Volume : 3 | Issue: 10

യാത്രഹിമലിംഗദര്‍ശനത്തിനായി അമര്‍നാഥ് ഗുഹയിലേക്ക്

വത്സലാ മോഹന്‍

Kashmir yathra_ phalgamബ്രാഹ്മോപദേശപ്രകാരം, ദക്ഷശാപത്താല്‍ കിട്ടിയ രോഗമുക്തിക്കായി, ചന്ദ്രന്‍ ദേവന്മാരോടൊപ്പം പ്രഭാസമെന്ന (ഇന്നത്തെ സോമനാഥ്) പുണ്യക്ഷേത്രത്തില്‍ ശിവലിംഗം പ്രതിഷ്ഠിച്ച് വിധിപോലെ പത്തുകോടി മൃത്യുഞ്ജയമന്ത്രം ജപിച്ച് ധ്യാനനിരതനായി ദൃഢചിത്തനായി ഭഗവാന്‍ ശിവനെ ആരാധിച്ച് തപസ്സുചെയ്തു. ഭക്തവത്സലനായ പരമശിവന്‍ ചന്ദ്രനെ അനുഗ്രഹിച്ച് രോഗമുക്തനാക്കി. ദക്ഷശാപത്താല്‍ ഒരു പക്ഷത്തില്‍ ചന്ദ്രന്റെ കല ദിവസന്തോറും ക്ഷയിച്ച് വരുമെന്നും ശിവാനുഗ്രഹത്താല്‍ അടുത്ത പക്ഷത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുമെന്നും ശാപമുക്തി നല്‍കി. ചന്ദ്രകലയെടുത്ത് ശ്രീപരമേശ്വരന്‍ തിരുമുടിയില്‍ ധരിച്ചു. അമര്‍നാഥിലേക്കുള്ള യാത്രക്കിടയില്‍ നന്ദിയെ പഹല്‍ഗാമില്‍ ഉപേക്ഷിച്ചശേഷം രണ്ടാമതായി ഇന്ദുചൂഡന്‍ ഉപേക്ഷിച്ചത് മൗലിയില്‍ ധരിച്ചിരുന്ന ചന്ദ്രക്കലയെയാണ്. ചന്ദന്‍വാരിയില്‍ വെച്ചാണ് ശിവന്‍ ചന്ദ്രനെ ഉപേക്ഷിച്ചത് എന്നാണ് ഐതിഹ്യം. അതു കൊണ്ടാണത്രേ ഈ സ്ഥലം ചന്ദന്‍വാരി എന്നറിയപ്പെടുന്നത്. ഞങ്ങളുടെ ദുര്‍ഘടമായ പ്രയാണം തുടങ്ങി. 14 കിലോമീറ്റര്‍ ദൂരെയുള്ള സമുദ്രനിരപ്പില്‍ നിന്ന് 12500 അടി ഉയരത്തിലുള്ള ശേഷ്‌നാഗ് ക്യമ്പാണ് ലക്ഷ്യം.

ചന്ദന്‍വാരി ബെയ്‌സ് ക്യാമ്പില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരം പിന്നിട്ടുകഴിയുമ്പോള്‍ പ്രകൃതിയാകെ മാറുന്നു. ഉയര്‍ന്നുനില്‍ക്കുന്ന വലിയ പര്‍വ്വതങ്ങള്‍ മാത്രം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നുരഞ്ഞു പതഞ്ഞ് കുത്തിയൊഴുകുന്ന ലിഡ്ഡര്‍ നദിക്കരയില്‍ അവിടവിടെ നിറയെ മഞ്ഞപൂക്കളുള്ള കുറ്റിച്ചെടികളും പൊന്തകളും. മലഞ്ചെരുവുകളില്‍ കണ്ണെത്താവുന്ന ദൂരം മുഴുവനും കാണുന്നത് അമര്‍നാഥ് യാത്രികരേയും പട്ടാളക്കാരെയുമാണ്. അനന്തമായി നീണ്ടു നില്‍ക്കുന്ന പര്‍വ്വത ശൃംഗങ്ങള്‍.
മുന്നില്‍ പിസ്സുടോപ്പ് എന്നറിയപ്പെടുന്ന പേഷണ്‍ പര്‍വ്വതം. ചെങ്കുത്തായ പര്‍വ്വത നിരകളിലൂടെ കയറിപോകുന്ന ഇടുങ്ങിയ ഒറ്റയടിപ്പാതകള്‍. വളരെ ആയാസപ്പെട്ട് പിസ്സുടോപ്പ് കയറാന്‍ തുടങ്ങി. ചാരനിറത്തിലുള്ള ചെങ്കുത്തായ പര്‍വ്വതനിരകളിലൂടെ കയറിപോകുന്ന അറ്റമില്ലാത്ത ദുര്‍ഘടവും ഋജുവുമായ പാത. എതിര്‍വശത്തെ അഗാത ഗര്‍ത്തങ്ങള്‍ കാണുമ്പോള്‍ അറിയാതെ കണ്ണടച്ച് നമശ്ശിവായ മന്ത്രം ഉറക്കെ ചൊല്ലിപോകും. കാലൊന്നിടറിയാല്‍ വീഴുന്നത് അറ്റം കാണാത്ത അഗാതഗര്‍ത്തങ്ങളിലെ പാറക്കൂട്ടങ്ങളിലേക്കാണ്. നേരെയും കുറുകേയും പര്‍വ്വതത്തെ ചുറ്റിവളഞ്ഞ് പോകുന്ന ഒറ്റയടിപാതകള്‍. കുതിരയില്‍ നിന്നിറങ്ങി കാല്‍നടയായി ഒന്നര കിലോമീറ്ററോളെ മുന്നോട്ട് പോകണം. കുതുരപ്പുറത്തിരുന്ന് യാത്രചെയ്യാന്‍ പറ്റാത്തവിധം ചെങ്കുത്തായ വിഷമം പിടിച്ച പാതയാണ് മുന്നില്‍.

Kashmir yathra_panchatharani campദുര്‍ഘടമായ വഴിയില്‍ എല്ലാ സഹായവും ചെയ്തു തരാന്‍ പട്ടാളക്കാരുണ്ട്. ചിലരെയൊക്കെ കൈപിടിച്ച് കയറ്റം കയറാന്‍ അവര്‍ സഹായിക്കുന്നു. പാതയുടെ ഒരു വശത്ത് വലുപ്പം കൊണ്ടും ആകൃതികൊണ്ടും ഭയം തോന്നിക്കുന്ന കരിങ്കല്‍ പാറക്കൂട്ടങ്ങള്‍. മറുവശത്ത് ആകാശം മുട്ടുമെന്ന് തോന്നുന്ന വിധം തല ഉയര്‍ത്തി നില്‍ക്കുന്ന പേഷണ്‍ പര്‍വ്വതം. പിന്നിലേയ്ക്ക് നോക്കിയാല്‍ ദൂരെ നിന്ന് ഒരു പൊട്ടുപോലെ നീങ്ങി വരുന്ന യാത്രികര്‍. എതിര്‍വശത്തേക്ക് നോക്കാതെ പര്‍വ്വതത്തിന്റെ അരികുചേര്‍ന്ന് നടക്കണമെന്ന് പട്ടാളക്കാര്‍ ഇടക്കിടെ ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ട്. വലിയ പാറകള്‍ക്കിടയില്‍ കുറച്ച് പേര്‍ക്ക് നില്‍ക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ യാത്രികരെ മാറ്റിനിര്‍ത്തി വണ്‍വെയായി വരുന്നവരേയും പോകുന്നവരേയും നിയന്ത്രിക്കുന്നു. വിസിലടിച്ചും വോക്കി ടോക്കി വഴിയുമാണ് വിവരങ്ങള്‍ കൈമാറുന്നത്. ഇടക്കിടെ ഇത്തരത്തിലുള്ള നിയന്ത്രണ സ്ഥലങ്ങളുണ്ട്. അവിടെ നിന്ന് ഫോട്ടോസ് എടുക്കാം. ആര്‍ക്കും ഫോട്ടോ എടുക്കാന്‍ തോന്നുന്ന വിധം മനോഹരമാണ് ആ കാഴ്ച്ചകള്‍.

ചന്ദന്‍വാരിയില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്ററോളം യാത്രചെയ്ത് സമുദ്രനിരപ്പില്‍ നിന്ന് 11500 അടി ഉയരത്തിലുള്ള പിസ്സുടോപ്പിലെത്തിയപ്പോള്‍ നല്ല ക്ഷീണം തോന്നി. താഴോട്ട് നോക്കുമ്പോള്‍ കാണുന്ന കയറിവന്ന പാതകള്‍. ആ പാതകള്‍ താണ്ടിയാണ് അവിടെ എത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. കയറിവന്ന പര്‍വ്വതസാനുക്കള്‍ കുറേയകലം വരെ കാണാം. അരിച്ചു വരുന്ന ഉറുമ്പുകള്‍ പോലെ ദൂരെ ദൂരെ കാണുന്ന യാത്രികര്‍. പിസ്സുടോപ്പിറങ്ങി സമതലത്തിലെത്തിയപ്പോള്‍ കുതിരക്കാര്‍ ആവേശത്തോടെ ഉറക്കെ സംസാരിച്ചും വിസിലടിച്ചും പരസ്പരം മത്സരിച്ചുകൊണ്ട് കുതിരകളെ വേഗത്തില്‍ ഓടിക്കാന്‍ തുടങ്ങി. നിരപ്പായ സ്ഥലമായതിനാല്‍ താളമേളങ്ങളോടെ ഭജനങ്ങള്‍ പാടികൊണ്ട് കൂട്ടമായി മുന്നോട്ട് പോകുന്ന സംഘങ്ങള്‍. അന്തരീക്ഷത്തെ ഭേദിക്കുന്ന വിധത്തില്‍ ബംബം.... ബോ... ലോ... അമര്‍നാഥ് കി ജയ് എന്നു ഉരുവിട്ടുകൊണ്ട് മുന്നേറുന്നവര്‍. ആഴമില്ലാതെ പതഞ്ഞൊഴുകുന്ന ലിഡ്ഡര്‍ നന്ദി ചില സ്ഥലത്ത് പാറകള്‍ തട്ടി തെറിച്ച് പളുങ്കുമണികള്‍ പോലെ താഴോട്ട് പതിക്കുന്നു. മരങ്ങളും കുറ്റിച്ചെടികളും പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. സമതലം കഴിഞ്ഞ് ഋതുവായ പാതകള്‍ വീണ്ടും തുടങ്ങി. കുതിരകള്‍ക്ക് നടന്നുപോകാന്‍ മാത്രം വീതിയുള്ള വളഞ്ഞ് തിരിഞ്ഞുള്ള കയറ്റങ്ങളാണ് മുന്നില്‍.

Kashmir yathra_Holy cave in kashmirപിസ്സുടോപ്പില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ കഴിഞ്ഞ് മറ്റൊരു വലിയ കയറ്റം കയറിയെത്തുന്നത് സൊജിപാല്‍ എന്ന നിരപ്പായ സ്ഥലത്താണ്. അവിടെ ഇരുന്ന് വിശ്രമിക്കാം. ശേഷനാഗ് ക്യാമ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. മുന്നിലും പിന്നിലുമായി വരിവരിയായി നീങ്ങുന്ന തീര്‍ത്ഥാടകര്‍. മണിക്കൂറുകളായി കുതിരപ്പുറത്തിരുന്നുള്ള യാത്ര തുടരുകയാണ്. മഞ്ഞുമൂടികിടക്കുന്ന ഈ ഹിമശൃംഗങ്ങളില്‍ കൊല്ലത്തില്‍ രണ്ടുമാസത്തോളം മാത്രമെ ജനപ്പെരുമാറ്റമുള്ളു. ഗുഹയിലേക്കുള്ള ഈ നടപ്പാത വെട്ടിയെടുത്തതിന്റെ പിന്നിലും പ്രസിദ്ധമായ ഒരു ഐതിഹ്യ കഥയുണ്ട്. ഒരിക്കല്‍ ജമീന്ദറുടെ ചെമ്മരിയാടുകളെ മേയ്ക്കാന്‍ മലമുകളില്‍ വന്ന ബൂട്ടിമാലിക് എന്ന മുസ്ലിം ബാലന്‍ കൂട്ടത്തിലുള്ള ഒരു ആടിനെ കാണാതം വിഷമിച്ചു നടന്നു. ആടിനെ അന്വേഷിച്ച് അലഞ്ഞു നടന്ന് വഴിതെറ്റി അവനെത്തിയത് അമര്‍നാഥ് മലനിരകളിലാണ്. ഇരുട്ടത്ത് തിരിച്ചു പോകാന്‍ വഴിയറിയാതെ കരഞ്ഞുകൊണ്ടിരിക്കുന്ന അവന്റെ മുന്നില്‍ ജടയും താടിയുമുള്ള വൃദ്ധനായൊരു യോഗിവര്യന്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം അവനെ സമാശ്വസിപ്പിച്ച് അന്നു രാത്രി അദ്ദേഹത്തോടൊപ്പം കഴിയാനായി ഹിമം മൂടിക്കിടക്കുന്ന ഒരു ഗുഹയിലേക്ക് കൊണ്ടുപോയി ഭക്ഷണം നല്‍കുകയും ചെയ്തു. പിറ്റേ ദിവസം പോകാന്‍ നേരത്ത് അദ്ദേഹം അവന് ഒരു ചാക്ക് കല്‍ക്കരിയും കൊടുത്തു.

kashmir yathraഎല്ലാം ശരിയാകുമെന്നും ഒട്ടും ഭയമില്ലാതെ വീട്ടിലേക്ക് പോവാനുള്ള വഴിയും വഴിയും പറഞ്ഞുകൊടുത്ത് വൃദ്ധയോഗി അവനെ യാത്രയാക്കി. രണ്ടു പകലും രണ്ടു രാത്രിയും തുടര്‍ച്ചയായി സഞ്ചരിച്ച് അവന്‍ ബാടോട്ട് എന്ന ഗ്രാമത്തിലെ തന്റെ വീട്ടിലെത്തി. അവനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒരു രാത്രി മാത്രമെ അവന്‍ ഗുഹയില്‍ കഴിഞ്ഞുള്ളുവെങ്കിലും ആ ഒരു രാത്രി നാല്‍പ്പതു വര്‍ഷങ്ങള്‍ നീണ്ടതായിരുന്നുവെന്ന് വീട്ടില്‍ തിരിച്ചെത്തിയ അവന്‍ മനസ്സിലാക്കി. പിതാവ് മരിച്ച് പോയിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയ മാതാവും സഹോദരിയും പ്രാകൃതനാണെങ്കിലും അവനെ തിരിച്ചറിഞ്ഞു. യോഗി നല്‍കിയ ചാക്കില്‍ കല്‍ക്കരിയ്ക്ക് പകരം അമൂല്യങ്ങളായ രത്‌നങ്ങളായിരുന്നു. അവന്റെ സമ്പത്തിന്റെ കഥയറിഞ്ഞ ഗ്രാമീണര്‍ അതിശയിച്ചു. സമ്പന്നനായ അവന്‍ മഹാ യോഗിയോട് നന്ദിപറയാനായി ഹിമമശൃംഗങ്ങള്‍ താണ്ടി ഗുഹയിലെത്തി.

ഗുഹയ്ക്കുള്ളിലെത്തിയ അവന്‍ കണ്ടത് യോഗി ഇരുന്നിടത്ത് ഏഴടിയോളം വലുപ്പമുള്ള ഒരു ശിവലിംഗമായിരുന്നു. അവന്‍ ആ ഹിമലിംഗത്തെ പ്രണമിച്ചു. നന്ദി സൂചകമായി ഗ്രാമീണര്‍ക്ക് ഗുഹയിലെത്തി ഹിമലിംഗ ദര്‍ശനം നടത്താനുള്ള സൗകര്യത്തിനായി ഗുഹയില്‍ നിന്ന് തന്റെ ഗ്രാമമായ ബാടോട്ട് വരെ നടപ്പാത വെട്ടാന്‍ തീരുമാനിച്ചു. കുറേ വര്‍ഷങ്ങളെടുത്ത് ബൂട്ടാമാലികക്കിന്റെ മക്കളുടെ കാലത്താണ് ഈ പാത പൂര്‍ത്തിയായത്. 1947 വരെ ജമ്മുകാശ്മീര്‍ ഭരിച്ചിരുന്ന ദോഗ്ര രാജവംശത്തിലെ രാജാവ് മഹാരാജ ഗുലാബ് സിങ്ങിന്റെ കാലത്തുണ്ടാക്കിയ ഉടമ്പടിയില്‍ ബൂട്ടാമാലിക്കിന്റെ കുടുംബത്തിലെ ഒരാള്‍ അമര്‍നാഥ് തീര്‍ത്ഥാടനകാലത്ത് കിട്ടുന്ന വരുമാനത്തിന്റെ മൂന്നിലൊന്ന് മാലിക്കിന്റെ കുടുംബത്തിന് കൊടുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. പഹല്‍ഗാമില്‍ നികുതി രഹിതമായ വിശാലമായ ഒരു എസ്റ്റെയ്റ്റും ബൂട്ടാമാലിക്കിന്റെ കുടുംബത്തിന് അദ്ദേഹം പതിച്ച് കൊടുത്തു.കശ്മീര്‍ രണ്ടാം ഭാഗത്തിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക് ചെയ്യുകis loading comments...