Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

കരുണാകരന് പകരം കരുണാകരന്‍ മാത്രം
പ്രദീപന്‍

ധുനിക കേരളത്തിന്റെ ശില്‍പ്പികളായ നേതാക്കളില്‍ പ്രമുഖരുടെ നിരയില്‍ തന്നെയാണ് കെ കരുണാകരന്റെ സ്ഥാനമെന്നതില്‍ സംശയമില്ല. ജീവിച്ചിരിക്കുമ്പോഴും ജീവന്‍വെടിഞ്ഞപ്പോഴും ജനമനസില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിത്വമില്ല എന്ന് പറയേണ്ടിവരും. ശ്രീനാരായണഗുരുവിനെപ്പോലെയോ അയ്യന്‍കാളിയെപ്പോലെയോ ഉള്ള നവോത്ഥാന നായകരെപ്പോലെയോ ഇ എം എസിനെയോ എ കെ ജിയോ കെ കേളപ്പനെയോ പോലുള്ള രാഷ്ട്രീയ നേതാക്കന്മാരെപ്പോലെയല്ല കേരളീയര്‍ കെ കരുണാകരനെ കാണുക. കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായ കരുണാകരന്റെ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയുമെല്ലാം നാം നേരിട്ട് കണ്ടറിഞ്ഞതാണ്. ജീവിതത്തില്‍ ഇത്രയധികം കയറ്റിയിറക്കങ്ങള്‍ ഉണ്ടായ നേതാക്കളും അപൂര്‍വ്വം. സംസ്ഥാന രൂപീകരണത്തിന് ശേഷം തമ്മിലടിച്ച് നശിച്ച കോണ്‍ഗ്രസിനെ ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ധീരനായകനാണ് കെ കരുണാകരന്‍. കേരളത്തിന്റെ സമസ്തമേഖലയിലുമുള്ള വികസനത്തിനായി അക്ഷീണം പരിശ്രമിച്ച ശക്തനായ ഭരണാധികാരിയാണ് കെ കരുണാകരന്‍. അടിയന്തിരാവസ്ഥയില്‍ കേരളത്തെ കയ്യിലിട്ട് അമ്മാനമാടിയ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് കെ കരുണാകരന്‍. കൂടെനില്‍ക്കുന്നവര്‍ക്കും ആശ്രിതര്‍ക്കും കരളുപോലും പറിച്ചുനല്‍കുന്ന വാല്‍സല്യപുരുഷനാണ് കെ കരുണാകരന്‍. മക്കളെ ജീവന് തുല്യം സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി എല്ലാം നല്‍കുകയും ചെയ്ത സ്‌നേഹനിധിയാണ് കെ കരുണാകരന്‍. ഇങ്ങനെ ഒട്ടേറെ വിശേഷങ്ങള്‍ കെ കരുണാകരനെക്കുറിച്ച് പറയാനാകും.

ഭരണരംഗത്തും വികസനരംഗത്തും ആശ്രിതവാല്‍സല്യത്തിലും പേരുകേട്ടെങ്കിലും അടിയന്തിരാവസ്ഥയുടെയും മക്കള്‍ സ്‌നേഹത്തിന്റെയും പേരില്‍ ഒട്ടേറെ പഴി അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു. രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനം ഇത്രയേറെ ഏല്‍ക്കേണ്ടി വന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവും ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ പ്രതിബന്ധങ്ങളും വിമര്‍ശനങ്ങളും കരുത്താക്കി പോരാളിയുടെ വീര്യത്തോടെ മുന്നേറുന്ന കെ കരുണാകരനെ മാത്രമേ കേരളത്തിന് കാണാന്‍ കഴിഞ്ഞുള്ളൂ. അവസാനകാലം വരെ ഈ പോരാട്ടവീര്യം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. കെ കരുണാകരന്റെ ജീവിതചിത്രം മാധ്യമങ്ങള്‍ ഏറെക്കുറെ നമ്മുടെ മുമ്പില്‍ നിരത്തിക്കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിലെ ജന്മികുടുംബത്തില്‍ നിന്ന് ചിത്രരചന അഭ്യസിക്കാന്‍ അമ്മാവനൊപ്പം തൃശൂരിലെത്തിയ കെ കരുണാകരന്‍ പിന്നീട് എസ്റ്റേറ്റ് തൊഴിലാളികളെ സംഘടിപ്പിക്കാനും അവര്‍ക്ക് നേതൃത്വം നല്‍കാനും രംഗത്തെത്തുകയായിരുന്നു. തൃശൂരില്‍ ആദ്യകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലീഡര്‍ എന്ന പദവിയിലേക്ക് ജീവിതാന്ത്യം വരെ അദ്ദേഹത്തെ എത്തിച്ചത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കൊലക്കേസില്‍ ആരോപണവിധേയനാവുകയും ഒളിവ് ജീവിതം നയിക്കേണ്ടിവരികയും ചെയ്തു. പിന്നീട് അടിയന്തിരാവസ്ഥക്കാലത്തെ രാജന്‍ കേസ് കരുണാകരന്റെ ജീവിതത്തില്‍ ചെളി വീഴ്ത്തുകയും മുഖ്യമന്ത്രിക്കസേര വരെ തെറിപ്പിക്കുകയും ചെയ്തു.
തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം, എം എല്‍ എ, മന്ത്രി, മുഖ്യമന്ത്രി, ലോക്‌സഭാംഗം, രാജ്യസഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ ഏഴ് പതിറ്റാണ്ടുകാലം രാഷ്ട്രീയത്തില്‍ സജീവമായി നിലകൊണ്ട കെ കരുണാകരന്‍ ആരോഗ്യ സ്ഥിതി തീരെ മോശമായപ്പോഴാണ് സജീവമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നത്.

ഒരു കാലഘട്ടത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് എന്നാല്‍ കെ കരുണാകരന്‍ തന്നെയായിരുന്നു. രാജീവ് ഗാന്ധിയുടെ മരണശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരികകാന്‍ മുന്നിട്ടിറങ്ങിയ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ കരുണാകരന്‍ നടത്തിയ ശ്രമങ്ങളെ കിംഗ് മേക്കര്‍ എന്ന പദവിയില്‍ അദ്ദേഹത്തെ എത്തിച്ചു. രാഷ്ട്രീയത്തിലും പ്രവര്‍ത്തന ശൈലിയിലും അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുള്ളവര്‍ പോലും അദ്ദേഹത്തെ മികച്ച ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനുമായി കണ്ട് ബഹുമാനിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവും പ്രയോക്താവുമായ നേതാവായിരുന്നു കെ കരുണാകരന്‍. മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യത കണ്ടെത്തിയതും അതിനെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്ത രാഷ്ട്ര തന്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. നെഹ്‌റു കുടുംബത്തോട് ആരാധന കലര്‍ന്ന ബന്ധം അദ്ദേഹത്തെ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനാക്കി മാറ്റി. പ്രതികൂല രാഷ്ട്രീയാവസ്ഥയിലും പ്രതിസന്ധികളിലും അദ്ദേഹം ഇന്ദിരാഗാന്ധിയോട് ഒപ്പം നിന്നു. അടിയന്തിരാവസ്ഥയോടെ കോണ്‍ഗ്രസിലെ തലയെടുപ്പുള്ള പലരും ഇന്ദിരാഗാന്ധിയുമായുള്ള അനുഭാവം ഉപേക്ഷിച്ചപ്പോഴും കരുണാകരന്‍ മാറി ചിന്തിച്ചില്ല. ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് നിലയുറപ്പിച്ച അദ്ദേഹം എന്നും തന്റെ നിലപാടുകളെ ഉറപ്പിക്കുകയും ദേശീയതയുമായി ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. ഒരുകാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ശക്തിദുര്‍ഗമായി നിലകൊണ്ട അദ്ദേഹം സമീപകാലത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി അകലുന്ന കാഴ്ച കേരളീയര്‍ കണ്ടു. സോണിയാഗാന്ധി അടക്കമുള്ളവരുമായുണ്ടായ നീരസത്തിനെ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് ഡി ഐ സി രൂപീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം കോണ്‍ഗ്രസിനോടു ചേര്‍ന്നുനിന്നു. കോണ്‍ഗ്രസ് വിട്ട് ഏറെ താമസിക്കാതെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. കരുണാകരനോടൊപ്പം കോണ്‍ഗ്രസ് വിട്ട മകന്‍ കെ മുരളീധരന്‍ എന്‍ സി പി നേതൃസ്ഥാനം ഒഴിഞ്ഞ് കോണ്‍ഗ്രസില്‍ തിരച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും സാധിച്ചില്ല. മുരളീധരന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനെങ്കിലും മാളയായിരുന്നു കെ കരുണാകരന്റെ തട്ടകം. മാളയുടെ മാണിക്യമെന്നും അദ്ദേഹത്തെ ആരാധകര്‍ വിളിച്ചിരുന്നു. പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് കരുണാകരന്‍ മാളയിലെത്തുന്നത്. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാളയില്‍ നിന്നു ജയിച്ചതോടെ അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം മാളയായി മാറുകയായിരുന്നു. 26 വര്‍ഷത്തോളം മാളയുടെ ജനപ്രതിനിധിയായിരുന്നു കരുണാകരന്‍.

സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതം. പാര്‍ലമെന്ററി രംഗത്ത് അദ്ദേഹത്തെ തേടിയെതതാത്ത പദവികളില്ല. തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി 1945 മുതല്‍ 47 വരെ പ്രവര്‍ത്തിച്ചു. 1948 ല്‍ കൊച്ചി നിയമസഭയില്‍ അംഗമായ അദ്ദേഹം 1952ലും 1954ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായിരുന്നു. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ചെങ്കിലും എ ആര്‍ മേനോനോട് പരാജയപ്പെട്ടു.1960 ല്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റും കെ പി സി സി അംഗവുമായി. 1965ല്‍ മാളയില്‍ നിന്ന് മത്സരിച്ച് വിജയിച്ച കരുണാകരന്‍ 1967 ലും 1970 ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1969ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി. 1971ല്‍ അച്യുമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. തുടര്‍ന്ന് 1977 ല്‍ മുഖ്യമന്ത്രിയായ അദ്ദേഹം നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അപ്പോഴെല്ലാം മാളയായിരുന്നു അദ്ദേഹത്തിന്റെ മണ്ഡലം. ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി കസേരയില്‍ കാലാവധി പൂര്‍ത്തിയാക്കാനായത്. 1995ല്‍ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര വ്യവസായവകുപ്പ് മന്ത്രിയായി. 1996ല്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും വി വി രാഘവനോട് പരാജയപ്പെട്ടു. 1998ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും 1999ല്‍ മുകുന്ദപുരത്ത് നിന്നും കരുണാകരന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന് ഓര്‍മ്മിക്കാന്‍ ഒട്ടേറെ സംഭാവനകള്‍ കരുണാകരന്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ ഇന്നത്തെ നിലയില്‍ എത്തിയതിന് കാരണക്കാരന്‍ അദ്ദേഹമാണ്. പരിയാരം മെഡിക്കല്‍ കോളെജ് തുടങ്ങിയതും മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളെ വികസിപ്പിച്ചതും കരുണാകരനാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. കരുണാകരന്‍ ഒരു പ്രതിഭാസം തന്നെയാണ്. ഒരു പ്രത്യേക കാലഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേറ്റുവരുന്ന നേതാവ്. ഈ നേതൃഗുണം അപൂര്‍വവമായി മാത്രം സംഭവിക്കുന്നതാണ്. എങ്കിലും ലോകചരിത്രത്തില്‍ സമാനമായ ഒരുപിടി വ്യക്തിത്വങ്ങളെ ചിലപ്പോള്‍ നമുക്ക് കണ്ടെത്താനാകും.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan