Untitled Document
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

രാജാവും രാജ്യത്തിന്റെ അതിര്‍ത്തികളും


ഇന്ത്യന്‍ ദേശീയപതാക സമീപത്തുവച്ചേ എപ്പോഴും താന്‍ കളിക്കാറുള്ളൂവെന്നും തന്റെ ആദ്യ വിദേശയാത്രമുതല്‍ ഇന്നോളം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ആണയിടുന്നത് വിശ്വനാഥന്‍ ആനന്ദാണ്. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച വിശ്വനാഥന്‍ ആനന്ദ്. കറുപ്പും വെളുപ്പും കലര്‍ന്ന അറുപത്തിനാല് കളങ്ങളിലൂടെ വിശ്വം ജയിച്ച ഇന്ത്യയുടെ വിഷി. കായികതാരത്തിനുള്ള പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന നല്‍കി നല്‍കി ആദരിച്ച ഒരാള്‍ ഇന്ത്യക്കാരനാണെന്ന് ആണയിടേണ്ടിവരുന്നതില്‍ ഒരു അസ്വഭാവികതയുണ്ട്. പ്രൊഫഷണല്‍ കായികതാരമെന്നാല്‍ പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമാണെന്ന പുതിയ കാലത്തിന്റെ നിര്‍വചനങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്ന ചിത്രവുമുണ്ട്.

ഹെല്‍മറ്റില്‍ എപ്പോഴും ത്രിവര്‍ണപതാക പതിച്ചു കളിക്കാനിറങ്ങുന്നു എന്നതുകൊണ്ടുമാത്രം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ക്ക് ലഭിച്ച ബഹുമാനം എത്രയധികമാണെന്നത് ചരിത്രം. ഓരോ ഓവറിനിടയിലും പരസ്യത്തിനു സാധ്യതയുള്ള ക്രിക്കറ്റല്ല തട്ടകമെന്നതുകൊണ്ടുമാത്രമാണ് സച്ചിനോളം പരസ്യം വിഷിക്ക് ലഭിക്കാതിരുന്നത്. എന്നാല്‍ ജനപ്രിയ ഇനമായ ക്രിക്കറ്റും മറ്റും നല്‍കിയതിനപ്പുറമാണ് തന്റെ ബുദ്ധിവൈഭവം കൊണ്ടും വ്യക്തിപ്രഭ കൊണ്ടും രാജ്യത്തിനു നല്‍കിയത്. ലോകകീരീടങ്ങള്‍ കൊണ്ട് ദേശീയതയുടെ കൊടിക്കൂറയ്ക്കു നിറം പകര്‍ന്ന വിഷിയെ ഒരിക്കല്‍ക്കൂടി അംഗീകരിക്കുന്നതിനുള്ള അവസരമാണ് ബ്യൂറോക്രസിയുടെ വിഖ്യാതമായ അലംഭാവം കൊണ്ട് നമുക്ക് നഷ്ടമാവുന്നത്.

വിശ്വനാഥന്‍ ആനന്ദിന് ഹൈദരാബാദ് സര്‍വകലാശാല നല്‍കാന്‍ തീരുമാനിച്ച ഓണററി ഡോക്ടറേറ്റ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് വിവാദത്തിലെത്തിയത്.  ആനന്ദിന്റെ പൗരത്വമായിരുന്നു രാജാവിനേക്കാള്‍ രാജഭക്തി കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണര്‍ത്തിയ വിഷയം. സ്‌പെയിനില്‍ താമസിച്ചുവരുന്ന വിശ്വനാഥന്‍ ആനന്ദിന് ഇന്ത്യന്‍ പാസ്‌പോര്‍ന്നാണ് കൈവശമുളളത്. മാഡ്രിഡിലെ ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്ത ഈ പാസ്‌പോര്‍ട്ട് തന്നെ അയച്ചുകൊടുത്തിട്ടും മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വൃന്ദത്തിനു തൃപ്തിവന്നില്ല. അങ്ങിനെയെങ്കില്‍ തല്‍ക്കാലം ഡോക്ടറേറ്റ് സ്വീകരിക്കേണ്ടതില്ലെന്ന് വിശ്വനാഥന്‍ ആനന്ദ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ തെറ്റ് മനസിലാക്കിയ മാനവവിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ ആനന്ദിനെ വിളിച്ച് ക്ഷമാപണം നടത്തുകയും ബിരുദം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കയും ചെയ്യുകയുണ്ടായി. ആനന്ദാവട്ടെ ഈ വിഷയത്തില്‍ വിവാദം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും ക്ഷമാപണം സ്വീകരിക്കുകയുമാണ് ഉണ്ടായത്. അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനത്തില്‍വച്ച് ഈ ബിരുദം നല്‍കാനായിരുന്നു ഹൈദരാബാദ് സര്‍വകലാശാല തീരുമാനിച്ചിരുന്നതെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അത് സാധിച്ചില്ല. ഇന്ത്യയുടെ ചെസ്സ് ഭൂപടത്തിലെ അനിഷേധ്യനായ രാജാവാണ് ആനന്ദ്. അല്ല ചക്രവര്‍ത്തിതന്നെയാണയാള്‍. എങ്കില്‍ രാജ്യം ആദരിക്കേണ്ട ആ വ്യക്തിയെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നതിന് എന്ത് വിശദീകരണമാണ് അധികാരികള്‍ക്ക് നല്‍കാനുണ്ടാകുകയെന്നത് കാത്തിരുന്ന് തന്നെ കാണണം.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.com



Recent Editorial :