Volume : 3 | Issue: 10

ലേഖനം

അമ്പതു വര്‍ഷം പിന്നിട്ട ഗന്ധര്‍വസ്വരം

സി കരുണാകരന്‍

Yesudas _ Malayalam _Singer'ഏറ്റവും അറിയപ്പെടുന്ന മലയാളി ആര്' എന്ന് ഏതെങ്കിലും മലയാളിയോട് ചോദിച്ചുവെന്നിരിക്കട്ടെ. ആദ്യം കിട്ടുന്ന മറുപടി 'യേശുദാസ്' എന്നായിരിക്കും. ആ പേര് മലയാളി കേട്ടുതുടങ്ങിയിട്ട് അമ്പതുവര്‍ഷം പിന്നിടുകയാണ്. റേഡിയോ പ്രക്ഷേപണം ആരംഭിച്ചതോടുകൂടിയാണ് മലയാളത്തില്‍ ലളിത സംഗീതശാഖകള്‍ ജനകീയമാവുന്നത്. നാടന്‍ കലകളുടെ അകമ്പടി ഗാനങ്ങളും നാടോടിപ്പാട്ടുകളുമെല്ലാം നമ്മുടെ ജനകീയ സംഗീതമായിരുന്നു. നാടകവേദികള്‍ പുഷ്‌കലമായ കാലത്ത് സ്റ്റേജിലെ പാട്ടുകളും ആളുകളെ ആകര്‍ഷിച്ചുതുടങ്ങി. അവിടെ ഒതുങ്ങി നമ്മുടെ ജനകീയ സംഗീതം. ശാസ്ത്രീയസംഗീതാമവട്ടെ ഒരു വരേണ്യവര്‍ഗത്തിന്റെ അകത്തളങ്ങളിലെ പൊങ്ങച്ചമായിരുന്നു അക്കാലത്ത്. ഇവിടെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ സിനിമയും റേഡിയോ പ്രക്ഷേപണങ്ങളുമെല്ലാം വരുന്നത്. ആദ്യകാല മലയാള സിനിമാ പാട്ടുകളാവട്ടെ അക്കാലത്തെ ഹിറ്റായ തമിഴ്-ഹിന്ദി സിനിമകളുടെ താളത്തിനും ഈണത്തിനുമൊപ്പിച്ച് കെട്ടിക്കൂട്ടിയതായിരുന്നു. 1954 ല്‍ നീലക്കുയിലിലൂടെ പി ഭാസ്‌കരനും കെ രാഘവനും ആദ്യമായി മലയാളച്ചന്തമുള്ള പാട്ടുകളുമായി എത്തി. മലയാളം സിനിമാഗാനങ്ങളുടെ യഥാര്‍ഥമായ പിറവി അവിടെയാണ്.

യേശുദാസിലൂടെ പാട്ടിലെ ഏറ്റവും സുന്ദരമായ പുരുഷ ശബ്ദം കേട്ടുതുടങ്ങാന്‍ പിന്നെയും ആറേഴുവര്‍ഷമെടുത്തു. 1961 നവംബര്‍ 14 നാണ് യേശുദാസ് എന്ന ഫോര്‍ട്ട് കൊച്ചിക്കാരന്‍ പയ്യന്‍ പാടാനായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് കയറിവരുന്നത്. കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ശ്രീനാരായണ ഗുരുവിന്റെ ശ്ലോകമായിരുന്നു തുടക്കം. മാസങ്ങള്‍ക്കുമുമ്പ് സിനിമയില്‍ പാടാന്‍ അവസരം തേടി മദിരാശിയിലെത്തിയതാണ് യേശുദാസ്. തിരിച്ചുപോവാന്‍ മനസ്സു വരാത്തതുകൊണ്ട് കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ കഴിച്ചുകൂട്ടി. കാല്‍പ്പാടുകളില്‍ അവസരം കിട്ടിയപ്പോഴാവട്ടെ പനി പിടിച്ച് വല്ലാത്ത അവസ്ഥയിലുമായി. എങ്കിലും അത് വകവെയ്ക്കാതെയാണ് സ്റ്റുഡിയോയിലെത്തിയത്. രാമന്‍ നമ്പിയത്ത് എന്നയാളായിരുന്നു നിര്‍മാതാവ്. എം ബി ശ്രീനിവാസനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിനിമാലോകം കാത്തുനില്‍ക്കുന്ന ഒരു ശബ്ദമാധുര്യം എം ബി എസ് തിരിച്ചറിഞ്ഞു. പനി പിടിച്ചു വയ്യാത്ത പയ്യെനകൊണ്ട് പാടിക്കണമോ എന്ന പലരും ചോദിച്ചു. പക്ഷെ എം ബി എസും രാമന്‍നമ്പിയത്തും യോശുദാസിനെകൊണ്ടു തന്നെ പാടിക്കണമെന്നായി. അവരുടെ ഉറച്ച മനസ്സാണ് യേശുദാസിന്റെ ഗന്ധര്‍വസ്വരത്തെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്. ''മൂന്നു സ്ഥായികളിലും ഒരേ മികവോടെ പാടാന്‍ കഴിയുന്ന ഈ ഗായനകനുണ്ടെങ്കില്‍ നമുക്കൊരുക്കലും ബുദ്ധിമുട്ടേണ്ടിവരില്ല''. എന്ന് അന്നേ എം ബി എസ് പറഞ്ഞുവെച്ചു. ആ നാക്ക് പൊന്നായി. മലയാളം പിന്നെ യേശുദാസിനെ കൈവിട്ടില്ല.

വയലാര്‍, പി ഭാസ്‌കരന്‍, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ കവിതയൂറുന്ന വരികളും വി ദക്ഷിണാമൂര്‍ത്തി, ജി ദേവരാജന്‍, കെ രാഘവന്‍, എം എസ് ബാബുരാജ് തുടങ്ങിയവരുടെ ഇമ്പമാര്‍ന്ന ഈണങ്ങളും മലയാള സിനിമാഗാനശാഖയെ പുഷ്‌കലമാക്കിയ കാലമായിരുന്നു പിന്നീടു കണ്ടത്. യേശുദാസിന്റെ മധുരമൂറുന്ന ശബ്ദത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു ശബ്ദം അന്നു തൊട്ടിന്നുവരെ കണ്ടെത്തിയില്ല. സിനിമാഗാനങ്ങള്‍ക്കൊപ്പം യേശുദാസ് പാടിയ ഭക്തിഗാനങ്ങള്‍ക്കും ലളിതഗാനങ്ങള്‍ക്കും കണക്കില്ല. പുരുഷ ശബ്ദത്തിന്റെ സൗന്ദര്യമായി യേശുദാസ്. ആരാധകര്‍ ആ ഗായകനെ ഗന്ധര്‍വനെന്ന് വാഴ്ത്തി. അത് അതിശയോക്തിയല്ല. പാടാനായി ഭൂമിയില്‍ അവതരിച്ച ഗന്ധര്‍വന്‍ തന്നെയായിരുന്നു ആ ഗായകന്‍. ഭാവദീപ്തിയും ഉച്ചാരണശുദ്ധിയും എന്നല്ല പാട്ടുകാരനും വേണ്ട സര്‍വഗുണങ്ങളും ആ ശബ്ദത്തിനുണ്ട്. തന്നിലെ പാട്ടുകാരനെ സ്വയം വളര്‍ത്താന്‍ വേണ്ട ചിട്ടകള്‍ യേശുദാസ് ശീലിച്ചു. ഭക്ഷണത്തിലും പാനീയത്തിലുമെല്ലാം. കലാകാരന്‍മാരുടെ കൂടപ്പിറപ്പുകളെന്ന് ദുഷ്‌പേരുള്ള ഒന്നിനെയും കൂടെക്കൂട്ടിയതുല്ല. ഉപജാപകരെയും അദ്ദേഹം വളര്‍ത്തിയില്ല. പാട്ടുകേള്‍ക്കുന്നവര്‍ക്ക് യേശുദാസിനെ വേണം. അവര്‍ക്ക് ആ ശബ്ദം കേള്‍ക്കണം. അതുകൊണ്ട് പ്രായം എഴുപത് പിന്നിട്ടിട്ടും യേശുദാസ് ഇന്നും തിളങ്ങുന്ന നക്ഷത്രമായിത്തന്നെ ശോഭിക്കുന്നു.

എത്രയെത്ര ഗാനങ്ങള്‍. പ്രണയവിവശനായ പാടുന്ന അതേ ഗായകന്റെ വിഷാദാര്‍ദ്രഗാനങ്ങളും നാം ഏറ്റുവാങ്ങി. ആഹ്ലാദവും മോഹവും മോഹഭംഗങ്ങളും പ്രത്യാശകളും ഭക്തിയും തുടങ്ങി മനുഷ്യന്റെ വികാരവിചാരങ്ങളത്രയും ഭാവസാന്ദ്രമായി ആ കണ്ഠങ്ങളില്‍ നിന്ന് സംഗീതമായി ഇപ്പോഴും ഒഴുകുന്നു.

''അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം..'' എന്നു കള്‍ക്കുമ്പോള്‍ പണ്ട് അനുരാഗത്തിന്റെ കരിക്കിന്‍വെള്ളം നുകര്‍ന്നതിന്റെ സുഖം വീണ്ടും അനുഭവിപ്പിക്കുന്നത് ആ ശബ്ദത്തിലെ സ്വരമാധുരിയാണ്. ''..മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം..'' -കാമുകഹൃദയങ്ങള്‍ അനുഭവിച്ച വിങ്ങലാണിവിടെ യേശുദാസ് മന്ത്രമായി പാടിയത്. ''അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല''. എന്ന് യേശുദാസ് ശൃംഖാരലോലനായി പാടുമ്പോള്‍ അതില്‍ പറയുമ്പോലെ എട്ടും പൊട്ടും തിരിയാത്ത ഒരു പാവാടക്കാരിയെ കണ്‍മുന്നില്‍ നാം കാണുന്നു. ശ്രോതാവിന്റെ മനസ്സുമായി അഗാധമായി ബന്ധപ്പെടാന്‍ കഴിയുന്ന ശബ്ദസവിശേഷയുണ്ട് ആ ഗായകന്. മൗലികമായി സിദ്ധിയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണത്. സംഗീതോപകരണങ്ങള്‍ മാത്രമല്ല പാടുന്നയാളുടെ ശബ്ദവും ശ്രോതാവിന്റെ മനസ്സില്‍ മൂഡ് സൃഷ്ടിക്കുന്നു എന്നത് യേശുദാസിന്റെ എല്ലാ പാട്ടുകള്‍ക്കുമുള്ള പ്രത്യേകതയാണ്. ''ആയിരം കാതമകലെയാണെങ്കിലും..'' എന്ന് ആ പാട്ടുകാരന്‍ പാടുമ്പോള്‍ അവിടെ ആയിരം കാതങ്ങള്‍ക്കുമുപ്പുറത്തേക്ക് വിശ്വാസിയുടെ പ്രതീക്ഷകള്‍ ചെന്നെത്തുന്നു. ''കരകാണാക്കടലലമേലെ മോഹപ്പൂങ്കുരുവി പറന്നേ..'' എന്ന് ആഹ്ലാദചിത്തനായി പാടുന്നത് കേള്‍ക്കുമ്പോഴാവട്ടെ നമ്മുടെ മോഹങ്ങളും കരകാണാകടലിനുമപ്പുറേത്തേക്ക് പറന്നുപോകുന്നുണ്ട്.

''ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം..'' എന്ന പാട്ടു കേള്‍ക്കുന്ന ഏതു ഭക്തന്റെയും മനസ്സ് ആ ശബ്ദഭംഗിയില്‍ ലയിച്ച് ഗുരുവായൂരപ്പനെ ഒന്നു കാണാന്‍ മോഹിച്ചുപോകും. കവിതയൂറുന്ന പാട്ടുകളുടെ ആലാപനത്തിലും സൂക്ഷമഭാവം ഉള്‍ക്കൊണ്ടുപാടാന്‍ യേശുദാസിന് കഴിയുന്നു. ''പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ..'' എന്ന് കേള്‍ക്കുമ്പോള്‍ ഓരോ ആസ്വാദകനിലും കവിത്വം ഉണരുന്നുണ്ട്. യേശുദാസ് പാടിയ അസംഖ്യം ഗാനങ്ങലില്‍ ചിലതും മാത്രമാണിത്. ആ പാട്ടകള്‍ പാടിയാല്‍ തീരില്ല, അതേ കുറിച്ച് പറഞ്ഞാലും അവസാനമില്ല. യേശുദാസിന്റെ ശബ്ദം കേട്ടാണ് മലയാളി പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതെന്ന് പറഞ്ഞാല്‍ വാസ്തവം. ഈ ഗായകന്റെ ശബ്ദം കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിലില്ല. ഒരു ഭാഷ സംസാരിക്കുന്നവരുടെ നാട്ടില്‍ പാട്ടിന്റെ പര്യായമായി അറിയപ്പെടാന്‍ കഴിഞ്ഞ അനുഗ്രഹീതഗായകനാണ് യേശുദാസ്. പക്ഷെ എല്ലാം സര്‍വേശ്വരന്റെ അനുഗ്രഹം എന്ന് യേശുദാസ് വിനയാന്വിതനായി പറയും. ആ വിനയം തന്നെയാണ് ആ ഗായകന്റെ മഹത്വം. സ്വരമാധുര്യത്തിന്റെ പര്യായമാണ് മലയാളിക്ക് യേശുദാസ്. സ്വകാര്യമായ ഒരു അഹങ്കാരം കൂടിയാണ് മലയാളികള്‍ക്ക് എന്നും ആ ഗായകന്‍. ആ പേട്ടുകേട്ടുതുടങ്ങിയിട്ട് അമ്പതുവര്‍ഷം പിന്നുടുമ്പോള്‍ ഇനിയുമൊരുപാട് കാലം ആ ശബ്ദമാധുര്യം മാറ്റ് കുറയാതെ നിലനില്‍ക്കണേ എന്ന പ്രാര്‍ഥിക്കുകയാവണം ഒരോ മലയാളിയും.is loading comments...