Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

പുതിയ വര്‍ഷം; പുതിയ പ്രതീക്ഷകള്‍, ഉയരങ്ങള്‍
ഏ കെ മുരളീധരന്‍

വികസിത രാജ്യങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രത്തലവന്‍മാര്‍ സന്ദര്‍ശിക്കുകയും വികസനത്തിന്റെ ചാലകശക്തിയാകാന്‍ കരുത്തുള്ള കരാറുകളില്‍ ധാരണയാകുകയും ചെയ്ത വര്‍ഷം എന്നാവും രണ്ടായിരത്തിപ്പത്തിന് സാമ്പത്തിക രംഗത്തെ മികച്ച വിശേഷണം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ അന്തപുരകഥകള്‍ മറനീക്കി പുറത്തുവന്ന വര്‍ഷം കൂടിയാണ് കലണ്ടര്‍താളുകളിലൂടെ പോയ്മറഞ്ഞത്. അഴിമതിക്കും വിടുപണിക്കും കൂട്ടുനില്‍ക്കുന്നവരെന്ന് അങ്ങിനെ പ്രത്യേകിച്ച് ആരേയും മുദ്രകുത്തി മാറ്റിനിര്‍ത്തേണ്ടതില്ലെന്നും ആര്‍ക്കും അതാകാമെന്നും പോയവര്‍ഷം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. വ്യക്തിഹത്യകള്‍ക്കും ആരോപണ പ്രത്യാരോപണ തേജോവധങ്ങള്‍ക്കും അഴിമതിക്കും ഒരു കുറവും രാഷ്ട്രീയത്തിന്റെ ഗ്രാഫില്‍ ഉണ്ടായില്ല. നിനക്കോ ജയം എനിക്കോ ജയം എന്ന നിലയില്‍ ഭരണകക്ഷിയും പ്രതിപക്ഷവും മത്സരിക്കുമ്പോള്‍ നികുതിപ്പണത്തില്‍ നിന്നും നൂറുകോടിയിലധികം ചെലവാക്കി സമ്മേളിച്ച പാര്‍ലമെന്റ് ശീതകാലസമ്മേളനം ചുക്കും ചുണ്ണാമ്പും രേഖപ്പെടുത്താനാകാതെ പിരിഞ്ഞു. ബാബറി മസ്ജിദ് വിധിന്യായം കേട്ട് ചിലയിടങ്ങളില്‍ സംശയത്തിന്റെ നെറ്റികള്‍ ചുളിഞ്ഞിരുന്നു. സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാര്‍ പരസ്യമായി നടത്തിയ വാഗ്വാദങ്ങള്‍ ജൂഡീഷ്യറിയുടെ തളര്‍ച്ച കൂട്ടി.

അഴിമതിയുടെയും ബ്യൂറോക്രസിയുടെ പിടിപ്പുകേടിന്റെയും പേരില്‍ ശ്രദ്ധയാകാര്‍ഷിക്കുകയും പിന്നീട് പണി നേരാംവണ്ണം ചെയ്തത് വഴി ചെറുതല്ലാത്ത പ്രശംസ നേടിത്തരികയും ചെയ്ത ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസും അതില്‍ നടത്തിയ സ്വപ്നതുല്യമായ പ്രകടനവും കായികപ്രേമികള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. സൈന നേവാളും സോംദേവ് വര്‍മ്മന്‍ വലിയ യാത്രകള്‍ക്കുള്ള പ്രതീക്ഷകള്‍ സജീമാക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത് ഏറെനാള്‍ പൂര്‍ത്തിയാക്കുകയാണ്. ഒന്നരപ്പതിറ്റാണ്ടിനുശേഷം ഉപഭൂഖണ്ഡത്തിലേക്ക് വിരുന്നെത്തുന്ന ക്രിക്കറ്റ് ലോകകപ്പിനെ ഇന്ത്യ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രതിവര്‍ഷം ഇരുപത് കോടി തന്നാലും ലഹരിവസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന ഉറച്ച നിലപാടിലൂടെ പണത്തിനുമീതെ പറക്കാത്ത പരുന്തകളും ഉണ്ടെന്ന് ഓര്‍മിപ്പിക്കുന്നു സച്ചിന്‍ തെണ്ടുല്‍ക്കറെന്ന ക്രിക്കറ്റര്‍. ദീപസ്തംഭം മഹാശ്ചര്യം എന്നു പാടി ശീലിക്കുന്ന നാട്ടില്‍, അമ്പത് ടെസ്റ്റ് സെഞ്ചുറികള്‍ കൊണ്ട് മാത്രമല്ല, ഇത്തം നിലപാടുകളിലൂടെ കൂടിയാണ് ഈ കളിക്കാരന്‍ ചിലര്‍ക്കെങ്കിലും വിഗ്രഹമാകുന്നത്.

പ്രവാസികളുടെ ചിരകാല സ്വപ്നമായ വോട്ടവകാശം പുതിയ വര്‍ഷത്തില്‍ സാധ്യമാകുമെന്ന വാര്‍ത്തകള്‍
നല്‍കുന്ന സന്തോഷം ചെറുതല്ല. ജനുവരി മുതല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനാവുമെന്ന് കേന്ദ്ര നിയമമന്ത്രി എം. വീരപ്പ മൊയ്‌ലി അറിയിച്ചിരുന്നെങ്കിലും ആസന്നമായ കേരള നിയമസഭാതെരഞ്ഞെടുപ്പില്‍ ഇത് സാധ്യമാകാനിടയില്ല. പ്രവാസി വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത് സങ്കീര്‍ണമെന്നും കാലതാമസം നേരിടാനിടയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ. ഖുറേഷി പ്രസ്താവിച്ചതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാമെന്ന പ്രതീക്ഷ മങ്ങിയത്. കേന്ദ്ര വിദേശകാര്യ, പ്രവാസികാര്യ, നിയമകാര്യപ്ര സെക്രട്ടറിമാരുമായി കമ്മിഷന്‍ വോട്ടവകാശം സംബന്ധിച്ച ചര്‍ച്ച നടത്തുകയും ഇവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനാകുമെന്ന് പ്രതീക്ഷ നല്‍കിയ നിയമമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന 1.1 കോടിയില്‍പ്പരം ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ അതതു മണ്ഡലങ്ങളിലുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്ന തരത്തിലാണ് ചട്ടങ്ങള്‍ തയ്യാറാക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നല്‍കിയ ഉറപ്പ് വിശ്വസിക്കുകയേ ഇക്കാര്യത്തില്‍ തരമുള്ളൂ. പരമദരിദ്രമായിരുന്ന കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമെന്ന നിലയിലേക്ക് ഉയര്‍ന്നതിന്റെ പിന്നില്‍ പ്രവാസികളൊഴുക്കിയ വിയര്‍പ്പിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. മൂന്നുര്‍ഷം മുമ്പ് 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ് വരുമാനം ഇന്നത് 4000 കോടിയോളമായി ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെയാണതിന്റെയും വരവ് എന്നത് സത്യമായിരിക്കേ വോട്ടവകാശത്തിന്റെ കാര്യത്തില്‍ മാത്രം പ്രവാസികളോട് ചിറ്റമ്മനയം തുടരുന്നതിലര്‍ത്ഥമില്ല.

ഉത്തരമലബാറിലെ ഹോട്ട് കമേഴ്‌സ്യല്‍ പോയന്റ് ആയ കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവൃത്തനോദ്ഘാടനവും പ്രവാസികള്‍ക്ക് ചെറുതല്ലാത്ത സന്തോഷം നല്‍കുന്നുണ്ട്. മുഖച്ഛായ തന്നെ മാറുന്ന വികസനത്തിന്റെ ചാലകശക്തിയാകാനുള്ള കരുത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമെത്തുന്നതോടെ കണ്ണൂരിന് സ്വന്തമാകും. രണ്ടുവര്‍ഷംകൊണ്ട് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഉറപ്പ്. 1996ല്‍ ദേവഗൗഡ മന്ത്രിസഭയില്‍ സിവില്‍ വ്യോമയാനമന്ത്രിയായിരുന്ന കണ്ണൂരുകാരന്‍ സി എം ഇബ്രാഹിം അവതരിപ്പിച്ച ആശയം യാഥാര്‍ത്ഥ്യമാവുകയാണ്. ഇത്രയും ചെറിയ സംസ്ഥാനത്ത് ഇനിയും വിമാനത്താവളമോ എന്ന് നെറ്റിചുളിക്കുന്നവരും കുറവല്ല. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള പ്രവാസികളുടെ എണ്ണവും അവരുടെ യാത്രാക്ലേശവും അറിയുമ്പോഴാണ് ഇതിന്റെ സാംഗത്യം വ്യക്തമാകുക. ഗള്‍ഫില്‍ നിന്ന് കോഴിക്കോടോ മംഗലാപുരത്തോ എത്താന്‍ വേണ്ടതിന്റെ രണ്ടിരട്ടി സമയമാണ് വിമാനത്താവളത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്താന്‍ ഇപ്പോള്‍ വേണ്ടിവരുന്നത്. കണ്ണൂരിലും കാസര്‍ഗോഡുമുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്താനും തിരിച്ച് പോകാനും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്കെല്ലാം അറുതിയാവും പുതിയ വിമാനത്താവളം എന്നതില്‍ തര്‍ക്കമില്ല.

നെടുമ്പാശേരി വിമാനത്താവളം ഉണ്ടായപ്പോള്‍ കൊച്ചി നഗരം വളര്‍ന്നതിനു സമാനമായ കുതിച്ചുചാട്ടം കണ്ണൂരിലും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വ്യവസായ സംരംഭങ്ങളും കയറ്റുമതി സ്ഥാപനങ്ങളും ഹോട്ടല്‍ സമുച്ചയങ്ങളും ഷോപ്പിംഗ് സെന്ററുകളും ഗതാഗത സംവിധാനങ്ങളുമായി കണ്ണൂര്‍ മട്ടന്നൂര്‍ വരെ വളരുകയാണ്. രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളം എന്ന പ്രത്യേകതയോടെ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന് സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രയത്‌നിച്ച കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലും അഭിനന്ദനം അര്‍ഹിക്കുന്നു. 1996ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് തറക്കല്ലിടാന്‍ 2010വരെ കാത്തിരിക്കേണ്ടിവന്നു എന്നിരിക്കിലും വിമാനത്താവളത്തിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനച്ചടങ്ങില്‍ നല്‍കിയ ഉറപ്പ് സത്യമാകട്ടെ എന്ന് പ്രത്യാശിക്കാം.

പുതിയ വര്‍ഷത്തില്‍ നാടിനൊപ്പം ഉയരങ്ങള്‍ കീഴടക്കാനും സര്‍വ്വമംഗളങ്ങളോടെ കഴിയാനും ഇടവരട്ടെ എന്നാഗ്രഹിക്കുന്നു. പ്രിയ വായനക്കാര്‍ക്ക് ഗള്‍ഫ് മലയാളി.കോമിന്റെ ഹൃദ്യമായ പുതുവത്സരാശംസകള്‍.

എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, ഗള്‍ഫ് മലയാളി.കോം
mailto: editor@gulfmalayaly.com

 


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan