Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

വിടവാങ്ങിയ കേരളത്തിന്റെ ലീഡര്‍
സി പ്രകാശന്‍

നന്തപുരിയില്‍ നിന്ന് കെ കരുണാകരന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടപ്പോള്‍ പ്രിയനേതാവിന് മിഴിനീര്‍പൂക്കള്‍ അര്‍പ്പിക്കാന്‍, ധനുമാസത്തിലെ കൊടും തണുപ്പു സഹിച്ച് ഒരു രാത്രി മുഴുവന്‍ ജനം വഴിയോരത്ത് കാത്തുനിന്നു. തൃശൂര്‍ ടൗണ്‍ഹാളില്‍ മൃതദേഹം എത്തുമ്പോഴേക്കും തലേന്നു രാത്രി മുതല്‍ കാത്തുനില്‍ക്കുകയാരുന്ന പതിനായിരങ്ങള്‍ ഉണ്ടായിരുന്നു അവിടെ. കെ കരുണാകരന്‍ എന്ന നേതാവ് മൂല്യവത്തായ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്തതന്ന് വിശ്വസിച്ചവരല്ല ഇവര്‍, ആ നേതാവിനെ പ്രതിയോഗികള്‍ കള്ളനെന്നും കരിങ്കാലിയെന്നും കൊലയാളിയെന്നും വിളിക്കുന്നതാണ് എവര്‍ കേട്ടിട്ടുള്ളത്. ആ നേതാവിന്റെ ഈശ്വരവിശ്വാസം പോലും തെരുവില്‍ പരിഹസിക്കപ്പെട്ടു. കുടുംബവും കുട്ടികളും വരെ ആരോപണങ്ങള്‍ക്ക് ഇരയായി. വിശ്വസിച്ച പ്രസ്ഥാനത്തെ ഒരിക്കല്‍ ഉപേക്ഷിച്ച് മകനോടൊപ്പം ഇറങ്ങിപ്പോയിട്ടുമുണ്ട്. വാ തുറന്നാല്‍ വാര്‍ത്ത സൃഷ്ടിക്കുമായിരുന്ന ആ നേതാവ് എന്നും വിവാദങ്ങളുടെ തോഴനുമായിരുന്നു. ഇതൊക്കെയറിയാവുന്ന ജനം പിന്നെയെന്തിന് ആ നേതാവിന്റെ മൃതദേഹത്തില്‍ അന്ത്യചുംബനമര്‍പ്പിക്കാന്‍ കണ്ണീരോടെ കാത്തുനിന്നു?. അതാണ് ജനമനസ്സുകളിലെ കരുണാകരന്‍ എന്ന ലീഡര്‍. ആ നേതാവിന് ഇല്ലാത്ത ഗുണങ്ങള്‍ മറ്റ് ഒട്ടേറെ നേതാക്കളില്‍ ജനം കണ്ടിട്ടുണ്ട്. പക്ഷെ ആ നേതാവിനുള്ള ഗുണങ്ങള്‍ അത് അദ്ദേഹത്തില്‍ മാത്രമെ അവര്‍ കണ്ടിട്ടുള്ളൂ.

വളര്‍ത്തിവലുതാക്കിയവര്‍ നിര്‍ണായകഘട്ടത്തില്‍ സ്വന്തം നേട്ടം നോക്കി അകന്നു പോയിട്ടും പ്രവര്‍ത്തകര്‍ക്ക് ലീഡര്‍ വലിയവന്‍ തന്നെയായിരുന്നു എന്നും. കാരണം, കേരളത്തില്‍ തകര്‍ന്നുപോയിരുന്ന കോണ്‍ഗ്രസ്സിനെ കഠിനാധ്വാനം കൊണ്ടും ചാണക്യതന്ത്രം കൊണ്ടും വലുതാക്കിയെടുത്തതും അദ്ദേഹമാണ്. കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഒരു വലിയകക്ഷിയായി നില്‍ക്കുന്നുവെങ്കില്‍ അതിന് ആദ്യം കടപ്പെട്ടിരിക്കുന്നത് കെ കരുണാകരനോടാണ്. 1967ല്‍ സപ്തകക്ഷി മുന്നണിയുടെകാലം, കോണ്‍ഗ്രസ്സിന്റെ അംഗബലം പത്തില്‍ താഴെ. കൂട്ടുകക്ഷികള്‍ ആരുമില്ല, പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ പോലും മറ്റ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ മടിച്ചു. അങ്ങനെ കരുണാകരന്‍ നേതാവായി. 28 വര്‍ഷംകോണ്‍ഗ്രസ്സിനെ കാറ്റിലും കോളിലും വീഴാതെ നിയമസഭയില്‍ കാത്തു. പലരും വിട്ടുപോയി, പിന്നെ തിരിച്ചെത്തി. അപ്പോഴും ലീഡര്‍ അവിടെയുണ്ടായിരുന്നു. കരുണാകരന്‍ ആരോടും ഒന്നും യാചിച്ചുവാങ്ങിയിട്ടില്ല. ഈസിയായ വിജയങ്ങള്‍ അദ്ദേഹം തേടിപ്പോയില്ല. തുടര്‍ച്ചായി എട്ടുതവണ മാളയെ പ്രതിനിധീകരിച്ചാണ് നിയമസഭയില്‍ എത്തിയത്. വലിയ മാര്‍ജിനിലല്ല അദ്ദേഹം ജയിച്ചുകയറിയത്. ആയിരവും ആയിരത്തഞ്ഞൂറും രണ്ടായിരവുമൊക്കെയായിരുന്നു ഭൂരിപക്ഷം. റിസ്‌കെടുത്താണ് അവിടെ ഓരോ തവണയും മത്സരിച്ചത്. മുന്നണിക്ക് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാവേണ്ടയാളായിരുന്നു അദ്ദഹം. അതിനാല്‍ ചോദിക്കുന്ന സീറ്റ് കിട്ടും. തൃശൂരില്‍ പോലും അക്കാലത്ത് കോണ്‍ഗ്രസ്സ് നല്ല ഭൂരിപക്ഷത്തിന് ജയിക്കുന്ന സീറ്റുകള്‍ വേറെയുണ്ടായിരുന്നു. പക്ഷെ കരുണാകരന്‍ മാളയെ കൈവിട്ടില്ല. 1991ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പില്‍ ജയിച്ചത് മൂവായിരത്തോളം വോട്ടിനുമാത്രം. മാളയില്‍ വീണ്ടും വീണ്ടും മത്സരിക്കുന്നത് റിസ്‌കല്ലേ എന്ന് പലരും ചോദിച്ചവത്രെ. ചോദ്യത്തിന്റെ അര്‍ഥം മാളയെ കൈവിട്ടുകൂടെ എന്നായിരുന്നു. പക്ഷെ കരുണാകരന്‍ ചിരിക്കുക മാത്രം ചെയ്തു. ആ ചിരി ജനങ്ങളിലുള്ള തന്റ വിശ്വാസമായിരുന്നു.

അദ്ദേഹത്തിന്റെയടുത്ത് സഹായം തേടി ചെന്നവര്‍-അവര്‍ ഏതുപാര്‍ട്ടിയോ ജാതിയോ മതമോ ആവട്ടെ-അദ്ദേഹം വെറും കൈയോടെ മടക്കിഅയച്ചില്ല. ആശ്രിതര്‍ക്കുവേണ്ടി ഏതറ്റം വരെയും പോവാന്‍ അദ്ദേഹം തയ്യാറായി. അത് പലപ്പോഴും വിമര്‍ശനം ക്ഷണിച്ചുവരുത്തി. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയെ വെല്ലുവിളിച്ച് രാജ്യസഭാ സ്ഥാനാര്‍ഥിയെ നിര്‍ത്തി. സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ എ ഐ സിസിയിലെ ഉന്നത നേതാക്കള്‍ വരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കൂടെ നിന്നിരുന്ന എം എല്‍ എമാരുടെ എണ്ണം ഓരോന്നായി കുറഞ്ഞുവന്നു. പക്ഷെ, ഒരു സമ്മര്‍ദ്ദത്തിനും കരുണാകരന്‍ വഴങ്ങിയില്ല. ''ഞാനൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി. അയാള്‍ എന്റെ വാക്കുവിശ്വസിച്ചാണ് മത്സരിക്കുന്നത്. അയാളെ ജയിപ്പിക്കേണ്ടത് എന്റെ കടമയാണ് ''-കരുണാകരന്റെ ന്യായം ഇതായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ വാക്കിന് തന്റെ വാക്കിനേക്കാള്‍ വില കൊടുക്കാതിരിക്കുന്നത് ശരിയാണോ എന്ന് ചോദിക്കാം. അതെ എന്നാണ് കരുണാകരന്റെ കാര്യത്തില്‍ ഉത്തരം. ഈ ഉറച്ച നിലപാടുകള്‍ അദ്ദേഹത്തെിന്റെ സഹായം തേടിയെത്തുന്നവര്‍ക്കെല്ലാം ആത്മവിശ്വാസം പകര്‍ന്നിരുന്നു. ''ലീഡറോട്പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയാവും''-അവര്‍ക്ക് സമാധാനത്തോടെ വീട്ടില്‍ പോകാമായിരുന്നു. സ്വന്തം വാക്കിന് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതം ആശ്രിതര്‍ക്കു മാത്രമല്ല, കേരളത്തിനാകെ ഗുണം ചെയ്തിരുന്നുവെന്ന് മരണത്തിനു ശേഷമെ പലരും അറിഞ്ഞുള്ളൂ. ''ഞാന്‍ വാക്കുകൊടുത്തതാണ്, അത് നടക്കണം''- അദ്ദേഹം ഉദ്യോഗസ്ഥരോട് ആജ്ഞാപിച്ചത് ഇങ്ങനെയായിരുന്നു. ഈ ആജ്ഞയുടെ ഫലമായാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയവും തൃശൂര്‍-ഗുരുവായൂര്‍ റെയില്‍പാതയും തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രവും ഗോശ്രീ പദ്ധതിയും നെടുമ്പാശേരി വിമാനത്താവളവും ഏഴിമല നാവിക അക്കാഡമിയവും സംസ്‌കൃതസര്‍വകലാശാലയുമെല്ലാം കേരളത്തിലുണ്ടായത്. ഫൈറ്ററായിരുന്ന കരുണാകരന്‍, നേരിട്ടേറ്റുമുട്ടുന്നവരെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ''കൂടെ നടന്ന് ചിരിച്ച് കഴുത്തറുക്കുന്നവരെയാണ് എനിക്ക് വെറുപ്പ്, ശത്രുത നേരിട്ട് പ്രകടിപ്പിക്കുന്നവേെരാട് എനിക്ക് ഉള്ളില്‍ സ്‌നേഹമാണ് തോന്നാറ്'' അദ്ദേഹം പറയാറുണ്ട്. പക്ഷെ ആദ്യം പറഞ്ഞ കൂട്ടരായിരുന്നു അധികവും.

തട്ടില്‍ എസ്റ്റേറ്റിലെ കൊലപാതകം, രാജന്‍കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍, നക്‌സല്‍ വേട്ട, പാമോയില്‍ കേസ്, ചാരക്കേസ് ഇങ്ങനെ നിരവധി അഗ്നിപരീക്ഷകളെ അദ്ദേഹം നേരിട്ടു. അസാമാന്യമായ ചങ്കൂറ്റത്തോടെയാണ് ജീവിച്ചത്. പക്ഷെ, വാര്‍ധക്യകാലത്ത് കരുണാകരനെ മുറിവേറ്റവനെ പോലെയാണ് കണ്ടത്. വാശി കൂടിക്കൂടിവന്നു. രാഷ്ട്രീയപ്രവേശനത്തിനുള്ള മകളുടെ ശ്രമവും മകന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും എല്ലാം കൂടിയായപ്പോള്‍ കൂടുതല്‍ പേര്‍ അകന്നു. അപക്വമായ എടുത്തുചാട്ടങ്ങള്‍ പലതുണ്ടായി. കോണ്‍ഗ്രസ് വിട്ട് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി, പിന്നീട് അതിനെ എന്‍ സി പി യില്‍ ലയിപ്പിച്ചു. ഇതിലെല്ലാം പിന്നീട് അദ്ദേഹം ദുഃഖിച്ചു. കോണ്‍ഗ്രസ്സുകാരനായി മരിക്കണം, മരിച്ചാല്‍ ത്രിവര്‍ണപതാക പുതപ്പിക്കണം-കരുണാകരന്‍ പലരോടും ഈ ആഗ്രഹം പറഞ്ഞു. അത് വീണ്ടും അദ്ദേഹത്തെ കോണ്‍ഗ്രസ്സിലെത്തിച്ചു. കരുണാകരനെ കോണ്‍ഗ്രസിലെടുക്കുന്നതിനെ ആരും എതിര്‍ത്തില്ല, പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും എതിരഭിപ്രായം പറഞ്ഞില്ല. അത് അദ്ദേഹം ചെയ്ത സേവനങ്ങളെ ബഹുമാനിക്കുന്നതുകൊണ്ടാവണം. ഒടുവില്‍ രോഗപീഡകള്‍. ഇതിനിടയിലും ഊര്‍ജസ്വലനായി ഇടക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. സോണിയാഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കുന്ന യോഗത്തിലാണ് ഡല്‍ഹയില്‍ അവസാനമായിചെന്നത്. അവശനായിരുന്നുവെങ്കിലും അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കരുണാകരന് മനസ്സു വന്നില്ലത്രെ. മോഹങ്ങള്‍ ചിലത്ബാക്കിയാക്കിയാണ് കരുണാകരന്‍ വിടചൊല്ലിയത്. പക്ഷെ കോണ്‍ഗ്രസ് പതാക പുതപ്പിച്ചുകൊണ്ടുതന്നെ ഏറ്റവും ഉചിതമായ വിടവാങ്ങല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തിന് നല്‍കി. ബൂത്ത് കമ്മിറ്റി അംഗങ്ങള്‍ മുതല്‍ എ ഐ സി സി പ്രസിഡന്റും പ്രധാനമന്ത്രിയും വരെ എത്തി. നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ചിതക്ക് കൊളുത്തുംവരെ എല്ലാം നോക്കി നടത്താന്‍ ഉണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന് ആത്മാവിന് സന്തോഷം പകര്‍ന്നിരിക്കണം


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan