Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

രാജാവ് നഗ്നനാണെന്ന് പറയാനൊരാള്‍
-റിദ

മേരിക്കയുള്‍പ്പെടെയുള്ള വന്‍ശക്തികള്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിവച്ചിരിക്കുന്ന രഹസ്യങ്ങളുടെ താക്കോലായി മാറിയ വിക്കിലീക്‌സിന്റെ ചുക്കാന്‍ പിടിക്കുന്ന ജൂലിയന്‍ അസാന്‍ജ് ആസ്‌ത്രേലിയക്കാരനാണ്. സ്ഥാപകന്‍ എന്നതിനേക്കാള്‍ വിക്കിലീക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്ന് വിശേഷിപ്പിക്കപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. വിക്കിലീക്‌സിലെത്തും മുമ്പ് ഭൗതികശാസ്ത്ര, ഗണിത വിദ്യാര്‍ഥിയും കംപ്യൂട്ടര്‍ പ്രോഗ്രാമറുമായിരുന്നു. അത്ര സുഖകരമല്ലാത്ത ബാല്യകാലം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് മൂലം നിരവധി സ്‌കൂളുകള്‍ മാറി മാറി പഠിക്കേണ്ടി വന്നു. കംപ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി രഹസ്യങ്ങള്‍ ചോര്‍ത്തുക എന്നത് അസാന്‍ജിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. 16ാം വയസ്സില്‍ മെന്‍ഡാക്‌സ് എന്ന പേരിലാണ് ഹാക്കിങ് രംഗത്ത് പയറ്റിത്തുടങ്ങിയത്. സമാന മനസ്്കരായ രണ്ട് കൂട്ടുകാരോടൊത്ത് അന്താരാഷ്ട്ര അട്ടിമറി സംഘം എന്ന പേരില്‍ ഒരു ഹാക്കിങ് ടീമിന് രൂപം കൊടുത്തു. ഏത് കംപ്യൂട്ടറുകളില്‍ നുഴഞ്ഞു കയറിയാലും കംപ്യൂട്ടര്‍ നശിപ്പിക്കുകയോ വിവരങ്ങളില്‍ മാറ്റം വരുത്തുകയോ ചെയ്യരുതെന്നാണ് അസാന്‍ജിന്റെ തത്വം. ആവശ്യമായ വിരങ്ങള്‍ ചോര്‍ത്തുക, മറ്റുള്ളവര്‍ അറിയേണ്ടതാണെങ്കില്‍ പ്രസിദ്ധീകരിക്കുക- ഹാക്കിങ്ങിന് പുതിയ നിയമാവലികള്‍ അസാന്‍ജ് എഴുതിയുണ്ടാക്കി.

ആസ്‌ത്രേലിയന്‍ യൂണിവേഴ്‌സിറ്റിയുടെയും കനേഡിയന്‍ ടെലികോം കമ്പനിയായ നോര്‍ട്ടെലിന്റെയും സര്‍വറുകളില്‍ നുഴഞ്ഞു കയറിയതിന്റെ പേരില്‍ 1991ല്‍ അസാന്‍ജിന്റെ മെല്‍ബണിലെ വീട് പോലിസ് റെയ്ഡ് ചെയ്ത് 24ഓളം കുറ്റങ്ങള്‍ ചുമത്തി. എന്നാല്‍, കേവലം അന്വേഷണ ത്വര മാത്രമാണ് ഹാക്കിങിന് പിന്നിലെന്ന് കണ്ടെത്തിയ കോടതി പിഴ ചുമത്തി വിട്ടയച്ചു. ആസ്‌ത്രേലിയയിലെ ആദ്യ ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ ഒന്നായ സബര്‍ബിയ 1993ല്‍ ആരംഭിച്ചത് അസാന്‍ജാണ്. ഹാക്കിങിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതുകയും സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം ആറ് യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തിയിട്ടുണ്ട്. ഗണിതത്തിനും ഭൗതികശാസ്ത്രത്തിനും പുറമേ തത്വശാസ്ത്രത്തിലും ന്യൂറോ സയന്‍സിലും വിദഗ്ധന്‍. ഭരണകൂടങ്ങള്‍ ഒരിക്കലും മാറ്റത്തിന് തയ്യാറാവില്ല, അവരെ മാറ്റണമെങ്കില്‍ മുന്‍ഗാമികള്‍ സഞ്ചരിക്കാത്ത പുതിയ പാതകള്‍ കണ്ടെത്തണം-ഇതാണ് വിക്കിലീക്‌സ് സംബന്ധിച്ച് അസാന്‍ജിന്റെ സിദ്ധാന്തം. മറ്റുള്ളവരെപ്പോലെ അസാന്‍ജും വിക്കിലീക്‌സിലെ ശമ്പളം പറ്റാത്ത വളണ്ടിയറാണ്. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും സെന്‍സര്‍ഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിന് ഇടയ്ക്കിടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടും.

വേറിട്ട മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടിദ്ദേഹം. കെനിയയിലെ നിയമവിരുദ്ധ കൊലകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് 2009ല്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ മീഡിയ അവാര്‍ഡ്, 2008ല്‍ സെര്‍സര്‍ഷിപ്പ് സംബന്ധിച്ച് എകണോമിക് ഇന്‍ഡകസ് അവാര്‍ഡ്, ഇന്റലിജന്‍സ് ഇന്റഗ്രിറ്റിക്ക് 2010ല്‍ സാം ആഡംസ് അവാര്‍ഡ് എന്നിവ ഇയില്‍ ചിലത് മാത്രം. ബ്രിട്ടീഷ് മാഗസിനായ ന്യൂ സ്റ്റേറ്റ്‌സ്മാന്റെ 2010ല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 പേരുടെ പട്ടികയില്‍ 23നായി അസാന്‍ജുമുണ്ടായിരുന്നു. ടൈം മാഗസിന്റെ 2010ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതും മറ്റാരുമല്ല. അമേരിക്കന്‍ ചാരന്മാരെ ഭയന്നു സ്വന്തം സെല്‍ഫോണോ എ.ടി.എം. കാര്‍ഡോ ഉപയോഗിക്കാതെ വേഷം മാറിയാണു സഞ്ചാരം. അസാന്‍ജിനെ ഒതുക്കാന്‍ അമേരിക്ക പഠിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട്. സ്വീഡനിലെത്തിയ അദ്ദേഹത്തെ കുരുക്കാന്‍ രണ്ടു ബലാല്‍സംഗക്കേസുകളാണു തേടിയെത്തിയത്. എന്നാല്‍, ജനരോഷമുയര്‍ന്നതോടെ പണി പാളി. അടുത്ത കേസ് വരുംമുമ്പു സപ്തംബറില്‍ ലണ്ടനിലേക്കു മാറി. നാട്ടിലേക്കുവന്നാല്‍ അമേരിക്കയ്ക്കു പിടിച്ചുകൊടുക്കാന്‍ കാത്തിരിക്കുകയാണ് ആസ്‌ത്രേലിയ. ചാരപ്രവര്‍ത്തനത്തിന്റെ പേരിലാണ് അമേരിക്ക പുതിയ വലയൊരുക്കുന്നത്. സ്വീഡനിലെ കേസിന്റെ പേരില്‍ ഇന്റര്‍പോള്‍ പട്ടികയിലുമുണ്ട്. ഇടയ്ക്ക് മുങ്ങി നടന്ന അസാന്‍ജ് പൊങ്ങിയത് ബ്രിട്ടനില്‍. സ്വീഡനിലെ ബലാല്‍സംഗക്കേസില്‍ ബ്രിട്ടീഷ് പോലിസ് പിടികൂടി അസാന്‍ജിനെ ജയിലിനകത്തിട്ടു. എന്നാല്‍, ലണ്ടന്‍ ഹൈക്കോടതി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണിപ്പോള്‍.

സ്വീഡനിലെ ബലാല്‍സംഗക്കഥയും രസകരമാണ്. രണ്ട് യുവതികളുമായും അദ്ദേഹം ലൈംഗികമായി ബന്ധപ്പെട്ടത് ഉഭയസമ്മതപ്രകാരമാണത്രെ. അതില്‍ ഒരുത്തി കാര്യം കഴിഞ്ഞപ്പോള്‍ കാലുമാറി. സ്വീഡന്‍ നിയമപ്രകാരം സംഭവം കഴിഞ്ഞ് കാലുമാറിയാലും കേസാകും. രണ്ടാമത്തെ യുവതി കാര്യം നടക്കുന്നതിനിടയില്‍ തന്നെയാണ് കാലുമാറിയത്. ലൈംഗികബന്ധത്തിനിടയില്‍ കോണ്ടം (ഗര്‍ഗനിരോധന ഉറ) ചോരുന്നുണ്ടെന്ന് മനസ്സിലാക്കിയതാണ് കാലുമാറ്റത്തിന് കാരണമത്രെ. ഇക്കാര്യം പറഞ്ഞ് അസാന്‍ജിനെ കളിയാക്കാന്‍ കോണ്ടംലീക്‌സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തന്നെ തുറന്നിട്ടുണ്ട്. അസാന്‍ജിനെ ഒതുക്കാന്‍ ധനസഹായം തടഞ്ഞും നിയമക്കുരുക്കുകള്‍ തീര്‍ത്തും ശ്രമം നടക്കുന്നതിനിടെ അനുയായികള്‍ പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്. അനോണിമസ് എന്ന പേരിലറിയപ്പെടുന്ന ഒരു സംഘം ഹാക്കിങിലൂടെയാണ് തിരിച്ചടിക്കുന്നത്. വിക്കിലീക്‌സിന്റെ ധനാഗമനത്തിന് തടസ്സം സൃഷ്ടിച്ച വിസാ, മാസ്റ്റര്‍ കാര്‍ഡ് എന്നീ ക്രെഡിറ്റ കാര്‍ഡ് കമ്പനികളുടെ വെബ് സൈറ്റുകള്‍ക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. വിക്കിലീക്‌സിന് ഡൊമെയ്ന്‍ സേവനം നിഷേധിച്ച ആമസോണിനും കിട്ടി പണി. എന്തിന് സ്വീഡിഷ് സര്‍ക്കാര്‍ വെബ്‌സൈറ്റ് വരെ ഹാക്കര്‍മാര്‍ ആക്രമിച്ചു തകര്‍ത്തു. ഹാക്കിങ് ആക്ടിവിസ്റ്റുകളായ ഇവര്‍ ഹാക്ടിവിസ്റ്റുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അങ്ങനെ ഇംഗ്ലീഷ് ഡിക്ഷണറിയിലേക്ക് പുതിയൊരു വാക്കു കൂടി കടന്നു വരികയാണ്.

40 അംഗ എക്‌സിക്യൂട്ടീവ്, പ്രതിഫലം പറ്റാത്ത 1500ഓളം സന്നദ്ധപ്രവര്‍ത്തകര്‍, നായകത്വം ജൂലിയന്‍ അസാന്‍ജ് എന്ന ആസ്‌ത്രേലിയക്കാരന്റെ കൈയില്‍- ലോകപോലിസ് ചമയുന്ന അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികളെയും സ്വേച്ഛാധിപതികളെയും അഴിമതിക്കാരെയും വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്നതു വിക്കിലീക്‌സ് എന്നറിയപ്പെടുന്ന ഈ സംഘമാണ്. 2006ലായിരുന്നു തുടക്കം. ചൈനീസ് വിമതരും മാധ്യമപ്രവര്‍ത്തകരും അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള സാങ്കേതികവിദഗ്ധരുമൊക്കെയാണു പിന്നില്‍. 2007ലാണു വിക്കിലീക്‌സ്.ഓര്‍ഗ് എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളിലേക്കെത്തുന്നത്. ഏഷ്യ, സോവിയറ്റ് ബ്ലോക്ക്, സബ് സഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ മനുഷ്യാവകാശലംഘനങ്ങളും ഭീകരതകളും പുറത്തുകൊണ്ടുവരുകയായിരുന്നു പ്രാഥമിക ദൗത്യം. യുദ്ധക്കുറ്റകൃത്യങ്ങള്‍, സര്‍ക്കാര്‍-കോര്‍പറേറ്റ് വ്യാപാരങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം, നയതന്ത്രം, പരിസ്ഥിതി, അഴിമതി, സെന്‍സര്‍ഷിപ്പ്, കള്‍ട്ടുകള്‍-മതസംഘടനകള്‍, നിയമലംഘനങ്ങള്‍-അതിക്രമങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും വിക്കിലീക്‌സ് കൈവച്ചു. എന്നാല്‍, ഇറാഖിലും അഫ്ഗാനിലും അമേരിക്കന്‍ സേന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് വിക്കിലീക്‌സ് പൊതുജനശ്രദ്ധ നേടുന്നത്. ഒടുവില്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെ ഇരുണ്ട മൂലകള്‍ കൂടി പുറത്തുവന്നതോടെ മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു പൊളിച്ചെഴുത്തായി അത് മാറി. അതീവ രഹസ്യസ്വഭാവമുള്ള ഡിജിറ്റല്‍ പോസ്റ്റ് ബോക്‌സ് വഴിയാണു വിക്കിലീക്‌സ് രേഖകള്‍ സ്വീകരിക്കുന്നത്. രേഖകളുടെ ഉറവിടം ഒരിക്കലും പുറത്തുവരാത്ത രീതിയിലാണു സംവിധാനം.

അമേരിക്കയെ വെള്ളം കുടിപ്പിക്കുന്ന രഹസ്യങ്ങളില്‍ ഭൂരിഭാഗവും വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്തത് ബ്രാഡ്‌ലി മാനിങ്ങെന്ന 23കാരനാണ്. അമേരിക്കന്‍ സൈന്യത്തിലെ ഇന്റലിജന്‍സ് അനലിസ്റ്റാണ് മാനിങ്. ഇറാഖിലെ സെക്കന്റ് ബ്രിഗേഡ് കോമ്പാറ്റ് ടീമിലെ 10ാം മൗണ്ടന്‍ ഡിവിഷനില്‍ ജോലി. പെന്റഗണില്‍ മണിച്ചിത്രത്താഴിട്ടു പൂട്ടിവച്ചിരുന്ന രഹസ്യങ്ങള്‍ ഡേറ്റ പാക്കറ്റുകളായി വിക്കിലീക്‌സിന്റെ സെര്‍വറുകളിലേക്കെത്തിച്ചു കൊടുത്തത് സ്വന്തം രാജ്യത്തിന്റെ അരുതായ്മകളില്‍ മനംമടുത്ത ഈ ചെറുപ്പക്കാരനാണെന്നാണ് സംശയം. വിക്കിലീക്‌സ് വരവറിയിച്ച ഇറാഖി കൂട്ടക്കൊലയുടെ ക്ലിപ്പിങ്, കൊലാറ്ററല്‍ മര്‍ഡര്‍ ചോര്‍ത്തിയത് മാനിങാണെന്ന സംശയത്തില്‍ സൈന്യം പിടിച്ച് അകത്തിട്ടിരിക്കുകയാണ്. അഡ്രിയന്‍ ലാമോ എന്ന അമേരിക്കന്‍ ഒറ്റുകാരനായ ഹാക്കറുമായുള്ള ഇന്റര്‍നെറ്റ് ചാറ്റിങിനിടെ അറിയാതെ പുറത്തുവന്ന രഹസ്യങ്ങളാണ് മാനിങ്ങിനെ കുടുക്കിയത്. നയതന്ത്ര കേബിളുകള്‍ ചോര്‍ത്തിയത് താനാണെന്ന് മാനിങ് ചാറ്റിങില്‍ സമ്മതിക്കുന്നുണ്ട്. ജനങ്ങള്‍ സത്യമറിയണം, വിവരങ്ങളറിയാതെ പൊതുജനത്തിന് ശരിയാ തീരുമാനമെടുക്കാനാവില്ല- അമേരിക്കയുടെ രഹസ്യങ്ങളുടെ കൂമ്പാരം പൊതുജനത്തിന് അറിയിച്ച് കൊടുക്കാനുള്ള മാനിങിന്റെ ന്യായം അതായിരുന്നു.

രഹസ്യം ചോര്‍ത്തിയതിനെക്കുറിച്ച് മാനിങ് പറയുന്നതിങ്ങനെ: ലേഡിഗാഗയുടെ ഒരു റീറൈറ്റബിള്‍ മ്യൂസിക് സീഡിയുമായി ഞാന്‍ ഓഫിസിലെത്തും. അതില്‍നിന്ന് സംഗീതം മായ്ച്ചുകളയും. രഹസ്യ ഫയലുകള്‍ സിപ്പ് ഫയലാക്കി ഇതിലേക്ക് സ്റ്റോര്‍ ചെയ്യും. ഇതില്‍ മുഴുകുന്നതിനിടെ ലേഡിഗാഗയുടെതന്നെ പ്രസിദ്ധമായ ടെലിഫോണ്‍ എന്ന പാട്ടുകേള്‍ക്കുന്നതായി നടിക്കുകയും അതിനനുസരിച്ച് ചുണ്ടനക്കുകയും ചെയ്യും. ദിവസത്തില്‍ 14 മണിക്കൂറോളം തനിക്ക് രേഖകളുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നുവെന്നും മാനിങ് വെളിപ്പെടുത്തുന്നു. എല്ലാ രഹസ്യങ്ങളും ഇന്റര്‍നെറ്റില്‍ ലബ്യമാകുന്നതോടെ ഹിലാരി ക്ലിന്റനും ആയിരക്കണക്കിന് നയതന്ത്രജ്ഞര്‍ക്കും ഹൃദയാഘാതം സംഭവിക്കുമെന്ന പ്രതീക്ഷയും മാനിങ് പങ്ക് വച്ചു. അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും വിവരങ്ങള്‍ ചോര്‍ത്തി മറ്റുള്ളവര്‍ക്ക് കൈമാറിയതിനുള്ള കുറ്റമാണ് മാനിങ്ങിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. തെളിയിച്ചാല്‍ 50 വര്‍ഷം വരെ ശിക്ഷ ലഭിക്കും. വിക്കിലീക്‌സിന്റെ പണ്ടോരപ്പെട്ടിയില്‍ നിന്ന് പുറത്തുവരുന്ന രഹസ്യങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്; ഒപ്പം ലോകത്തെ പല വമ്പന്മാരുടെയും നെഞ്ചിടിപ്പും.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan