Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

സ്വാതന്ത്ര്യത്തിന്റെ അര്‍ദ്ധരാത്രികള്‍


''ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്. ഞാന്‍ എന്റെ നാടിനെ സ്‌നേഹിക്കുന്നു'' സ്‌കൂള്‍ നാളുകളില്‍ പറഞ്ഞുപഠിച്ച പ്രതിജ്ഞകള്‍ ആവര്‍ത്തിക്കാന്‍ മറ്റൊരു സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യത്തിന്റെ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിവിധങ്ങളായ വിഷയങ്ങളാല്‍ കലുഷിതമാണ് രാജ്യം. കുതിച്ചുയരുന്ന വിലക്കയറ്റവും ദുസ്സഹമാകുന്ന ജനജീവിതവും കേവലമാധ്യമസൃഷ്ടി മാത്രമല്ല. തീവ്രവാദവും സാമുദായിക അസംതൃപ്തിയുമുയര്‍ത്തുന്ന അസ്ഥിരതയുടെ ചോദ്യചിഹ്നങ്ങള്‍ മറുവശത്തുണ്ട്. സൂര്യനസ്തമിക്കാത്ത അധിനിവേശ ശക്തികളെ  ജീവന്‍ നല്‍കി ചെറുത്ത ആയിരക്കണക്കായ സമരഭടന്മാരുടെ ഓര്‍മകളില്‍ നിന്നുവേണം നമുക്ക് സ്വാതന്ത്രമാഘോഷിക്കാന്‍.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ സത്യം പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന പരമോന്നത കോടതിവിധി രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്നതാണ്. കോടതിയലക്ഷ്യ നിയമത്തിന്റെ പതിമൂന്നാം വകുപ്പ് വിശദീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ഉത്തരവ് അഭിപ്രായസ്വാതന്ത്രത്തിന് പുതിയമാനം നല്‍കുമെന്നതില്‍ തര്‍ക്കമില്ല. ന്യായാധിപരുടെയോ, നീതിന്യായവ്യവസ്ഥയിലെതന്നെയോ പാകപ്പിഴകള്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ചൂണ്ടിക്കാട്ടുന്നതെങ്കില്‍ അവ കോടതിയലക്ഷ്യത്തിനു കീഴില്‍ വരില്ലെന്നായിരുന്നു വിധി. വീഴ്ചകള്‍ മനസിലാക്കി തിരുത്താന്‍ അവസരമൊരുക്കുകയാണ് യഥാര്‍ത്ഥ മാധ്യമധര്‍മമെന്ന സന്ദേശമാണ് സ്വാതന്ത്ര്യദിനത്തിനായി പരമോന്ന കോടതി നല്‍കുന്നത്. വിമര്‍ശനങ്ങളെ വിശാലമനസ്‌കതയോടെ കാണേണ്ടതുണ്ടെന്ന സന്ദേശമാണ് നീതിന്യായ വ്യവസ്ഥയ്ക്ക് തിളക്കം കൂട്ടുന്ന ഈ വിധിയിലൂടെ സുപ്രീംകോടതി അര്‍ത്ഥമാക്കുന്നത്. 

ലോകത്തെ രണ്ടാമത്തെ വികസ്വരസമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ജൂണില്‍ 7.1 ശതമാനമായതായി ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അറിയിക്കുകയുണ്ടായി. കഴിഞ്ഞ 13 മാസക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യാവസായിക വളര്‍ച്ച കുറേക്കൂടി മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പുതിയ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ചൈനയെ മറികടന്ന് ഇന്ത്യ വ്യാവസായിക വളര്‍ച്ചയില്‍ മുന്‍നിരയിലെത്തിയിരുന്നു. ഈ ഇടിവ്, നാണ്യപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്തുന്നതിനായി നിരക്കുകള്‍ ഉയര്‍ത്താന്‍ ആര്‍ബിഐയെ നിര്‍ബന്ധിതമാക്കുമെന്നും വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്.

ക്രമസമാധാനപാലനത്തിലെ പിഴവുകളാണ് രാജ്യം നേരിടുന്ന മറ്റൊരു ഭീഷണി. മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ദിനേനയെന്നോണം സുരക്ഷാഭടന്മാര്‍ കൊല്ലപ്പെടുമ്പോള്‍ അവരെ ന്യായീകരിച്ചു പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി മമതാ ബാനര്‍ജിയുടെത് നിസാരമായ പിഴവല്ല. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നക്‌സലിസമാണെന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് കുറുകെയാണ് മമതയുടെ പ്രസംഗത്തിലെ ധ്വനി. അവശ്യസാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വിലവര്‍ദ്ധനവിനെച്ചാരി പാര്‍ലിമെന്റ്ദിവസങ്ങളോളം സ്തംഭിക്കുന്നത് നമ്മള്‍ കണ്ടതാണ്. മമതയുടെ പ്രസ്താവത്തെക്കുറിച്ച്‌ സാമ്പത്തികമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പ്രണബ് മുഖര്‍ജി തന്നെ വിശദീകരണം ആവശ്യപ്പെട്ട നിലയ്ക്ക് പ്രതിപക്ഷത്തിനെന്താണ് ചെയ്യാനുണ്ടാകുകയെന്നത് കാണുകതന്നെ വേണം.

സാമുദായികസ്പര്‍ദ്ധയുടെയും ജാതീയ വിദ്വേഷങ്ങളുടെയും അസംതൃപ്തികള്‍ തീര്‍ത്തും മായ്ചുകളയാന്‍ കഴിഞ്ഞിട്ടില്ല. മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും വേണ്ടി തമ്മിലടിക്കാതെ ഭാരതം എന്ന കുടക്കീഴില്‍ അണിചേരേണ്ടതുണ്ട്. സാമ്പത്തിക വളര്‍ച്ചയിലും മാനവവിഭവശേഷിയിലും അനല്‍പമായ സാധ്യതകളുണ്ട് മുന്നില്‍. ത്രിവര്‍ണപതാകയില്‍ അഭിമാനമുയര്‍ത്താനും നാനാത്വത്തിലെ ഏകത്വം കണ്ടെത്താന്‍ കഴിവുമുള്ള യുവാക്കളിലും അവരെ നേര്‍വഴിക്ക് നയിക്കാന്‍ ശേഷിയുള്ളവരിലുമാണ് രാജ്യത്തിന്റെ പ്രതീക്ഷ. സാമ്പത്തികവും സാമുദായികവുമായ സ്പര്‍ദ്ധകള്‍ തക്കംപാര്‍ത്ത്‌നില്‍ക്കുമ്പോള്‍ രാജ്യതാല്‍പര്യത്തെ മുന്‍നിര്‍ത്തി നാം ഒരുമിക്കേണ്ടതുണ്ട്. അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്നും സ്വാതന്ത്രത്തിന്റെ ആ അര്‍ദ്ധരാത്രി ഓര്‍മയിലെത്തുമ്പോള്‍ നാം ഇങ്ങനെ തുടരുകതന്നെ വേണം ''ഞാന്‍ എന്റെ നാടിനെ സ്‌നേഹിക്കുന്നു. എന്റെ നാടിന്റെയും നാട്ടുകാരുടേയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ഞാന്‍ പ്രവര്‍ത്തിക്കും. ജയ്ഹിന്ദ്''. സ്വാതന്ത്ര്യദിനപുലരിയില്‍ പ്രിയവായനക്കാര്‍ക്ക് ഗള്‍ഫ് മലയാളി.കോമിന്റെ ഹൃദ്യമായ ആശംസകള്‍.

സ്‌നേഹപൂര്‍വ്വം,
എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :