Volume : 3 | Issue: 10

സിനിമ

സന്തോഷ് പണ്ഡിറ്റ്: വിഡ്ഢിത്തത്തിന്റെ വിപണി സാധ്യതകള്‍

സുദീപ്

santhosh panditഒരു സ്‌കൂളില്‍ മണ്ടനായ ഒരു കുട്ടിയുണ്ടായിരുന്നു. കൂടെയുള്ള കൂട്ടുകാര്‍ക്ക് ചിരിക്കാനുള്ള ഏറ്റവും വലിയ തമാശ അവന്റെ വിഡ്ഢിത്തങ്ങള്‍ ആയിരുന്നു. അവന്റെ മണ്ടത്തരം കണ്ട് ചിരിക്കാനായി കുട്ടികള്‍ അവനെയും കൂട്ടി എല്ലാ ദിവസവും ഒരു കളികളിക്കും. ആരെങ്കിലും ഒരാള്‍ ഒരു കയ്യില്‍ ഒരുരൂപയും മറ്റെ കയ്യില്‍ രണ്ട് രൂപയും എടുത്ത് അവനു നേരെ നീട്ടിക്കൊണ്ട് ചോദിക്കും.'നിനക്കിതില്‍ ഏതാണ് വേണ്ടത്'. മണ്ടനായ കുട്ടി ഒരു രൂപ എടുക്കും. കുട്ടികള്‍ പൊട്ടിച്ചിരിക്കും. 'മണ്ടന്‍, ഒന്നാണോ വലുത് രണ്ടാണോ എന്നു പോലും അറിയില്ല. പമ്പര വിഡ്ഢി.' ഈ കളി ദിവസവും തുടര്‍ന്നു കൊണ്ടിരുന്നു. ഇതറിഞ്ഞ കണക്ക് ടീച്ചര്‍ ഒരു ദിവസം കുട്ടിയെ വിളിച്ചു ചോദിച്ചു 'നീ എന്തൊരു മണ്ടനാണ്? നീ രണ്ടു രൂപയെല്ലെ എടുക്കേണ്ടത്'. ആ കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. 'ടീച്ചറേ, ഞാന്‍ ഏതെങ്കിലും ദിവസം രണ്ട് രൂപ എടുത്താല്‍ അന്ന് അവര്‍ ഈ കളി നിര്‍ത്തില്ലേ? ഇത് പണ്ടേതൊ ബാലസാഹിത്യ മാസികയില്‍ വായിച്ച കഥ ആണെന്നു തോന്നുന്നു. ഇവിടെ കുട്ടി മണ്ടനാണോ ബുദ്ധിമാനാണോ എന്ന ചോദ്യത്തേക്കാള്‍ വിഡ്ഢിത്തത്തെ എങ്ങനെയാണ് സമര്‍ഥമായി മാര്‍ക്കറ്റ് ചെയ്യുക എന്നതിന്റെ ഒരു ഉദാഹരണം ആണ് ഈ കഥ. അതുകൊണ്ടാണ് ഈ കഥ സന്തോഷ് പണ്ഡിറ്റിനെയും സന്തോഷ് പണ്ഡിറ്റിന്റെ ഈ വാക്കുകളെയും ഓര്‍മ്മിപ്പിക്കുന്നത് 'എന്റെ സിനിമയുടെ ആരാധകരും വിമര്‍ശകരും ചെയ്യുന്നത് ഒരേ കാര്യമാണ്. അവര്‍ എന്റെ സിനിമ തുടര്‍ച്ചയായി കാണുന്നു'.

പണ്ഡിറ്റിന്റെ സിനിമകള്‍ക്ക് കലാമൂല്യം ഇല്ല എന്നത് വ്യക്തമാണെങ്കിലും അതിന്റെ കച്ചവടമൂല്യം നമുക്ക് എളുപ്പം തള്ളിക്കളയാന്‍ ആകില്ല. ജാസി ഗിഫ്റ്റ് മലയാളത്തില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍ മിക്ക ചാനലുകളും ജാസിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു എന്നു തോന്നുന്നു. പക്ഷെ തന്റെ സിനിമയിറങ്ങി വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ, ഒരു പക്ഷെ ജാസി ഗിഫ്റ്റിനെക്കാള്‍ വേഗത്തില്‍, സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളുടെ ഇന്റര്‍വ്യൂകളില്‍ സജീവമായി. ഈ ഇന്റര്‍വ്യൂകള്‍ക്ക് മറ്റൊരു ഇന്റര്‍വ്യൂവിനും കിട്ടാത്ത 'സ്വീകാര്യത' ഇന്റര്‍നെറ്റിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ലഭിക്കുന്നു. ഈ കച്ചവടമൂല്യം മുന്നില്‍കണ്ടുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കാന്‍ വേണ്ടി മാത്രം മാധ്യമ സ്വാതന്ത്രത്തിന്റെ 'നിയന്ത്രണരേഖ' കടന്ന ഷാനിയുടെ മനോരമ ഉള്‍പെടെയുള്ള മാധ്യമങ്ങള്‍ പണ്ഡിറ്റിനെ ഇന്റര്‍വ്യൂ ചെയ്തത്. ഇവിടെയും ആരാധകരും വിമര്‍ശകരും സന്തോഷ് പണ്ഡിറ്റിനെ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ പ്രൊമോട്ട് ചെയ്യുകയാണ് എന്നു കാണാം. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കില്‍ വിഖ്യാതനായ മൂക്കനോട് ലോകകാര്യങ്ങളിലുള്ള അഭിപ്രായം പലരും ചോദിക്കുന്ന ചില കാഴ്ചകള്‍ ഉണ്ടെന്നു തോന്നുന്നു. പണ്ഡിറ്റിന്റെ ചില മാധ്യമ ഇന്റര്‍വ്യൂകളും ചിലപ്പോള്‍ ഇതോര്‍മ്മിപ്പിക്കുന്നുണ്ട്. പണ്ഡിറ്റിന്റെ ഓരോ പുതിയ ഇന്റര്‍വ്യൂക്കും പഴയതിന്റെ അതേ സ്വീകാര്യത ലഭിക്കുമ്പോള്‍ നമുക്ക് 'പണ്ഡിറ്റ് തരംഗം' അവസാനിക്കുന്നില്ലെന്ന് പറയേണ്ടി വരും. ഒരുപക്ഷെ ഇത് ഏറ്റവും നന്നായി മനസ്സിലാക്കുന്നവരും മാധ്യമങ്ങള്‍ തന്നെ ആണ്.കാരണം ഇന്റര്‍വ്യൂ നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പലതിന്റെയും യൂടൂബ് വ്യൂസ് ലക്ഷങ്ങളില്‍ എത്തി നില്‍ക്കുകയാണ്.

മാധ്യമ ഇന്റര്‍വ്യൂകളില്‍ കൈരളി വീ ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ കുറെ ഒക്കെ മാന്യത പുലര്‍ത്തി എന്നു പറയാം. ഇന്ത്യാ വിഷനില്‍ നികേഷ് കുമാറും പെട്ടെന്ന് അവസാനിപ്പിച്ച് അരോചകമാക്കാതെ ചര്‍ച്ച നിര്‍ത്തി. പക്ഷെ മനോരമയിലെ 'നിയന്ത്രണ രേഖ' എല്ലാ അതിവരമ്പുകളും ലംഘിച്ച് സന്തോഷ് പണ്ഡിറ്റിനെതിരെ ആള്‍ക്കാരെ അണിനിരത്തി, മോഡറേറ്ററുടെ നിഷ്പക്ഷത കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ ആക്രമണം ആയിരുന്നു. സദസ്സിലിരിക്കുന്ന ഒരാള്‍ അവിടെ സന്നിഹിതനായ ഡോക്ടറോട് ചര്‍ച്ച നടന്നുകൊണ്ടിരിക്കെ 'ഇങ്ങേര്‍ക്ക് വല്ല മാനസീക രോഗവും ഉണ്ടോ' എന്ന് ചോദിക്കുകയും ഈ ചോദ്യത്തെ എല്ലാവരും കരഘോഷത്തോടെ സ്വീകരിക്കുകയും 'അയാള്‍ക്ക് നാര്‍സിസിസ്റ്റിക് പേര്‍സണാലിറ്റി ഡിസോര്‍ഡര്‍' ആണെന്ന് ഡോക്ടര്‍ മറുപടി പറയുകയും ചെയ്യുമ്പോള്‍ ചാനല്‍ ചര്‍ച്ചകളുടെ ഗതി എത്രത്തോളം ആരോഗ്യകരമാണെന്ന് നമ്മള്‍ പരിശോധിക്കേണ്ടി വരും. സ്വന്തം രൂപത്തില്‍ ആകൃഷ്ടനായ ഗ്രീക്ക് ഐതിഹ്യങ്ങളിലെ യുവ സുന്ദരന്‍ ആണ് നാര്‍സിസസ്. നദിയില്‍ കണ്ട സ്വന്തം പ്രതിബിംബത്തില്‍ ആകൃഷ്ടനായി ഒടുവില്‍ നാര്‍സിസസ് എന്ന പുഷ്പമായി മാറിയ ഒരു കഥാപാത്രം. എല്ലാവരിലും ഒരു നാര്‍സിസസ് ഒളിഞ്ഞിരിപ്പുണ്ട്. ആരോഗ്യകരമായ നാര്‍സിസം ഉണ്ടായാല്‍ നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ അത് അനാരോഗ്യകരമാകുമ്പോള്‍ അയാഥാര്‍ഥ്യമായ ഒരു ഉത്കര്‍ഷതാ ബോധത്തിലേക്ക് നമ്മള്‍ നയിക്കപ്പെടുന്നു എന്നാണ് മനശ്ശാസ്ത്ര ചിന്തകര്‍ പറയുന്നത്.

മനോരമ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ നാര്‍സിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ പണ്ഡിറ്റിനു മാത്രമല്ലെന്നും ഷാനി ഉള്‍പെടെയുള്ള മിക്ക ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത് ബാധിക്കുന്നുണ്ടോ എന്നുമായിരുന്നു സംശയം. നമ്മുടെ നാടിനു കലാമൂല്യമായ സിനിമ സമ്മാനിക്കുകയും നാടു നന്നാക്കുകയുമാണ് തന്റെ ഉദ്ദേശം എന്ന് സന്തോഷ് പണ്ഡിറ്റ് പറയും എന്ന് തോന്നുന്നില്ല. പക്ഷെ മാധ്യമങ്ങള്‍ പാലിക്കേണ്ട ചില സദാചാരങ്ങള്‍ അത് ലംഘിക്കപ്പെടുന്ന കാഴ്ചയാണ് നിയന്ത്രണ രേഖ എന്ന മനോരമയുടെ പരിപാടിയില്‍ ദൃശ്യമായത്. മൈക്കുമായി നടക്കുന്ന ഷാനിയെ കണ്ടപ്പോള്‍ 'പണ്ഡിറ്റിനെ തെറിവിളിക്കാന്‍ ആവശ്യമുള്ളവര്‍ മൈക്കു വാങ്ങൂ, തെറിവിളിക്കൂ' എന്ന ഭാവവുമായി പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്നതായാണ് തോന്നിയത്. രാഷ്ട്രീയപ്രവര്‍ത്തകരെയും വീ ആര്‍ കൃഷ്ണയ്യരെ പോലുള്ള നിയമജ്ഞരെയും വരെ ചര്‍ച്ചക്കിടയില്‍ തിരിച്ചു വരാം എന്നു പറഞ്ഞ് നിയന്ത്രിച്ച് ക്യൂവില്‍ നിര്‍ത്തിച്ച് ശീലിച്ചതുകൊണ്ടാകാം പലര്‍ക്കും വാക്കുകളില്‍ എപ്പൊഴും അഹങ്കാരവും ആക്രമണോത്സുകതയും നിഴലിക്കുന്നത്. എങ്കിലും ആ പ്രോഗ്രാം കഴിഞ്ഞപ്പോള്‍ പണ്ഡിറ്റിന്റെ വാദഗതികളെക്കാള്‍ അരോചകമായി തോന്നിയത് പ്രേക്ഷകരുടെയും അതിഥികളുടെയും മോഡറേറ്ററുടെയും ആക്രമണം ആയിരുന്നു.

സാമൂഹ്യ പ്രതിബദ്ധത എന്നതിനെക്കാള്‍ മാര്‍ക്കറ്റ് സാധ്യതകള്‍ തന്നെയാണ് മാധ്യമ ലോകത്തും നിഴലിക്കുന്നത്. ബ്രിട്ടാസ് ആയാലും ഷാനി ആയാലും മറ്റാരായാലും തങ്ങള്‍ ആദ്യം നിലനിന്നിരുന്ന ചാനലില്‍ നിന്ന് മാറി മറ്റൊരു ചാനലിലേക്ക് പോകുന്നത് സമൂഹ്യ പ്രതിബദ്ധത കാണിക്കാന്‍ കൂടുതല്‍ വിശാലമായ പ്ലാറ്റ് ഫോം ലഭിച്ചത് കൊണ്ടാണെന്ന് തോന്നുന്നില്ല. 'എന്റെ പത്രത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് പരസ്യങ്ങള്‍ വേര്‍തിരിക്കാനാണ്' എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു. ഇതേ മാര്‍ക്കറ്റിങ് തത്വങ്ങള്‍ക്ക് വിധേയമായി തന്നെയാണ് മിക്ക മാധ്യമപ്രവര്‍ത്തകരും ജോലി ചെയ്യുന്നതും.അതുകൊണ്ട് ഒരു സൃഷ്ടിയുടെ വിപണന മൂല്യം ഉണ്ടാകുന്നത് ഏതു തരത്തില്‍ ആണെങ്കിലും സൃഷ്ടി വിലപിടിച്ചതാണെന്നു പറയേണ്ടി വരും. സമകാലിക മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയോട് പണ്ഡിറ്റ് സിനിമകള്‍ കണ്ട് മലയാളി പ്രതികാരം ചെയ്യുകയാണ് എന്നതു പോലുള്ള നിഗമനങ്ങള്‍ക്ക് സാധുത ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ എങ്കില്‍ സില്‍സില എന്ന ആല്‍ബം യൂടൂബില്‍ 'ഹിറ്റാ'യതിന്റെ കാരണം നമ്മള്‍ എവിടെയാണ് അന്വേഷിക്കുക. ഇവിടെ സൃഷ്ടികര്‍ത്താവ് ബോധപൂര്‍വ്വമോ അബോധ പൂര്‍വ്വമോ തന്റെ വിഡ്ഢിത്തങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്. ഈ ലേഖനം നിങ്ങള്‍ വായിക്കാന്‍ താത്പര്യപ്പെടുന്നെങ്കില്‍ അതിനുകാരണവും സന്തോഷ് പണ്ഡിറ്റിന്റെ മാര്‍ക്കറ്റ് സാധ്യതകള്‍ തന്നെ ആണ് എന്നതാണു സത്യം.

മലയാള സിനിമാ വിപണി കലാമൂല്യമുള്ള സിനിമകളെ ഏറെ ഒന്നും പ്രോത്സാഹിപ്പിച്ച ചരിത്രം ഇല്ല. കൊമേഴ്‌സ്യല്‍ സിനിമകളില്‍ സാമൂഹ്യ പ്രതിബദ്ധതയെക്കാള്‍ കച്ചവട മസാലകള്‍ മാത്രമാണ് കുത്തിനിറച്ചിരിക്കുന്നത്. മലയാളത്തിലെ പല സൂപ്പര്‍ഹിറ്റ് സിനിമകളിലും അധോലോകനായകനായ നായകനെ ഉദാത്തവത്കരിച്ച് കയ്യടി നേടിയതായി കാണാം. ഈയിടെ ഏതോ സിനിമയില്‍ 'ഇവിടെ തുപ്പരുത്' എന്ന ബോര്‍ഡില്‍ മുറുക്കി തുപ്പുന്ന പോലീസുകാരനായ കഥാപാത്രത്തിന് (നായകനായ മോഹന്‍ലാലിന്റെ സുഹൃത്തായി മനോജ് കെ. ജയന്‍ അവതരിപ്പിച്ച കഥാപാത്രം ആണെന്നു തോന്നുന്നു) തീയറ്ററില്‍ കയ്യടി ലഭിച്ചത് ഓര്‍ക്കുന്നു. വയലന്‍സും സെക്‌സും പാട്ടും ഡാന്‍സും എന്ന സമകാലീന സിനിമയുടെ കച്ചവട ഫോര്‍മുലകളെക്കാള്‍ അപകടകരം അല്ലെന്നു തോന്നുന്നു സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. സന്തോഷ് പണ്ഡിറ്റ് തരംഗം ആരോഗ്യകരമല്ലെന്ന് കരുതുമ്പോള്‍ തന്നെ മുഖ്യധാര സിനിമ പ്രവര്‍ത്തകള്‍ ഒരു ആത്മപരിശോധനയ്ക്ക് തയ്യാറാവുകയും വേണമെന്ന് നിസ്സംശയം പറയാം.

is loading comments...