Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

''പുരുഷസ്പര്‍ശമേല്‍ക്കാത്ത'' രണ്ട് പ്രസിദ്ധീകരണങ്ങള്‍
സുരേഷ് കുമാര്‍

പുരുഷന്മാര്‍ കീഴടക്കിവാഴുന്ന കേരളീയ സാംസ്‌കാരികതയിലേക്ക് 2010 നിക്ഷേപിക്കുന്ന രണ്ട് പ്രഹരങ്ങളാണ് 'ഗാര്‍ഗി'യും 'സംഘടിത'യും. തൃശൂരിലെ സ്ത്രീകളുടെ കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന 'ഗാര്‍ഗി' സെപ്റ്റംബറില്‍ പുറത്തിറങ്ങിയപ്പോള്‍ കോഴിക്കോട്ടെ അന്വേഷി 'സംഘടിത'യുമായി ഡിസംബറിലാണ് എത്തിയത്. സ്ത്രീകള്‍ എന്ത് വായിക്കണമെന്ന് പുരുഷന്മാര്‍ ഷെഡ്യൂള്‍ ചെയ്യുന്ന മാധ്യമമേഖലയില്‍ സ്ത്രീകള്‍ക്കറിയാം അവര്‍ക്ക് എന്താണ് വേണ്ടതെന്ന് പറയുകയാണ് 'ഗാര്‍ഗി'യും 'സംഘടിത'യും. 'ഗാര്‍ഗി'യുടെ വിളംബരം തന്നെ 'ആന്‍ ഓള്‍ വിമന്‍ മാഗസിന്‍ ഫോര്‍ ഓള്‍' എന്നാണ്. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും സ്ത്രീകളെയും ബാധിക്കും. അതിനാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഈ രണ്ട് പ്രസിദ്ധീകരണങ്ങലും ഇടമുണ്ട്. അതോടൊപ്പം സര്‍ഗാത്മക രചനകള്‍ക്കും. ഗാര്‍ഗിക്ക് ഭാഷ പ്രശ്‌നമേയല്ല. മലയാളവും ഇംഗ്ലീഷും അവര്‍ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്നത് മലയാളത്തില്‍ ഉള്ള വനിതാമാസികയാണെന്ന് അവരുടെ പരസ്യം അവകാശപ്പെടുന്നുണ്ട്. ലൈംഗിക ചികിത്സകനും ജ്യോതിഷിയും പാചകറാണിമാരും പട്ടും പൊന്നുമണിഞ്ഞ് നിരക്കുന്ന ഡസന്‍ കണക്ക് വനിതാ പ്രസിദ്ധീകരണങ്ങള്‍ മലയാളി സ്ത്രീക്ക് എന്താണ് നല്‍കുന്നതെന്ന് ചോദിക്കേണ്ട, കച്ചവടം നടക്കട്ടെ. കളി കാര്യമാക്കാനാണ് 'ഗാര്‍ഗി'യും 'സംഘടിത'യും ശ്രമിക്കുന്നത്. ഡോ. തെരേസ ഡയസ് മാനേജിംഗ് ഡയറക്ടറും അഡ്വ. ആര്‍ കെ ആശ മാനേജിംഗ് എഡിറ്ററും എസ് പി മായ എക്‌സിക്യൂട്ടീവ് എഡിറ്ററും ഷീന ജോസ് കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്ററുമായ 'ഗാര്‍ഗി'യുടെ ഡിസൈനിംഗും ഇല്യുസ്‌ട്രേഷനും ഫോട്ടോഗ്രഫിയുമെല്ലാം സ്ത്രീകള്‍ തന്നെയാണ്.

കെ അജിത നേതൃത്വം നല്‍കുന്ന അന്വേഷി ഇതുവരെ അവരുടെ ഇന്‍ഹൗസ് മാസികയായി 'അന്വേഷി ന്യൂസ് ലെറ്റര്‍' പ്രസിദ്ധീകരിച്ചിരുന്നു. അമേച്വര്‍ ശൈലിയിലുള്ള ഈ പ്രസിദ്ധീകരണത്തിന്റെ പ്രഫഷണലായ മുഖമാണ് 'സംഘടിത'യിലൂടെ പുറത്തുവന്നിരിക്കുന്നത്. പ്രശസ്ത തമിഴ് എഴുത്തുകാരി സല്‍മയാണ് 'സംഘടിത' പ്രകാശനം ചെയ്തത്. സംഘടിതയുടെ ചീഫ് എഡിറ്ററായി സാറ ജോസഫ് എത്തിയതോടെ ഉള്ളടക്കത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. കെ അജിതയാണ് മാനേജിംഗ് എഡിറ്റര്‍. ഡോ. ജാന്‍സി ജോസാണ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍. കേരളത്തിലെ ന്യൂസ് സ്റ്റാന്റുകളിലെല്ലാം 'സംഘടിത' എത്തിക്കാനാണ് അന്വേഷിയുടെ ശ്രമം. മറ്റ് പ്രസിദ്ധീകരണങ്ങളെപ്പോലെ സംഘടിതയും പരസ്യം പിടിക്കും. എന്നാല്‍ പട്ടും പൊന്നും ചാര്‍ത്തിയ പരസ്യങ്ങള്‍ വേണ്ട എന്നാണ് അന്വേഷിയുടെ തീരുമാനം.
അറിയപ്പെടുന്ന പെണ്‍ബുദ്ധിജീവികളെല്ലാം അണിനിരക്കുന്ന 'ഗാര്‍ഗി'യും 'സംഘടിത'യും ഉണങ്ങിക്കടിച്ച് വറ്റിവരണ്ട സൈദ്ധാന്തിക പ്രശ്‌നങ്ങളാണ് വിളമ്പുകയെന്ന് കരുതുന്നവര്‍ക്ക് തെറ്റി. സംഘടിതയുടെ ആദ്യലക്കത്തില്‍ ഡോ. ഖദീജ മുംതാസിന്റെ 'വൈരുദ്ധ്യങ്ങളുടെ സ്ത്രീജന്മം' എന്ന അമ്മയെക്കുറിച്ചുള്ള ഓര്‍മ്മയും കെ ആര്‍ മീരയുടെ 'അച്ചാമ്മക്ക് സമ്പവിച്ചത്' എന്ന കഥയും മലയാളത്തിലെ ഒന്നാംകിട പ്രസിദ്ധീകരണങ്ങള്‍ക്ക് നഷ്ടപ്പെട്ട ഒന്നാന്തരം രചനകളാണ്.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan