Volume : 3 | Issue: 10

ലേഖനം

മലയാളത്തിന്റെ അക്ഷര സുകൃതം

ടി ഷൈബിന്‍

MT Vasudevan nairമലയാളിയുടെ ചിന്താ മണ്ഡലത്തില്‍ ശില്പഭദ്രമായ കലാരൂപങ്ങള്‍ കൊത്തിവെച്ച പെരുന്തച്ചനാണ് എം ടി. കഥയുടെ പെരുന്തച്ചന്‍. ആധുനിക കഥയുടെ യൗവനകാലത്ത് മലയാളിയെ ഇത്രമേല്‍ സ്വാധീനിച്ച കഥാകാരന്‍ വേറെ കാണില്ല. നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായി മാറിയ നാമം; കാലനിര്‍മുക്തമായ കലോപാസനയുടെ രമണീയ രൂപം; നിളയുടെ വിശുദ്ധി പോലെ കൈരളിയുടെ അന്തരാളങ്ങളില്‍ ഭാവനയുടെ തെളിനീരരുവിയായ് ഒഴുകിയ സുകൃതം. വള്ളുവനാടന്‍ ഭാഷയുടെ ശില്പചാരുതയില്‍ നാലുകെട്ടുകള്‍ പണിതിട്ട്, ജ്ഞാനപീഠമേറി, ദേശീയസ്വത്തായ പ്രിയ കഥാകാരന്‍. എം ടി ഇപ്പോള്‍ ഒരു ദേശത്തിന്റെയും സ്വന്തമല്ല; പുരസ്‌കാരത്തിളക്കങ്ങള്‍ക്ക് ആവേശിക്കാന്‍ കഴിയുന്ന ആള്‍രൂപവുമല്ല. എങ്കിലും എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് മുമ്പില്‍ അദ്ദേഹം നമ്രശിരസ്‌കനാകുന്നു; കൈവണങ്ങുന്നു. എം ടിക്ക് സമ്മാനിച്ചതിലൂടെ എഴുത്തച്ഛന്‍ പുരസ്‌കാരം കൂടുതല്‍ മികവുറ്റതാകുന്നു. വൈകിയെത്തിയ വസന്തം പോലെ വൈകി ലഭിച്ച എഴുത്തച്ഛന്‍ പുരസ്‌കാരം, സ്വര്‍ണത്തിന് സുഗന്ധമായ് എം ടി നെഞ്ചോടണയ്ക്കുന്നു.

മഞ്ഞും കാലവും നാലുകെട്ടും അസുരവിത്തും രണ്ടാമൂഴവും വാരാണസിയും ഇരുട്ടിന്റെ ആത്മാവും കളിവീടും ഷെര്‍ലോക്കും നീലത്താമരയും കണ്ണാന്തളികളുടെ കാലവും പരിണയവും നിര്‍മ്മാല്യവും സുകൃതവുമുള്‍പ്പെടെയുള്ള സമഗ്ര സംഭാവനകളെയാണ് സാംസ്‌കാരിക കേരളം പുരസ്‌കരിച്ചത്. അശാന്ത പ്രകൃതിയുള്ള കഥാപാത്രങ്ങളെ പടച്ച, ഗൗരവ പ്രകൃതക്കാരനായ എം ടി അഭിനന്ദന വര്‍ഷങ്ങളെ ഒരു ചെറുപുഞ്ചിരിയില്‍ സ്വീകരിക്കുന്നു. എം ടിയുടെ ലോകത്ത് കഥാപാത്രങ്ങള്‍ പോലും ഉറക്കെച്ചിരിക്കാന്‍ പിശുക്കുകാട്ടിയവരാണല്ലോ. എം ടി സമ്മാനിച്ച ഭാവുകത്വങ്ങളില്‍ അഭിരമിക്കാന്‍ മലയാളി മനസ്സിന് എന്തെന്നില്ലാത്ത ത്വരയും അനുഭൂതിയുമാണ്. തലമുറകളുടെ എഴുത്തുകാരനായി അദ്ദേഹം മാറുന്നത് അങ്ങനെയാണ്; എം ടി കൃതികള്‍ക്ക് ലഭിക്കുന്ന വിപണിമൂല്യം കാലാന്തരത്തില്‍ വളരുന്നതാണ് ചരിത്രം.

കൂടല്ലൂരെന്ന ചെറുഗ്രാമം, അവിടെ ക്ഷയിച്ചുപോകുന്ന നാലുകെട്ടുകള്‍; കൂട്ടുകുടുംബത്തിലെ അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍, ഒറ്റപ്പെടല്‍. ഇവ എഴുതി തുടങ്ങിയ കാലം മുതല്‍ എം ടിയെ വിടാതെ പിന്തുടരുന്നു. പ്രത്യയശാസ്ത്രങ്ങളുടെ പക്ഷംചേര്‍ന്ന്, വിപ്ലവത്തിന്റെ കെട്ടിപ്പൊക്കിയ കൊത്തളങ്ങളില്‍ ഒതുങ്ങാതെ, തന്റെ ചുറ്റുപാടിലെ വേദനയും ഇലച്ചീന്തിലെ പ്രസാദവും കണ്ണീരും നിര്‍മ്മാല്യവും അദ്ദേഹം കണ്ടെടുത്തു. എം ടി എന്നും ആള്‍ക്കൂട്ടത്തില്‍ തനിയെയാണ്. ഏകാന്തതകളെ വല്ലാതെ ഇഷ്ടപ്പെടുന്ന എം ടിയുടെ കൃതികളില്‍ ഒറ്റപ്പെടലും സ്‌നേഹ നിരാസങ്ങളും വിരഹവും ദാരിദ്ര്യവും സൂക്ഷ്മരൂപങ്ങളായി സമ്മേളിക്കുന്നു; ചിലപ്പോളവ വായനക്കാരന്റെ മനസിനെ അസ്വസ്ഥമാക്കും വിധം ഒഴുകിപ്പടരുന്നു. എം ടി ജീവിച്ച കാലത്തിന്റെ, ദേശത്തിന്റെ, ചുറ്റുപാടിന്റെ പ്രത്യേകതകളാവും അദ്ദേഹത്തിന്റെ സര്‍ഗജീവിതത്തില്‍ ഇവ ഇത്രമേല്‍ സ്വാധീനിക്കാന്‍ ഇടവരുത്തിയത്.

എം ടിയുടെ കൃതികളില്‍ നിന്ന് കണ്ടെടുക്കാവുന്ന ചരിത്ര പാഠങ്ങള്‍ നിരവധിയാണ്. കേരളത്തിന്റെ ഗ്രാമങ്ങളിലെ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് അതിലൊന്ന്, ജാതീയമായ ഭിന്നതയ്ക്കു ശേഷം സവര്‍ണ വിഭാഗക്കാരെന്ന് മുദ്രയടിക്കപ്പെട്ടവര്‍ അനുഭവിച്ച അരാജകത്വം മറ്റൊന്ന്. ഫ്യൂഡലിസത്തിന്റെ തകര്‍ച്ച മരുമക്കത്തായ സമ്പ്രദായത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് നിരവധി കൃതികളിലൂടെ മലയാളിക്ക് ബോധ്യപ്പെടുത്തി തന്നു. എന്നാല്‍ ഒരു 'രാഷ്ട്രീയകാലവും' എം ടി എഴുതിവെച്ചില്ല എന്നതും എടുത്തു പറയണം. റിയലിസവും മോഡേണിസവും പോസ്റ്റ് മോഡേണിസവും കടന്നാണ് എം ടി കാലത്തിന് മുമ്പേ സഞ്ചരിക്കുന്നത്. കാരൂരിന്റെയും തകഴിയുടെയും കേശവദേവിന്റെയും ആഖ്യാന രീതികളില്‍ നിന്ന് ഭിന്നമായി എം ടി സൃഷ്ടിച്ചെടുത്ത ശൈലിയും ഭാവുകത്വവും ഒരു കാലത്തിന്റെ ആസ്വാദകഗതിയെ തന്നെ തിരുത്തിയെഴുതി. വാനപ്രസ്ഥത്തില്‍ 'പഴയകാലത്തെപ്പറ്റി നല്ലതെന്തെങ്കിലും പറയൂ' എന്ന് വിനോദിനിയോട് കരുണാകരന്‍ മാഷ് പറയുന്നുണ്ട്. ഇത്തരത്തില്‍ ഭൂതവും വര്‍ത്തമാനവും എം ടിയുടെ കൃതികളില്‍ ഇഴചേരുന്നു. കാലത്തിന്റെ അകലത്തെപ്പറ്റി എം ടിക്ക് വിശദീകരണവും ന്യായങ്ങളുമുണ്ട്. ഗൃഹാതുരമായ സങ്കല്പങ്ങള്‍ പഴമയുടെ മണം പരത്തി എം ടിയുടെ അക്ഷരലോകത്ത് നിറഞ്ഞുനില്‍ക്കുന്നു.

വാക്കുകള്‍ക്കിടയില്‍ വേദനയുടെ കൈതമുള്ള് തറയ്ക്കുന്ന അനുഭവമാണ്, നിന്റെ ഓര്‍മ്മയ്ക്ക് മുതലുള്ള കൃതികളില്‍ പലതിലും. നിന്റെ ഓര്‍മ്മയ്ക്ക് എഴുതി നാല്പതു വര്‍ഷത്തിനു ശേഷം എഴുതിയ 'കഡുഗണ്ണാവ-ഒരു യാത്രക്കുറിപ്പി' ലും അതനുഭവിക്കാം. ''ശ്രീലങ്കയിലുള്ള സമ്പാദ്യമെല്ലാം ശിങ്കളത്തിയുടെ മകള്‍ക്ക് കൊടുത്ത് കല്ല്യാണവും നടത്തിച്ച് അവിടെ നിന്നും മടങ്ങിയ'' അച്ഛനെ വിചാരണ ചെയ്യാന്‍ എം ടിക്ക് മടിയേതുമില്ല. എഴുത്തിലെ ഈ ആര്‍ജ്ജവും ആത്മാര്‍ത്ഥതയുമാണ് എം ടിയെ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം. നാലുകെട്ടിന്റെ കാഥികന്‍ എന്ന വിശേഷണം എം ടിക്ക് എന്നുമുണ്ട്. നാലുകെട്ടിലെ അപ്പുണ്ണി എം ടിയുടെ ആത്മപ്രകാശനമാണെന്ന് വ്യക്തം. പിന്നീടുള്ള അദ്ദേഹത്തിന്റെ നോവലുകളില്‍ അപ്പുണ്ണിയുടെ പകര്‍ന്നാട്ടങ്ങള്‍ കാണാം. തന്റെ കാലത്തെ നിര്‍മലമായി അടയാളപ്പെടുത്തിയ എം ടി അങ്ങനെ സ്വയം ചരിത്രമാകുന്നു. നാടിന്റെ നൈസര്‍ഗിക ലാവണ്യവും സംസ്‌കൃതിയും അക്ഷരങ്ങളായി ഒപ്പിയെടുക്കാന്‍ സാഹിത്യകാരന്മാര്‍ എന്നും താത്പര്യം കാണിച്ചിട്ടുണ്ട്. പഴയ പൊന്നാനി താലൂക്കില്‍പ്പെട്ട എം ടി പൊന്നാനിയുടെ സാംസ്‌കാരിക സമന്വയത്തെ ആവോളം അനുഭവിച്ച എഴുത്തുകാരനാണ്. ഉറൂബും മാധവിക്കുട്ടിയും പ്രയോഗിച്ച വള്ളുവനാടന്‍ ഭാഷ പക്ഷെ എം ടിയുടെ പേരിനോടു ചേര്‍ന്നാണ് സംവദിക്കുന്നതെന്നും കാണാം. ('ബൈബിള്‍ ഭാഷയിലെഴുതിയ അക്കല്‍ദാമയിലെ പൂക്കള്‍' പോലെ ചിലത് മാറ്റിനിര്‍ത്താം).

is loading comments...