Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

ചങ്ങലകള്‍ക്ക് ഭ്രാന്തെടുക്കുന്ന കാലം


സ്വന്തം പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍, പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ആരെക്കുറിച്ചും എന്തും പറയാമെന്ന ധാരണ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകര്‍, മന്ത്രിമാര്‍ അല്ലെങ്കില്‍ മറ്റ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ വച്ച് പുലര്‍ത്തുന്നത് അങ്ങേയറ്റം ജുഗുപ്താവഹമാണ്. വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ നടത്തിയ പരാമര്‍ശം ഇത്തരത്തില്‍ അപലപിക്കപ്പെടേണ്ടത് തന്നെയെന്നതില്‍ സാംസ്‌കാരിക കേരളത്തിന് സംശയമേതുമുണ്ടാകാനിടയില്ല. തന്താങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഏതുമായിക്കൊള്ളട്ടെ, കേരളത്തിലെ ഇന്നത്തെ നേതാക്കളില്‍ സമാദരണീയനാണ് വി.എസ്. അച്യുതാനന്ദന്‍ എന്നത് നിസ്തര്‍ക്കമാണ്. തന്റെ രാഷ്ട്രീയശത്രുവിനെ എതിര്‍ക്കാന്‍ വേണ്ടി പ്രായത്തിലും ലോകപരിചയത്തിലും എത്രയോ താഴെ നില്‍ക്കുന്ന ഗണേഷ് കുമാര്‍ എന്ന സിനിമാനടന്‍ കൂടിയായ രാഷ്ട്രീയ നേതാവ് പ്രയോഗിച്ച ഭാഷ നിന്ദ്യവും പരുഷവുമായിരുന്നു എന്നത് പറയാതെ തരമില്ല.

തങ്ങളുടെ എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെയോ, മന്ത്രിമാരെയോ കടുത്ത ഭാഷാപ്രയോഗത്താല്‍ നിശബ്ദരാക്കുന്ന രംഗങ്ങള്‍ നമ്മള്‍ സിനിമയില്‍ കാണാറുണ്ട്. എന്നാല്‍ സിനിമയല്ല രാഷ്ട്രീയമെന്നും നാലാള്‍ക്കുമുമ്പില്‍ നമ്മള്‍ പറയുന്ന കാര്യങ്ങളും അംഗവിക്ഷേപമടക്കമുള്ള ശരീരഭാഷയും നമ്മളെന്താണെന്ന് ലോകത്തെ ധരിപ്പിക്കാനുതകുമെന്നുമുള്ള അടിസ്ഥാനബോധം മന്ത്രി ഗണേഷ് കുമാര്‍ വെച്ച് പുലര്‍ത്തേണ്ടിയിരുന്നു. രാഷ്ട്രീയത്തില്‍ പകമൂക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പതിവാണെന്നതോ മൂപ്പിളമ നോക്കാതെ തരം കിട്ടുമ്പോഴൊക്കെ ഇത് നടത്തുന്നവര്‍ നമുക്ക് ചുറ്റുമുണ്ടെന്നതോ നമ്മള്‍ക്ക് ഒരു തെറ്റ് ചെയ്യാനുള്ള ലൈസന്‍സാകുന്നില്ല. വെറുമൊരു രാഷ്ട്രീയക്കാരനെന്ന നിലക്ക് പോലും പറയാവുന്നതല്ല മന്ത്രിയായിരിക്കവേ അദ്ദേഹം ചെയ്തത്. എന്നിരിക്കിലും മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശം മാനിച്ച് ചെയ്ത തെറ്റ് ഏറ്റുപറയാനും ഖേദം പ്രകടിപ്പിക്കാനും ഗണേഷ് കുമാര്‍ തയ്യാറായി എന്നത് അഭിനന്ദനീയം തന്നെ.

എന്നാല്‍ എല്ലില്ലാത്ത നാവ് എങ്ങനെയും വളയുമെന്ന് തെളിയിക്കുന്ന തിരക്കിലാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നമ്മുടെ നേതാക്കള്‍. പ്രായപരിധി പരിഗണനകളോ സ്ഥാനമാനങ്ങളോ ഒന്നും ഈ ഭാഷാപ്രയോഗങ്ങള്‍ക്ക് കടിഞ്ഞാണിടുന്നുമില്ല. വി.എസ്. അച്യുതാനന്ദന് 35 വയസ്സായിരുന്നു പ്രായമെങ്കില്‍ ഈ പറഞ്ഞതിനപ്പുറത്ത് പറയുമായിരുന്നുവെന്നാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പറഞ്ഞത്. വി.എസിനെ മാത്രമല്ല, കിട്ടിയ അവസരം ലാക്കാക്കി കോടിയേരിയെയും എം. എ. ബേബിയെയും എ.കെ. ബാലനെയും പി.സി. ജോര്‍ജ്ജ് ആക്രമിച്ചു. മന്ത്രിയെ മിസ്റ്റര്‍ എന്ന് ചേര്‍ത്തുകൊണ്ട് പേരുവിളിച്ചു എന്നാക്ഷേപിച്ചാണ് മുന്‍ മന്ത്രി എ.കെ. ബാലനെ എടാ എന്നും പൊട്ടാ എന്നും പി.സി. ജോര്‍ജ്ജ് അധിക്ഷേപിച്ചത്. നിയമസഭയിലെ പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കവേ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെക്കുറിച്ച് തികച്ചും അസഭ്യമായ പരാമര്‍ശങ്ങളാണ് പ്രയോഗിച്ചത്. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമപ്രതിനിധികളെയും ചാടിക്കടിക്കാനല്ലാതെ തന്റെ തെറ്റ് മനസിലാക്കാനോ തിരുത്താനോ പി.സി. ജോര്‍ജ്ജ് തയ്യാറായില്ല.

ഗണേഷ് കുമാറിനെതിരെ കോലം കത്തിച്ചും പ്രകടനം നടത്തിയും സംസ്ഥാനത്ത് വമ്പന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധങ്ങള്‍ വേണ്ടത് തന്നെ. എന്നാല്‍ ഗണേഷ് കുമാര്‍ ഖേദം പ്രകടിപ്പിച്ച ശേഷവും വെറുമൊരു നാക്കുപിഴയല്ല ഗണേഷിന്റേത് പിതൃത്വത്തിന്റെ പ്രശ്‌നമാണ് എന്ന് പ്രതിപക്ഷ അനുകൂല യുവജന സംഘടനയുടെ സംസ്ഥാന നേതാവ് പരസ്യമായി വിളിച്ചുപറയുന്നതിനെ ന്തുപേരിട്ടാണ് വിളിക്കുക. എവിടെയും മാന്യതയോടെ പ്രവര്‍ത്തിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്. സമൂഹം അവര്‍ക്ക് നല്‍കുന്ന ബഹുമാനവും വിലയും ഇതിനുവേണ്ടിയുള്ളതാണ് എന്ന് പൊതുപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞേ മതിയാകൂ. വിമര്‍ശിക്കപ്പെടുമ്പോള്‍ വേദന തോന്നുന്നവര്‍ തങ്ങള്‍ മറ്റുള്ളവരെ ആക്രമിക്കുമ്പോള്‍ ആ ഇരകള്‍ക്ക് ഉണ്ടാകുന്നതും ഇതേവേദനയാണെന്ന് തിരിച്ചറിയണം. പല്ലിനു പല്ലും ചോരയ്ക്ക് ചോരയും വിളമ്പാനാണെങ്കില്‍ മനുഷ്യന്‍ സംസ്‌കൃതനാകേണ്ട കാര്യമില്ല. സഭയുടെ നാഥനായ സ്പീക്കറോട് താനൊക്കെ എന്തു സ്പീക്കറാണെന്ന് ചോദിക്കുന്നത്രയ്‌ക്കെത്താനുള്ള സ്വാതന്ത്ര്യമല്ലതന്നെ ജനാധിപത്യം.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :