Volume : 3 | Issue: 10

ലേഖനം

പാപം ചെയ്യുകയും കല്ലെറിയുകയും ചെയ്യുന്നവര്‍


അശ്വതി

Women wrlfareപതിവിനു വിപരീതമായി അന്നൊരല്‍പം വൈകിയാണ് അവള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്.
സമയം പുലര്‍ച്ചെ മൂന്നു മണിയായിരുന്നു. വണ്ടിയില്‍ വന്നിറങ്ങിയവരുടെ മുഖത്ത് കാണാവുന്ന ഉറക്കച്ചടവും യാത്രാക്ഷീണവും അവളുടെയും മുഖത്ത് വ്യക്തമായി പ്രതിഫലിച്ചു. വണ്ടി വന്നു നിര്‍ത്തിയപ്പോഴേക്കും അതുവരെ ഉറങ്ങിക്കടന്ന സ്‌റ്റേഷനും ഒന്നുണര്‍ന്നു. ആളും ബഹളവും കൂടി.
വന്നിറങ്ങയവരെല്ലാം ഓരോരോ വാഹനങ്ങളിലായി കയറിപ്പോകുന്നു. കുറച്ചു പേര്‍ നേരം വെളുപ്പിക്കാന്‍ വെയിറ്റിംഗ് റൂമിലേക്കും. കൈയ്യിലിരുന്ന ബാഗ് താഴെ വച്ച് അവളും ഒന്നാലോചിച്ചു. ഒരു ഓട്ടോയില്‍ കയറിയാല്‍ എത്താവുന്ന ദൂരമേയുള്ളൂ. പക്ഷേ ഈ സമയത്ത് ഞാന്‍ തനിച്ച്. എന്തായാലും പോവാം., നേരത്തേ എത്തി കുറച്ചു സമയം ഉറങ്ങിയാല്‍ നാളെ ഓഫീസിലിരുന്നു ഉറങ്ങേണ്ടല്ലോ. അവള്‍ ഒരു ഓട്ടോയില്‍ കയറി. െ്രെഡവറോട് ഇറങ്ങേണ്ട സ്ഥലം പറഞ്ഞു. അയാള്‍ വണ്ടി സ്റ്റാര്‍ട്ടു ചെയ്ത് യാത്ര തുടങ്ങി. (തന്റെ വലയില്‍ വന്നു വീണ ഇരയെക്കുറിച്ചോര്‍ത്ത് ചിലന്തിയെപ്പോലെ അയാള്‍ ഊറിച്ചിരിച്ചിരിക്കാം).

പക്ഷേ അവള്‍ പറഞ്ഞിടത്തേക്കായിരുന്നില്ല ആ യാത്ര. സ്ഥലത്തെ ബീച്ചിലേക്കാണ് അയാള്‍ അവളെ എത്തിച്ചത്. അവിടെ വച്ച് അവള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഇതൊരു കഥയല്ല. കഴിഞ്ഞ ഒക്‌റ്റോബര്‍ ഇരുപത്തിനാലാം തിയ്യതി പുലര്‍ച്ചെ നടന്ന സംഭവമാണ്. അവള്‍ വന്നിറങ്ങിയ റെയില്‍വേ സ്‌റ്റേഷന്‍ മുംബൈയോ, ഡല്‍ഹിയിലോ ഒന്നുമായിരുന്നില്ല. നമ്മുടെ കൊച്ചു കേരളത്തിലെ തലശ്ശേരിയിലായിരുന്നു. ആ ഓട്ടോ െ്രെഡവറും വേറെയെങ്ങുമല്ല. അദ്ദേഹവും ഒരു മലയാളിയായിരുന്നു. പക്ഷേ അവള്‍ വന്നത് കേരളത്തില്‍ നിന്നായിരുന്നില്ല തമിഴ്‌നാട്ടിലെ ഏതോ ഒരു സ്ഥലത്തുനിന്നായിരുന്നു. സത്യസന്ധതയ്ക്കു കീര്‍ത്തികേട്ട കേരള പോലീസ് സംഘം ഒരു പെറ്റിക്കേസ് പോലും ചാര്‍ജു ചെയ്യാന്‍ തയ്യാറാവാതെ അടുത്ത വണ്ടിയ്ക്കു തന്നെ അവളെ തിരികെ നാട്ടിലേക്ക് വണ്ടികയറ്റി വിട്ടു. കേസാക്കിയാല്‍ ഉണ്ടാവുന്ന നഷ്ടങ്ങളെക്കുറിച്ച് ആവോളം ബോധവല്‍ക്കരണ ക്ലാസ്സും നല്‍കിയിരിക്കാം.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ധര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചതുകൊണ്ട് അധികം പത്രങ്ങളിലൊന്നും വാര്‍ത്ത വരികയോ, ദൃശ്യമാധ്യമങ്ങളില്‍ ഒരു മണിക്കൂര്‍ വിചാരണ ചെയ്യപ്പെടുകയോ ചെയ്തില്ല. നീതി നടപ്പിലാക്കേണ്ടവര്‍ ഇങ്ങനെ കണ്ണടച്ചിരുട്ടാക്കിയപ്പോള്‍ ഒരു വശത്ത് താന്‍ ചെയ്ത വീരകൃത്യത്തില്‍ സ്വയം അഭിമാനംപൂണ്ട് അയാള്‍ ഇന്നും നടക്കുന്നു. മറു വശത്ത് തളിര്‍ക്കാന്‍ തുടങ്ങും മുമ്പേ ചതഞ്ഞരഞ്ഞുപോയ ജീവിതവുമായി അന്നും ഇന്നും ഒന്നു പ്രതികരിക്കാന്‍ പോലുമാവാതെ അവളും. കേരളം ഇന്നും ഒരു തുള്ളിക്കണ്ണീരോടെ മാത്രം ഓര്‍ക്കുന്ന സൗമ്യയെപ്പോലെ തന്നെയായിരുന്നില്ലേ ഈ പെണ്‍കുട്ടിയും. ജീവിതത്തിലെ കഷ്ടപ്പാടുകളും, തനിക്കാവുന്നത് കുടുംബത്തിനു വേണ്ടി ചെയ്യാമെന്ന ചിന്തയുമാണ് അവളെ ആ യാത്രയ്ക്കു പ്രേരിപ്പിച്ചത്. പിന്നെ ദൈവത്തിന്റെ സ്വന്തം നാടെന്ന ആലങ്കാരിക നാമധേയത്തില്‍ അറിയപ്പെടുന്ന കേരളത്തില്‍ വീട്ടില്‍ അമ്മയുടെ കണ്ണുകള്‍ക്കും കരങ്ങള്‍ക്കുമടുത്തെന്ന പോലെ ഞാന്‍ സുരക്ഷിതയായിരിക്കുമെന്ന മിഥ്യാ ബോധവും.

ഈ രണ്ടു സംഭവങ്ങള്‍ക്കും സമാനതകളേറെയാണ്. ''അവനെ ഞങ്ങള്‍ക്കു വിട്ടു തരൂ അവനുള്ള ശിക്ഷ ഞങ്ങള്‍ നടപ്പാക്കാം'' സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്‌ക്കെതിരെ കേരളത്തിലെ പുരുഷാരത്തിന്റെ ആക്രോശമാണിത്. സത്യത്തില്‍ അയാള്‍ക്കു വിധിച്ച ആ തൂക്കുകയറില്‍ ഒരു പങ്ക് നിങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അറുപതും എഴുപതും വയസ്സു കഴിഞ്ഞു നില്‍ക്കുന്ന സ്വന്തം അമ്മയേയും, പ്രസവിച്ചു മാസങ്ങള്‍ മാത്രമായ അമ്മിഞ്ഞ പാലിന്റെ മണം പോലും മായാത്ത കുഞ്ഞുങ്ങളേയും, സ്വന്തം മകളേയും വരെ പീഡിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത മലയാളിയ്ക്ക് ഈ വാക്കു പറയാന്‍ എന്തവകാശം? പിന്നെ ഇതൊക്കെ കാണുമ്പോള്‍ കുറച്ചു സംശയങ്ങള്‍ മാത്രം, സൗമ്യയെ തമിഴ്‌നാടുകാരനായ ഗോവിന്ദച്ചാമി പീഡിപ്പിച്ചു കൊന്നതിലാണോ നിങ്ങള്‍ക്ക് അയാളോടിത്ര പക.,അതായത് ഞങ്ങളുടെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ഞങ്ങളുണ്ട് അന്യസംസ്ഥാനത്തു നിന്നും ആരും വരേണ്ടതില്ല എന്ന കൊളോണിയല്‍ ചിന്താഗതി. അതുമല്ലെങ്കില്‍ ഗോവിന്ദച്ചാമി കറുത്തവനാണ്, വെളുത്ത് അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും പാന്റുമിട്ട് മാന്യതയുടെ മുഖം മൂടിയുമണിഞ്ഞു നടക്കുന്ന ഞങ്ങള്‍ മലയാളിയ്ക്ക് എന്തുമാവാമെന്ന ഭാവമോ? എന്തൊക്കെയായാലും ഒന്നു പറഞ്ഞോട്ടെ നിങ്ങള്‍ ഈ കാണിക്കുന്ന നാട്യങ്ങള്‍കൊണ്ടൊന്നും നിങ്ങള്‍ ചെയ്ത തെറ്റില്ലാതാവുന്നില്ല. കാലങ്ങളായി കേരളത്തിലെ സ്ത്രീകളുടെ മനസ്സിനേറ്റ മുറിവുണങ്ങാനും പോകുന്നില്ല.

is loading comments...