Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    എഡിറ്റോറിയല്‍    

മദ്യദുരന്തവും തീരാത്ത വേവലാതികളും


കേരളത്തിലെ ജനങ്ങളെ മദ്യദുരന്തങ്ങളില്‍ നിന്നും മോചിപ്പിക്കാനാവില്ലേയെന്നാണ്  രാജ്യത്തെ പരമോന്നത കോടതി സംസ്ഥാനസര്‍ക്കാരിനോട് ചോദിക്കുന്നത്. വിഷമദ്യം കുടിച്ച് മനുഷ്യര്‍ വഴിയോരങ്ങളില്‍ മരിച്ചുവീഴുന്നത് ഏത് വ്യവസായത്തിന്റെ പേരിലാണ് ന്യായീകരിക്കാന്‍ സാധിക്കുക. പ്രതിവര്‍ഷം അയ്യായിരം കോടിയോളമാണ് സംസ്ഥാനസര്‍ക്കാര്‍ ഖജനാവിലേക്ക് മദ്യവ്യസായത്തിന്റെ ചാനല്‍ വഴി വന്നുചേരുന്നത്. 1981ല്‍ പുനലൂരില്‍ 24 പേരുടെയും 1982-ല്‍ വൈപ്പിനില്‍ 77 പേരുടെയും 2000-ല്‍ കല്ലുവാതുക്കലില്‍ 33 പേരുടെയും ജീവനെടുത്ത വിഷവില്‍പനയെ നീതീകരിക്കാന്‍ ഈ അയ്യായിരം കോടി രൂപയുടെ കണക്ക് മതിയാകില്ല. അന്വേഷണം നടത്തുമെന്നും കൊലക്കുറ്റത്തിനു കേസെടുക്കുമെന്നുമൊക്കെ പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്തവനയിലെ സത്യസന്ധത വിശ്വസിക്കാന്‍ തരമില്ല. സംസ്ഥാനത്ത് സ്പിരിറ്റ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രിയായ പി കെ ഗുരുദാസന്‍ തന്നെ സമ്മതിച്ച കാര്യമാണ്. സംസ്ഥാനത്ത് ദിവസവും വില്‍പന നടത്തുന്നതിന്റെ പകുതിപോലും കള്ള് പ്രതിദിനം ഉത്പാദിപ്പിക്കുന്നില്ലെന്നതും ഒരു വലിയ രഹസ്യമല്ല.


മലപ്പുറം ജില്ലയില്‍ 23 പേരുടെ ജീവനാണ് ഇത്തവണത്തെ മദ്യദുരന്തത്തിന്റെ ബാക്കിപത്രം. നഷ്ടപ്പെട്ടവരുടെയും
ഗുതുതരാവസ്ഥയില്‍ തുടരുന്നവരുടെയും എണ്ണം ചെറുതല്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ഒരു പരിഹാരമല്ല. കാശുവാങ്ങിയിട്ട് മദ്യമെന്നെ പേരില്‍ വിഷം നല്‍കുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാരിനുകഴിയുമോ എന്നതുമാത്രമാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ബോധവല്‍ക്കരണത്തിലൂടെയും പ്രചാരണങ്ങളിലൂടെയും ജനങ്ങളില്‍ സന്ദേശമെത്തിക്കുക എന്നതൊക്കെ ഒരു സങ്കല്‍പ്പം മാത്രമാണ്. അത് എത്രമാത്രം പ്രാവര്‍ത്തികമാകും എന്ന് മുന്നനുഭവങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. ചെക്ക്‌പോസ്റ്റുകളിലൂടെ വ്യാജസ്പിരിറ്റ് യഥേഷ്ടം കടന്നുവരുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കാതെ തന്നെ നമുക്കറിവുള്ള കാര്യമാണ്. ഉപഭോഗത്തിനുള്ള കള്ള് ലഭിക്കാതിരിക്കെ മായം ചേര്‍ത്താണ് ഇത് വില്‍പന നടത്തുന്നതെന്നതും എറെ തര്‍ക്കമില്ലാത്ത കാര്യം തന്നെ. എങ്കില്‍ ഈ വ്യാജനെ നാട്ടില്‍ അനുവദിക്കുന്നതില്‍ ചെക്‌പോസ്റ്റ് ജീവനക്കാര്‍ക്കും എക്‌സൈസ് വകുപ്പിനും പോലീസിനും സര്‍ക്കാരിനുതന്നെയും അറിവില്ലെന്ന് വാദിക്കുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിനു സമമാകും.

വ്യാജക്കള്ള് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായത് ആറുപേരാണ്. ഷാപ്പ് നടത്തിപ്പുകാര്‍ക്ക് പിന്നില്‍ ഒരുപാട് നീളത്തിലുള്ള കൈകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട് എന്നതില്‍ സംശയമില്ല. വിപുലമായ ഉന്നതതല ബന്ധങ്ങളും ഇവര്‍ക്കുണ്ടാകും. ബിനാമികളായ നടത്തിപ്പുകാര്‍ പിടിയിലാവുമ്പോഴും സുഖമായി കഴിയുന്ന ഇവരില്‍ പലരും കാലം കഴിയുന്നതോടെ വിസ്മൃതരും സുരക്ഷിതരുമാകുമെന്നതാണ് ഇത്തരം കേസുകളുടെ ചരിത്രം. ഓണക്കാലത്ത് വ്യാജമദ്യം കേരളത്തിലേക്കൊഴുകുമെന്നും അപകടസാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതുമാണ്. ഓണക്കാലത്ത് കഴിഞ്ഞ തവണത്തേക്കാള്‍ മദ്യ ഉപഭോഗം കൂടിയിട്ടും സംഭവിക്കാതിരുന്ന ദുരന്തം രണ്ടാഴ്ചയ്ക്കു ശേഷം കേരളത്തെ പിടികൂടിയിരിക്കുകയാണ്. വിലകൂടിയ വിദേശമദ്യം വാങ്ങിക്കഴിക്കാന്‍ കഴിയാതിരിക്കുകയും താരതമ്യേന വിലകുറഞ്ഞ കള്ളിനെ ആശ്രയിക്കുകയും ചെയ്ത പാവങ്ങളാണ് ഇത്തവണ അപകടത്തില്‍പ്പെട്ടത്. വിഷവും രാസവസ്തുക്കളും വീര്യം കൂടിയ മറ്റുവസ്തുക്കളും കലര്‍ത്തി വ്യാജമദ്യം ഉണ്ടാക്കി വില്ക്കുന്ന ലോബിയെ നിയന്ത്രിക്കുന്നതിനുള്ള ചങ്കൂറ്റം സര്‍ക്കാര്‍ കാണിക്കേണ്ട സമയമാണിത്.

മദ്യവിരുദ്ധപ്രചാരണരംഗത്ത് സജീവമായി നില്‍ക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുക എന്നൊരു സാധ്യതയും ഇക്കാര്യത്തില്‍ തള്ളിക്കളയാനാവില്ല. എന്നാല്‍ ഇത്തരം സാമൂഹ്യപ്രവര്‍ത്തകരോട് പുച്ഛത്തോടെ പെരുമാറുകയും സത്യഗ്രഹസമരം നടത്തിയ മദ്യനിരോധനസമിതി പ്രവര്‍ത്തകരെ നടുറോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന പോലീസ് തെറ്റായ സന്ദേശമാണ് പകരുന്നതെന്ന് പറയാതെ വയ്യ. മദ്യനിരോധനസന്ദേശങ്ങളുമായി പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ സഹായം ചെയ്യാനുമാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. സര്‍ക്കാര്‍ ലൈസന്‍സുള്ള മദ്യശാലയില്‍നിന്നും വിഷവും വ്യാജനും കുടിപ്പിച്ച് കൊയ്തുകൂട്ടുന്ന കോടികള്‍ പാവങ്ങളുടെ ജീവന് വിലപറയുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും വിശ്വസിച്ചേല്‍പ്പിക്കുന്ന അധികാരിവര്‍ഗത്തിന്റെ പ്രതിച്ഛായയാണ്. അപകടശേഷമുള്ള അനുശോചനപ്രസ്താവനകളിലോ യോഗങ്ങളിലോ നഷ്ടപരിഹാരപ്രഖ്യാപനത്തിലോ ഒതുക്കാവതല്ല സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം. പണം ആളെക്കൊല്ലിയെന്ന് പാക്കനാര്‍ പാടിയത് അത് മരണത്തിനു കാരണമാകുമെന്ന അര്‍ത്ഥത്തിലാകണം. അല്ലാതെ ആളെക്കൊന്നും പണമുണ്ടാക്കാം എന്നാകാന്‍ തരമില്ല.
 
എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.comRecent Editorial :