Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ഇവിടെ വികസനത്തിന് വോട്ടുകളുണ്ട്


ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ചൂടുപകര്‍ന്നുകൊണ്ടാണ് രാഷ്ട്രീയനേതാക്കളും ചില സംസ്ഥാനങ്ങളും പോയവാരങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കഥകളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവയ്ക്കുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി പുറംലോകമറിഞ്ഞെങ്കിലും സമര്‍ത്ഥമായി പാര്‍ട്ടി ഹൈക്കമാന്‍ഡിനെ ഒതുക്കി കര്‍ണാടകയിലെ ബി ജെ പി മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രിയുടെ പുത്രനും യുവനേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ പ്രതിരോധിച്ച് മടുത്ത ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി റോസയ്യ രാജിവയ്ക്കുന്നു. കുടുംബവാഴ്ച പ്രോത്സാഹിപ്പിക്കുന്നത് ഇഷ്ടമില്ലാത്ത കോണ്‍ഗ്രസ്സ് ജഗനെ തഴഞ്ഞ് കിരണ്‍കുമാര്‍ റെഡ്ഡിയെ സ്പീക്കര്‍ സ്ഥാനത്തുനിന്നും മുഖ്യമന്ത്രിയുടെ ചുമതലയിലേക്ക് ഉയര്‍ത്തുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിയില്ലെന്ന ആവലാതിയോടെ പരാജയപ്പെടുകയും ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ ബി ജെ പി സര്‍ക്കാര്‍ വികസനമുദ്രാവാക്യമുയര്‍ത്തി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യുന്നു.

കേവലരാഷ്ട്രീയ തന്ത്രമായ വാഗ്ദാനങ്ങളും കുറ്റപ്പെടുത്തലുകളുമല്ലാതെ മറ്റൊന്നും ഉയര്‍ത്തിപ്പിടിക്കാനില്ലാതെ വരുന്ന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എന്ത് സംഭവിക്കും അല്ലെങ്കില്‍ എന്ത് സംഭവിക്കണം എന്നാണ് ബീഹാറിലെ അഭ്യസ്തവിദ്യരും സാധാരണക്കാരുമായ വോട്ടര്‍മാര്‍ കാട്ടിത്തരുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തിക്കൊണ്ട് അധികാരം നിലനിര്‍ത്തുകയെന്നത് കേരളം പോലുള്ള മെച്ചപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് സ്വപ്നം കാണാന്‍പോലും കഴിയുന്നില്ല എന്നത് കണക്കിലെടുക്കുമ്പോഴാണ് ബീഹാറില്‍ എന്‍ ഡി എ സഖ്യത്തിന്റെത് മാജിക്കോ ഗിമ്മിക്കോ അല്ല  എന്നു വ്യക്തമാകുന്നത്. ജനങ്ങളോട് മികവും പ്രതിബന്ധതയും കാണിക്കുന്ന ഭരണാധികാരികളോട് വോട്ടര്‍മാര്‍ നീതികാണിക്കും എന്ന ലളിതമായി തിയറിയാണ് 243 അംഗ സഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ രണ്ടാമതും ഭരണത്തിലെത്തുന്ന ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറും പങ്കാളികളായ ഭാരതീയ ജനതാ പാര്‍ട്ടിയും കാണിക്കുന്നത്. 20 വര്‍ഷം മുമ്പ് വരെ ബീഹാറില്‍ ഭരണകക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് നാല് സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 9 നാലായി കുറഞ്ഞു എന്ന് മാത്രമല്ല സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ പാര്‍ട്ടികളെയും കോണ്‍ഗ്രസ്സിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജാതിരാഷ്ട്രീയം വിളമ്പി 15 വര്‍ഷം സംസ്ഥാനം ഭരിച്ച ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡി പ്രതിപക്ഷം എന്നുപറയാന്‍ പോലുമില്ലാതെ ശേഷിച്ചു. മുന്‍ മുഖ്യമന്ത്രിയായ റാബറിദേവി മത്സരിച്ച രണ്ടിടങ്ങളിലും തോറ്റു.

54 ശതമാനം സാക്ഷരതയുമായി ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പിന്നിലാണ് ബീഹാര്‍. കടുത്ത ദരിദ്രവും, ഇന്ത്യയുടെ കറുപ്പ്, എല്ലാ മോശം കാര്യങ്ങളുടെയും ഉദാഹരണം, ഗുണ്ടകളാര് രാഷ്ട്രീയപ്രവര്‍ത്തകര്‍ ആര് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ, പ്രതീക്ഷയില്ലാത്ത വിദ്യാഭ്യാസവ്യവസ്ഥ, തകര്‍ന്നു കിടക്കുന്ന നിയമവ്യവസ്ഥ എന്നൊക്കെയാണ് 2004 ലെ സര്‍വ്വേയില്‍ ദി ഇക്കണോമിസ്റ്റ് മാസിക വായിച്ചെടുത്തത്. ഇവിടെയാണ് നിതീഷ് കുമാറിന്റെ ജെ ഡി യു, ബി ജെ പിയുമായി ചേര്‍ന്ന് 2005 ല്‍ അധികാരത്തിലെത്തുന്നത്. ന്‌രേഗയിലൂടെ 100 ദിവസം കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ കൂടെ സംസ്ഥാനസര്‍ക്കാര്‍ വക 80 ദിവസം കൂടി ചേര്‍ത്ത് ബീഹാറില്‍ നിതീഷ് കുമാര്‍ 180 ദിവസമായി ഉയര്‍ത്തി. ഭക്ഷ്യസംസ്‌കരണവും തുകല്‍വ്യവസായവും തുണിയും പ്രധാനമായും പ്രോത്സാഹിപ്പിച്ചു. തട്ടിക്കൊണ്ടുപോകലും ഗുണ്ടാപ്പണിയും തൊഴിലാക്കിയവര്‍ക്ക് കനത്ത ശിക്ഷ നല്‍കുകയും റോഡുകള്‍ നന്നാക്കുന്നതിലൂടെ ജോലിസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഗ്രാമീണര്‍ക്ക് തൊഴിലസരങ്ങളറിയാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ഒറ്റയടിക്ക് രണ്ടരലക്ഷത്തോളം അധ്യാപകരെ നിയമിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്തി. കോസി നദിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്തു. മഹാദളിത് വികാസ് കമ്മീഷനടക്കം ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി പുരോഗമന പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കി.

നരേന്ദ്രമോഡിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒഴിവാക്കുക വഴി മുസ്ലീം വോട്ടുകള്‍ ഉറപ്പാക്കാനും നിതീഷ് കുമാറിലെ തന്ത്രശാലിക്ക് കഴിഞ്ഞു. എന്നാല്‍ ഇത് ഒരു ഈഗോ വിഷയമാക്കി എടുക്കാതെ സംയമനം പാലിച്ച ബി ജെ പിയും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഈ വിജയത്തില്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി യുഗത്തിനുശേഷം ദേശീയതലത്തില്‍ എന്തെങ്കിലുമുള്ള സാധ്യതകള്‍ ആരായുന്നതിന് ആ പാര്‍ട്ടിക്ക് ഗുജറാത്തുകളും ബീഹാറുകളും ഛത്തീസ്ഘട്ടുകളും കൂടിയേ തീരൂ. തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് ബംഗാള്‍, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തവര്‍ വലിയ തോതില്‍ ബീഹാറിലേക്ക് തിരിച്ചെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ ഡി എ ഭരണത്തില്‍ തങ്ങള്‍ക്ക് സാധ്യതകളുണ്ടെന്ന് തിരിച്ചറിവിന് ജനങ്ങള്‍ നല്‍കിയ പ്രതിഫലമാണ് ഈ തെരഞ്ഞെടുപ്പ് വിജയം. താഴ്ന്ന വര്‍ഗങ്ങള്‍ക്കും ദളിതര്‍ക്കും തലയുയര്‍ത്തിപ്പിടിക്കാനുള്ള കരുത്തുണ്ടാക്കി എന്നതാണ് ലാലുവിന്റെ സംഭാവനയെങ്കില്‍ അവര്‍ക്ക് ജീവിക്കാനുളള വകയുണ്ടാക്കിക്കൊടുക്കുന്നു എന്നാവും ബീഹാര്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ചരിത്രം നിതീഷ് കുമാറിനെ അടാളപ്പെടുത്തുക. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്വേച്ഛാധിപതിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരെ ചൂണ്ടുവിരലുയര്‍ത്തിയ ലോക്‌നായക് ജയപ്രകാശ് നാരായണിന്റെ പിന്‍മുറക്കാരന്‍ അതര്‍ഹിക്കുന്നുണ്ട് എന്നതും സത്യം.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :