Volume : 3 | Issue: 10

ലേഖനം

എന്താണ് നിതാഖത്ത്

ജി.എന്‍.എന്‍.

നിതാഖത്ത് നിയമം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ഒരുപാട് പ്രവാസികളില്‍ നിതാഖത്തിനെക്കുറിച്ചുള്ള അജ്ഞതയും ആശങ്കയും ഇപ്പോഴും ഉണ്ട്. നിയമത്തെക്കുറിച്ചുള്ള ശരിയായ അറിവ് ആണ് ആദ്യമുണ്ടാവേണ്ടത്. സൗദി അറേബ്യയിലെ തൊഴില്‍മേഖലയില്‍ സ്വദേശിവത്ക്കരണം ഊര്‍ജ്ജിതമാക്കാനായി അവിടത്തെ തൊഴില്‍മന്ത്രാലയം കൊണ്ടുവന്ന നിയമമാണ് നിതാഖത്ത് അഥവാ തരംതിരിക്കല്‍. സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളിലെ സ്വദേശിവത്ക്കരണത്തിന്റെ തോതനുസരിച്ച് അവയെ തരംതിരിക്കുകയാണ് നിതാഖത്തിലൂടെ ചെയ്യുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച പരിഗണനയും സ്വദേശിവത്ക്കരണത്തില്‍ ഒട്ടും മുന്നേറാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീതായി ചില നിയന്ത്രണങ്ങളുമാണ് ഈ നിയമം കൊണ്ടുവരുന്നത്.

ഈ നിയമമനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളെ പ്രധാനമായും നാലു വിഭാഗങ്ങളായാണ് തരംതിരിക്കുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, വെള്ള (എക്‌സലന്റ്) എന്നിങ്ങനെയാണ് ഇത്. സ്വദേശിവത്ക്കരണ തോത് ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങളാണ് ചുവപ്പ് കാറ്റഗറിയില്‍പ്പെടുന്നത്. ഇവയ്‌ക്കെതിരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ തന്നെ കൊണ്ടുവരും. ചുവപ്പുമേഖലയിലുള്ള തൊഴില്‍ സ്ഥാപനങ്ങളെക്കാള്‍ കുറച്ചുകൂടി സ്വദേശിവത്ക്കരണം നടത്തിയ സ്ഥാപനങ്ങളാണ് മഞ്ഞ വിഭാഗത്തില്‍പ്പെടുന്നത്. എന്നാല്‍ ഇതും തീര്‍ത്തും അപകടരഹിതമേഖലയല്ല. പച്ച, വെള്ള വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ തീര്‍ത്തും മെച്ചപ്പെട്ട നിലയിലാണ്. സ്വദേശിവത്ക്കരണം ആവശ്യമായ രീതിയില്‍ നടത്തിയ സ്ഥാപനങ്ങളാണ് പച്ച വിഭാഗത്തില്‍പ്പെടുന്നത്. ഊര്‍ജ്ജിതമായി സ്വദേശിവത്ക്കരണം നടത്തി ഏറ്റവും കൂടുതല്‍ മികവ് കാണിക്കുന്ന സ്ഥാപനങ്ങളാണ് വെള്ള അഥവാ എക്‌സലന്റ് വിഭാഗത്തില്‍പ്പെടുന്നത്.

നിതാഖത്ത് നിയമത്തില്‍ തൊഴില്‍മേഖലയെ തൊഴിലാളികളുടെ എണ്ണമടക്കം വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തരംതിരിക്കുന്നത്. ഇങ്ങനെ 41 വിഭാഗങ്ങളാണ് പട്ടികയിലുള്ളത്. തൊഴിലാളികളുടെ എണ്ണം കണക്കിലെടുത്ത് തരംതിരിക്കുമ്പോള്‍ അഞ്ച് വിഭാഗങ്ങളിലാണ് സ്‌പോണ്‍സര്‍മാരെ ഏര്‍പ്പെടുത്തുന്നത്. പത്തില്‍താഴെ, പത്തുമുതല്‍ 49 വരെ, 50- 499, 500- 2999, 3000 ന് മുകളില്‍ എന്നിങ്ങനെയാണവ. പത്തില്‍ കുറഞ്ഞ എണ്ണം തൊഴിലാളികളുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് നിതാഖത്തിന്റെ നിയമങ്ങള്‍ ബാധകമല്ല. നിതാഖത്ത് നിലവില്‍വരുന്നതിന് മുമ്പ് സൗദിയില്‍ തൊഴില്‍സ്ഥാപനങ്ങളെ 11 വിഭാഗമായിട്ടായിരുന്നു തരംതിരിച്ചിരുന്നത്. ആ സമയത്ത് 30 ശതമാനം സ്വദേശിവത്ക്കരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പുതിയ നിയമമനുസരിച്ച് സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും അവയുടെ ഉദ്പാദനശേഷിയും വിലയിരുത്തിയാണ് എത്രത്തോളം സ്വദേശിവത്ക്കരണം ഈ സ്ഥാപനങ്ങളില്‍ സാധിക്കുമെന്ന് കണക്കാക്കുന്നത്. ഇതനുസരിച്ചാണ് തരംതിരിക്കലും നടത്തിയിരിക്കുന്നത്.

സ്ഥാപനങ്ങളുടെ വലുപ്പവും ഇവിടെ പ്രധാന മാനദണ്ഡമാണ്. വലിപ്പമനുസരിച്ച് അഞ്ച് വിഭാഗങ്ങളാണുള്ളത്. ബൃഹത്, വന്‍കിട, ഇടത്തരം, ചെറുകിട, വളരെ ചെറുത് എന്നിങ്ങനെയാണ് ഇവിടെയുളള വേര്‍തിരിക്കല്‍. നിതാഖത്തില്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണവും സ്ഥാനങ്ങളുടെ വലുപ്പവും കണക്കാക്കിയാണ് ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നിങ്ങനെ തരംതിരിക്കുന്നത്. ഉദാഹരണത്തിന് 50ല്‍ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിന് നിഷ്‌കര്‍ഷിക്കുന്ന സ്വദേശിവത്ക്കരണത്തോത് പത്ത് ശതമാനമാണ്. അഞ്ച് ശതമാനത്തിന് മുകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കിയാല്‍ ഇത്തരം സ്ഥാപനങ്ങള്‍ പച്ച കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. സ്വദേശി തൊഴിലാളികള്‍ നാല് ശതമാനത്തിലും താഴെയാവുമ്പോഴാണ് ഈ ചെറിയ സ്ഥാപനങ്ങള്‍ ചുവപ്പ് മേഖലയില്‍പ്പെടുന്നത്. 4നും 5നും ഉടയ്ക്കാണ് സ്വദേശിവത്ക്കരണത്തോതെങ്കില്‍ മഞ്ഞ കാറ്റഗറിയില്‍പ്പെടുന്നു. പച്ച വിഭാഗത്തില്‍തന്നെ സാധ്യമാവുന്നതില്‍ ഏറ്റവും കൂടുതല്‍ ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ വെള്ള വിഭാഗത്തില്‍ ആയിരിക്കും. നിതാഖത്ത് നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് മാസം വളരെ നിര്‍ണ്ണായകമാണ്.

ചുവപ്പ് വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍
നാലുശതമാനം പോലും സ്വദേശിവത്ക്കരണം നടത്താത്ത ഇത്തരം സ്ഥാപനങ്ങള്‍ പല നിബന്ധനകള്‍ക്കും വിധേയമാകും. പല സര്‍ക്കാര്‍ സേവനങ്ങളും ഇവയ്ക്ക് നിഷേധിക്കപ്പെടും. തൊഴിലാളികളുടെ പ്രഫഷന്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എന്നിവ നിഷേധിക്കപ്പെടും. പുതുതായി വിസ ഏത് ഗണത്തില്‍പ്പെടുന്നതായാലും അത് ഇഷ്യു ചെയ്യുകയുമില്ല. പുതിയ തൊഴില്‍ സ്ഥാപനമോ ശാഖകളോ തുടങ്ങാനുള്ള അനുവാദവും ഈ കമ്പനികള്‍ക്ക് ലഭിക്കുകയില്ല. ഇഖാമയുടെ കാലാവധി വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന ദിവസം മുതല്‍ മൂന്നു മാസത്തിലേറെ ഉണ്ടാകരുത് എന്ന നിബന്ധനയോടെ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. എന്നാല്‍ ജൂണ്‍ 10 മുതല്‍ നവംബര്‍ 26 വരെയേ ഇതനുവദനീയമാവൂ. നവംബര്‍ 26 മുതല്‍ തൊഴിലാളിയുടെ വര്‍ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല.

മഞ്ഞ വിഭാഗം
സെപ്തംബര്‍ 10 മുതല്‍ മഞ്ഞ വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന പുതിയ വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. രണ്ട് തൊഴിലാളികള്‍ ഫൈനല്‍ എക്‌സിറ്റ് വിസയില്‍ രാജ്യം വിടുമ്പോള്‍ പുതുതായി ഒരു വിസ മാത്രമേ അനുവദിക്കൂ. അതും ആദ്യത്തെ തൊഴിലാളി രാജ്യം വിട്ട് ഒരുവര്‍ഷത്തിനുള്ളില്‍ പകരം വിസയ്ക്ക് അപേക്ഷിക്കണമെന്ന നിബന്ധനയോടെ മാത്രം. മഞ്ഞ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കില്ല. മാത്രമല്ല തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റവും നിഷേധിക്കും. എന്നാല്‍ ജൂണ്‍ 11 മുതല്‍ ഫെബ്രുവരി 22 വരെ തൊഴിലാളികള്‍ക്ക് അവര്‍ രാജ്യത്ത് താമസിച്ച കാലാവധി പരിഗണിക്കാതെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. ഇഖാമ അവസാനിക്കാനുള്ള കാലാവധി വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന ദിവസം മുതല്‍ മൂന്നു മാസത്തില്‍ കവിയരുതെന്നു മാത്രം. മഞ്ഞ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങളിലുള്ള, സൗദിയില്‍ മൊത്തം ആറുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് ഫെബ്രുവരി 23 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല. മുഹറം ഒന്നു മുതല്‍ കമ്പനിക്ക് ജോലിയെടുക്കുന്ന തൊഴിലാളികളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകും.

പച്ച വിഭാഗം
സ്വദേശിവത്ക്കരണം തൃപ്തികരമാം വിധം നടപ്പിലാക്കിയ സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. വിസ ലഭിച്ച ശേഷം സ്ഥാപനം പച്ച വിഭാഗത്തിലുള്‍പ്പെടാനുള്ള മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിക്കില്ലെന്ന ഉറപ്പില്‍ കമ്പനികളുടെ വിസാ അപേക്ഷകള്‍ സ്വീകരിക്കും. ഇതിനായി രണ്ട് മാസത്തിലൊരിക്കല്‍ അപേക്ഷകള്‍ സ്വീകരിക്കും. ഫൈനല്‍ എക്‌സിറ്റ് വിസയില്‍ രാജ്യം വിട്ടുപോകുന്ന രണ്ട് തൊഴിലാളികള്‍ക്ക് പകരമായി ഒരു വിസ പുതുതായി അനുവദിക്കും. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രഫഷന്‍ മാറ്റത്തിന് അനുവാദമുണ്ട്. പച്ച കാറ്റഗറി സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാറിനുള്ള സക്കാത്ത് വരുമാന ബാധ്യതാസര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി കഴിഞ്ഞാലും ആറുമാസം കൂടി അനുവദിക്കും. സ്വദേശികള്‍ക്കു മാത്രം നീക്കിവെച്ച തസ്തികകളല്ലാതെ മറ്റ് സ്ഥാനങ്ങളിലേക്ക് തൊഴിലാളികള്‍ക്ക് മാറാം. ജൂണ്‍ 11 മുതല്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അവര്‍ രാജ്യത്ത് താമസിച്ച കാലഗണന പരിഗണിക്കാതെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. നവംബര്‍ 26 മുതല്‍ ചുവപ്പ,് മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളില്‍നിന്ന് മാറാന്‍ താല്‍പര്യമുള്ള തൊഴിലാളികളുമായി, തൊഴിലാളികളുടെ നിലവിലെ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ പച്ച കാറ്റഗറി കമ്പനികള്‍ക്ക് തൊഴില്‍ കരാര്‍ ഉണ്ടാക്കാം.

എക്‌സലന്റ് വിഭാഗം
എറ്റവും കുടുതല്‍ സ്വദേശിവത്ക്കരണം നടത്തിയ സ്ഥാപനങ്ങളാണ് എക്‌സലന്റ് വിഭാഗത്തില്‍ പ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പച്ച വിഭാഗത്തിലെ കമ്പനികള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവും. കൂടാതെ സെപ്തംബര്‍ 10 മുതല്‍ ഓണ്‍ലൈന്‍ വഴി ഏത് പ്രഫഷനുകളിലേക്കുമുള്ള പുതിയ വിസകള്‍ അനുവദിക്കും. വിസ ലഭിച്ചശേഷവും എക്‌സലന്റ് ഗണത്തില്‍ തുടരണമെന്നു മാത്രം. വിദേശ തൊഴിലാളികളുടെ എണ്ണം നിശ്ചിത അനുപാതം കവിയാന്‍ പാടില്ല. എക്‌സലന്റ് വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്വദേശിവത്കൃത പ്രഫഷനുകളടക്കമുള്ള തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറ്റം അനുവദിക്കും. എന്നാല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവര്‍, റിസപ്ഷനിസ്റ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ ഓഡിറ്റു ചെയ്യുന്നവര്‍, ട്രസ്റ്റികള്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയ പ്രഫഷനുകളിലേക്ക് വിസകള്‍ അനുവദിക്കില്ല. നിലവിലെ സ്‌പോണ്‍സര്‍ഷിപ്പില്‍ രണ്ട് വര്‍ഷം തികയണമെന്ന നിബന്ധനയില്ലാതെ തന്നെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പും പ്രഫഷനുകളും മാറ്റാം. രണ്ട് മാസത്തില്‍ ഒരിക്കലേ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള അപേക്ഷ സ്വീകരിക്കൂ. സര്‍ക്കാര്‍ തലബാധ്യതകളുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെയും സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ തുടര്‍ന്നും അനുവദിക്കും.

ഈ സമയപരിധിക്കുള്ളില്‍ നിഷ്‌കര്‍ഷിച്ചത്ര സ്വദേശികളെ ഉള്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ ചുവപ്പ് പട്ടികയില്‍പ്പെടും. ചുവപ്പ് പട്ടികയില്‍പ്പെടുന്നവര്‍ക്ക് ഹിജ്‌റ വര്‍ഷം ഒന്നുമുതലും മഞ്ഞ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് റബിഉല്‍ ആഖിര്‍ ഒന്ന് (ഫെബ്രുവരി 23) മുതലും ഇഖാമ പുതുക്കുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടും. എന്നാല്‍ സൗദിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിന് താഴെ മാത്രമായവര്‍ക്ക് ഈ നിയമത്തില്‍ ഇളവുകളുണ്ട്. വ്യോമഗതാഗതം, ബാങ്ക്, വിനോദസഞ്ചാരം, ടെലികമ്യൂണിക്കേഷന്‍, പെട്രോകെമിക്കല്‍, വാര്‍ത്താ മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ നിതാഖത്തനുസരിച്ച് തരംതിരിക്കപ്പെടുന്നു. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ നിതാഖത്ത് അവസ്ഥ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അറിയാന്‍ സൗകര്യമുണ്ട്.





is loading comments...