Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

അമ്പുകൊള്ളാത്തവരുണ്ടോ കുരുക്കളില്‍


ബ്യൂറോക്രസിക്കും അന്വേഷണ ഏജന്‍സികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ രാജ്യത്ത് സുതാര്യമായ നിയമസംവിധാനം ഉറപ്പുവരുത്താന്‍ സാധിക്കൂ എന്ന് പരമോന്നത കോടതി അടുത്തിടെ നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ സാധാരണ അഴിമതിക്കേസുകളിള്‍ പറഞ്ഞുകേള്‍ക്കാറുള്ള ഉദ്യോഗസ്ഥ- രാഷ്ട്രീയ- ബിസിസനസ്സ് രംഗത്തെ പ്രമുഖര്‍ക്കൊപ്പം ദൈവം തെറ്റുചെയ്താല്‍ പോലും വിളിച്ചുപറയാന്‍ ബാധ്യസ്ഥരായ മാധ്യമപ്രവര്‍ത്തകരും നീതിന്യായവ്യവസ്ഥയിലെ കണ്ണികളും കൂടി ഇടപെട്ട ഒന്ന് എന്ന നിലയിലാണ് ടു ജി സ്‌പെക്ട്രം കുംഭകോണം വ്യത്യസ്തമായ വാര്‍ത്തയാവുന്നത്. 1.76 ലക്ഷം കോടിയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലിമെന്ററി സമിതിയെ നിയോഗിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതനേത്തുടര്‍ന്ന് പാര്‍ലിമെന്റ് സ്തംഭിച്ചത് തുടര്‍ച്ചയായ 13 ദിവസം. ആയിനത്തില്‍ പൊതുഖജനാവിന് നഷ്ടം 93 കോടിയിലധികം രൂപ. ജെ പി സി അന്വേഷണമുണ്ടാകില്ലെന്ന് യു പി എ കൂട്ടായ തീരുമാനമെടുക്കുകയും സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിയുകയും ചെയ്തു. സഭാസമ്മേളനം വെട്ടിച്ചുരുക്കാനോ ജെ പി സി അന്വേഷണത്തിനോ ഉദ്ദേശമില്ലെന്നന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് കഴിഞ്ഞ ഒന്‍പതിന് ആരംഭിച്ച ശീതകാലസമ്മേളനം കാര്യപരിപാടികളൊന്നും പൂര്‍ത്തിയാക്കാതെ അവസാനിക്കുകയേ ഉള്ളൂ എന്ന് ഉറപ്പായി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും മാധ്യമപ്രവര്‍ത്തകരും ജൂഡീഷ്യറി തന്നെയും ഇടപെട്ടു എന്ന് ആരോപിക്കപ്പെടുന്ന അഴിമതിക്കേസില്‍ എന്ത് തരത്തിലുള്ള അന്വേഷണത്തിനാണ് സത്യം കൊണ്ടുവരാന്‍ സാധിക്കുക എന്ന സംശയം അടിസ്ഥാനമില്ലാത്തതല്ല.

ടെലകോം മിനിസ്റ്ററായിരുന്ന ആണ്ടിമുത്തു രാജയുടെ സ്ഥാനഭ്രഷ്ടിനു കാരണമായ ടു ജി സ്‌പെക്ട്രം അഴിമതിക്കഥകള്‍ തമിഴ്‌നാട്ടിലെ ഡി എം കെയുടെ പിടി അയക്കുന്നതിനായി കോണ്‍ഗ്രസ്സ് തന്നെ കുടം തുറന്നുവിട്ട ഭൂതമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നുണ്ട്. ബീഹാറിലെ പരാജയം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഡി എം കെയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാവാണം ഇതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ലോബിയിസ്റ്റും ഏജന്റുമായ നീരാ റാഡിയയുടെ ചോര്‍ത്തപ്പെട്ട 500 മണിക്കൂറോളം വരുന്ന ടെലഫോണ്‍ സംഭാഷണങ്ങളില്‍ ഏറിയ പങ്കും ഡി എം കെയെ പേരെടുത്ത് പരാമര്‍ശിക്കുന്നതാണ് എന്നതും ഈ ടേപ്പുകള്‍ ഇപ്പോള്‍ ധനകാര്യവകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും കൈവശമാണ് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെ പ്രതിരോധിക്കാന്‍ വേണ്ടി കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാരിനെ സംരക്ഷിച്ചു എന്ന് മുട്ടുന്യായം പറഞ്ഞ് ബി ജെ പിയെ പഴിചാരി ശ്രദ്ധതിരിക്കാന്‍ കോണ്‍ഗ്രസ്സ് നടത്തിയ ശ്രമം പരിഹാസ്യമായി അവസാനിക്കുകയായിരുന്നു. എന്നാല്‍ ജെ പി സി അന്വേഷണം എന്നത് ബി ജെ പിയുടെ മാത്രം ആവശ്യമല്ലെന്നും സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ സ്വാധീനിക്കപ്പെട്ട തരത്തിലുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇടതുപക്ഷമടക്കമുള്ള എണ്‍പതോളം എന്‍ ഡി എ ഇതര പ്രതിപക്ഷ എം പിമാര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കുകയുണ്ടായി.

മിക്കവാറും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സ്‌പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയുടെ പങ്കുപറ്റിയിട്ടുണ്ട് എന്നാണ് 2 ജി സ്‌പെക്ട്രം അഴിമതി തുറന്നുകാട്ടിയ ദി പയനീയറിന്റെ ജെ ഗോപീകൃഷ്ണന്‍ പറയുന്നത്. സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ ഇതിന്റെ പങ്കുപറ്റിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നോക്കുകുത്തിയായെന്നും ഗോപീകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ നീരാ റാഡിയയുടെ സ്ഥാപനമായ വൈഷ്ണവി കമ്യൂണിക്കേഷന്‍സ് ബംഗാള്‍ സര്‍ക്കാറിന്റെ വ്യവസായ വികസന കോര്‍പ്പറേഷനുവേണ്ടിയും പ്രവര്‍ത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ടാറ്റയ്ക്കും മുകേഷ് അംബാനിക്കും വേണ്ടി നീരാ റാഡിയ സി പി എം, സി ഐ ടി യു നേതാക്കളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ചോര്‍ത്തിയ ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായു റിപ്പോര്‍ട്ടുകളും സി പി എമ്മിനെ പ്രതിരോധത്തിലാക്കന്നുണ്ട്. കര്‍ണാടകയിലെ 5000 കോടിയുടെ ഭൂമിയിടപാട് കേസില്‍ യെഡിയൂരപ്പയെ സ്ഥാനഭ്രഷ്ടനാക്കാന്‍ തയ്യാറാവാതെയാണ് ബി ജെ പി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് വാചാലരാവുന്നത് എന്നതിലും അസ്വഭാവികതയുണ്ട്. മുകേഷ് അംബാനിക്കുവേണ്ടി ഇടപെടാന്‍ നീരാ റാഡിയ ബി.ജെ.പി. നേതൃത്വത്തിന്റെ സഹായം തേടിയതിന്റെ തെളിവുകള്‍ ടേപ്പുകളിലുണ്ടായിരുന്നു. 2009ലെ ബജറ്റ് ചര്‍ച്ച തുടക്കമിടുന്നതില്‍ നിന്ന് തന്നെ അവസാന നിമിഷം ഒഴിവാക്കിയെന്ന ആരോപണവുമായി ഇത് ശരിവച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് അരുണ്‍ ഷൂരി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുന്‍ ബി.ജെ.പി. അധ്യക്ഷന്‍ കൂടിയായ വെങ്കയ്യനായിഡു രംഗത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബി ജെ പിയുടെ കൈകള്‍ ശുദ്ധമല്ലെന്നും രാജയുടെ രാജിക്കുവേണ്ടി പരസ്യമായി ആവശ്യപ്പെടാന്‍ പാര്‍ട്ടി വിമുഖത കാട്ടി എന്നും ഗോപീകൃഷ്ണന്‍ വ്യക്തമാക്കുന്നു.

കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് ജെ പി സി അന്വേഷണത്തിന് അനുമതി നല്‍കിക്കൂടാ എന്നതാണ് പൊതുവേ ക്ലീന്‍ ചിറ്റുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് രാജ്യം ചോദിക്കുന്നത്. പ്രതിപക്ഷത്തുനിന്നു മാത്രമല്ല, ജെ പി സി അന്വേഷണത്തോട് എതിര്‍പ്പില്ല എന്ന് മുഖ്യസഖ്യകക്ഷികളിലൊരാളായ തൃണമൂല്‍ കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ പോലും വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ അനേഷണ ഏജന്‍സികള്‍ക്ക് വിശകലനം ചെയ്യാന്‍ സാധിക്കാത്തതെന്ത് എന്ന് സുപ്രീം കോടതിയും ആരാഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട നിയമനിര്‍മാണം അവതാളത്തിലാകുന്നതായും അന്വേഷണ ഏജന്‍സികളുടെ പ്രവൃത്തിയില്‍ പുറമേ നിന്നും ഇടപെടലുണ്ടാകുന്നതായും പരമോന്നത കോടതി തന്നെ നിരീക്ഷിച്ചിട്ടും പ്രധാനമന്ത്രിയുടെ നിസംഗതയ്ക്കുനേരെ ചോദ്യമുന്നയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ സുതാര്യമായ അന്വേഷണത്തിന് തയ്യാറാവുന്നില്ലെന്നത് അപലപനീയം തന്നെ. പകരം തങ്ങളുടെ ഭരണകാലത്ത് അഴിമതിയാരോപണങ്ങള്‍ നേരിട്ടപ്പോള്‍ ജെ പി സി അന്വേഷണത്തിന് ബി ജെ പി അനുമതി നല്‍കിയില്ല എന്ന് പറഞ്ഞ് കോടതിയോട് പോലും മുഖം തിരിക്കയാണ്. ഇക്കാര്യത്തില്‍ ജെ പി സി അന്വേഷണമുണ്ടാകുന്നതുവരെ സഭ സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷവും ആണയിടുമ്പോള്‍ സഭാസമ്മേളനത്തിനു മാത്രം രാജ്യത്തിന് നഷ്ടമാകുന്നത് പ്രതിദിനം ഏഴുകോടി എണ്‍പതുലക്ഷത്തോളം രൂപയാണ്. നിയമമാകാനും സഭ പരിഗണിക്കാനുമുള്ള ബില്ലുകള്‍ വഴിയുള്ള നഷ്ടം വേറെ. ജനസംഖ്യയില്‍ പകുതിയോളവും ദാരിദ്രത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരു രാജ്യത്തിന്റെ നികുതിപ്പണം അല്ലലില്ലാതെ ധൂര്‍ത്തടിക്കയും പാര്‍ലിമെന്റ് സ്തംഭനം തീര്‍ക്കാന്‍ വഴികളില്ലെന്ന് ഉത്തരാവദിത്തപ്പെട്ടവര്‍ കൈമലര്‍ത്തുകയും ചെയ്യുമ്പോള്‍ കത്തിവീഴുന്നത് ജനാധിപത്യമെന്ന മഹത്തായ സങ്കല്‍ത്തിന്റെ കടയ്ക്കല്‍ തന്നെയാണ്.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :