Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

അല്ല, ഇത് കാട്ടുനീതി പോലുമല്ല


പെരുമ്പാവൂരില്‍ ബസില്‍ പോക്കറ്റടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊന്ന സംഭവം മലയാളിമനസ്സുകളെ ഞെട്ടിച്ചിരിക്കയാണ്. ഇത്തരം കാടത്തം ചെയ്തുകൂട്ടിയത് നമ്മളുടെ ഇടയില്‍ത്തന്നെയുള്ള ചിലരാണ് എന്നത് അമ്പരപ്പോടെ മാത്രമേ കണ്ടുനില്‍ക്കാനാവൂ. ബിഹാറിലെ ഭഗല്‍പൂര്‍ ജയിലിലെ തടവുകാരുടെ കണ്ണില്‍ പൊലീസുകാര്‍ ആസിഡ് ഒഴിച്ചപ്പോഴും സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ നാട്ടുകാരും പൊലീസുകാരും ചേര്‍ന്നു മര്‍ദിച്ചശേഷം മോട്ടോര്‍ സൈക്കിളില്‍ കെട്ടി റോഡില്‍ വലിച്ചിഴച്ചപ്പോഴും നമ്മള്‍ ആശ്വസിച്ചത് അത് കേരളമല്ലല്ലോ ബീഹാറല്ലേ എന്നായിരുന്നു. അക്രമാസക്തമായി പ്രതികരിക്കുകയും കാടത്തത്തോടെ നിയമം കയ്യിലെടുക്കുകയും ചെയ്യാന്‍ നമുക്കാവില്ല എന്ന് നാം ധരിച്ചു. എന്നാല്‍ ഇത്തരം കണ്ണില്‍ച്ചോരയില്ലാത്ത സംഭവങ്ങള്‍ അഭ്യസ്തവിദ്യരും സംസ്‌കാരസമ്പന്നരുമായ കേരളീയര്‍ക്കിടയില്‍ ഉണ്ടാകാന്‍ തരമില്ല എന്ന് നമ്മളുടെ അഹങ്കാരത്തിന്റെ തലയ്ക്കലാണ് ആ ഒരുസംഘം അടിച്ച് ഇല്ലാതെയാക്കിയത്.

പതിനായിരം രൂപ പോക്കറ്റടിച്ചുവെന്ന് ആരോപിച്ചാണ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ പാലക്കാട് പെരുവമ്പ് സ്വദേശി രഘുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പോക്കറ്റടിച്ചു എന്ന് കണ്ടെത്തിയാല്‍ ശിക്ഷ വിധിക്കാന്‍ നിയമങ്ങളും കോടതിയും ഉള്ളൊരു നാട്ടില്‍ ഈ അരുംകൊലയ്ക്ക് നീതീകരണമേതുവിധത്തിലാണ്? മാത്രമോ, ജോലിസ്ഥലമായ പെരുമ്പാവൂരില്‍ ഒരു വീടു വാടകയ്‌ക്കെടുക്കാനുള്ള ചെലവിലേക്കായി മോതിരം ബാങ്കില്‍ പണയംവച്ചു കിട്ടിയ പണമാണ് രഘുവിന്റെ കൈയ്യിലുണ്ടായതെന്ന് വ്യക്തമായതോടെ ഒരു നിരപരാധിയുടെ ജീവന്റെ പാപം ആരുടെ തലയില്‍വെച്ചുകെട്ടും നമ്മള്‍? രഘുവിന്റെ കൈയ്യില്‍ മുപ്പത്തയ്യായിരത്തോളം രൂപയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. അതില്ലെങ്കില്‍ തന്നെയും പതിനായിരം രൂപ കണ്ടെത്തിയതിനായിരുന്നു മര്‍ദ്ദനം എന്ന വസ്തുതയ്‌ക്കൊപ്പം തന്നെ രഘുവിന്റെ മൃതദേഹത്തില്‍ നിന്നും കിട്ടിയത് ഏഴായിരം രൂപമാത്രമാണെന്നതും കാണണം.

മോഷണക്കുറ്റമാരോപിച്ച് ഒരാളെ തല്ലിക്കൊന്ന് അയാലുടെ കീശയില്‍കൈയിട്ട് കിട്ടിയതുമെടുത്ത് പോകുന്നതിനെ എന്ത് പേരിട്ട് വിളിക്കും നമ്മള്‍? ഏത് തരത്തിലുള്ള കാട്ടുനീതിയുടെ പുസ്തകത്തിലാണ് നമ്മള്‍ ഇത് വായിച്ചിട്ടുള്ളത്? നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുകയാണ് സമൂഹത്തില്‍ വേരാഴ്ത്തിത്തുടങ്ങുന്ന ഈ അക്രമവാസന. ഇവിടെ ഏതു കേസില്‍ പ്രതിയായാലും നിയമാധിഷ്ഠിത വിചാരണയ്ക്ക് അവകാശമുണ്ടെന്നിരിക്കേ ഓരോരുത്തരും തന്നിഷ്ടപ്രകാരം വിധിപറയുന്ന സ്ഥിതി അനുവദിക്കാനാവില്ലതന്നെ. ജനങ്ങളുടെ സ്വത്തും ജീവനും കവര്‍ന്നെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ദ്രോഹികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടേണ്ടത് വ്യവസ്ഥാപിത രീതിയില്‍ തന്നെയാവണം. എങ്കിലേ അതിന് ഒരു സന്ദേശം പകരാനുള്ള കരുത്തുണ്ടാവൂ. ഭരണസംവിധാനങ്ങളുടെ പിടിപ്പില്ലായ്മ ജനകീയ വിചാരണകള്‍ക്കു കാരണമാകുന്നുവെന്ന് വേണമെങ്കില്‍ വാദിക്കാം, പക്ഷേ അതൊരു ന്യായീകരണമല്ല തന്നെ.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ മാനസികരോഗിയായ മധ്യവയസ്‌കനെ തല്ലിച്ചതച്ച വാര്‍ത്ത നമ്മള്‍ വായിച്ചതാണ്. കായംകുളത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ബംഗാളികളായ കുറെ തൊഴിലാളികളെ നാട്ടുകാര്‍ തല്ലിച്ചതച്ചതും നമ്മള്‍ വായിച്ചു. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇത്തരം കൈയാങ്കളികള്‍ക്ക് അരുനില്‍ക്കാറുണ്ട്. എം.എല്‍.എയുടെ കാറിനു കൈകാണിച്ച എസ്.ഐക്ക് മര്‍ദനമേല്‍ക്കേണ്ടിവന്നപ്പോള്‍ നമുക്കിത് ബോധ്യമായതാണ്. കുറ്റവാളികളെ നാട്ടുകൂട്ടത്തിന്റെ വിചാരണയ്ക്കുവിടാനാണെങ്കില്‍ ഈ നാട്ടില്‍ പോലീസ് സംവിധാനമെന്തിനെന്നു ചിന്തിക്കേണ്ടതുണ്ട്. ശക്തമായ പോലീസ് സംവിധാനവും വിശ്വാസ്യതയുള്ള ജുഡീഷ്യറിയും നമുക്കുണ്ടെന്ന വിശ്വാസം നോക്കുകുത്തിയാകുകയാണ് ഇത്തരം സംഭവങ്ങളിലൂടെ. കുറ്റവാളികള്‍ അനായാസേന രക്ഷപ്പെടുന്ന സാഹചര്യം പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. അത് വീണ്ടെടുക്കുകയെന്നതാവട്ടെ ഇത്തരം കൃത്യങ്ങള്‍ തടയാന്‍ കൂടിയേ തീരൂ.


എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :