Volume : 3 | Issue: 10

ആരാധനാലയങ്ങളില്‍ നിന്ന് ശ്മശാനത്തിലേക്കുള്ള ദൂരം


ഏ.കെ. മുരളീധരന്‍

ഒരു മാസത്തിനിടെ ഇടുക്കി ജില്ലയില്‍ പത്തിലധികം ഭൂചലനങ്ങളുണ്ടായെന്ന വാര്‍ത്തയും തുടര്‍ ചലനങ്ങളുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമിലെ വിള്ളലുകള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടും ജനങ്ങളില്‍ ഭീതിയേറ്റുകയാണ്. മദ്രാസ് ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരുമായി 1879ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ ഒപ്പുവച്ച മുല്ലപ്പെരിയാര്‍ കരാറാണ് ഈ ഭീതിയുടെ ചോദ്യങ്ങളുയര്‍ത്തുന്നത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ രാമസ്വാമി അയ്യരും ബ്രിട്ടീഷ് ഗവണ്‍മെന്റിനുവേണ്ടി ലോര്‍ഡ് വെന്‍ലോക്കും തിരുവിതാംകൂര്‍ രാജാവിന്റെ സെക്രട്ടറിയായിരുന്ന കെ. കെ. കുരുവിളയും ചേര്‍ന്നു തയ്യാറാക്കിയ കരാര്‍ അനുസരിച്ച് 999 വര്‍ഷത്തേത്താക്കാണ് മദ്രാസ് സര്‍ക്കാരിന് മുല്ലപ്പെരിയാറില്‍നിന്നും ജലമെടുക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത്. രാജഭരണത്തിനുകീഴില്‍ രൂപംകൊണ്ട എല്ലാ കരാറുകളുടെയും കാലാവധി 99 വര്‍ഷമായി നിജപ്പെടുത്തിയപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍മാത്രം കരാര്‍ ഇങ്ങനെ തുടരുന്നതെന്ന ചോദ്യമാണ് ഇവയില്‍ ആദ്യമുയരുന്നത്.

യാഥാര്‍ത്ഥ്യം ഇതാണ്. നിലവിലുള്ള കരാര്‍ പ്രകാരം 2878 വരെയാണ് മുല്ലപ്പെരിയാറിലെ ജലത്തിന് തമിഴ്‌നാടിന് അവകാശമുണ്ടാവുക. വന്‍ തുരങ്കങ്ങളിലൂടെ യഥേഷ്ടം വെള്ളം കൊണ്ടുപോകുന്നതിനൊപ്പം പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 8100 ഏക്കര്‍സ്ഥലം തമിഴ്‌നാട് പാട്ടത്തിനുപയോഗിക്കുന്നുണ്ട്. വെള്ളത്തിനെക്കുറിച്ചോ മേഖലയിലെ മഴലഭ്യത, ഡാമിന്റെ ജലവിതാനം തുടങ്ങിയവയെക്കുറിച്ചോ കൃത്യമായി കണക്കുകളോ രേഖകളോ കേരളത്തിന് ലഭിക്കുന്നില്ല. അടിസ്ഥാന സാങ്കേതിക വിവരങ്ങള്‍ അറിയിക്കണമെന്നത് പാലിക്കുന്നില്ലെന്നതോ പോട്ടെ, സുരക്ഷാ പരിശോധനയ്ക്ക് പോലും കേരളത്തെ അനുവദിക്കുന്നില്ല പലപ്പോഴുമെന്നതാണ് ഇവിടെ നടക്കുന്നത്. കരാറിന്റെ പേരില്‍ തമിഴ്‌നാട് ഇവിടെ സ്വതന്ത്ര ഭരണം നടത്തുമ്പോള്‍ കരാര്‍ റദ്ദ് ചെയ്ത് മുല്ലപ്പെരിയാറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേരളത്തിന്റെ ശ്രമം.

വാദങ്ങള്‍ ലളിതമാണ്. മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലമാണെന്നും 136 അടിയിലധികം ജലനിരപ്പ് ഉയര്‍ത്താനാവില്ലെന്നും കാട്ടിയാണ് കേരളം തമിഴ്‌നാടിനെതിരെ നിയമവഴി സ്വീകരിക്കുന്നത്. എന്നാല്‍ ഡാം പൊട്ടിയാല്‍ ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങുമെന്നതാണ് തമിഴ്‌നാടിന്റെ വാദം. ഈ വാദം തന്നെ തെറ്റാണ്. ഇരുഡാമുകള്‍ക്കുമിടയിലെ ജീവനുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ വാദം തീര്‍ത്തും അസംബന്ധമാകുന്നു. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനം തിട്ട ജില്ലകളിലായി നാല്‍പത് ലക്ഷത്തോളം ജനങ്ങളും മറ്റ് ജീവജാലങ്ങളും സ്വത്തുവകകളുമാണ് ഭയന്ന് കഴിയുന്നത്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യങ്ങളുടെ കാതല്‍ ഇതൊക്കെയാണെങ്കില്‍ പുതിയ അണക്കെട്ടിന് അനുമതി ലഭിക്കുന്നതോടെ നിലവിലുള്ള കരാര്‍ റദ്ദു ചെയ്യപ്പെടുമെന്നതാണ് തമിഴ്‌നാടിന്റെ എതിര്‍പ്പിന് കാരണം. തങ്ങള്‍ ഡാം നിര്‍മിച്ച് നിങ്ങള്‍ക്ക് വെള്ളം തരാമെന്ന് കേരളം മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനത്തെ തമിഴ്‌നാട് ചെറുക്കുന്നതും ഇക്കാരണം കണ്ട് തന്നെ.

അണക്കെട്ടിന് ബലക്കുറവില്ലെന്നും അറ്റക്കുറ്റപ്പണികള്‍ ഭദ്രമാണെന്നുമാണ് തമിഴ്‌നാടിന്റെ മറ്റൊരു വാദം. കരാറിന്‍മേലുള്ള പിടിവള്ളി വിട്ടുപോകാതിരിക്കാനുള്ള ശ്രമത്തിനിടെ ഡാം തകരുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്ത് പക്ഷേ കേരളത്തെയെന്നപോലെ തന്നെ തമിഴ്‌നാടിനേയും ബാധിക്കുമെന്നതാണ് വാസ്തവം. രാമനാഥപുരവും ശിവഗംഗയും തേനിയും ഡിണ്ടിഗലും മധുരയും വെള്ളം കിട്ടാതെ വരളും. കേരളത്തിന് മുല്ലപ്പെരിയാര്‍ സുരക്ഷയുടെ വിഷയമാണെങ്കില്‍ തമിഴ്‌നാടിന് ഇത് കുടിനീരിന്റെ പ്രശ്‌നമാകുന്നതിവിടെയാണ്. ഇക്കാര്യത്തില്‍ ബ്രിട്ടീഷുകാരന്‍ ഒപ്പിട്ട് പോയ കാലംചെന്ന കരാറിനെയല്ല പരമോന്നത കോടതിയെയും കാര്യങ്ങള്‍ തീരുമാനമാക്കാന്‍ കഴിവുണ്ടെന്നു കരുതപ്പെടുന്ന കേന്ദ്രസര്‍ക്കാരിനെയുമാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. രണ്ട് സംസ്ഥാനങ്ങളുടെ ആഭ്യന്തരകാര്യമെന്നുകരുതി രാഷ്ട്രീയലാഭങ്ങളും കണക്കുകളും കൂട്ടിക്കിഴിച്ച് കാത്തിരുന്നാല്‍ സ്വരുക്കൂട്ടിയോരുക്കി വെച്ചിരിക്കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൗകര്യങ്ങള്‍ നിഷ്ഫലമാകുന്നതും നോക്കി ഇരിക്ക മാത്രമാകും ചെയ്യാന്‍ ബാക്കിയുണ്ടാവുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നോക്കി ക്ഷേത്രങ്ങളെന്ന് പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ വിശേഷിപ്പിച്ച ഡാമുകള്‍ എങ്ങനെയാണ് ശ്മശാനങ്ങളാകുന്നതെന്നതിന് ഒരു കേസ് സ്റ്റഡിയും തലമുറകള്‍ക്കായി ബാക്കിയാക്കാം.


is loading comments...