Volume : 3 | Issue: 10

ലേഖനം


വിരുന്നുമേശയിലെ ആള്‍ക്കൂട്ടം

കെ.പി. സേതുനാഥ്

As soon as tradition has come to be recognized as tradition, it is dead- Allan Bloom

ഭൂരേഖകള്‍ കൊണ്ടല്ലാതെ അതിരുകള്‍ വരയ്ക്കപ്പെട്ട ഒരു ചിഹ്നമായി കേരളം ഇന്ന് നിലവിലുണ്ടോ. അഥവാ, മലയാളി എന്ന സമൂഹ മനുഷ്യന്‍ ഇന്ന് എവിടെയെങ്കിലും കാണപ്പെടുന്നുണ്ടോ. ഉണ്ട് എന്നും, ഉണ്ടായിരുന്നു എന്നും നല്‍കുന്ന ഉത്തരങ്ങള്‍ വെറും ജലരേഖകളാണ്. അല്ലെങ്കില്‍ അത്, അവനവന്റെ വ്യക്തിനിഷ്ഠമായ ഓര്‍മ്മകളില്‍ കുതിര്‍ന്ന ഒരു ഭ്രമമാണ്; ഒരു സ്ഥലകാല ഭ്രമം. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും, കുടിയേറിയും അല്ലാതെയും കാണപ്പെടുന്ന കറുത്ത വര്‍ഗ്ഗക്കാരായ ജിപ്‌സികളുടെ ചെറുരൂപം തന്നെയാണ് നമ്മള്‍. മതവും മാര്‍ക്‌സിസവും കണ്‍സ്യൂമറിസവും രുചിയുടെ ഉപ്പും കുരുമുളകും ചേര്‍ത്ത് ഭുജിക്കുന്നവര്‍. എവിടെയാണ് ഇന്ത്യയില്‍ നമുക്കൊരു സാമൂഹികമായ ഭൂതകാലം തുടങ്ങുന്നത്. തമിഴില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നും കടം കൊണ്ട ഭാഷയിലോ. വാസ്‌കോഡ ഗാമ വരുമ്പോള്‍ ഇവിടെ ക്രിസ്തുമതവും ഇസ്ലാംമതവും വേരുറച്ചിരുന്നു. ജീവിതത്തില്‍ ഉപ്പും എരിവും ചേര്‍ക്കാതെ അത് വില്‍ക്കാന്‍ ശീലിച്ചിരുന്നു അന്നേ നാം. കണ്‍സ്യൂമറിസത്തില്‍, വിധേയത്വത്തിന്റെ പാഠം നാം ഗാമയെ പഠിപ്പിക്കുകയായിരുന്നു. പിന്നീട്, സ്വാതന്ത്ര്യമോഹത്തിന്റെ ഒറ്റപ്പെട്ട തീക്കനലുകള്‍ എരിയുന്നതിനിടക്കും, ചാതുര്‍വര്‍ണ്യത്തെ അയിത്തോദ്ധാരണമാക്കി കൊണ്ട് കേരളം വളര്‍ന്നു. ഹ്യൂമനിസമെന്ന ബോധത്തെയാണ് അത് തീണ്ടാപാടകലെ നിര്‍ത്തിയത്.

അത് പഴംകഥകള്‍ എന്ന് പറയാമെങ്കില്‍, ഇന്ന് പുതിയ കഥകള്‍ എന്തൊക്കെയാണ്. അതും മറ്റൊന്നുമല്ല, കാലത്തെ നമ്മള്‍ മാറാപ്പില്‍ പൊതിഞ്ഞെടുത്തു. എന്നിട്ട്, വഴുക്കുന്ന, ഇക്കിളിപെടുത്തുന്ന ദംഷ്ട്രകളും മൂര്‍ച്ചയേറിയ, ദൃഡമായ വാലും ഉള്ള ഒരു ജീവവസ്തുവായി ഈ സമൂഹ മധ്യത്തില്‍ അഴിച്ചുവച്ചു. അവയ്ക്ക് ജാതിക്കാലുകളും മതഭയത്തിന്റെ ശല്‍ക്കങ്ങളും ഉണ്ട്. വഴുക്കുന്ന നാവുകളില്‍ സദാചാരത്തിന്റെ രസമുകുളങ്ങള്‍ കാണപ്പെടും. എന്നാല്‍ വാലുകളില്‍ ആണ് അവ വിഷം നിറച്ചു വച്ചിരിക്കുന്നത്. മനോഹരമായ ഒരു ഭൂഭാഗം കൊണ്ടും മലയാളമെന്ന ഭാഷ കൊണ്ടും ദ്രാവിഡമായ നിറം കൊണ്ടും നാം അത്തരത്തില്‍ മലയാളി സമൂഹമായി. എന്നാല്‍ അതിലേറെ ഭാവുകത്വം നാം അതിനു കൊടുക്കുകയും ചെയ്തു; ഒരു സ്വയം ആരോപിക്കല്‍. തനിമയുള്ള ഒരു സമൂഹം എന്ന് നാം എപ്പോഴും നമ്മെ കുറിച്ച് വിളിച്ചു പറയും. ഭാഷ മുതലിങ്ങോട്ട്, കടം കൊണ്ട വസ്തുക്കളെല്ലാം നാം നമ്മുടെ തനിമയിലേക്ക് കുറച്ചൊക്കെ കൊണ്ടുവന്നു എന്നതു വാസ്തവമാണ്. എന്നാല്‍ ചിതറിയ മനസ് കൊണ്ടാണ് നാം അവയെ ചേര്‍ത്തു പിടിച്ചത്. നമ്മുടെ സമൂഹ മനസിലല്ല, വ്യക്തി മനസ്സില്‍ മാത്രമാണ് നാം അവയെ കുടിയിരുത്തിയത്. അതുകൊണ്ട് തന്നെ, ഒട്ടും സാമൂഹികമല്ലാത്ത സംസ്‌കാരവും മാറാപ്പിലിട്ടു നാം അന്യ സംസ്‌കാരങ്ങളില്‍ പ്രവാസികളായി തീരുന്നു. അല്ലെങ്കില്‍, പ്രവാസത്തെ ഉള്ളിലിട്ട് നാം നമ്മുടെ ഭൂഭാഗത്ത് അസംതൃപ്തരായി ജീവിക്കുന്നു.

അതിര്‍ത്തിരേഖകളില്‍ നാം കോര്‍ത്തിടപ്പെട്ടില്ല എന്നത് ഒരു പക്ഷെ പുരോഗമനപരമാണ്. പക്ഷെ, അന്യസംസ്‌കാരങ്ങള്‍ നമുക്ക് കൂടുതല്‍ കാപട്യമാണ് സമ്മാനിച്ചത്; അല്ലെങ്കില്‍, അവയില്‍ നിന്ന് നാം സ്വാംശീകരിച്ചെടുത്തത്. അത് കൊണ്ട് തന്നെ സംസ്‌കാരം, ഒറ്റപ്പെട്ട ആത്മഹിതങ്ങളായി മാറി. ഒരുമിച്ച് ഒരു ചുവടു വയ്ക്കുക, അത് അസാധ്യമാക്കി തീര്‍ത്തു. സാമൂഹികമായ വളര്ച്ചക്കെതിരെ ഒത്തുചേരുക എന്നത് നമ്മള്‍ സാധ്യമാക്കുകയും ചെയ്തു. പുരോഗമനപരമായ എല്ലാ പ്രസ്ഥാനങ്ങളും സമൂഹ മനസിന്റെ കൂട്ടങ്ങളില്‍ നിന്ന്! ഒറ്റതിരിഞ്ഞു പോവുകയോ, അല്ലെങ്കില്‍ വഴുക്കുന്ന പുതിയ സമവാക്യങ്ങളിലേക്ക്, അഥവാ, വ്യക്തി മനസ്സുകളുടെ കൂട്ടങ്ങളിലേക്ക് നീങ്ങുകയോ ചെയ്തു. വിപ്ലവങ്ങളുടെ ചുവടുപിടിച്ചു പുരോഗമന പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടും, അടിയന്തരാവസ്ഥയില്‍ നമ്മള്‍ അറവുമാടുകളുടെ ദൈന്യതയോടെ മൌനം പാലിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഒരു വ്യവസായവും വളരാത്ത നാട്, സംസ്‌കാരത്തിന്റെയും ജീവന്റെയും അവലംബമായ നദികളെ, അവയുടെ ഗര്‍ഭപാത്രങ്ങളില്‍ ചെന്ന് ചിതയൊരുക്കുന്നവരുടെ നാടായി മാറി. ഹരിതകങ്ങളെ വിഷമയമാക്കി, പറവജാതികളെ വംശമൊടുക്കലിന്റെ ദൈന്യതയിലേക്ക് പരിണമിപ്പിച്ചു. ഭൂമിയെ, അതിന്റെ സനാതനത്വത്തില്‍ നിന്ന്, നീണ്ടു പരന്ന സമതലങ്ങളാക്കി പരിവര്ത്തിപ്പിച്ചു.

മതങ്ങളുടെ ദൈവങ്ങളും ജാതി ഉപജാതി വീര്യവും നമ്മള്‍ വീണ്ടും സമൂഹമധ്യത്തില്‍, അതിന്റെ വിരുന്നുമേശയില്‍ ഒരു കൊതിപ്പിക്കുന്ന വിഭവമായി എടുത്തു വച്ചു. ആള്‍ദൈവങ്ങള്‍ നമ്മുടെ സെന്‍സിബിലിറ്റിയുടെ ഹിപ്‌നോ കേന്ദ്രങ്ങളിലേക്ക് അവരുടെ കരിസ്മയുടെ ഇളംകാറ്റിനെ വിതച്ച് ചാവേര്‍ മനസുകളുടെ കൊടുങ്കാറ്റു കൊയ്‌തെടുത്തു. ലോകത്ത്, ഫ്രീ സെക്‌സ് എന്ന ആശയം ആദ്യം നിലനിന്നിരുന്നത് ഭാരതത്തില്‍ ആയിരുന്നെങ്കിലും, കേരളം അത് സ്വീകരിച്ചിരുന്നതായി കണ്ടിട്ടില്ല. ശക്തമായ കുടുംബവ്യവസ്ഥ അതിനു പകരം വച്ചെങ്കിലും, കേരളം പിന്നീട് കപട സദാചാരത്തിന്റെ പൊന്‍വാളുകള്‍ തൂക്കി നടന്നു. സ്ത്രീ, കേരളസമൂഹത്തില്‍ ഒരു ബ്ലാങ്ക് പേപ്പര്‍ ആയി മാറി. ഒഴിഞ്ഞതും ശൂന്യമായതും ആയ ഒന്ന്. എന്നാല്‍ ഉപയോഗത്തിന്റെ സാധ്യത കാണിക്കുന്ന ഒന്ന്. ആ സാധ്യതക്ക് പിന്നില്‍ തന്റെ ചൂണ്ടുവിരല്‍ വേണമെന്ന് ശഠിക്കുന്ന, അസമത്വവും അധിനിവേശവും പേറുന്ന ആണ്‍മനസ്സ്. ഗതകാലത്തിന്റെ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും ആണ് സാമൂഹ്യ കേരളം. യാഥാര്‍ത്യബോധത്തില്‍ അമരുമ്പോള്‍ അത്, എന്റെതും നിന്റെതുമാണ്; ഓണം, വിഷു...തുടങ്ങിയ ചില അടയാളവാക്യങ്ങള്‍ നാം അതില്‍ കരുതി വയ്ക്കുമെങ്കിലും. ഈ വാക്കുകള്‍, ഒരു വാക്യത്തില്‍ പ്രയോഗിക്കുക മാത്രം ചെയ്തുകൊണ്ട് നാം കുടിയേറി പാര്‍ക്കുന്നവന്റെ ചിതറിയ മനസുമായി, വിരുന്നുമേശക്കു ചുറ്റുമിരിക്കുന്നു.

is loading comments...