Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

റോഡിലിറങ്ങി നടക്കാനുള്ള വഴികള്‍


കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് റോഡ് സൗകര്യമൊരുക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍ക്കാരിനോട് ദേശീയ സംസ്ഥാന പാതകളുടേയും പൊതുമരാമത്ത് റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്. ആസൂത്രണത്തിലെയും കരാര്‍ കൈകാര്യത്തിലെയും വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ട്  നമ്മുടെ റോഡുകള്‍ ദയനീയവും ഒപ്പം അപകടകരവുമാണെന്നാണ് കോടതി നിരീക്ഷിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ റോഡുകളുടെ അറ്റുകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുകയുമുണ്ടായി. നവംബര്‍ 30നകം കുഴിയടക്കലുകളും, ജനുവരി 31നകം അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കുമെന്നാണ് വകുപ്പിലെ ഉന്നതോദ്യഗസ്ഥന്മാരുടെ യോഗത്തിന് ശേഷം മന്ത്രി പ്രസ്താവിച്ചത്.

മോശമായ റോഡുകള്‍ മാത്രമല്ല, ശ്രദ്ധക്കുറവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആറുമാസക്കാലത്ത് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ 2132 പേരാണ് കൊല്ലപ്പെട്ടത്. 2010ല്‍ സംസ്ഥാനത്താകമാനം ഉണ്ടായ 35082 റോഡപകടങ്ങളില്‍പ്പെട്ട് 3950 പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞദിവസം വാഹനാപകടത്തില്‍ നാലുപേരാണ് മരിച്ചത്. വാഹനമോടിക്കുന്നവരാണ് ഇതില്‍ മൂന്നുപേര്‍. ഇതിലൊരാള്‍ക്ക് ഇരുചക്രവാഹനമോടിക്കാനുള്ള ലൈസന്‍സനുള്ള പ്രായമായിരുന്നില്ലെന്നാണ് അറിയുന്നത്. പോലീസ് തയ്യാറാക്കിയ വിവരശേഖരത്തില്‍ നിന്നും അറിയാന്‍ കഴിയുന്നത് അശ്രദ്ധയോടെ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിന്നുമാണ് കൂടുതല്‍ അപകടങ്ങളും അശ്രദ്ധയോടെ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ വാഹനഭ്രമം മാത്രമല്ല ലക്കും ലഗാനുമില്ലാത്ത ഡ്രൈവിംഗും മദ്യപിച്ച് വാഹനം ഓടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

വര്‍ദ്ധിച്ച വാഹനപ്പെരുപ്പം നേരിടാന്‍ റോഡ് വികസനമല്ലാതെ വഴിയൊന്നുമില്ലെത് സത്യമാണെങ്കിലും അച്ചടക്കമുള്ള ഡ്രൈവിംഗ് ശീലമാക്കുകയെന്നതിന് വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നതാണ് സത്യം. വഴിപാടുപോലെ വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ റോഡ് സുരക്ഷാവാരം ആചരിച്ചതുകൊണ്ടുമാത്രം കാര്യമില്ല. റോഡുകളുടെ വിസ്തൃതി കൂട്ടുന്നതോടൊപ്പം തങ്ങളെപ്പോലെ തന്നെ അവകാശാധികാരങ്ങളുള്ളവരാണ് റോഡിലിറങ്ങുന്ന മറ്റുള്ളവരുമെന്ന ചിന്താഗതി വളര്‍ത്തിയെടുക്കുക തന്നെ വേണം. നിയമലംഘകരെ പിടികൂടുന്നതിനായി പ്രധാനനഗരങ്ങളില്‍  ഡസന്‍കണക്കിന് ഒളിക്യാമറകള്‍ വച്ചതായി പൊലീസ് മേധാവികള്‍ പറഞ്ഞിരുന്നു. എന്നാല്‍ എത്ര നിയമലംഘകരെ പിടികൂടിയെന്നും എന്തു ശിക്ഷ നല്‍കിയെന്നുമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുകണ്ടിട്ടില്ല. നിയമലംഘനത്തിന് യാതൊരു കുറവും വന്നുകാണാത്ത അവസരത്തില്‍ ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആളുകളെ ബോധവാന്മാരാക്കാനാങ്കിലും സഹായിക്കുമായിരുന്നു.

പൊതുജനശ്രദ്ധയ്ക്ക് - കോഴിക്കോട് മുതല്‍ പേരാമ്പ്ര വരെയുള്ള കുഴികളില്‍ നിന്നും മീന്‍പിടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്ന് ഒരു ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കപ്പെടുകയും അത് സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിലെ കറുത്ത ഫലിതം ഗൗരവതരമായി കാണേണ്ടതുണ്ട്. റോഡില്‍ വാഴനട്ടും ബസ്സ് തടഞ്ഞും ജനം മടുത്തു. കണ്ണിനു മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ഇരുചക്രവാഹനക്കരെ പിടിച്ച് ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ പെറ്റിക്കേസെഴുതി പിഴ പിരിക്കലും വാഹനം തടഞ്ഞ് രേഖകള്‍ പരിശോധിക്കലും മാത്രമായി അധികാരികള്‍ ജനങ്ങളെ സമീപിക്കുന്ന കാഴ്ച ഒരു ദുരന്തം തന്നെയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമല്ല, ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും വേണം ബോധവത്കരണം. റോഡില്‍ നടക്കുന്ന മനുഷ്യക്കുരുതികള്‍ നിയന്ത്രിക്കാന്‍ ആരുമില്ലല്ലോ എന്ന് ദുഖിക്കുന്നതിനൊപ്പം ഓരോ അപകടങ്ങളും അനാഥമാക്കുന്ന കുടുംബങ്ങളെക്കുറിച്ചു കൂടി ഓര്‍ക്കുക.


എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :