Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

വേണം നമുക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍


വോട്ടവകാശം അമൂല്യമാണെന്നും ഒരു കാരണവശാലും അത് പാഴാക്കരുതെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓര്‍മപ്പെടുത്തല്‍ അത്ര സുഖരമല്ലാത്ത ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പ്രക്രിയ സംസ്ഥാനത്ത് നടന്നുവരികയാണല്ലോ. എന്നാല്‍ മരിച്ചവര്‍ക്കും സ്ഥലം വിറ്റ് വീടുമാറി പോയവര്‍ക്കും വരെ ഇടമുള്ള ഈ പട്ടികയില്‍ ഒന്ന് കയറിപ്പറ്റാനുള്ള പങ്കപ്പാട് മനസ്സിലാക്കുന്നതോടെ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല എന്നുകരുതി വോട്ടര്‍ ഐ ഡി കാര്‍ഡിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുന്ന ആളുകള്‍ ചുരുക്കമല്ല. തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരുന്നയിടങ്ങളില്‍ റേഷന്‍ കാര്‍ഡ്, ഡ്രെവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് മുതലായ രേഖകള്‍ കാണിച്ച് കാര്യം സാധിക്കുകയുമാണ് ഇവരില്‍ പലരുടെയും പതിവ്. എന്തുകൊണ്ട് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇത്രയും വൈകി എന്നുള്ള വിശദീകരണം വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച ശേഷം മാത്രമേ ഇത്തരം വൈകിയ അപേക്ഷകര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ കയറാനാകൂ എന്നാണ് ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വൈകിയ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിന് അധികനാള്‍ ഇല്ലെന്നിരിക്കേ അഭൂതപൂര്‍വ്വമായ തിരക്കാണ് തിരിച്ചറിയല്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ അനുഭവപ്പെടുന്നത്. സത്യത്തില്‍ ഇത്രമാത്രം സങ്കീര്‍ണമായ ഒരു പ്രശ്‌നമാണോ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുക എന്നത്?

ഏത് കാര്യവും അപേക്ഷകര്‍ക്ക് അങ്ങേയറ്റത്തെ ക്ലേശത്തോടെമാത്രമേ സാധിച്ചുകൊടുക്കൂ എന്നത് കേവലം ആക്ഷേപമല്ല എന്നു വ്യക്തമാക്കുന്നതാണ് തിരിച്ചറിയല്‍ കാര്‍ഡില്‍ പേരുചേര്‍ക്കുന്നതിലും കാണാം. ഇതിപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കാര്യത്തില്‍ മാത്രമല്ലല്ലോ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏത് സര്‍ട്ടിഫിക്കറ്റിനു പോയാലും സ്ഥിതി ഇതുതന്നെയല്ലേ എന്നതാണ് പൊതുവേ ജനങ്ങള്‍ക്കിടയിലെ ചിന്ത. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കുന്ന അറിയിപ്പുകളും നോട്ടീസുകളും കാണുന്ന ഒരാള്‍ക്ക് കാര്യങ്ങള്‍ ഇത്രമാത്രം ലളിതമോ എന്ന തോന്നിയില്ലെങ്കിലാണത്ഭുതം. എന്നാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാനെത്തുമ്പോഴാണ് യഥാര്‍ത്ഥവിവരം അറിയുക. തിരിച്ചറിയല്‍ കാര്‍ഡനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് .ഒരുദിവസം. തുടര്‍ന്നുള്ള നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസില്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് മറ്റൊരുദിവസം. വൈകി നടത്തുന്ന അപേക്ഷകള്‍ക്ക് വില്ലേജ് ഓഫീസറുടെ പ്രത്യേക അനുമതി വേറെവേണം. റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള കാത്തിരിപ്പ് വേറെ. കൃത്യമായ രേഖകളുമായി വില്ലേജ് ഓഫീസുകളിലെത്തിയാല്‍ അറ്റം കാണാത്ത ക്യൂ അവിടെ. കഴിഞ്ഞില്ല, വോട്ടര്‍ ഐ ഡി കാര്‍ഡിന് വേണ്ടി ഇനിയൊരുദിവസം കൂടി ചെലവഴിച്ചേ മതിയാകൂ.

പുതിയ അപേക്ഷകരില്‍ പലരും പഠനത്തിനും ജോലിയാവശ്യങ്ങള്‍ക്കുമായി ദീര്‍ഘകാലം നാട്ടില്‍നിന്നും വിട്ടുനില്‍ക്കുന്നവരാണ്. പലരും കൂടുതല്‍ അവധിദിവസങ്ങള്‍ ഇതിനുവേണ്ടി ചെലവഴിക്കാനില്ലാത്തവരും. പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയിലിട്ട് പോകേണ്ടിവരുന്നവരുടെ എണ്ണം ചെറുതല്ല. ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നുമുള്ള പ്രതികരണത്തിന്റെ കാര്യത്തിലും മറ്റ് സര്‍ക്കാര്‍ കാര്യത്തില്‍ നിന്നും വ്യത്യസ്തമല്ല വോട്ടേഴ്‌സ് ലിസ്റ്റും. സ്വകാര്യമേഖലയിലെ ജോലിത്തിരക്കിനിടയില്‍ ഒരുപിടി പ്രവൃത്തിദിവസങ്ങള്‍ ഇതിനുവേണ്ടി നീക്കിവെക്കാനില്ലാതെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് വേണ്ട എന്നിവര്‍ കരുതിയാല്‍ ആരെയാണ് പഴി പറയാനാകുക? അടിസ്ഥാന തിരിച്ചറിയല്‍ രേഖ എന്ന നിലയ്ക്ക് വോട്ടേഴ്‌സ് ഐ ഡി കാര്‍ഡ് പ്രധാനമാകുമ്പോഴും ഒരുകാര്യത്തിനുവേണ്ടി അപേക്ഷകരെ എത്രദിവസം നടത്തണം എന്ന ചോദ്യം പിന്നെയും ബാക്കിയാകുന്നു. വില്ലേജ് ഓഫീസില്‍ ആളുകളെ നിയന്ത്രിക്കാനോ തിരക്കൊഴിവാക്കാനോ ഉള്ള ക്രമീകരണങ്ങള്‍ കണ്ടവരില്ല. പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കാറുള്ള സ്‌കൂളുകളെ ഫോട്ടോയെടുപ്പിനും വേരിഫിക്കേഷനും നിശ്ചയിക്കുക വഴി ഒഴിവാക്കാവുന്ന പ്രയാസങ്ങളല്ലേ ഇതെല്ലാം?

അപേക്ഷകരെ കഷ്ടപ്പെടുത്താതെ ഇത്തരം കാര്യങ്ങള്‍ കാര്യക്ഷമതയോടും ചിട്ടയോടും കൂടി നടത്താനുള്ള സംവിധാനം ഒരുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പതിനഞ്ചുലക്ഷത്തിലധികം അപേക്ഷകളാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനായി ലഭിച്ചിട്ടുള്ളത്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ക്രമാതീതമായ തിരക്കാണനുഭവപ്പെടുന്നത്. അപേക്ഷകരുടെ ബാഹുല്യം ഇത്രയധികമായ ശേഷമെങ്കിലും ഇതിലേക്കായി കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തുകയും സൗകര്യപ്രദമായ ഇടങ്ങളില്‍ ഇതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കുകയും വേണ്ടിയിരുന്നു. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയും കൂട്ടത്തില്‍ കൂടുമെന്ന് തോന്നുന്നവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്സാഹം കാണിക്കുക മാത്രമല്ല ചിലപ്പോള്‍ തിരുകിക്കയറ്റുകയും ചെയ്യാറുണ്ടെന്നത് ഒരു രഹസ്യമല്ല. ചിലപ്പോഴൊക്കെ യഥാര്‍ത്ഥവോട്ടര്‍മാര്‍ പടിക്കും പട്ടികയ്ക്കും പുറത്താവാറുണ്ട്. നിസ്സാരമായ കാരണം ചൂണ്ടിക്കാട്ടിയും ചിലപ്പോള്‍ കാരണമേ അറിയിക്കാതെയും അര്‍ഹമായ അപേക്ഷ തള്ളിക്കളയാറുണ്ട്. ആക്ഷേപമുള്ളവര്‍ക്ക് പരാതിപ്പെടാനുള്ള അവസരമുണ്ടെങ്കിലും അതിന്റെ പിന്നാലെയും കൂടി നടന്ന് സമയം പാഴാക്കാനില്ലാത്തവരോ ഇഷ്ടമില്ലാത്തവരോ ആണ് ഇവിടെ ഭൂരിഭാഗവും. ഡോര്‍ ടു ഡോര്‍ വിവരശേഖരണത്തിലൂടെ സമഗ്രമായ വോട്ടര്‍പട്ടിക തയ്യാറാക്കേണ്ട സമയമാണിത്. നിലവിലുള്ള വോട്ടര്‍ പട്ടിക കുറ്റമറ്റതല്ലെന്ന ആക്ഷേപം നിലനില്‍ക്കേ അതിനുള്ള നടപടി സ്വീകരിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ തയ്യാറാവേണ്ടതുണ്ട്.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :