Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ടത്

സരിത

News added on : Friday, April 21, 2017 4:00 PM hrs IST

Gulfmalayaly.com

വേനല്‍ ചൂട് കൂടി വരികയാണ്. വീടിനകത്തും പുറത്തും ശ്രദ്ധയോടെ ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. ഭക്ഷണം, വസ്ത്രം, ജീവിത രീതി എന്നിവ ഈ ചൂടുകാലത്ത് ചിട്ടപ്പെടുത്തിവെയ്‌ക്കേണ്ടത് അനിവാര്യമാണ്. കാരണം സൂര്യനില്‍ നിന്നേല്‍ക്കുന്ന താപം പലരിലും പൊള്ളലുള്‍പ്പടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ശ്രദ്ധയോടെ നീങ്ങുകയാണ് ഇതിനാവശ്യം. 

എന്ത് ധരിക്കണം എന്ന് തീരുമാനിക്കുക

വേനല്‍ക്കാലമായാല്‍ പതിവ് വസ്ത്രരീതികളില്‍ നിന്ന് ഒന്ന് മാറ്റിപ്പിടിക്കാം. എന്ത് ധരിക്കണമെന്ന് വേനല്‍ക്കാലം തുടങ്ങും മുമ്പ് തന്നെ തെരഞ്ഞെടുത്ത് വെയ്ക്കുന്നത് നല്ലതാണ്. ഇളം കളറുള്ള വസ്ത്രങ്ങള്‍, അയഞ്ഞ കോട്ടണ്‍ തുണികള്‍ എന്നിവ വേണം തെരഞ്ഞെടുക്കാന്‍. കാരണം കടുംനിറങ്ങള്‍ ചൂടിനെ വലിച്ചെടുക്കും. ഇത് ശരീരത്തില്‍ കൂടുതല്‍ ചൂടനുഭവപ്പെടാന്‍ ഇടയാക്കും. 

ഇതേ പോലെയാണ് സണ്‍ ഗ്ലാസുകള്‍ ധരിക്കേണ്ടതും. കാരണം സണ്‍ ഗ്ലാസുകള്‍ ധരിക്കുന്നത് മൂലം കണ്ണുകളിലേക്ക് അപകടകരങ്ങളായ അള്‍ട്രാവയലറ്റ് രശ്മികള്‍ കടക്കാതിരിക്കുന്നു. 90 മുതല്‍ 100 ശതമാനം വരെ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയുന്ന സണ്‍ഗ്ലാസുകള്‍ വേണം തെരഞ്ഞെടുക്കാന്‍. 

തൊപ്പികളും ഈ കാലത്ത് ആവശ്യമാണ്. മുഖത്തേക്ക് വെളിച്ചം തട്ടാതെ സഹായിക്കുന്ന തൊപ്പികള്‍ തെരഞ്ഞെടുക്കാം. സണ്‍സ്‌ക്രീന്‍ ലോഷന്‍ തെരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. എസ്പിഎഫ് 15 അടങ്ങിയ സണ്‍സ്‌ക്രീനാണ് ഉചിതം. മൂക്ക്, കണ്‍ഭാഗങ്ങള്‍, ചുമല്‍, കഴുത്തിന്റെ പിന്‍ഭാഗങ്ങളും മുന്‍വശങ്ങളുമെല്ലാം ലോഷന്‍ പുരട്ടി പുറത്തിറങ്ങുന്നതാണ് ഗുണകരം. ശരീരത്തെ സൂര്യരശ്മികളില്‍ നിന്ന് സണ്‍സ്‌ക്രീന്‍ സംരക്ഷിക്കുന്നത് പോലെ ചുണ്ടുകളെ സംരക്ഷിക്കുന്നതാണ് ലിപ് ബാം. 

ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് എങ്ങനെ

വിയര്‍പ്പിന്റെ രൂപത്തില്‍ നമ്മുടെ ശരീരത്തില്‍ നിന്നും ധാരാളം ജലാംശങ്ങള്‍ ഈ കാലയളവില്‍ നഷ്ടമാകുന്നുണ്ട്. അതിനാല്‍ തന്നെ നിര്‍ജ്ജലീകരണത്തിന് ഇടയാക്കാത്ത വിധം ശരീരത്തില്‍ കൂടുതല്‍ ജലം എത്തിക്കേണ്ടത് അനിവാര്യമാണ്. 

വേനല്‍ക്കാലത്ത് ദാഹം തോന്നും വരെ വെള്ളം കുടിക്കാതിരിക്കരുത്. ദാഹം തോന്നുകയോ തോന്നാതിരിക്കുകയോ ആവട്ടെ പക്ഷെ ദിവസം മുഴുവന്‍ ഇടവിട്ട് വെള്ളം കുടിക്കുന്നത് ഗുണമേ ചെയ്യൂ. ഓടിക്കളിക്കുന്ന കുട്ടികളെ ഇടക്കിടെ വെള്ളം കുട്ടിക്കാന്‍ ഓര്‍മ്മിപ്പിക്കുക. വെറും ജലം കുടിക്കുന്നതിന് ഒരു ഇടവേള ആവശ്യമാണെങ്കില്‍ ക്ഷീണമകറ്റാന്‍ ഒരു ജ്യൂസാകാം. എല്ലാ പ്രകൃതിദത്ത ജ്യൂസുകളും കുടിക്കാം. ഇത് ജലാംശം എത്തിക്കുന്നത് കൂടാതെ ശരീരത്തിന് സജീവമാകാന്‍ ആവശ്യമായ പ്രോട്ടീനുകളും ലഭ്യമാക്കുന്നു എന്ന് മറക്കേണ്ട. പഞ്ചസാര ചേര്‍ക്കാത്ത ജ്യൂസ് കുടിക്കാന്‍ പരമാവധി ശ്രമിക്കുക.

മദ്യവും കഫീനും ഒഴിവാക്കുകയും ആവാം. ശരീരത്തില്‍ ലഹരിപാനീയങ്ങള്‍ എത്തുന്നത് കുടിക്കുന്ന സമയത്ത് കുളിര്‍മ്മയും ആശ്വാസവും നല്‍കുമെങ്കിലും അത് ശരീരത്തെ കൂടുതല്‍ നിര്‍ജ്ജലീകരണത്തിലേക്ക് തള്ളുകയാണ് എന്ന് മനസ്സിലാക്കുക. ഒഴിവാക്കാത്ത സാഹചര്യങ്ങളില്‍ ലഹരി, കോളപോലുള്ള പാനീയങ്ങള്‍ കുടിച്ചാലും ഒരു ബോട്ടില്‍ സാധാരണ വെള്ളം കുടിക്കാന്‍ മറക്കരുത്. 

ഭക്ഷണം എന്താവണം

പഴത്തിനും പച്ചക്കറികള്‍ക്കും ഏറ്റവും പ്രാധാന്യം നല്‍കേണ്ട കാലമാണ് വേനല്‍ക്കാലം. ഇവ അതിവേഗം ദഹിക്കുന്നത് കൊണ്ടും ജലാംശം ഏറെയുള്ളതുകൊണ്ടുമാണ് വേനലിലെ അനുയോജ്യ ഭക്ഷണമായി ഇത് മാറുന്നത്. ഇവ ചേര്‍ത്ത സാലഡുകള്‍ ഇടവേളകളില്‍ കഴിക്കാം. എരിവിനെ കുറക്കാം. 

ചിട്ടയോടെയുള്ള ജീവിതം വേനലിനെ അതിജീവിക്കാനുള്ള പ്രാപ്തി നമ്മുടെ ശരീരത്തിന് നല്‍കും. ഒപ്പം സൂര്യപ്രകാശമേല്‍ക്കാതിരിക്കലും ആവശ്യമാണ്. ചൂട് കനക്കുന്ന സമയത്തിന് മുന്‍പായോ ശേഷമോ വേണം പുറത്തേക്കിറങ്ങേണ്ടത്. അതായത് രാവിലെ 10 മുതല്‍ ഉച്ച 2 മണി വരെ തണലുള്ള പ്രദേശങ്ങളില്‍ സമയം ചെലവഴിക്കുക. അവധി ആഘോഷിക്കാനായി യാത്ര പദ്ധതിയിടുന്നവരും വേണം ഇക്കാര്യം ശ്രദ്ധിക്കാന്‍.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button