Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

വിലക്കയറ്റമോ അതെന്ത് സാധനം?
എസ്സ് ജോസഫ്

''വിലക്കയറ്റം, വിലക്കയറ്റം... സര്‍വ്വത്ര വിലക്കയറ്റം... അരിയില്ല, തുണിയില്ല... ഉപ്പുമില്ല, എണ്ണയുമില്ല... മുടിയാനിനി മൂന്നേമുക്കാല്‍ നാഴികമാത്രം....'' കേരളീയ ഗ്രാമങ്ങളില്‍ വിലക്കയറ്റത്തിനെതിയെയുള്ള പ്രതിഷേധങ്ങളിലും പന്തംകൊളുത്തി പ്രകടനങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യങ്ങളാണിത്. ഈ മുദ്രാവാക്യം വിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം അറുപതായി. ഒന്നര ചക്രത്തിന് കിട്ടിയിരുന്ന അരിക്ക് രൂപ 35 ആയിട്ടും കേരളത്തിനെന്തെങ്കിലും സംഭവിച്ചോ? വിലക്കയറ്റമുണ്ടെന്ന് കരുതി എന്തെങ്കിലും സാധനം നമ്മള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടോ? വില മലയാളിക്കൊരു പ്രശ്‌നമേയല്ല. എന്തിനെങ്കിലും വിലകൂടിയാല്‍ ചിലപ്പോള്‍ ഒരാഴ്ചത്തേയ്ക്ക് ആ സാധനം വേണ്ടെന്നുവെക്കും. അടുത്തയാഴ്ച മുതല്‍ കൂടിയ വിലയ്ക്ക് അതേ സാധനം വാങ്ങിത്തുടങ്ങും. ഇനി എല്ലാ സാധനത്തിനും ഒരേപോലെ വിലകൂടിയാലോ? ആഗോളവത്ക്കരണത്തെയും മന്‍മോഹന്‍സിംഗിനെയും അച്യുതാനന്ദനെയും നാല് തെറിവിളിച്ച് അമര്‍ത്തിച്ചവിട്ടി കടയിലേക്ക് കയറും. അതിവിടുത്തെ സാധാരണക്കാരന്റെ കാര്യം. ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാലോ? വില കൂടിയാല്‍ ബാക്കി സര്‍ക്കാര്‍ നോക്കിക്കൊള്ളും. പെട്രോള്‍ വില കൂടിയാലുടന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കൂട്ടും. ഡി എ കൂടുന്നതിനൊപ്പം സ്വാഭാവികമായി കിമ്പളവും കൂട്ടാന്‍ നമ്മുടെ ജീവനക്കാര്‍ നിര്‍ബന്ധിതരാകും. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചിക്കന്‍ ബിരിയാണിക്കൊക്കെ എന്താ വില! ഇതൊന്നും പോരാഞ്ഞ് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് ശമ്പളത്തില്‍ നല്ലൊരുശതമാനം കൂടും. പെട്ടെന്ന് കൂട്ടിക്കിട്ടാന്‍ സര്‍വ്വീസ് സംഘടനകള്‍ സമരം പ്ലാന്‍ ചെയ്യുകയാണ്.

പെട്രോളിന് ആഴ്ചതോറും വില കൂടും. പ്രതിഷേധങ്ങളും പന്തംകൊളുത്തി പ്രകടനങ്ങളുമെല്ലാം ഒരു ദിവസം കൊണ്ട് അവസാനിക്കും. പെട്രോളിന് വില കൂടുന്നതിന്റെ തലേദിവസം ക്യൂനിന്ന് പമ്പുകളില്‍ നിന്ന് ഫുള്‍ ടാങ്ക് അടിക്കുന്നത് വലിയൊരു സമാധാനമാണ്. കേന്ദ്രം യു പി എ ഭരിക്കുന്നതുകൊണ്ട് ഇടതുപക്ഷക്കാരും ബി ജെ പിക്കാരും ആറുമാസത്തിലൊരിക്കല്‍ ദേശീയ പണിമുടക്കും മുടങ്ങാതെ നടത്തുന്നുണ്ട്. പെട്രോളിന് വിലകൂടിയാല്‍ പിന്നെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വിലകൂടും. ബസ് ചാര്‍ജ്ജും ഓട്ടോ ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലുടനീളം പ്രതിഷേധവും ജാഥയും വേറെ നടക്കും. ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റര്‍, റംസാന്‍, ബക്രീദ് തുടങ്ങി മൂന്നുമാസത്തിലൊരിക്കല്‍ മലയാളിക്ക് ആഘോഷിക്കാന്‍ ഇപ്പോള്‍ അവസരങ്ങളേറെയുണ്ട്. ഇതൊന്നും പോരാതെ തമിഴ്‌നാട്ടില്‍ നിന്ന് ആടിമാസവും വടക്കേ ഇന്ത്യയില്‍ നിന്ന് അക്ഷയതൃതീയയും എത്തിയിട്ടുണ്ട്. ദീപാവലി കോഴിക്കോട്ട് വരെ എത്തിക്കഴിഞ്ഞു. ഹോളിയും ദസറയും വൈകാതെ സേട്ടുമാര്‍ ഇവിടെ എത്തിക്കും. ഇനി എല്ലാ മാസവും നമുക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകും. സര്‍ക്കാര്‍ 365 ദിവസവും ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പറയുന്ന മോഹന്‍ലാല്‍ തന്നെ അടുത്ത സെക്കന്റില്‍ അത് മണപ്പുറത്ത് വച്ച് ലൊണെടുക്കാന്‍ പറയും. ഉദയം മുണ്ടുടുത്ത് മമ്മൂക്കയും എം സി ആര്‍ ഉടുത്ത് ലാലേട്ടനും പറഞ്ഞാല്‍ പിന്നെ കാശ് നോക്കിയിട്ട് കാര്യമില്ല. ജീവിതം ഒന്നല്ലേയുള്ളൂ!

പിച്ചക്കാരന്‍ പോലും ഇപ്പോള്‍ മാരുതി കാര്‍ സ്ത്രീധനമായി വാങ്ങില്ല. സ്വര്‍ണത്തിന് പതിനയ്യായിരത്തിന് മുകളില്‍ എത്തിയിട്ട് ഇവിടെ ഏതെങ്കിലും കല്യാണം നടക്കാതിരുന്നിട്ടുണ്ടോ? സദ്യക്ക് വിളിക്കുന്ന ആളിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടോ? സാരി കല്യാണില്‍ നിന്ന് വേണോ, ആലുക്കാസില്‍ നിന്ന് വേണോ, ജയലക്ഷ്മിയില്‍ നിന്ന് വേണോ എന്ന കണ്‍ഫ്യൂഷന്‍ മാറിയിട്ടുണ്ടോ? വെളുത്തുള്ളിക്ക് വില 300ന് അടുത്തായി. മുരുങ്ങക്ക 110 കടന്നു. നാടന്‍ പയര്‍-35, ആര്‍ക്കും വേണ്ടാത്ത പടവലത്തിന് 25, കാരറ്റ്-40, ബീറ്റ്‌റൂട്ട്-25, വഴുതന-20, ബീന്‍സ്-30, പച്ചമുളക്-30, വെണ്ടയ്ക്ക-30, സവാള-50, ചെറിയ ഉള്ളി-40. ഇത് കുറച്ച് സാമ്പിളുകള്‍ മാത്രം. ഈ വില നിലവാരമെടുത്ത് നാട്ടിലെ പച്ചക്കറി കടയില്‍ ചെന്നാല്‍ താടിക്കിട്ട് നല്ല കുത്തുകിട്ടും. മുകളില്‍ പറഞ്ഞത് മൊത്തക്കച്ചവടക്കാര്‍ ചില്ലറക്കച്ചവടക്കാര്‍ക്ക് കൊടുക്കുന്ന വിലയാണ്. ഈ വിലയുടെ കൂടെ 15 മുതല്‍ 25 വരെ കൂട്ടിയാല്‍ സാധനത്തിന്റെ യഥാര്‍ത്ഥ വിലയാകും. ഇനി നമുക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മലയാളികള്‍ അച്ചടക്കത്തോടെ നിന്ന് സാധനം വാങ്ങുന്ന കടയിലേക്ക് ചെല്ലാം. അവിടെ വിലക്കയറ്റം പ്രശ്‌നമല്ല, ചില്ലറയുടെ പ്രശ്‌നമില്ല, സ്റ്റോക്ക് തീരില്ല, തീണ്ടലില്ല, തൊടീലില്ല. ഹാ... സമത്വസുന്ദരമായ ലോകം. നമ്പൂതിരിയും നായരും നസ്രാണിയും മാപ്ലയും ചെറുമനുമെല്ലാം ഒരേവരിയില്‍ നിന്ന് നല്ല രാഷ്ട്രപൗരന്മാരായി അച്ചടക്കത്തോടെ സാധനം വാങ്ങി പോകും. കയ്യില്‍ കാശ് അല്‍പ്പം കുറവാണെങ്കില്‍ കട്ടയിടാന്‍ സമാനമനസ്‌കരായ ആളെയും അവിടെ കിട്ടും.

ഓണത്തിന്റെ റിക്കോര്‍ഡ് ക്രിസ്മസിനും ഒട്ടും കുറയ്ക്കാന്‍ മലയാളിക്ക് മനസില്ല. ഓണത്തിന് ആറുദിവസം കൊണ്ട് 155 കോടി കുടിച്ചപ്പോള്‍ ക്രിസ്മസിന് നാലുദിവസം കൊണ്ട് 91 കോടിയാണ് മലയാളി കുടിച്ചത്. കഴിഞ്ഞ ക്രിസ്മസിനേക്കാള്‍ 6.21 കോടി കൂടുതല്‍. കെ കരുണാകരന്‍ മരിച്ചതുകൊണ്ട് ചിലയിടത്ത് ഹര്‍ത്താലുണ്ടായിരുന്നു. അതിന്റെ നഷ്ടം ബിവറേജസ് കോര്‍പ്പറേഷനാണ്. ബവറേജസ് കോര്‍പ്പറേഷന് നിന്നുതിരിയാന്‍ സയമില്ല. ഇതാ ന്യൂ ഇയര്‍ വന്നുകഴിഞ്ഞു. വിലയല്‍പ്പം കൂടിയാല്‍ മലയാളിക്ക് എന്താണ് പ്രശ്‌നം? വാര്‍ക്കപ്പണിക്ക് 450-500 ആണ് റേറ്റ്. കൂലിയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് പോകാന്‍ നേരം ഒരു പൈന്റും കിട്ടും. ആശാരിക്ക്-400, മേസ്തിരിക്ക്-400. പറമ്പില്‍ പണിക്ക്-350, വീട്ടുജോലിക്ക് (ആണിനെക്കിട്ടില്ല) പെണ്ണിന്-150-200. തൊഴിലുറപ്പ് പദ്ധതിക്ക് എഴുന്നേറ്റ് നടക്കാനാവാത്ത കെളവന്മാരും കെളവിമാരും പോയെങ്കിലായി. 125 രൂപയ്ക്ക് ചെരയ്ക്കാന്‍ പട്ടിപോലും പോകില്ല. ഇക്കാര്യം പറയുമ്പോള്‍ കട്ടിംഗിനും ഷേവിംഗിനും സാദാ കടയില്‍ രൂപ അമ്പത്. എസിയാണെങ്കില്‍ 150. പിന്നെ കട്ടിനനുസരിച്ച് കാശ്് കൂടും. നാട്ടിലെ ചെറുപ്പക്കാരെല്ലാം ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റിലാണ് പണി. റിയല്‍ എസ്റ്റേറ്റില്‍ ശോഭിക്കാത്തവന്മാര്‍ വണ്ടിക്കച്ചവടം, മൊബൈല്‍ ഫോണ്‍ കച്ചവടം തുടങ്ങിയ ചെറുകിട മേഖലകളില്‍ വിലസുന്നു. ഇതൊന്നുമില്ലാത്തവര്‍ക്ക് പിന്നെ പരമ്പരാഗതമായി ഗള്‍ഫില്‍ നിന്ന് കാശ് വരും. കൊച്ചമ്മമാര്‍ കൊച്ചുങ്ങളെയും കൂട്ടി കല്യാണ്‍ സില്‍ക്ക്‌സിലും ആലുക്കാസിലും മലബാറിലും ജയലക്ഷ്മിയിലും കയറിയിറങ്ങും. ചെക്കന്‍മാര്‍ക്ക് ചെത്താനുള്ള ബൈക്കിന് ലക്ഷമൊന്നിന് മുകളിലായി വില. 3ജിയില്‍ കുറയ്ക്കാന്‍ പറ്റുമോ, മൊബൈല്‍ 15000ന് മുകളിലുള്ളതാണ് അന്തസ്.

ഇതൊക്കെ സത്യമാണ്. എന്നാല്‍ ഈ ഉത്സവകാലങ്ങളില്‍ സപ്ലൈകോയുടെയും ത്രിവേണിയുടെയും മാവേലി സ്റ്റോറിന്റെയും മുന്നിലൊന്ന് ചെന്നാല്‍ അവിടെയും നീണ്ട ക്യൂ കാണാം. 14 രൂപയുടെ അരിവാങ്ങാനും 25 രൂപയുടെ കടല വാങ്ങാനും എത്രനേരം വേണമെങ്കിലും ക്യൂനില്‍ക്കുന്ന ലക്ഷങ്ങള്‍ കേരളത്തിലുണ്ട്. ഒരു നേരം അരിവാങ്ങാനാകാതെ പട്ടിണി കിടക്കുന്നവരും മക്കളുടെ കല്യാണം നടത്താനാകാത്തവരും കിടപ്പാടം പണയം വയ്ക്കുന്നവരും കടംകൊണ്ട് കൂട്ടആത്മഹത്യ നടത്തുന്നവരും ആശുപത്രിയില്‍ പോകാന്‍ കാശില്ലാതെ പുഴുത്തുചാകുന്നവരും ഇവിടെയുണ്ട്. ഗള്‍ഫില്‍ അറബിമുതലാളിയുടെ സെക്രട്ടറിയും പെട്രോളിയം മുതലാളിയും സൂപ്പര്‍ മാര്‍ക്കറ്റ് വ്യവസായിയും എന്‍ജിനീയറും ഡോക്ടറും മാനേജന്റ് വിദഗ്ധനും സിമന്റ് ചുമക്കുന്നവനും മീന്‍പിടിക്കുന്നവനും ഒട്ടകത്തെ മേയ്ക്കുന്നവനുമൊക്കെ എല്ലാ മാസവും മുടങ്ങാതെ കാശയക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വരവ് കുറച്ച് കുറഞ്ഞിട്ടുണ്ട്. പലരും അവിടുത്തെ സിറ്റിസണ്‍മാരായിക്കഴിഞ്ഞു. വെറുതെയാണോ കമ്യൂണിസവും കോണ്‍ഗ്രസിസും ഇവിടെ ഒരുപോലെ തഴച്ചുവളര്‍ന്നത്. മുമ്പ് ഉള്ളവനെല്ലാം കോണ്‍ഗ്രസും ഇല്ലാത്തവനെല്ലാം കമ്മ്യൂണിസ്റ്റുമെന്നായിരുന്നു. ഇന്നിപ്പോള്‍ കൊടി കയ്യില്‍ കണ്ടാല്‍ ആളെ തിരിച്ചറിയാമെന്ന് മാത്രം.

മുമ്പ് തമിഴന്മാരായിരുന്നു കേരളത്തിലെ മേസ്തിരിമാര്‍. ഇപ്പോള്‍ തമിഴന്റെ പൊടിപോലും കാണാനില്ല. അവരെല്ലാം മലയാളിക്ക് പഠിച്ച് ഗള്‍ഫിലെത്തി. ബീഹാറികളും ബംഗാളികളും കേരളത്തിലേക്ക് ഒഴുകുകയാണ്. എന്ത് പണിക്കും അവര്‍ വരും. കെട്ടിടം പണിയും ആശാരിപ്പണിയുമാണ് അവര്‍ക്കിഷ്ടമെങ്കിലും കാശുകൊടുത്താല്‍ എന്തും ചെയ്യും. ഒരു കൊലപാതകമോ ബലാല്‍സംഗമോ വരെ. ഇതാണ് കേരളം. ഇവിടെ വിലക്കയറ്റമെന്ന് ആരെങ്കിലും പറഞ്ഞാല്‍ സാമ്പത്തിക വിദഗ്ധനായ ഡോ. ന്‍മോഹന്‍സിംഗ് അത് സമ്മതിച്ചുതരില്ല. കാശുള്ളിടത്ത് പണക്കാരുള്ളതുപോലെ വിലയുള്ളിടത്ത് വിലക്കയറ്റമുണ്ടാകും. വിലക്കയറ്റമുള്ളിടത്തേയ്ക്ക് കൂടുതല്‍ സാധനങ്ങളെത്തും. ബെന്‍സ്, ബി എം ഡബ്ല്യൂ, ഓഡി, വോക്‌സ് വാഗണ്‍ തുടങ്ങി. ഇത് വെറും സിമ്പിള്‍ ഇക്കണോമിക്‌സ്.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan