Volume : 3 | Issue: 10

ലേഖനം

നിതാഖത്തിനെ ആര്‍ക്കാണ് പേടി

അജി കുര്യാക്കോസ്

Nitaqat''ആര്‍ക്കാണിത്ര പേടി..? അവിടെ നമ്മുടെ ഇന്ത്യ ഗേറ്റ് അടച്ചു പൂട്ടിയിട്ടോന്നുമില്ലല്ലോ? പിന്നെ ഇവിടെ കഷ്ടപ്പെടുന്നത് പോലെ നാട്ടിലെത്തിയും ഒന്ന് മനസുവെച്ചാല്‍ മതി. ഒന്നുമില്ലെങ്കിലും സ്വന്തം കൂരയില്‍ അന്തിയുറങ്ങാമല്ലോ. കിട്ടുന്നത് പങ്കിടാന്‍ ഒരു സ്‌പോണ്‍സറും വരികയുമില്ല.'' - സൗദി അറേബ്യ സ്വദേശി വത്കരണം കര്‍ശനമാക്കുമെന്ന വാര്‍ത്തയോട് ഒരു മലയാളി പ്രവാസിയുടെ പ്രതികരണമാണിത്. 'നാട്ടില്‍ പോയി വല്ല മരച്ചീനി കൃഷിയും ചെയ്ത് ജീവിക്കു' മെന്ന് മറ്റൊരാള്‍. 'എന്തൊക്കെ ചെയ്താലും ഇതൊന്നും വിജയിക്കില്ല, കുറഞ്ഞ വേതനത്തില്‍ ഒരു സൗദിയും പണി എടുക്കാന്‍ പോണില്ലെ' ന്ന് ഇനിയൊരാള്‍ ശുഭാപ്തിവിശ്വാസിയാകുന്നു.

എന്തായാലും പ്രവാസികളെ സംബന്ധിച്ച് സൗദി സ്വദേശിവത്കരണം വീണ്ടും സജീവ വിഷയമാവുകയാണ്. തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിച്ച അനുപാതത്തില്‍ സ്വദേശികളെ നിയമിക്കാത്ത 'ചുവപ്പ്' വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 'റുക്‌സത്തുല്‍ അമല്‍' അഥവാ 'വര്‍ക് പെര്‍മിറ്റ്' നവംബര്‍ 26ന് ശേഷം പുതുക്കില്ല എന്ന് സൗദി തൊഴില്‍ മന്ത്രാലയ വക്താവ് ദൃഢമായ ഭാഷയില്‍ വ്യക്തമാക്കിയതോടെ പലരുടേയും നെഞ്ചില്‍ തീയാളി. എന്തൊക്കെയാണെങ്കിലും സൗദികള്‍ക്ക് നമ്മളെ പെട്ടെന്നങ്ങ് പറഞ്ഞുവിടാന്‍ കഴിയില്ലെന്ന പ്രത്യാശ ബാക്കിയായിരുന്നു. നമ്മള്‍ ചെയ്യുന്ന പണിയെല്ലാം ചെയ്യാന്‍ സൗദികളെക്കൊണ്ടാവില്ല എന്നായിരുന്നു സമാധാനിച്ചിരുന്നത്. പറഞ്ഞു പേടിപ്പിക്കുംപോലെ ഒന്നും സംഭവിക്കില്ലെന്നായിരുന്നു പലരുടേയും വിശ്വാസം. എന്നാല്‍ സൗദി അറേബ്യന്‍ അധികൃതരുടെ ഒടുവിലത്തെ നീക്കങ്ങള്‍ പ്രവാസികള്‍ക്ക് അത്ര ശുഭദായകമല്ലെന്നാണ് പ്രശ്‌നത്തെ കാര്യമായി വിലയിരുത്തുന്നവര്‍ പറയുന്നത്. സൗദിയുടെ വഴിയേ മറ്റ് ഗള്‍ഫ് രാജ്യങ്ങളും സ്വദേശി വത്കരണം കാര്യക്ഷമമാക്കുമോ എന്ന ആശങ്കയും ബാക്കിയാണ്.

നാട്ടില്‍ മാന്യമായ തൊഴിലവസരങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ തൊഴിലും ജീവിതവും തന്ന് മാടിവിളിച്ച മണലാരണ്യം ഇപ്പോള്‍ തങ്ങളെ തിരസ്‌കരിച്ചു തുടങ്ങുകയാണെന്ന തോന്നല്‍ ഓരോ പ്രവാസിയുടെ ഉള്ളിലുമുണ്ട്. ഉറ്റയവരേയും ഉടയവരേയും വിട്ട് കടല്‍ കടന്നത് ജീവിത പ്രാരാബ്ധങ്ങള്‍ പേറിയാണ്. തങ്ങളേക്കാളുപരി മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് വേണ്ടിയാണ് ഇവിടെ അത്യധ്വാനം ചെയ്യുന്നത്. തിരിച്ചുപോക്ക് ഒരിക്കലും സങ്കടമുള്ള കാര്യമല്ല. എന്നാല്‍ നാട്ടില്‍ച്ചെന്ന് എന്തുചെയ്യുമെന്നുള്ളതാണ് മിക്കവാറും എല്ലാവരുടേയും പ്രശ്‌നം. സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി പ്രഖ്യാപനങ്ങളൊന്നും പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ പര്യാപ്തമല്ല. വിദേശ തൊഴിലാളികളുടെ കടന്നുകയറ്റം സ്വദേശികളുടെ തൊഴില്‍ സംസ്‌കാരത്തെപ്പോലും മാറ്റിമറിക്കുന്നതായി കണ്ട് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സൗദി നിതാഖത്ത്' (സ്ഥാപനങ്ങളെ തരംതിരിക്കല്‍) പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിശ്ചിത അളവില്‍ സ്വദേശികളെ നിയമിക്കണമെന്നതാണ് പദ്ധതിയുടെ കാതല്‍. ഇത് പലവിധ മാനദണ്ഡങ്ങള്‍ പ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു. ചില മേഖലകളില്‍ സ്വദേശികള്‍ കൂടുതലായി വേണമെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ ചിലയിടങ്ങളില്‍ നന്നേ കുറഞ്ഞ ശതമാനം മതി.

'ചുവപ്പ്' കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വര്‍ക്‌പെര്‍മിറ്റ് നവംബര്‍ 26 (മുഹറം 1) ന് ശേഷം പുതുക്കി നല്‍കാതായതോടെ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്ക് തിരിച്ചുപോകേണ്ടിവരുമെന്നുറപ്പായി. വര്‍ക്‌പെര്‍മിറ്റ് പുതുക്കുന്നവര്‍ക്ക് മാത്രമേ 'ഇഖാമ' (റസിഡന്റ് പെര്‍മിറ്റ്) പുതുക്കി നല്‍കുകയുള്ളൂ. അതിനാല്‍ ഇത്തരം സ്ഥാപനത്തിലുള്ള മലയാളികളില്‍ പലരും 'ഫൈനല്‍ എക്‌സിറ്റി' ല്‍ നാട്ടിലേക്ക് തിരിക്കാന്‍ മാനസികമായി തയാറെടുത്തു കഴിഞ്ഞു. നിരവധി മലയാളി നഴ്‌സുമാര്‍ക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു. ചുവപ്പില്‍ നിന്ന് കരകയറാനായി വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാന്‍ പല കമ്പനികളും നടപടി തുടങ്ങിയിരുന്നു. പല സ്ഥാപനങ്ങളില്‍ നിന്നും മലയാളികളടക്കമുള്ളവര്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ചു. വിസ പുതുക്കാനാവാതെ ഇതിനകം ഒട്ടേറെ പേര്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങി. സൗദി അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നിലപാട് മാറ്റമുണ്ടായില്ലെങ്കില്‍ വന്‍ തോതില്‍ തിരിച്ചുപോക്കുണ്ടാകുമെന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് കിട്ടുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഒരു പുനരാലോചനക്ക് സൗദി തയ്യാറാവുമെന്ന് സൂചനയൊന്നുമില്ലതാനും. നിതാഖത്ത് വ്യവസ്ഥകള്‍ അട്ടിമറിക്കാനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ട് നീങ്ങുന്നത്.

കൂലി കഫീലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ 'ഫ്രീ വിസ' യില്‍ ജോലിയെടുക്കുന്നവരാണ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതായതോടെ എളുപ്പത്തില്‍ കെണിയില്‍പ്പെട്ടത്. ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്ന മിക്കവരും ഇത്തരം വിസയിലാണ്. ഈ വിഭാഗത്തില്‍ പെടുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് നിതാഖത്ത് വ്യവസ്ഥകള്‍ അനുസരിച്ച് സ്വദേശികളെ നിയമിക്കാനോ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനോ സാധ്യമാവില്ല എന്നതാണ് പ്രശ്‌നം. സ്വദേശിവത്കരണ തോതില്‍ ഏറ്റവും അപകടകരമായ നിലിയിലുള്ള 'ചുവപ്പ്' വിഭാഗത്തിന് ശേഷം 'മഞ്ഞ' കാറ്റഗറിയാണ്. ആവശ്യമായത്ര സൗദികളെ നിയമിക്കാന്‍ ഈ വിഭാഗത്തിന് 2012 ഫെബ്രുവരി 23 വരെ സാവകാശം നല്‍കിയിട്ടുണ്ട്. അതിനുശേഷം ഈ ഗണത്തില്‍പ്പെടുന്നവരുടേയും വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കില്ല. പിന്നീടുള്ളത് പച്ച, എക്‌സലന്റ് വിഭാഗങ്ങളാണ്. ഇവയിലെ തൊഴിലാളികള്‍ക്ക് തല്‍ക്കാലം പ്രശ്‌നമില്ല.

ചുവപ്പ്, മഞ്ഞ - സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഷിപ്പ് മാറ്റാന്‍ സ്‌പോണ്‍സറുടെ അനുമതി വേണമെന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. സ്‌പോണ്‍സറുടെ അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നാണ് മന്ത്രാലയം പിന്നീട് പ്രഖ്യാപിച്ചത്. ഇതിനാല്‍ തിരിച്ചുപോക്ക് ഒഴിവാക്കുന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാവില്ല. 'നിതാഖത്തി'ന് പുറമേ 'ശേഷി' എന്നര്‍ത്ഥമുള്ള 'ത്വാഖാത്ത്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയും സൗദി നടപ്പാക്കാനൊരുങ്ങുകയാണ്. സ്വദേശികളുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ഉറപ്പാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൗരന്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് ഏതൊരു രാജ്യത്തിന്റേയും പ്രാഥമിക കര്‍ത്തവ്യമാണ്. സ്വദേശികള്‍ക്ക് തൊഴിലെടുക്കാനുള്ള പ്രാപ്തിയുണ്ടാക്കുകയും അതുവഴി ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് സൗദി ഭരണാധികാരികള്‍ ചൂണ്ടിക്കാണിക്കുന്നു. തിരിച്ചെത്തുന്ന സ്വന്തം പൗരന്‍മാരുടെ പ്രശ്‌നങ്ങളെ നമ്മുടെ രാജ്യവും വേണ്ടവിധത്തില്‍ അഭിമുഖീകരിക്കുകയെന്നത് മാത്രമാണ് ഈ വിഷയത്തില്‍ ശാശ്വതമായ പോംവഴി.


is loading comments...