മാനേജിംഗ് ഡയറക്ടര്‍, ഗള്‍ഫ് മലയാളി.കോംRecent Editorial :