Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

പ്രക്ഷോഭാനന്തരം ദിശമാറരുത്‌


സ്വേച്ഛാധിപതികളോട് കാലം തീര്‍ക്കുന്ന കണക്കുകള്‍ക്ക് മറ്റൊരു ഉദാഹരണവുമായി മു അമ്മര്‍ ഗദ്ദാഫിയും കീഴടങ്ങി. പ്രക്ഷോഭകരുടെ കരുത്തിന് മുന്നില്‍ ട്രിപ്പോളിയും ബന്‍ഗാസിയും കൈവിട്ടുപോയപ്പോഴും പിടിച്ചുനിന്ന ഗദ്ദാഫിയെന്ന കര്‍ക്കശക്കാരന്‍ വെടിവെക്കരുത് വെടിവെക്കരുത് എന്ന രണ്ടുവാക്കുകളോടെ കാലം കടന്നുപോയി. ഗദ്ദാഫിയുടെ മരണം അല്ലെങ്കില്‍ കൊലപാതകം പക്ഷേ സ്വാതന്ത്ര്യദാഹികളും ജനാധിപത്യവിശ്വാസികളുമായ ലിബിയന്‍ ജനതയുടെ വിജയമായി മാറുമോ എന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. സ്വന്തം നാട്ടിലെ വിമതസേനയ്ക്ക് മുന്നിലാണ് ഗദ്ദാഫി ജീവന്‍ നല്‍കി പിടഞ്ഞുവീണതെന്നിരിക്കിലും അണിയറയ്ക്ക് പിന്നിലെ കരുനീക്കങ്ങള്‍ കാണേണ്ടതുണ്ട്. ബഹ്‌റൈനടക്കമുള്ള അറബ് രാജ്യങ്ങളിലോ ആഫ്രിക്കന്‍ പ്രദേശങ്ങളിലോ സജീവമായി ഉയര്‍ന്നുവന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍നിന്നും ജനകീയപോരാട്ടങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു ലിബിയ.

ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാന്‍ ഗദ്ദാഫി തയ്യാറായിരുന്നില്ല. കയ്യിലുള്ള കിങ്കരന്മാരെ ഉപയോഗിച്ച് ലിബിയന്‍ ജനതയോട് പൊരുതാന്‍ അദ്ദേഹം മടികാണിച്ചില്ല. ട്രിപ്പോളിയും ബന്‍ഗാസിയും ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങള്‍ നഷ്ടമായപ്പോഴും കീഴടങ്ങലിന്റെ സൂചനപോലും ഗദ്ദാഫി നല്‍കിയില്ല. ഇദ്രിസ് രാജാവില്‍നിന്നും നീണ്ട നാല്‍പ്പത്തിരണ്ടുകൊല്ലം മുന്‍പ് പിടിച്ചെടുത്ത അധികാരത്തിനും രാജകീയജീവിതത്തിനുമാണ് ജനകീയപ്രക്ഷോഭത്തില്‍ അടിതെറ്റിയത്. സ്വന്തം ജനതയെയാണ് താന്‍ എതിര്‍ത്തില്ലാതാക്കുന്നതെന്ന പരിഗണന പോലും ഗദ്ദാഫിയുടെ മനസ്സുമാറ്റിയില്ല. ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍കൊണ്ടുപോലും ഫലമുണ്ടാവില്ലെന്നുവന്ന ഘട്ടത്തിലാണ് നാറ്റോ സഖ്യസേന ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാനെത്തുന്നത്. ഫലത്തില്‍ നാറ്റോ സഖ്യസേനയുടെ ഇടപെടലാണ് ആത്യന്തികമായി ജനകീയപോരാട്ടമെന്ന വിശേഷണം ലഭിക്കുന്ന ഈ കലാപത്തില്‍ ഗദ്ദാഫിയുടെ അന്ത്യം കുറിച്ചത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഇടപെടുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം ഗദ്ദാഫി കണക്കിലെടുത്തില്ല. സാധാരണ ജനങ്ങള്‍ക്ക് മേല്‍ ഗദ്ദാഫിയുടെ സൈനികര്‍ നടത്തുന്ന അക്രമങ്ങളവസാനിപ്പിക്കുന്നതിനാണ് യു.എന്‍. ട്രിപ്പോളി വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കുന്നത്. പതിനഞ്ചംഗങ്ങളുള്ള യു.എന്‍. രക്ഷാസമിതിയില്‍ ഭൂരിപക്ഷം നേടാനായെങ്കിലും പത്ത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഭരണമാറ്റത്തിന് വേണ്ടി വിമതപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദേശീയ പരിവര്‍ത്തന കൗണ്‍സിലും അതിനെ പിന്തുണ്‌യ്ക്കുന്ന ശക്തമായ ഗോത്രവര്‍ഗങ്ങളും ലിബിയയിലുണ്ട്. ദേശീയ പരിവര്‍ത്തന കൗണ്‍സിലിന് സാമ്പത്തികമടക്കമുള്ള സഹായങ്ങള്‍ നല്‍കി വര്‍ത്തിച്ചുവന്ന പാശ്ചാത്യശക്തികള്‍ക്ക് രാജ്യത്ത് നിര്‍ണായകമായ സ്വാധീനമുണ്ടാകുമെന്നതില്‍ തര്‍ക്കത്തിനിടയില്ല. എന്നിരിക്കിലും പാശ്ചാത്യഭരണത്തെ എതിര്‍ക്കുന്ന ജനവിഭാഗവും ഇവിടെയുണ്ട്.

തുടര്‍ഭരണത്തിന് ചുക്കാന്‍ പിടിക്കേണ്ടുന്ന ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ തന്നെയാവും പുതുയുഗത്തിലെ ലിബിയയുടെ വിധിനിര്‍ണയിക്കുക. യുദ്ധാനന്തര ലിബിയയുടെ ജനാധിപത്യവത്കരണത്തിനുവേണ്ടി ദേശീയ പരിവര്‍ത്തന കൗണ്‍സിലിന്റെ ചെയര്‍മാന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണുമായി ചര്‍ച്ച നടത്തിയിരുന്നു. ലോകനേതാക്കളുടെ ഒരു യോഗം പാരീസില്‍ ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. ലിബിയയിലെ മരവിപ്പിച്ച സ്വത്തില്‍ 1500 കോടി ഡോളര്‍ വിമത ഭരണകൂടത്തിന് അനുവദിക്കാനും ഇടക്കാല സര്‍ക്കാരിന് അംഗീകാരം നല്കാനും 60 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത പാരീസ് യോഗം തീരുമാനിച്ചിരുന്നു. വമ്പിച്ച എണ്ണസമ്പത്തുള്ള ലിബിയയുടെ കാര്യത്തില്‍ വിദേശശക്തികള്‍ക്ക് സ്താപിത താല്‍പര്യങ്ങളുണ്ടാവും. അതില്ല എന്ന് കരുതാനുള്ള യാതോരു സാധ്യതയും ഇപ്പോള്‍ നിലവിലില്ല. ഇത്തരം രഹസ്യ അജണ്ടകളെ ചെറുക്കുക എന്ന ബാധ്യതകൂടി യുദ്ധാനന്തര ലിബിയ കെട്ടിപ്പെടുക്കുന്നവര്‍ സാധ്യമാക്കുമ്പോള്‍ മാത്രമേ ചോരചീന്തി മാസങ്ങള്‍ നീണ്ട ജനകീയ പോരാട്ടങ്ങളുടെ അര്‍ത്ഥം പൂര്‍ത്തിയാകൂ.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :