Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

വിവാദങ്ങളുടെ ഒരു രാഷ്ട്രീയവര്‍ഷം കൂടി
പി. ഗോപാല്‍

വിവാദങ്ങള്‍ ആഴ്ചയില്‍ ഒന്നെങ്കിലും വേണമെന്നായിരിക്കുന്നു മലയാളിക്ക്. രാത്രി ഊണെല്ലാം കഴിഞ്ഞ് ഉറങ്ങും മുമ്പ് ഒരു മണിക്കൂര്‍ ന്യൂസ് ചര്‍ച്ചയില്‍ വിവാദങ്ങള്‍ ആസ്വദിച്ചുകാണണം. എന്നാലെ നല്ല ഉറക്കം കിട്ടൂ എന്നായിട്ടുണ്ട്. ടി വി ചാനലുകളില്ലാത്ത ഒരു ലോകം നമുക്കിന് സങ്കല്‍പ്പിക്കാനാവില്ല. ചാനലുകളുടെ മത്സരം കൊണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവാദങ്ങള്‍ മാത്രമാണ് കേരളത്തില്‍ ചിലവാകുന്നത്. ചാനലുകാര്‍ വടി പിടിച്ച് നീട്ടി ഓരോന്ന് തോണ്ടിയെടുത്താല്‍ പിറ്റേന്ന് പത്രങ്ങള്‍ക്കും സുഖം. ഇനി പത്രക്കാര്‍ പേനയുന്തി വല്ലതും ഉണ്ടാക്കിയാലോ അതിനു പിറകെ വടിയും പിടിച്ച് ചാനലുകാരും പായും. ഇങ്ങനെ പരസ്പരസഹായസംഘം പോലെ ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ വിവാദങ്ങളും തര്‍ക്കങ്ങളും കൊണ്ട് കേരളീയ സമൂഹത്തെ ലൈവാക്കി നിര്‍ത്തുന്നു. പിന്നിട്ട വര്‍ഷത്തിലും വിവാദങ്ങളും തര്‍ക്കങ്ങളും ഒട്ടും കുറവായിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടത്തില്‍ വിശ്വാസിക്ക് സ്ഥാനമുണ്ടോ എന്ന സന്ദേഹം എം പി സ്ഥാനം പോയതുമുതല്‍ അലട്ടുന്ന കെ എസ് മനോജാണ് സി പി എമ്മില്‍ ആദ്യം വെടിപൊട്ടിച്ചത്. ജനുവരി എട്ടിന് മനോജ് പാര്‍ട്ടി വിട്ടു. അബ്ദുള്ളക്കുട്ടിയുടെ വഴിയെ മനോജും കോണ്‍ഗ്രസ്സിലെത്തി. വിശ്വാസികളോടുള്ള സി പി എമ്മിന്റെ സമീപനം മാറണമെന്ന് മനോജ് ആവശ്യപ്പെട്ടു. മനോജിനു ശേഷം മറ്റൊരു മുന്‍ എം പി ശിവരാമനും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

അങ്ങനെ മുന്‍ എം പിമാര്‍ക്ക് ചേരാവുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്. എന്നാല്‍ മുന്‍ എം പി മാത്രമല്ല, മുന്‍ കെ പി സി സി പ്രസിഡന്റുുകൂടിയായ കെ മുരളധരന് മാത്രം കോണ്‍ഗ്രസ്സില്‍ ഇടം കിട്ടിയിട്ടില്ല. ജനുവരി 27 ന് കെ പി സി സി നേതൃത്വം അക്കാര്യം ആവര്‍ത്തിച്ചുവ്യക്തമാക്കി. ''ഞാന്‍ സാഷ്ടാംഗം വീണിട്ടും എന്നെ ചവിട്ടി, എങ്കിലും ഞാന്‍ ക്ഷമിക്കുന്നു, ഇനിയും കാത്തിരിക്കും''. എന്നായിരുന്നു ഇതിന് മുരളിയുടെ പ്രതികരണം. ആ കാത്തിരിപ്പ് ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ടും തുടരുകയാണ്. ഇതിനിടെ മുല്ലപ്പള്ളിയും സുധീരനും മറ്റുമൊക്കെ മുരളിയെ തിരിച്ചെടുക്കണം എന്നമട്ടില്‍ സംസാരിച്ചുനോക്കി. കാര്യമുണ്ടായില്ല. തിരിച്ചെടുത്തില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ കാലാവധി തീരുന്ന തീയതിക്കുശേം താന്‍ കെ പി സി സി ഓഫീസില്‍ സത്യാഗ്രഹമിരിക്കുമെന്നു വരെ മുരളീധരന്‍ പ്രഖ്യാപിച്ചുകളഞ്ഞു. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുരളിയുടെ സഹായം കോണ്‍ഗ്രസ്സിന് കിട്ടി. ആ ആനുകൂല്യത്തില്‍ മോഡറേഷന്‍ നേടി വേഗത്തില്‍ തന്നെ തിരിച്ചെടുക്കുമെന്ന് മുരളി പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മോഡറേഷന്‍ മാര്‍ക്ക് കൊടുക്കുന്നില്ലെന്നു പറഞ്ഞ് കെ പി സി സി വക്താവ് എം എം ഹസ്സനും തിരിച്ചടിച്ചു. കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസ്സിലും സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മുരളിയുടെ വണ്ടി പ്ലാറ്റ്‌ഫോമില്‍ കയറിയിട്ടില്ല. അസംബ്ലി തിരഞ്ഞെടുപ്പിനു മുമ്പ് അതുണ്ടാവുമോ എന്ന് ദൈവം തമ്പുരാനേ അറിയൂ.

പണ്ടേ വിവാദ നായകനായ ടോമിന്‍ തച്ചങ്കരിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പോലീസുദ്യോഗസ്ഥന്‍. കണ്ണൂര്‍ റേഞ്ച് ഐ ജിയായ ഇദ്ദേഹം പിണറായി വിജയന്റെ ഗള്‍ഫ് യാത്രാക്കാലത്ത് മുങ്ങി. ഇത് പത്രക്കാര്‍ എടുത്തിട്ട് അലക്കി. പിണറായി ഗള്‍ഫിലെത്തിയപ്പോള്‍ ഇദ്ദേഹവും അവിടെയണ്ടായിരുന്നുവെന്നും വിദേശത്തുപോവുന്നുവെന്ന് അറിയിക്കാതയാണ് മുങ്ങിയതെന്നും ആക്ഷേപം വന്നു. കിട്ടിയ അവസരം മുഖ്യമന്തിയും ശരിക്കുപയോഗിച്ചു. കാശ്മീര്‍ വരെയെ പോയുള്ളൂ എന്ന് പറഞ്ഞ തച്ചങ്കരി ഗള്‍ഫില്‍ പോയിരുന്നുവെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. മുഖ്യമന്ത്രി തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തവിട്ടു. സ്ഥലം മാറ്റം മതിയെന്ന കോടിയേരിയുടെ നിര്‍ദേശം മറികടന്നാണ് മുഖ്യമന്ത്രി തച്ചങ്കരിയെ സസ്‌പെന്റ് ചെയ്തതെന്നായി പത്രങ്ങള്‍. പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് മുമ്പാകെ പരാതിപ്പെട്ട തച്ചങ്കരി സസ്‌പെന്‍ഷന്‍ തടഞ്ഞുകൊണ്ടുള്ള വിധി സമ്പാദിച്ചു. വിവാദത്തിലിടം പിടിച്ച മറ്റൊരു ഉദ്യോഗസ്ഥനാണ് വ്യവസായവകുപ്പു സെക്രട്ടറി ടി ബാലകൃഷ്ണന്‍. മുമ്പ് ഭൂപരിഷ്‌കരണത്തിനെതിരെ പരാമര്‍ശം നടത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷം കൊക്കോകോളയെ നാടുകടത്തിയ തീരുമാനത്തിനെതിരെ പ്രസ്താവന നടത്തിയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇത് വിവാദമായപ്പോള്‍, ബാലകൃഷ്ണന്‍ വ്യവസായങ്ങള്‍ വരുന്നതിനെ കുറിച്ചും പോവുന്നതിനെ കുറിച്ചും 'ആകെ മൊത്തം ഒരു വിലയിരുത്തല്‍' നടത്തിയതാണെന്ന് പറഞ്ഞ് വ്യവസായ മന്ത്രി എളമരം കരീം തന്റെ വകുപ്പു സെക്രട്ടറിയുടെ തടി രക്ഷിച്ചു.

കോടതിയെ ചീത്ത വിളിച്ച് സി പി എം -ഡി വൈ എഫ് ഐ നേതാക്കള്‍ രംഗത്തുവന്നതാണ് കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു കോലാഹലം. റോഡരികിലെ പൊതുയോഗങ്ങള്‍ നിയന്ത്രിക്കണമെന്ന കോടതി വിധിയ്‌ക്കെതിരെയാണ് നേതാക്കളുടെ പ്രസ്താവനകള്‍ വന്നത്. ശുംഭന്‍ പോലുള്ള പ്രയോഗങ്ങള്‍ കൊണ്ട് ന്യായാധിപന്‍മാരെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു. ഏറെക്കാലമായി സി പി എം നേതാക്കള്‍ക്ക് കോടതിവിധികള്‍ അത്ര രുചിക്കുന്നില്ല. ലാവലിന്‍ കേസ് തൊട്ട് തുടങ്ങിയതാണ് ഈ അനിഷ്ടം. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവമാണ് കേരളത്തെ പോയ വര്‍ഷം ഏറെ ഞെട്ടിച്ചത്. ഈ സംഭവത്തിലെ പ്രതികള്‍ക്കുവേണ്ടിയുള്ള റെയ്ഡ് ദിവസങ്ങളോളം തുടര്‍ന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും റെയ്ഡ് നടത്തിയത് ഏറെ നാള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. തീവ്രവാദവിഷയം ചൂടുപിടിച്ച ചര്‍ച്ചയായി. പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നവെന്ന് ഇടതു വലതുമുന്നണികള്‍ പരസ്പരം ആരോപണമുന്നയിച്ചു. ഇതിനിടെ മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് പത്രസമ്മേളനത്തില്‍ പറയവെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. കേരളത്തെ 20 വര്‍ഷത്തിനുള്ളില്‍ മതരാഷ്ട്രമാക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടു മാസം മുമ്പ് കേരളത്തില്‍ മുസ്ലീം-കസ്ത്യന്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമം നടക്കുന്ന എന്ന മട്ടില്‍ വന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതുപോലെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.

ജമാഅത്തെ ഇസ്ലമായുമായി ലീഗ് നേതാക്കല്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ലീഗിനകത്തുനിന്ന്തന്നെ ചോര്‍ന്നതും ഒച്ചപ്പാടുണ്ടാക്കി. എം കെ മുനീറിനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന മട്ടിലായിരുന്നു ആരോപണം. കിനാലൂരിലെ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധസമരത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി പങ്കെടുത്തതും അവിടെയുണ്ടായ സംഘര്‍ഷവും അവരെകുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സി പി എം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായി രംഗത്തുവന്നു. സ്വത്വരാഷ്ട്രീയം സംബന്ധിച്ച ചര്‍ച്ചകളും സി പി എമ്മില്‍ സജീവമായത് കഴിഞ്ഞവര്‍ഷമാണ്. ഇവിടെയും വിഷയം മതവും ജാതിയും തന്നെ. കെ ഇ എന്‍ കുഞ്ഞഹമ്മദ്, പി കെ പോക്കര്‍ എന്നീ സിപി എം സഹയാത്രികരായ എഴുത്തുകാര്‍ കുറേനാളായി ഇരകളുടെ രാഷ്ട്രീയം എന്ന മട്ടില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു ചേരാത്ത ആശയം കൊണ്ടുനടക്കുന്നുവെന്നും മതരാഷ്ട്രീയം ഒളിച്ചുകടത്തുകയാണ് ഇവരെന്നും വിമര്‍ശനമുണ്ടായി. സ്വത്വം എന്ന വാക്കിന്റെ അര്‍ഥം പിടികിട്ടാതെ സാധാരാണക്കാരായ വായനക്കാര്‍ മിഴിച്ചുനിന്നു. പിണറായിയും വി എസ്സും 'സ്വത്വ'ത്തിനും പിന്നിലുള്ള 'സത്വം' നമുക്ക് ചേരാത്തതാണെന്ന് വിശദീകരിച്ചതോടെ ആ വിവാദവും തല്‍ക്കാലം കെട്ടടങ്ങി. 2009 ല്‍ 'എസ്' കത്തി വിവാദമാണ് അവസാനമായി കേരളം ഏറ്റമുവധികം ആഘോഷിച്ചത്. 'എസ്' കത്തി കൊണ്ട് കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി ബി ഐക്കു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടതാണ് 2010 ല്‍ ഈ വിഷയത്തിലുണ്ടായ സംഭവവികാസം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഹസനവും കൃത്രിമം നിറഞ്ഞതുമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു കേസ് ഹൈക്കോടതി സി ബി ഐക്ക വിട്ടത്. കേസന്വേഷണത്തെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന സംശയങ്ങള്‍ ശരിവെക്കുന്നതായി ആ നിരീക്ഷണം. പക്ഷെ ഇത് സര്‍ക്കാരിനുള്ള തിരിച്ചടയില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി പറഞ്ഞ് അവസാനിപ്പിക്കുന്നതുവരെ തുടര്‍ന്നു അതേക്കുറിച്ചുള്ള ചര്‍ച്ച.

മൂന്നുവര്‍ഷം മുമ്പത്തെ മൂന്നാര്‍ കയ്യേറ്റ പ്രശ്‌നവും നാലഞ്ചുവര്‍ഷം മുമ്പത്തെ ലോട്ടറി വിഷയവും കഴിഞ്ഞ വര്‍ഷം ചാനലുകാര്‍ പൊടിതട്ടിയെടുത്തു. ഇതേച്ചൊല്ലി ഇടതുമുന്നണിക്കകത്തും സി പിഎമ്മിനകത്തും ഭിന്നസ്വരങ്ങളുണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നു. കയ്യേറ്റ പ്രശ്‌നം വീണ്ടും കത്തിനില്‍ക്കുമ്പോഴാണ് സി പി ഐ അസി. സെക്രട്ടറി കെ ഇസ്മയിലിന്റെ വിവാദ പ്രസ്താവന വരുന്നത്. സി പി ഐ ഓഫീസ് പിടിച്ചെടുക്കാന്‍ വന്നാല്‍ ആ കൈ വെട്ടുമെന്ന് ഇസ്മയില്‍ ധീരവിപ്ലവകാരിയെപ്പോലെ ഗര്‍ജിച്ചു. പിറ്റേന്നു തന്നെ താനങ്ങെനെ പറഞ്ഞിട്ടില്ലെന്ന് സഖാവ് തിരുത്തി. പക്ഷെ അതിനൊപ്പം ആ പ്രസ്താവന ചാനലുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിച്ചുകൊണ്ടുമിരുന്നു. സി പി ഐയില്‍ നേതൃമാറ്റം നടന്ന വര്‍ഷവുമായിരുന്നു കടന്നുപോയത്. വെളിയം ഭാര്‍ഗവനു പകരം സെക്രട്ടറിയായ സി കെ ചന്ദ്രപ്പന്‍ എന്ന നല്ല സഖാവ് വളരെ പെട്ടന്നു തന്നെ മുന്നണിയിലെ വല്യേട്ടനായ സി പി എമ്മുമായി ഉടക്കിയത് മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട വാര്‍ത്തയായി. ലാവലിന്‍ കേസില്‍ പിണറായി രാജിവെക്കാത്തതിനെ ചൊല്ലിയായിരുന്നു ചന്ദ്രപ്പന്റെ രോഷം. ചന്ദ്രപ്പന് കേരളത്തിലെ കാര്യങ്ങള്‍ അറിയില്ലെന്ന് പിണറായിയും തിരച്ചടിച്ചപ്പോള്‍ രംഗം കൊഴുത്തു. അധികം താമസിച്ചില്ല. സി പി ഐക്കാരെ തിരിച്ചുതല്ലാന്‍ പി എസ് സി നിയമനത്തട്ടിപ്പിലൂടെ അവസരം കിട്ടി. സി പി ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലില്‍ ഉള്‍പ്പെട്ട ആളുകളാണ് തട്ടിപ്പിന് അവസരം ഒരുക്കിക്കൊടുത്തത്. ഇത് ഏറ്റവുമധികം സന്തഷിപ്പിച്ചതും സി പി എമ്മിനെയായിരുന്നു. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്റെ ഓഫീസിനെ പരാമര്‍ശിച്ചുകൊണ്ട് സി പി ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറി തന്നെ പ്രസ്താവന നടത്തിയതും വലിയ വാര്‍ത്തയായി. എന്നാല്‍ മന്ത്രിമാരെ വിമര്‍ശിച്ച് ആരും ആളാവാന്‍ നോക്കേണ്ടെന്ന് നേതാക്കള്‍ താക്കീത് ചെയ്തു. ഈ വിവാദം കത്തിനില്‍ക്കെയാണ് സി പി ഐയുടെ മറ്റൊരു മന്ത്രിയായ സി ദിവാകരന്റെ സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് സപ്ലൈകോയില്‍ മോശം സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും ഇതില്‍ പരാതിപ്പെട്ടയാളോട് പരാതി പിന്‍വലിപ്പിക്കാന്‍ മന്ത്രി ശ്രമിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടെ നാക്കുപിഴ വരുത്തിവെച്ച വിന മന്ത്രി ശ്രീമതി യും നന്നായി അനുഭവിച്ചു. എം എല്‍ എ മാര്‍ അസംബ്‌ളിയില്‍ വരുന്നത് തണ്ണിയടിച്ചിട്ടാണെന്ന് പുള്ളിക്കാരി തട്ടിവിട്ടു. പുരുഷ എം എല്‍ എ മാര്‍ ഒന്നടങ്കം ചന്ദ്രഹാസമിളക്കി ശ്രീമതിയെ നേരിടാനെത്തി. ഒടുവില്‍ ടീച്ചര്‍ 'എല്ലാം മറന്നേക്കു' എന്നു പറഞ്ഞ് വിവാദത്തില്‍ നിന്ന് തടിയൂരി.

രാഷ്ട്രീയക്കാരും മതസംഘടനകളും ഇങ്ങനെ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമാക്കാരും വെറുതെയിരുന്നില്ല. ഇരുത്തം വന്ന നടനായ തിലകനാണ് കഴിഞ്ഞ വര്‍ഷം പത്രവാര്‍ത്തകളില്‍ സ്റ്റാറായ നടന്‍. അതിന് 'അമ്മ' അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. സപ്പര്‍താരങ്ങളുടെ കോക്കസുകള്‍ക്കെതിരെ തിലകന്‍ ഉശിരന്‍ ഡയലോഗുകള്‍ കാച്ചി. വാര്‍ത്താപ്രാധാന്യമുള്ള ഏതുവിഷയത്തെയും കുറിച്ച് സംസാരിക്കാന്‍ അവകാശമുള്ള പ്രാസംഗികനായ ഡോ സുകുമാര്‍ അഴീക്കോടിനും ഈ വിവാദത്തില്‍ നല്ല വേഷം കിട്ടി. മോഹന്‍ലാലിനയാണ് അഴീക്കോട്മാഷ് വില്ലനാക്കിയത്. മദ്യത്തിന്റ പരസ്യത്തില്‍ അഭിനയിച്ചതിന് ഏറെക്കാലമായി ലാലുമായി സ്റ്റണ്ടുകൂടുകയായിരുന്നു അഴീക്കോട്. തിലകന്‍ പ്രശ്‌നവും കൂടി കിട്ടിയപ്പോള്‍ അദ്ദേഹം മോഹന്‍ലാലിനെ സ്ഥാനത്തും അസ്ഥാനത്തും ചീത്തവിളിച്ചുകൊണ്ടിരുന്നു. 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് ലാലിന്റെ രക്ഷക്കെത്തി. വയസ്സായില്ലേ ഇനി രാമനാമം ജപിച്ച് വീട്ടിലിരുന്നുകൂടെ എന്ന് മാഷിനോട് ഇന്നസെന്റ്, രാമനാമം ജപിക്കല്‍ പ്രയാമായവരുടെ മാത്രം പണിപയല്ലെന്ന് മാഷ്. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാദവും പ്രതിവാദവുമായി ഇവര്‍ ഒറ്റദിവസം പത്രസമ്മേളനം നടത്തി. അഴീക്കോടിനെതിരെ മോഹന്‍ലാല്‍ മാനനഷ്ടക്കേസ്് കൊടുക്കുകയും ചെയ്തു. ഇതിനിടെ മോഹന്‍ലാലിനെതിരായ യുദ്ധത്തില്‍ അഴീക്കോടിന് ഒരു ചെറിയ ജയം നേടാനായി. മോഹന്‍ലാലിനെ ഖാദിയുടേയും കൈത്തറിയുടേയും അംബാസിഡറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച ലാലിനെ ഖാദിയുടെ അംബാസിഡറാക്കുന്നത് തന്നെ പോലുള്ള ഗാന്ധിശിഷ്യര്‍ക്ക് അപമാനമാണെന്ന് അഴീക്കോട് പ്രസംഗിച്ചുനടന്നു. ഒടുവില്‍ ലാലിനെ ഖാദിയില്‍ നിന്ന് ഒഴിവാക്കി കൈത്തറിയുടെ മാത്രം അംബാസിഡറാക്കി.

വാക്കുകള്‍കൊണ്ട് ഇവര്‍ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചപ്പോള്‍ പാവം ജയറാം മാത്രം പിടിവിട്ട ഒരു വാക്കിന്റെ പേരില്‍ പുലിവാലു പിടിച്ചു. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ടി വി ചാനലില്‍ പങ്കുവെയ്ക്കവെ തമിഴ്‌നാട്ടിലെ വേലക്കാരി പെണ്ണുങ്ങളെ കുറിച്ച് പറഞ്ഞ തമാശയാണ് ജയറാമിന് വിനയായത്. തമിഴകത്ത് താമസിക്കുന്ന ജയറാമിന്റെ വീടിന് നേര ആക്രമണവുമുണ്ടായി. തമിഴില്‍ നിരവധി വേഷങ്ങള്‍ ചെയത ജയറാം തമിഴരുടെ രോഷത്തിനു മുന്നില്‍ രക്ഷയില്ലെന്നു കണ്ട് മാപ്പു പറഞ്ഞ് പിന്‍വാങ്ങി.
വിവാദങ്ങള്‍ മാധ്യമങ്ങള്‍ക്ക് എന്നും ഇഷ്ടവിഷയമാണ്. വായനക്കാര്‍ക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇക്കാര്യത്തില്‍ പത്രങ്ങള്‍ക്ക് ഏറെ അവസരം നല്‍തിയതി കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ കരുണാകരനായിരുന്നു. കരുണാകരനെ കുറിച്ച് എന്ത് എഴുതിയാലും അത് വാര്‍ത്തയായിരുന്നു. മാധ്യമങ്ങളില്‍ ഇത്രയേറെ ക്രൂശിക്കപ്പെട്ട മറ്റൊരു നേതാവുമില്ല. കെ കരുണാകരന്റെ ദേഹവിയോഗത്തോടെയാണ് 2010 കടന്നുപോയത്. മാധ്യമങ്ങള്‍ക്ക് അത് വല്ലാത്തൊരു ശൂന്യത തന്നെയാണ് സൃഷ്ടിക്കുക.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan