Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ആത്മസമര്‍പ്പണത്തിന്റെ പാവനതയില്‍ ബലിപെരുന്നാള്‍


''നാഥാ, ഞങ്ങളെ നിന്നോട് അനുസരണയുള്ളവരാക്കേണമേ. ഞങ്ങളുടെ സന്തതികളില്‍ നിന്നു നിന്നോടു അനുസരണമുള്ള ഒരു സമൂഹത്തെ എഴുന്നേല്‍പ്പിക്കേണമേ.''- പുണ്യകഅബയുടെ ഭിത്തികള്‍ പടുത്തുയര്‍ത്തുമ്പോള്‍ ഇബ്രാഹിം നബിയും പുത്രന്‍ ഇസ്മായില്‍ നബിയും ഇങ്ങനെ പ്രാര്‍ത്ഥിച്ചു.  പ്രിയപുത്രനായ ഇസ്മായിലിനെ ബലിയര്‍പ്പിക്കുന്നതിന് തയ്യാറായ ഇബ്രാഹിം നബിയുടെ ദൃഢചിത്തതയും മനോധൈര്യവും അനുസ്മരിച്ചുകൊണ്ട് അറഫാസംഗമത്തില്‍ സംബന്ധിച്ച് നിര്‍വൃതി നേടിയ തീര്‍ഥാടകര്‍ ബലി പെരുന്നാളിനെ സ്വീകരിച്ച് ഹജ്ജ് കര്‍മങ്ങളുടെ പാരമ്യത്തിലേക്ക് നീങ്ങുന്നു. സര്‍വ്വശക്തനോടുള്ള ബന്ധം സുദൃഢമാക്കുന്നത് ജീവിതപരീക്ഷകളെന്നാണ് വിശ്വാസം. ഹജ്ജ് എന്നാല്‍ അറഫ തന്നെയെന്ന് വചനം. അല്ലാഹുവിന്റെ വിരുന്നുകാരായി ലക്ഷോപലക്ഷം തീര്‍ഥാടകര്‍ ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ജ്വലിക്കുന്ന ഓര്‍മ്മകളുമായി അറഫാ മൈതാനം ശുഭ്രസാഗരമാക്കി. നാനാദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തെതായ  വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങില്‍ അറഫയില്‍ സംഗമിച്ചു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വനിഅ്മത്ത ലക്കവല്‍മുല്‍ക്ക്, ലാ ശരീക്കലക് എന്ന തല്‍ബിയത്ത് ധ്വനികളും ദൈവകീര്‍ത്തനങ്ങളുമായി ഒരേമനസ്സും ഒരേ വസ്ത്രവും ഒരേ മുദ്രാവാക്യവുമായി വന്നെത്തിയവര്‍ ജന്മസാഫല്യം നിറവേറ്റിയ അപൂര്‍വ്വനിമിഷങ്ങളെ ഭാവിജീവിതത്തിന്റെ കടിഞ്ഞാണാക്കിയാണ് അറഫാമൈതാനം വിട്ടത്.

പാപഭാരം മനസ്സിനേല്‍പ്പിച്ച ക്ഷതങ്ങള്‍ തന്റെ സ്രഷ്ടാവിന്റെ മുമ്പില്‍ മനമുരുകിയുള്ള പ്രാര്‍ത്ഥനയിലൂടെ  ഏറ്റുപറഞ്ഞു തീര്‍ത്ഥാടകര്‍ ഹൃദയവിശുദ്ധി വരുത്തി. സര്‍വ്വലോകരക്ഷിതാവിന് മുമ്പില്‍ പൂര്‍ണ്ണമായി സ്വജീവിതം സമര്‍പ്പിച്ചുകൊണ്ട് മാനവരാശിയുടെ ഐക്യപ്പെടലിന്റേയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവാന്‍ സ്വയം പ്രതിജ്ഞയെടുത്തു. ദേശത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ പണത്തിന്റെയോ അതിര്‍വരമ്പുകള്‍ക്കപ്പുറം ദൈവപ്രീതിമാത്രം അവര്‍ ലക്ഷ്യമാക്കി. ഞായറാഴ്ച്ച ഉച്ചയോടെ തന്നെ മിനായില്‍  നിന്ന് 12 കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്ക് തീര്‍ത്ഥാടകര്‍ വാഹനങ്ങളിലും കാല്‍നടയായും യാത്രതിരിച്ചിരുന്നു. അല്ലാഹുവിനെ സ്തുതിച്ചും വാഴ്ത്തിയും അവന്റെ കല്‍പനകളെ സൂക്ഷിച്ചും ജിവിക്കാനുള്ള ശക്തി നേടുകയെന്നതുതന്നെയാണ് കര്‍മങ്ങളുടെ വിശുദ്ധി. ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളെ ഹൃദയത്തിലേക്ക് ആവാഹിക്കാനും വിട്ടുവീഴ്ച്ചയില്ലാത്ത നമസ്‌കാരത്തിന്റെയും സക്കാത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും അടിസ്ഥാനത്തില്‍ ജീവിതക്രമങ്ങള്‍ രൂപപ്പെടുത്താനും ഹജ്ജിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുമാണ് ശ്രേഷ്ഠഗംഭീരമായ അറഫാപ്രസംഗത്തില്‍ ഗ്രാന്റ്മുഫ്തി നിര്‍ദ്ദേശിച്ചത്. ഉച്ചയ്ക്കുശേഷം ളുഹറും അസറും നമസ്‌കാരങ്ങള്‍ ഒരുമിച്ച് രണ്ട് റക്അത്തായി ചുരുക്കി ആലൂശൈഖിന്റെ നേതൃത്വത്തില്‍ നമസ്‌ക്കരിച്ച ശേഷം സൂര്യാസ്തമയം വരെ തീര്‍ത്ഥാടക ലക്ഷങ്ങള്‍  കണ്ണീരില്‍ കുതിര്‍ന്ന പ്രാത്ഥനകളില്‍ മുഴുകി. മാനുഷികത്വത്തിന്റെ ഈ പുനഃസമാഗമത്തില്‍ മാനവികഐക്യത്തിനും ലോകസമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി കൈകോര്‍ക്കാനും തീവ്രവാദ ചിന്തകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും പൈശാചിക പ്രലോഭനങ്ങള്‍ക്കുമെതിരെ  പ്രവാചക പുംഗവന്‍ മുഹമ്മദ് നബി (സ) കാണിച്ചുതന്ന ഇസ്‌ലാമിക മാര്‍ഗത്തില്‍ പോരാടാനും സര്‍വ്വോപരി നന്മയിലേക്കടുപ്പിക്കാനും പരലോക മോക്ഷത്തിനുമായി അവര്‍ നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. സൂര്യാസ്തമയത്തോടെ അറഫയില്‍ നിന്ന് യാത്രതിരിച്ച ഹാജിമാര്‍ മുഖ്യകര്‍മ്മം നിര്‍വ്വഹിച്ച ആത്മനീര്‍വൃതിയുമായി അടുത്ത കര്‍മ്മമായ മുസ്ദലിഫയെ രാപാര്‍ക്കല്‍ ലക്ഷ്യം വെച്ചാണ് നീങ്ങിയത്. മഗ്‌രിബും ഇശായും നമസ്‌കാരങ്ങള്‍ മുസ്ദലിഫയില്‍ വെച്ചാണ് നിര്‍വ്വഹിച്ചത്.

ഇന്ന് ദുല്‍ഹജ്ജ് 10ന് സുബഹി നമസ്‌കാരാനന്തരം മിനായിലേക്ക് തിരിക്കും. ഈ തിരിച്ചുപോക്കിലാണ് ജംറത്തുല്‍ അഖ്ബയില്‍ വെച്ച് ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കുക. തുടര്‍ന്ന് ജംറകളിലെ കല്ലേറ് തുടങ്ങും. ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക സമയങ്ങളാണ് സൗദി ഭരണകൂടം നിശ്ചയിച്ചിട്ടുള്ളത്. അപകടരഹിതമായ കല്ലേറിന് സൗകര്യമൊരുക്കിയതിനാല്‍ ഇത്തവണ ഹാജിമാര്‍ക്ക് അഞ്ച്‌നിലകളില്‍ നിന്നായി കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയും. മണിക്കൂറില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തിരക്കില്ലാതെ ജംറകള്‍ക്ക് നേരെ കല്ലെറിയാന്‍ അവസരമുണ്ടാകും. ജംറത്തുല്‍ അഖ്ബയിലെ ആദ്യത്തെ കല്ലേറിന് ശേഷം  തലമുടി മുണ്ഡനം ചെയ്യും. ശേഷം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്മാരായ ഇബ്രാഹീം നബി (സ)യും പുത്രന്‍ ഇസ്മായില്‍ നബി(സ)യും കാണിച്ച ധീരമായ മാതൃക അയവിറക്കി ബലിയറുക്കല്‍ കര്‍മ്മം നടക്കും. ഇതോടുകൂടി ഹാജിമാര്‍ ഇഹ്‌റാമില്‍ നിന്ന് മാറി താല്‍ക്കാലിക തഹല്ലുലില്‍ പ്രവേശിക്കും. ഇസ്‌ലാമിക മാര്‍ഗത്തില്‍ പോരാടാനും സര്‍വ്വോപരി നന്മയിലേക്കടുപ്പിക്കാനും പരലോക മോക്ഷത്തിനും പ്രാപ്തരായ നിര്‍വൃതിയോടെ അങ്ങിനെ സവിശേഷമായ മഹാസമ്മേളനത്തിന് സാക്ഷാത്കാരമാകുന്നു.

ഗള്‍ഫ് മലയാളി.കോമിന്റെ പ്രിയവായനക്കാര്‍ക്ക് ഊഷ്മളമായ ബലിപെരുന്നാള്‍ ആശംസകള്‍.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :