Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

കൃത്യവിലോപങ്ങള്‍ ബാക്കിയാക്കുന്നത്


ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് ഒട്ടേറെ നാടകീയരംഗങ്ങള്‍ക്കിടവെച്ചു. നീതിന്യായ സംവിധാനങ്ങളും നടപടിക്രമങ്ങളും കുറേക്കൂടി സുതാര്യമാവേണ്ടതുണ്ടെന്ന സന്ദേശമാണ് മദനിയുടെ അറസ്റ്റ് വെളിവാക്കുന്നത്. മറ്റൊരു സംസ്ഥാനത്തെ കോടതിയുടെ വാറണ്ടുമായി ആ സംസ്ഥാനത്തെ  പോലീസാണ് മദനിയെ അറസ്റ്റുചെയ്യാനെത്തുന്നത്. സ്വാഭാവികമായി സംഭവിക്കേണ്ടിയിരുന്ന ഒരു നടപടിക്രമം മാത്രമായിരുന്നു മദനിയുടെ അറസ്റ്റ്. കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാള്‍ക്കും നീതിപീഠത്തിനു മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനും പുറത്തുവരാനും അവസരമുണ്ടെന്നിരിക്കേ അറസ്റ്റിനുമുമ്പ് ഇത്രയും നാടകങ്ങള്‍ വേണ്ടിയിരുന്നോ എന്ന ചോദ്യം ന്യായമാണ്. കോടതിയിലോ പോലീസില്‍ത്തന്നെയോ കീഴടങ്ങാന്‍ മദനി തയ്യാറായിരുന്നു എന്നിരിക്കേ ഒരാഴ്ചയോളം നടപടിക്രമങ്ങള്‍ വച്ചുതാമസിപ്പിച്ചതിലെ യുക്തി സാമാന്യബുദ്ധിക്ക് നിരക്കാവുന്നതല്ല. താന്‍ നിരപരാധിയെന്ന ഉത്തമവിശ്വാസമുണ്ടെന്നും പി ഡി പി പ്രവര്‍ത്തകര്‍ നിയന്ത്രണം കൈവിടരുതെന്നും മദനി ആഹ്വാനം ചെയ്തതാണ്. തെറ്റുകാരനല്ലെന്ന ബോധ്യമുണ്ടായിട്ടും നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തില്‍ നടപടിക്രമങ്ങള്‍ക്ക് വഴങ്ങുകയാണെന്ന് മദനി പറഞ്ഞു.  എന്നാല്‍ അത്രയും ആത്മസംയമനവും ഉത്തരവാദിത്തപരവുമായ സമീപനം സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതുതന്നെയാണ് വാസ്തവം.

കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കുക എന്ന കാര്യത്തില്‍ രാഷ്ട്രീയാതിര്‍ത്തികള്‍ പരിഗണിക്കാതെ സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. അറസ്റ്റ് നേരിടുന്നവര്‍ അന്തര്‍ സംസ്ഥാനമോ, അതിലപ്പുറമോ ബന്ധങ്ങളുണ്ടെന്ന് സംശയിപ്പെടുന്നവരാകുമ്പോള്‍ ഈ ബാധ്യതയ്ക്ക് ഏറിയ പ്രസക്തിയുണ്ട്. എന്നാല്‍ കേവലരാഷ്ട്രീയത്തിന്റെയോ മറ്റ് താല്‍പര്യങ്ങളോ മുന്‍നിര്‍ത്തി ഇത്തരം കടമകളില്‍ നിന്ന് അധികാരികള്‍ പിന്നോട്ട് പോകുമ്പോള്‍ നഷ്ടപ്പെടുന്നത് നീതിന്യായവ്യവസ്ഥയുടെ മുഖമാണ്. തിരിച്ചുവരാമെന്ന പ്രതീക്ഷയിലല്ല യാത്രപറയുന്നതെന്ന അബ്ദുള്‍ നാസര്‍ മദനിയുടെ പ്രസ്താവം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഭീകരവാദികളുടെ കൈകളിലല്ല, മറിച്ച് തങ്ങളെപ്പോലെതന്നെ ഉത്തരവാദിത്തമുള്ള മറ്റൊരു ജനാധിപത്യ സര്‍ക്കാരിന്റെ പക്കലാണ് മദനിയെ ഏല്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ കടമയായിരുന്നു. കേരളസര്‍ക്കാര്‍ വേണ്ടവിധം സഹകരിക്കുന്നില്ലയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. അനവസരത്തിലാണ് മദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് എത്തിയതെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയെയോ ഡിജിപിയെയോ അറിയിക്കാതെയാണ് വരവെന്നുമായിരുന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതും നിയമവാഴ്ചയോട് പ്രതിബദ്ധതയുമുള്ള സര്‍ക്കാരുകള്‍ ഉത്തരവാദിത്തപരമായി പെരുമാറേണ്ടതുണ്ട്. അല്‍പമായ കാര്യങ്ങളില്‍ അഭിരമിക്കയും ചെറുപ്രയോഗങ്ങളെ പര്‍വ്വതീകരിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാര്യങ്ങളെ തള്ളിക്കളയുന്നതിനും സജ്ജരാകേണ്ടതുണ്ട്. സര്‍ക്കാരുകള്‍ സ്ഥാപിതതാല്‍പര്യങ്ങളില്‍ വ്യവഹരിക്കയും നിയമപാലനത്തോടും ഉത്തരവാദിത്തങ്ങളോടും  മുഖംതിരിക്കുകയും ചെയ്യുന്നിടങ്ങളില്‍ കളങ്കപ്പെടുന്നത് ജൂഡീഷ്യറിയുടെ അന്തസ്സാണ്. ജനാധിപത്യപരവും അല്ലാത്തതുമായ അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആശ്രയവും പ്രതീക്ഷയുമായി സ്വത്വബോധമുള്ള പൗരന്‍ ഉറ്റുനോക്കുന്നത് നീതിന്യായ വ്യവസ്ഥിതിലേക്കാണ്. കേവലതാല്‍പര്യങ്ങളുടെ പേരില്‍ അതിന്റെ മുഖം കളങ്കപ്പെടുത്തിക്കൂടാ. അതോടൊപ്പം ആയിരം  കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നമ്മള്‍ ആവര്‍ത്തിച്ചുരുവിടുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സുവര്‍ണവാചകം അപരാധികള്‍ക്ക് രക്ഷപ്പെടാനുള്ള എളുപ്പവഴിയാകരുതെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :