Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

മലയാളസിനിമയ്ക്ക് മധുരനൊമ്പരങ്ങളുടെ സമ്മിശ്രവര്‍ഷം
കെ കെ ജയേഷ്

malayala cinema - 2010മ്മില്‍ത്തല്ലും പോര്‍വിളികളും കൊണ്ട് മുഖരിതമായ ഒരു വര്‍ഷം. സെല്ലുലോയ്ഡില്‍ വ്യത്യസ്തതകള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങളൊന്നുമില്ലാതെ മലയാള സിനിമ ശുഭകരമല്ലാത്ത ക്ലൈമാക്‌സിലേക്ക്. ഈ വര്‍ഷം പുറത്തിറങ്ങിയ ഭൂരിപക്ഷം ചിത്രങ്ങളും കലാപരമായും വാണിജ്യപരമായും പൂര്‍ണ്ണ പരാജയമായിരുന്നു എന്നത് മലയാളത്തിന്റെ ദുര്യോഗമാവുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയചിത്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കോടികളുടെ മുതല്‍മുടക്കുള്ള ഒരു ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമല്ല എന്നതാണ് നിരാശയ്ക്ക് കാരണം.84 ചിത്രങ്ങള്‍ പുറത്തിറങ്ങിയതില്‍ പന്ത്രണ്ടോളം ചിത്രങ്ങളാണ് തിയേറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ച് പിടിച്ചത്. ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, നവാഗതനായ വൈശാഖിന്റെ പോക്കിരിരാജ, തോംസന്റെ കാര്യസ്ഥന്‍, സജി സുരേന്ദ്രന്‍ ഒരുക്കിയ ഹാപ്പി ഹസ്‌ബെന്റ്‌സ്, ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കട്ടി, എം പത്മകുമാറിന്റെ ശിക്കാര്‍, വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്, സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു, മമ്മാസിന്റെ പാപ്പീ അപ്പച്ചാ, ജിത്തു ജോസഫിന്റെ മമ്മി ആന്റ് മീ, സിബി മലയിലിന്റെ അപൂര്‍വ്വരാഗം, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്‌സ് എന്നിവയാണ് വിജയ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇതില്‍ പോക്കിരിരാജ, കാര്യസ്ഥന്‍, ഹാപ്പിഹസ്‌ബെന്റ്‌സ് എന്നിവ വന്‍ വിജയം നേടി. മുടക്ക് മുതലിന്റെ കണക്കില്‍ നോക്കുമ്പോള്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയും ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നും സൂപ്പര്‍ഹിറ്റുകളുടെ പട്ടികയിലാണ്.

വിജയകഥകളുണ്ടെങ്കിലും നിലവാരത്തില്‍ സിനിമ വളരെ പിന്നോട്ടാണ് പോകുന്നതെന്ന് പറയേണ്ടിവരും. സൂപ്പര്‍ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയ പോക്കിരിരാജ, കാര്യസ്ഥന്‍ എന്നിവ തീര്‍ത്തും ദുര്‍ബലമായ സൃഷ്ടികളായിരുന്നു. കഥയിലോ ആവിഷ്‌ക്കാരത്തിലോ ഒരു മേന്മയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രങ്ങള്‍ വന്‍ വിജയം നേടിയതുതന്നെ അദ്ഭുതകരമാണ്. ഇതേ സമയം നല്ല സിനിമകള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ക്രൂരമായി തകര്‍ത്തെറിയപ്പെടുകയും ചെയ്തു. മോഹന്‍രാഘവന്റെ ടി ഡി ദാസന്‍, പ്രേംലാലിന്റെ ആത്മകഥ എന്നീ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും ദയനീയ പരാജയങ്ങളായി. പല പ്രമുഖ സംവിധായകര്‍ക്കും കാലിടറിയ വര്‍ഷമായിരുന്നു കടന്നുപോയത്. ഷാജി കൈലാസിന്റെ ദ്രോണ, ബി ഉണ്ണിക്കൃഷ്ണന്റെ പ്രമാണി, ദി ത്രില്ലര്‍, കമലിന്റെ ആഗതന്‍, ടി കെ രാജീവ് കുമാറിന്റെ ഒരു നാള്‍ വരും, വിനയന്റെ യക്ഷിയും ഞാനും, ടി എസ് സുരേഷ്ബാബുവിന്റെ കന്യാകുമാരി എക്‌സ്പ്രസ് എന്നിവയെല്ലാം ദയനീയമായി പരാജയപ്പെട്ടു. മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന രീതിയില്‍ എല്ലാവരും ഏറെ പ്രതീക്ഷിച്ച ചിത്രമായിരുന്നു ഒരു നാള്‍ വരും. പക്ഷെ ശ്രീനിവാസന്റെ ദുര്‍ബലമായ തിരക്കഥ സിനിമയുടെ നട്ടെല്ലൊടിച്ചു. നയന്‍താരയെയും ദിലീപിനെയും ഒന്നിപ്പിച്ച് ഹിറ്റ്‌മേക്കര്‍ സിദ്ധിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിനും വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ല. ആദ്യമായിട്ടായിരിക്കും സിദ്ധിഖിന്റെ ഒരു ചിത്രം ഇത്ര അരോചകമാവുന്നത്. ഹാപ്പിഹസ്‌ബെന്റ്‌സിലൂടെ സൂപ്പര്‍ഹിറ്റ് സമ്മാനിച്ച സജി സുരേന്ദ്രന്റെ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ചിത്രത്തിലെ സെന്റിമെന്റ്‌സ് രംഗങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിക്കുകയായിരുന്നു. ഇംഗ്ലീഷ് ചിത്രത്തിന്റെ അനുകരണമായിട്ടും അത് പോലും മികവുറ്റതാക്കാന്‍ തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുരയ്ക്ക് സാധിച്ചില്ല. സ്വന്തമായി തിരക്കഥയെഴുതുന്നത് അവസാനിപ്പിക്കാനായിട്ടുണ്ട് എന്ന് സത്യന്‍ അന്തിക്കാടിന് സൂചന നല്‍കിയ ചിത്രമായിരുന്നു കഥ തുടരുന്നു. ഏറെ ബോറായ തിരക്കഥയായിട്ടും ചിത്രത്തിന് നേരിയ വിജയമുണ്ടാക്കാന്‍ സാധിച്ചു എന്നത് സത്യന്റെ ഭാഗ്യമായി കണക്കാക്കാം.

നിരവധി പുതിയ സംവിധായകര്‍ രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷത്തിനും പരാജയപ്പെടാനായിരുന്നു വിധി. രാജ് നായര്‍ (പുണ്യം അഹം), ജോര്‍ജ്ജ് വര്‍ഗീസ് (താന്തോന്നി), ലിജോ ജോസ് പെല്ലിശ്ശേരി( നായകന്‍), മമ്മാസ് (പാപ്പി അപ്പച്ചാ), അനില്‍ കെ നായര്‍ (പുള്ളിമാന്‍), കെ എസ് ശിവചന്ദ്രന്‍ (നല്ല പാട്ടുകാരെ), വിനീത് ശ്രീനിവാസന്‍ (മലര്‍വാടി ആര്‍ട്‌സ് ക്ലബ്), അജി ജോണ്‍ (നല്ലവന്‍), രാധാകൃഷ്ണന്‍ മംഗലത്ത് (സകുടുംബം ശ്യാമള), ഷെബി (പ്ലസ് ടു), കബീര്‍ റാവുത്തര്‍ (ഇങ്ങനെയും ഒരാള്‍), എം ഡി രാജേന്ദ്രന്‍ (അമ്മ നിലാവ്), പ്രേംലാല്‍ (ആത്മകഥ), മോഹന്‍ രാഘവന്‍ (ടി ഡി ദാസന്‍), ഹരിനാരായണന്‍ (നീലാംബരി), ഗോവിന്ദന്‍കുട്ടി അടൂര്‍ (ത്രീ ചാര്‍ സൗബീസ്), പ്രഭാകരന്‍ മുത്താന (ഫിഡില്‍), അനീഷ് ജെ കരിയാട് (നറക്കാഴ്ച), സജീവന്‍ (ചേകവന്‍), അരുണ്‍കുമാര്‍ (കോക്ക്‌ടെയില്‍), ഡോ:എം എം രാമചന്ദ്രന്‍ (ഹോളിഡേയ്‌സ്), തോംസണ്‍ (കാര്യസ്ഥന്‍), വൈശാഖ് (പോക്കിരരാജ), ടി എസ് ജെസ്പാല്‍ (ചാവേര്‍പ്പട), മാര്‍ട്ടിന്‍ പ്രക്കാട്ട് (ബെസ്റ്റ് ആക്ടര്‍) എന്നിവരാണ് പുതുതായി കടന്നുവന്ന സംവിധായകര്‍. വിനീത് ശ്രീനിവാസന്‍, തോംസണ്‍, വൈശാഖ്, മമ്മാസ് എന്നിവര്‍ക്കാണ് ഇതില്‍ വിജയ ചിത്രങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം കലാപരമായും കച്ചവടപരമായും വന്‍ വിജയമാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. മുന്‍ നിര സംവിധായകര്‍ പോലും നിലവാരത്തകര്‍ച്ച നേരിട്ടപ്പോള്‍ മികച്ച സിനിമകള്‍ ഒരുക്കിയ മോഹന്‍രാഘവനും പ്രേംലാലും അഭിനന്ദനം അര്‍ഹിക്കുന്നു. പരാജയപ്പെട്ടെങ്കിലും നായകനെ മികച്ചൊരു ദൃശ്യാവിഷ്‌ക്കാരമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയും അന്യഭാഷയില്‍ നിന്ന് ചുരണ്ടിയെടുത്തതാണെങ്കിലും കോക്‌ട്ടെയിലിനെ മനോഹരമാക്കിയ അരുണ്‍കുമാറും പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.

നടന്‍മാരില്‍ മമ്മൂട്ടിയാണ് എട്ട്് ചിത്രങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നത്. ദ്രോണ, പ്രമാണി, വന്ദേമാതരം എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമായെങ്കിലും പോക്കിരിരാജ, പ്രാഞ്ചിയേട്ടന്‍ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ വിജയങ്ങളായി. കൊല്ലാവസാനം പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച് കൈയടി നേടുകയാണ്. ചിത്രം വിജയത്തിലേക്കാണ് കുതിക്കുന്നത്. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും കുട്ടിസ്രാങ്കിലെ അഭിനയത്തിന്റെ കരുത്തിലൂടെ പ്രേക്ഷകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ കഥ പറഞ്ഞ യുഗപുരുഷനാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. സുരേഷ് ഗോപിയുടെ കടാക്ഷം, ജനകന്‍, റിങ്‌ടോണ്‍, സദ്ഗമയ, കന്യാകുമാരി എക്‌സ്പ്രസ്, രാമരാവണന്‍, സഹസ്രം എന്നീ ചിത്രങ്ങളൊന്നും വലിയ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല. മോഹന്‍ലാലിനും വലുതായി തിളങ്ങാന്‍ ഈ വര്‍ഷം സാധിച്ചില്ല. ജനകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍വരും എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ദുരന്തങ്ങളായി. ഏറെ കൊട്ടിഘോഷിച്ചെത്തിയ കാണ്ഢഹാറും പരാജയത്തിലേക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥയുടെ ദുര്‍ബലതയാണ് കാണ്ഢഹാറിനെയും തകര്‍ത്തത്. ശിക്കാര്‍ മാത്രമാണ് ലാലിന്റെ വിജയ ചിത്രം. മികച്ചൊരു പ്രമേയമായിട്ടും തിരക്കഥയിലെ പോരായ്മകളാണ് ശിക്കാറിന്റെ ന്യൂനത. ആദ്യ വാരങ്ങളില്‍ വന്‍ കളക്ഷന്‍ നേടിയ ചിത്രത്തിന് തുടര്‍ന്ന് കളക്ഷന്‍ കുറയുകയായിരുന്നു. എന്നാലും ആദ്യവാരങ്ങളില്‍ നേടിയ മികച്ച കളക്ഷനിലൂടെ തന്നെ ചിത്രം വന്‍ വിജയമായി. ഭയം വിടാതെ പിന്തുടരുന്ന ബലരാമനായി ഈ ചിത്രത്തില്‍ മികച്ച പ്രകടനമാണ് ലാല്‍ കാഴ്ച വെച്ചത്. പൃഥിരാജിന്റെ താന്തോന്നി, ത്രില്ലര്‍ എന്നിവ പരാജയപ്പെട്ടു. മമ്മൂട്ടിയോടൊത്ത് അഭിനയിച്ച പോക്കിരിരാജയുടെ വിജയം ആശ്വാസമായി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ അന്‍വറിന് ആദ്യവാരങ്ങളില്‍ നേടിയ ഇനീഷ്യല്‍ നിലനിര്‍ത്താനായില്ല. ലോംഗ് റണ്ണില്‍ ചിത്രം സാമ്പത്തിക നേട്ടം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗതന്‍, ബോഡി ഗാര്‍ഡ് എന്നീ ചിത്രങ്ങളൊന്നും നേട്ടമായില്ലെങ്കിലും കാര്യസ്ഥനിലൂടെ ദിലീപ് തിരിച്ചു വന്നു. പാപ്പി അപ്പച്ചയും ശരാശരി വിജയം നേടി. അവസാനമായി പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടും നല്ല അഭിപ്രായം നേടുന്നുണ്ട്. ഹാപ്പിഹസ്‌ബെന്റ്‌സ്, കഥ തുടരുന്നു എന്നിവ നേട്ടമായെങ്കിലും ജയറാമിന്റെ ഫോര്‍ ഫ്രണ്ട്‌സ് പരാജയപ്പെട്ടു. ഹാപ്പിഹസ്‌ബെന്റ്‌സ് മാറ്റി നിര്‍ത്തിയാല്‍ ജയസൂര്യയ്ക്കും നേട്ടമുണ്ടാക്കാനായില്ല. എങ്കിലും കോക്ക്‌ടെയ്ല്‍ എന്ന ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. ആത്മകഥ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്റെ പ്രകടനവും ഏറെ മികവു പുലര്‍ത്തി.

അന്യഭാഷയില്‍ നിന്ന് നിരവധി നടന്‍മാര്‍ മലയാളത്തിലെത്തിയ വര്‍ഷം കൂടിയാണ് ഇത്.സജി സുരേന്ദ്രന്റെ ഫോര്‍ ഫ്രണ്ട്‌സില്‍ അതിഥി വേഷത്തിലൂടെയാണ് കമല്‍ഹാസന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെത്തിയത്. പക്ഷെ നിലവാരം കുറഞ്ഞ ഈ ചിത്രം ആദ്യവാരം തന്നെ തലകുത്തി വീണു. ആദ്യമായി അമിതാബ് ബച്ചന്‍ മലയാളത്തിലെത്തിയതും കഴിഞ്ഞ വര്‍ഷമാണ്. പക്ഷെ പുറത്തിറങ്ങിയ കാണ്ഢഹാര്‍ എന്ന ചിത്രം ബച്ചനെ അപമാനിക്കുന്നതിന് തുല്യമായി. അര്‍ജ്ജുന്‍ വന്ദേമാതരത്തിലൂടെയും സത്യരാജ് ആഗതനിലൂടെയും എത്തിയെങ്കിലും ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞു. ശരത് കുമാര്‍ അഭിനയിച്ച ഒരിടത്തൊരു പോസ്റ്റ്മാന്‍, പ്രഭു രംഗത്തെത്തിയ പ്രമാണി എന്നിവയും പരാജയങ്ങളായി. ഇതേ സമയം ശ്രീനാരായണഗുരുവിന്റെ വേഷത്തിലെത്തിയ തലൈവാസല്‍ വിജയ് യുഗപുരുഷനില്‍ നല്ല പ്രകടനം നല്‍കി. അന്‍വറില്‍ പ്രകാശ് രാജും മികവ് പുലര്‍ത്തി. എന്നാല്‍ കുറഞ്ഞ സമയത്ത് മാത്രം രംഗത്ത് പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് സമുദ്രക്കനി. ശിക്കാറിലെ സഖാവ് അബ്ദുള്ളയെ പ്രേക്ഷകര്‍ ഒരുകാലത്തും മറക്കുകില്ല. നായകനായ മോഹന്‍ലാലിനെപ്പോലും കടത്തിവെട്ടുന്ന തരത്തിലായിരുന്നു സമുദ്രക്കനിയുടെ അതുല്യപ്രകടനം.
നടിമാരില്‍ മമ്മി ആന്റ് മീ, സകുടുംബം ശ്യാമള എന്നിവയിലൂടെ ഉര്‍വ്വശി വീണ്ടും കയ്യടി നേടി. ടി ഡി ദാസന്‍, കടാക്ഷം, പെണ്‍പട്ടണം എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്വേതാമേനോന് കഴിഞ്ഞു. മറ്റ് നടിമാരെല്ലാം പേരിന് മാത്രം വന്നുപോകുന്ന ചില നിഴല്‍ക്കാഴ്ചകളായി മാറി.

വര്‍ഷമവസാനിക്കുമ്പോള്‍ ഓര്‍ത്തുവെയ്ക്കാന്‍ ചില കാര്യങ്ങള്‍ മാത്രം ബാക്കിയാവുന്നു. നല്ല സിനിമകള്‍ക്കായി പ്രയത്‌നിച്ച രണ്ട് പുതുമുഖ സംവിധായകര്‍ ടി ഡി ദാസനിലൂടെ മോഹന്‍രാഘവനും ആത്മകഥയിലൂടെ പ്രേംലാലും..... ദേശീയ പുരസ്‌ക്കാരത്തിന്റെ തിളക്കവുമായി കുട്ടിസ്രാങ്കിലൂടെ ഷാജി എന്‍ കരുണ്‍, വിപ്ലവകാരിയുടെ കനലെരിയുന്ന ജീവിതത്തെ അനശ്വരമാക്കിയ സമുദ്രക്കനി, വലിയ വിജയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ താനാണെന്ന് ശിക്കാറിലൂടെ തെളിയിക്കുന്ന മോഹന്‍ലാല്‍, വേറിട്ട അഭിനയക്കാഴ്ചയുമായി ആത്മകഥയിലെ ശ്രീനിവാസന്റെ കൊച്ചുബേബി, പ്രാഞ്ചിയേട്ടനെന്ന വ്യക്തിയുടെ ജീവിതക്കാഴ്ചകള്‍ അനശ്വരമാക്കിയ മമ്മൂട്ടി.....ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തെ മികച്ചൊരു ദൃശ്യാനുഭവമാക്കിയ യുവ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, വെടിക്കെട്ട് അഭിനയവുമായി ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടി, ലാല്‍, സലിം കുമാര്‍, നെടുമുടി വേണു........ കാഴ്ചകള്‍ ഇങ്ങനെ പോകുന്നു. വിജയങ്ങള്‍ കൂടിയത് ആവേശമായി കൂടുതല്‍ വന്‍കിട പ്രോജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.. കാണ്ഡഹാര്‍, വന്ദേമാതരം തുടങ്ങിയ സിനിമകള്‍ നല്‍കിയ പാഠങ്ങള്‍ എല്ലാവരും ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.......


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan