Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

പ്രവാസികളുടെ സ്വപ്നങ്ങളിലേക്ക് കണ്ണൂര്‍ നിന്നൊരു ആകാശയാത്ര
(ന്യൂസ് സ്‌പെഷല്‍ ഓഫ് ഡിസംബര്‍)
പ്രത്യേക ലേഖകന്‍, ഗള്‍ഫ് മലയാളി.കോം

രിയാരം സഹകരണ മെഡിക്കല്‍ കോളെജിന് ശേഷം ഉത്തര മലബാറിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്ന വമ്പന്‍ സംരംഭമാണ് കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും ഈ വിമാനത്താവളം എന്നതിന് സംശയമില്ല. ഗള്‍ഫില്‍ നിന്ന് കോഴിക്കോടോ മംഗലാപുരത്തോ എത്തുന്ന സമയത്തിന്റെ രണ്ടിരട്ടി സമയം വിമാനത്താവളത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്താന്‍ വേണ്ടിയിരുന്ന പ്രവാസി മലയാളിയുടെ മനസിനും ശരീരത്തിനും കുളിര്‍മ്മ പകരുന്ന കര്‍മ്മമാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനത്തിലൂടെ നിര്‍വ്വഹിച്ചത്. പരിയാരം മെഡിക്കല്‍ കോളെജ് വരുന്നതിന് മുമ്പ് ഉത്തര മലബാറുകാര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തോ കോഴിക്കോടോ എത്തേണ്ടിയിരുന്നു. അടുത്തകാലം വരെ കോഴിക്കോട്ടെത്താന്‍ അരഡസനിലേറെ റെയില്‍വേ ഗേറ്റുകളില്‍ കാത്തുകിടക്കേണ്ട ഗതികേടുമുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഒരു രോഗിയെ എത്തിക്കുകയെന്ന് ഒരു സാഹസിക പ്രയ്തനമായിരുന്നു. ഈ യാത്രയില്‍ സമയനഷ്ടവും അതുമൂലമുണ്ടാകുന്ന ജീവഹാനിയും സാധാരണമായിരുന്നു. ഏറെനാളത്തെ ആവശ്യങ്ങളുടെയും നിവേദനങ്ങളുടെയും സമരങ്ങളുടെയും ഫലമായി മിക്കവാറും സ്ഥലങ്ങളില്‍ റെയില്‍വേ മേല്‍പ്പാലമെത്തി. ഇതിനിടെ പരിയാരം മെഡിക്കല്‍ കോളെജ് സ്ഥാപിതമാവുകയും ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അവിടെ സാധാരണഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തതോടെ ഉത്തരമലബാറുകാര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തേണ്ട അവസ്ഥയ്ക്ക് മാറ്റവുമുണ്ടായി. ഇതേ സ്ഥിതിയാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നിലും ഉണ്ടായത്. 1996ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് തറക്കല്ലിടാന്‍ 2010വരെ കാത്തിരിക്കേണ്ടിവന്നു എന്ന് മാത്രം. ഇപ്പോഴത്തെ സ്ഥിതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ വിമാനത്താവളത്തിന്റെ പണി മുഴുവനും പൂര്‍ത്തിയാകും.

1996ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവില്‍ വ്യോമയാനമന്ത്രിയായിരുന്ന കണ്ണൂരുകാരന്‍ കൂടിയായിരുന്ന സി എം ഇബ്രാഹിമായിരുന്നു കണ്ണൂര്‍ വിമാനത്താവളം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയായിരുന്നു. ഈ കൊച്ചുകേരളത്തിന് ഇത്രയേറെ വിമാനത്താവളം എന്തിനെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ കേരളത്തിലെ പ്രവാസികളുടെ എണ്ണവും അവരുടെ യാത്രാക്ലേശവും അറിയുമ്പോള്‍ സി എം ഇബ്രാഹിമിന്റെ ദീര്‍ഘവീക്ഷണത്തെ നാം അഭിനന്ദിച്ചേ മതിയാകൂ. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ സി എം ഇബ്രാഹിം പ്രത്യേക ക്ഷണിതാവായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനച്ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ദ്ദിഷ്ട വിമാനത്താവള കമ്പനിയുടെ ഓഹരി നല്‍കുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ ഒരേ വ്യക്തിയിലോ സ്ഥാപനത്തിലോ കേന്ദ്രീകരിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൊതു-സ്വകാര്യ സംരംഭമായാണ് പദ്ധതി നടപ്പിലാക്കുക. ഓഹരി സംബന്ധിച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ യോഗം ഉടന്‍ തീരുമാനമെടുക്കും. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുക പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വിമാനത്താവളത്തിനായി ഭൂമി നല്‍കിയ മുഴുവന്‍ കുടുംബങ്ങളെയും അഭിനന്ദിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് രാജ്യമെങ്ങും വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. പ്രധിഷേദത്തോടൊപ്പം ഏറെ അനിഷ്ടസംഭവങ്ങളും പലയിടത്തുമുണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഒരു സംരംഭം നടപ്പിലാക്കാന്‍ ഏറ്റവുമധികം ഭൂമി ഏറ്റെടുത്തത് കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടിയാണ്. അനേകം കുടുംബങ്ങള്‍ക്ക് തലമുറകളായി തങ്ങള്‍ കഴിഞ്ഞിരുന്ന മണ്ണ് ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ നാടിന്റെ വികസനത്തിനായി ത്യാഗം ചെയ്ത ഇവരെ ഒരിയ്ക്കലും മറക്കാനാവില്ല. വികസന പദ്ധതികള്‍ക്ക് ഭൂമി വിട്ടുകൊടുക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് ആശ്വാസകരമായ സഹായം ചെയ്യുകയുമാണ് സര്‍ക്കാരിന്റെ സമീപനമെന്ന് ചടങ്ങില്‍ പങ്കെടുത്ത റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന് സംസ്ഥാന സര്‍ക്കാരിനൊപ്പം തന്നെ ഏറെ പ്രയത്‌നിച്ചത് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലുമാണ്. പ്രഫുല്‍പട്ടേലാണ് ശിലാസ്ഥാപനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടും മംഗലാപുരത്തും വിമാനത്താവളം ഉണ്ടെങ്കിലും കണ്ണൂരില്‍ രാജ്യാന്തര വിമാനത്താവളം അനിവാര്യമാണെന്നും സിവില്‍ ഏവിയേഷന്‍ രംഗത്ത് ചെറുപ്പക്കാര്‍ക്ക് ഒട്ടേറെ തൊഴില്‍ അവസരങ്ങളുണ്ടെന്നും പ്രഫുല്‍പട്ടേല്‍ വ്യക്തമാക്കി.
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1998ല്‍ ഗള്‍ഫ് മേഖലയിലേക്ക് ദിവസേന ആറു ശതമാനം യാത്രക്കാരുണ്ടായിരുന്നത് ഇപ്പോള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 20 ലക്ഷം മലയാളികള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫ് മലയാളികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലക്കാണ്. കണ്ണൂരിലും കാസര്‍ഗോഡുമുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്താനും തിരിച്ച് പോകാനും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്കെല്ലാം അറുതിയാണ് പുതിയ വിമാനത്താവളം.

പ്രവാസികള്‍ക്ക് മാത്രമല്ല ഈ ബൃഹദ്‌സംരംഭത്തിന്റെ ആനുകൂല്യം ലഭിക്കുക. നെടുമ്പാശേരി വിമാനത്താവളം ഉണ്ടായപ്പോള്‍ കൊച്ചി നഗരം നെടുമ്പാശേരി വരെ വളരുകയായിരുന്നു. പുതിയ വ്യാവസായ സംരംഭങ്ങളും കയറ്റുമതി സ്ഥാപനങ്ങളും ഹോട്ടല്‍ സമുച്ചയങ്ങളും ഷോപ്പിംഗ് സെന്ററുകളും ഗതാഗത സംവിധാനങ്ങളുമെല്ലാം വളര്‍ന്നുപന്തലിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വികസനം കണ്ണൂര്‍ മുതല്‍ മട്ടന്നൂര്‍ വരെയുണ്ടാകുമെന്നതില്‍ സംശയമില്ല. പുരാതന നഗരമായ കണ്ണൂരിന് ആധുനികതയുടെ പുത്തന്‍മുഖം നല്‍കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കഴിയും. ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലായിരിക്കും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുക. രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളം എന്ന പ്രത്യേകതയോടെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കപ്പെടുക. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പില്‍ സ്ഥാപിതമാകുന്ന വിമാനത്താവളത്തിന്റെ ശിലാസ്ഥാപനചടങ്ങ് വടക്കന്‍ മലബാറിന് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവം തന്നെയായിരുന്നു. കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ ഈ വിമാനത്താവളം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കെ ഐ എ എല്‍) എന്ന കമ്പനിയാണ് നിര്‍മ്മിക്കുന്നത്. 2061 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കപ്പെടുന്ന വിമാനത്താവളത്തിനായി 1287 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. 783 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്. വിമാനത്താവളത്തിനായി കുടിയൊഴിഞ്ഞവര്‍ക്ക് മാതൃകാപരമായ പുനരധിവാസ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്നതും ശ്രദ്ധേയമാണ്.

1200 കോടി മതിപ്പു ചിലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. 3400 മീറ്റര്‍ റണ്‍വെ, പാര്‍ക്കിങ്ങ് ബേയിലേക്കുള്ള ടാക്‌സി ട്രാക്ക്, കണ്‍വെന്‍ഷന്‍ സെന്റര്‍, വ്യാപാരകേന്ദ്രങ്ങള്‍, വിമാനങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ക്കുള്ള മെയിന്റനന്‍സ് ഹാംഗര്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം നിര്‍ദ്ദിഷ്ട വിമാനത്താവളത്തിലുണ്ടാകും. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ഏത് വിമാനത്തെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിലുണ്ടാകും. പരമ്പരാഗത ഊര്‍ജ്ജ സ്‌ത്രോസുകള്‍ക്കു പുറമെ സൗരോര്‍ജ്ജവും ഉപയോഗപ്പെടുത്തും. ഏവിയേഷന്‍ പരിശീലന കേന്ദ്രവും പരിഗണനയിലുണ്ട്. വടകര മുതല്‍ കാസര്‍കോട് വരെയും കുടക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെയും യാത്രക്കാരെയാണ് തുടക്കത്തില്‍ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര-ആഭ്യന്തര ടെര്‍മിനലുകള്‍ യോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. രണ്ടുവര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ വിമാനത്താവളത്തിലേക്ക് വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലുള്ള റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കും. വെള്ളം, വൈദ്യുതി എന്നിവക്കുള്ള പ്രൊജക്ടുകളും ഇതോടൊപ്പം പൂര്‍ത്തീകരിക്കപ്പെടും. 18 ലക്ഷത്തോളം യാത്രക്കാരെയാണ് ആദ്യവര്‍ഷം പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും എട്ടു ശതമാനം വര്‍ധനയും കണക്കാക്കുന്നു. മലബാറിന്റെ വിനോദ സഞ്ചാരം, കൈത്തറി, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങിയവയിലെല്ലാം വിമാനത്താവളം വന്‍ പുരോഗതിയുണ്ടാക്കും. വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിനും പൊതുമേഖലക്കുമായി 51 ശതമാനം ഓഹരിയും സ്വകാര്യ-സഹകരണ മേഖലക്ക് 49 ശതമാനം ഓഹരിയുമാണ് ഉണ്ടാകുക. വിമാനത്താവളത്തിലേക്ക് റെയില്‍പാത കൊണ്ടുവരുന്നതിനായി സര്‍വ്വേ നടത്തുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് ചടങ്ങില്‍ അറിയിച്ചിരുന്നു. റെയില്‍വേ പാത കൂടി നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ എത്തിയാല്‍ കേരളത്തിന്റെ വാണിജ്യവ്യാപാര രംഗത്തിന് വന്‍ മുന്നേറ്റമാറിയിക്കും ഉണ്ടാകാന്‍ പോവുക.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan