Volume : 3 | Issue: 10

വര്‍ത്തമാനം

സദാചാരപോലീസ് ചമഞ്ഞ് കേരളജനത പോകുന്നതെങ്ങോട്ട്?

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

sadhachara policeഈയിടയായി കേരളത്തിലെ ജനങ്ങള്‍ക്ക് സദാചാരപോലീസ് ചമയാന്‍ വളരെ ഇഷ്ടമാണ്. ഇത് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഏറെയുമാണ്! അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതാം തിയതി ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു. കൊടിയത്തൂര്‍ വില്ലേജ് ഓഫീസിന് സമീപം വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് ചെറുവാടി ചുള്ളിക്കാപറമ്പ് സ്വദേശി തേലീരി ഷഹീദ് ബാവ എന്ന ഇരുപത്തിയാറുക്കാരനെ ഒരുസംഘം മൃഗീയമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബന്ധുക്കള്‍ എത്തിയിട്ടുപോലും വിട്ടുകൊടുക്കാതെ രണ്ടു മണിക്കൂറോളം റോഡില്‍ കിടത്തിയത് അക്രമികളുടെ ക്രൂരത വ്യക്തമാക്കുന്നതായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്! തലയേ്ക്കറ്റ മര്‍ദനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരുമാസം മുമ്പ് ബസ് യാത്രയ്ക്കിടെ സഹയാത്രികന്റെ പോക്കറ്റടിച്ചുവെന്ന കുറ്റത്തിന് പാലക്കാട് പെരുവമ്പ് സ്വദേശി രഘുവിനെ ജനക്കൂട്ടം പെരുമ്പാവൂരിലെ കെ.എസ്.ആര്‍ .ടി.സി ബസ്സില്‍ വെച്ച് ചിലര്‍ മൃഗീയമായി അടിച്ചുകൊല്ലുകയുണ്ടായി. സാധാരണ ബസ്സില്‍ പോക്കറ്റടിപോലുള്ള സംഭവങ്ങളുണ്ടായാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ആവശ്യമായ പരിശോധനയും മറ്റ് നിയമ നടപടികളുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. ഇവിടെ അതൊന്നും ഉണ്ടായില്ല. അതിന്റെ ആഘാതത്തില്‍ നിന്നും മുക്തനാകും മുമ്പാണ് കോഴിക്കോടുണ്ടായ ഈ സംഭവം.

കോട്ടപ്പുറത്ത് തേലിരി കത്താലിയുടെ മകനായ ഷഹീദ് ബാവ എന്ന ഈ യുവാവ് ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയതായിരുന്നു. ഇയാളെ മറ്റൊരു വീട്ടില്‍ അര്‍ധരാത്രി കണ്ടെത്തിയെന്നാരോപിച്ചാണ് കൊടുംക്രൂരമായ ഈ ക്രൂരമര്‍ദ്ദനം നടത്തിയത്‌ന. പ്രദേശത്തെ ഒരു വീട്ടില്‍ യുവാവിനെ ഇതിനുമുമ്പ് അസമയത്ത് കണ്ടതായി ആരോപിച്ച് ഒരു സംഘമാളുകള്‍ ഷഹീദിന്റെ വീട്ടില്‍ച്ചെന്ന് ബഹളമുണ്ടാക്കിയതില്‍നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മൂന്നാഴ്ചമുമ്പ് ഷഹീദിന്റെ ബന്ധുക്കളും കൊടിയത്തൂരിലെ നാട്ടുകാരില്‍ ചിലരുമായി വാക്കേറ്റവും അടിപിടിയും നടന്നു. ഇരുപക്ഷവും പരസ്പരം വെല്ലുവിളിയും നടത്തി. ഈ വൈരാഗ്യമാണ് പിന്നീട് ഷഹീദിനെ മര്‍ദിക്കുന്നതില്‍ എത്തിയതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. എന്നാല്‍ യുവാവിനെ വീണ്ടും സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ബാവയ്ക്ക് അവിഹിതബന്ധമുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ ചര്‍ച്ചാവിഷയമാകേണ്ടത്. അവിഹിതബന്ധമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട്ടില്‍ രാത്രി വരികയോ പോകുകയോ ചെയ്യുന്നത് ആ വീട്ടിലുള്ളവരുടെ അറിവോടെയും സമ്മതത്തോടെയുമാണെങ്കില്‍ നാട്ടുകാര്‍ക്ക് എന്തു കേടാണ് എന്ന ചോദ്യമാണ്! സംഭവവുമായി ബന്ധപ്പെട്ട് ഷഹീദിന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ കൊല്ലാളത്തില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പുവിനെ മുക്കം പോലീസ് നേരത്തേ അറസ്റ്റു ചെയ്യിരുന്നു. മറ്റു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയിക്കപ്പെടുന്ന കൂടുതല്‍ പേര്‍ ഒളിവില്‍ പോയതായാണ് പോലീസ് പറയുന്നത്. ഈ അക്രമസംഭവങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മാതൃകയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയുകയും ഇത്തരക്കാരെ സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ തുറന്നുകാട്ടുകയും ചെയ്യേണ്ടതുണ്ട്. അല്ലാതെ നൂറു ശതമാനം സാക്ഷരരാണെന്നു പറഞ്ഞ് അഹങ്കരിക്കുന്നതില്‍ മാത്രം കാര്യമില്ല. ഇത്തരം ക്രൂരസംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുവാന്‍ അനുവദിച്ചുകൂടാ. ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.is loading comments...