Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

ഗള്‍ഫ്മലയാളി.കോം കൂടുതല്‍ ഉയരങ്ങളിലേക്ക്‌
സക്കരിയ സലാഹുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍

പ്രവാസമെന്നത് വിരഹമാണ്; ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളാണ്. സ്വന്തം മണ്ണിന്റെ മണമുള്ള വാര്‍ത്തകള്‍ പ്രവാസിയെ എന്നും ഉത്തേജിപ്പിക്കുന്നു. നാടും നാട്ടുകാരും നാട്ടുകൂട്ടങ്ങളും മണലാരണ്യത്തിലേക്ക് പറിച്ച് നടാന്‍, വെള്ളവും വളവുമിട്ട് വളര്‍ത്താന്‍ കൊടും ചൂടിലും പ്രവാസി അധ്വാനിക്കുന്നു. അവരുടെ പ്രയത്‌നത്തിന്റെ ഒത്തുചേരലുകളുടെ സഹായ ഹസ്തങ്ങളുടെ വാര്‍ത്തകള്‍ ചൂടും ചൂരും ചോര്‍ന്ന് പോകാതെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഭാരിച്ച ദൗത്യവുമായാണ് 2004 നവംബര്‍ 1ന് ഗള്‍ഫ് മലയാളി ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്. പൊതിച്ചോറില്ലാതെ തുടങ്ങിയ വഴിയാത്രയില്‍ കൈപിടിച്ചു നടത്താന്‍ അപ്രതീക്ഷിത കോണുകളില്‍ നിന്നാണ് സഹായ ഹസ്തമെത്തിയത്. സാര്‍ഥവാഹക സംഘത്തിന്റെ ഒട്ടകക്കൂട്ടത്തിന് മുന്നില്‍ അപ്രതീക്ഷിത മരുപ്പച്ചകള്‍, തെളിനീരുറവകള്‍, ദൈവത്തിന്റെ അപാരമായ സഹായം.
ദുര്‍ഘട സന്ധികള്‍ പിന്നിട്ട് 2010 ആഗസ്ത് 6ന് പുതിയ മുഖവും പുതുമകളും വ്യത്യസ്ഥതകളുമായി റീലോഞ്ച് ചെയ്യുമ്പോള്‍ അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.

ഏതൊരു പ്രൊഫഷനല്‍ വാര്‍ത്താ വെബ് സൈറ്റിനോടും കിടപിടിക്കും വിധത്തില്‍ 24 മണിക്കൂറും വാര്‍ത്തകള്‍ എത്തിക്കുന്നതിന് വിദഗ്ധരായ മാധ്യമപ്രവര്‍ത്തകര്‍ ഞങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. ഒമാന്‍ ഒഴിച്ച് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും സ്വന്തം റിപോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ അതത് സമയത്ത് നിങ്ങളിലെത്തിക്കുന്നു.

എല്ലാ പ്രവാസി സംഘടനകള്‍ക്കും നിഷ്പക്ഷ പ്രാതിനിധ്യം നല്‍കുന്ന അപൂര്‍വം പ്രവാസി വെബ്‌സൈറ്റുകളിലൊന്നാണ് ഗള്‍ഫ്മലയാളി ഡോട്ട് കോം. റീലോഞ്ചിങ് സമയത്ത് 20 ലക്ഷമുണ്ടായിരുന്ന ഞങ്ങളുടെ അലക്‌സ റാങ്കിങ് ഇന്ന് ഒന്നര ലക്ഷത്തില്‍ താഴെയെത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ റാങ്കിങ് പതിനായിരത്തില്‍ താഴെ. നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍, ഗൂഗിള്‍, യാഹൂ, എം.എസ്.എന്‍ തുടങ്ങിയ സെര്‍ച്ചിങ് സൈറ്റുകളില്‍ മതിയായ പ്രാതിനിധ്യം തുടങ്ങിയവ ഗള്‍ഫ് മലയാളി ഡോട്ട് കോമിനെ പ്രവാസികളും അല്ലാത്തവരും ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ്.

ഓരോ ദിവസവും സ്‌പെഷ്യല്‍ വിഭവങ്ങള്‍ (ഗള്‍ഫ് സ്‌കെച്ച്, ബിസ് ട്രാക്ക്, സണ്‍ഡേ സ്‌പെഷ്യല്‍, സൈബര്‍ കഫേ) ഗള്‍ഫ് മലയാളി ഡോട്ട് കോമിന്റെ മാത്രം പ്രത്യേകതയാണ്. കൃതഹസ്തരായ എഴുത്തുകാരോടൊപ്പം നവമുകുളങ്ങള്‍ക്കും അവസരം നല്‍കി ഓരോ മാസവും ഒന്നാം തിയ്യതി പുറത്തിറക്കുന്ന ഗള്‍ഫ്മലയാളി ഡോട്ട് കോം മാഗസിന്‍ പ്രവാസികള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചതായി ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഗള്‍ഫിലെ മുഴുവന്‍ രാജ്യങ്ങളിലും എത്തിക്കുന്ന വീക്ക്‌ലി പ്രിന്റഡ് സപ്ലിമെന്റ്, 24 മണിക്കൂര്‍ ഓഡിയോ വീഡിയോ ചാനല്‍ തുടങ്ങിയവ ഞങ്ങളുടെ സ്വപ്‌ന പദ്ധതികളില്‍പ്പെടുന്നു. ഗള്‍ഫ് മലയാളി ഡോട്ട് കോമിനെ നെഞ്ചേറ്റിയ പ്രവാസി സമൂഹത്തിന്റെ സഹകരണമുണ്ടെങ്കില്‍ ആ സ്വപ്‌നം അധികം വൈകാതെ പൂവണിയുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഞങ്ങള്‍ക്കു താങ്ങായി നിന്ന റിയാദ് ഷിഫ അല്‍ജസീറയുടെ മുന്‍ മാനേജര്‍ ഹംസ പൂക്കയിലിനെ ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം അനുസ്്മരിക്കാതിരിക്കാനാവില്ല. തുടക്ക കാലത്ത് ഞങ്ങളെ കൈപിടിച്ചു നടത്തിയ ഷിഫാ അല്‍ ജസീറ പോളി ക്ലിനിക്ക്-റിയാദ്, സഫാ മക്കാ പോളി ക്ലിനിക്ക്-റിയാദ്, അറബ്‌കോ കാര്‍ഗോ-റിയാദ് തുടങ്ങിയ സ്ഥാപനങ്ങളെ നന്ദിയോടെ സ്്മരിക്കുന്നു. ഒപ്പം തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ പലപ്പോഴായി പരസ്യങ്ങള്‍ തന്നു സഹായിച്ച മറ്റുള്ളവരെയും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. കടന്നു വന്ന വഴികളില്‍ സുഖത്തിലും ദുഖത്തിലും ഞങ്ങളോടൊത്ത് നിന്ന ഗള്‍ഫ് മലയാളി ഡോട്ട് കോമിന്റെ ജീവനക്കാരുടെ സഹകരണവും വിലമതിക്കാനാവാത്തതാണ്.
പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പുതുവര്‍ഷം കടന്നുവരുമ്പോള്‍ പുത്തന്‍ പടവുകള്‍ താണ്ടാന്‍ തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുകയാണ്. നന്മയും സ്‌നേഹവും സൗഹാര്‍ദ്ദവും അഭിവൃദ്ധിയും നിറഞ്ഞു ഒരു പുതുവല്‍സരം ആശംസിക്കുന്നു.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan