Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

'കാലം പറയുന്നത് '
കെ. പി. സേതുനാഥ്

കേരളം ഇന്ത്യയിലെ മറ്റൊരു രാജ്യമല്ലായിരുന്നെങ്കില്‍, ഇന്ത്യയുടെ പ്രധാനമന്ത്രി പദം തേടി വരുമായിരുന്ന ഒരാള്‍ ആയിരുന്നു കെ. കരുണാകരന്‍. സ്വാതന്ത്രാനന്തരമുള്ള കൊണ്ഗ്രസ്സില്‍ അത്രമേല്‍ അദ്ദേഹം ലയിച്ചു കഴിഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കര്‍ണ്ണാടകം വരെയാണല്ലോ ഇന്ത്യയുടെ അതിര്‍ത്തി. ചിലപ്പോള്‍ സംഭവിക്കുന്ന ഒരു നുഴഞ്ഞു കയറ്റമാണ് കേരളത്തിന്റെ കേന്ദ്രമന്ത്രിപദങ്ങള്‍. എന്നാല്‍ കരുണാകരന് അത് ലഭിച്ചത് ഒരു ചതിയുടെ ഭാഗമായിട്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാക്കാലത്തും പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിധേയനായി നിന്നു. കേന്ദ്ര വ്യവസായ മന്ത്രി എന്ന നിലയില്‍ അദ്ദേഹം തന്റെ ശിക്ഷാകാലാവധി ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

പലരും പറയാറുണ്ട് കരുണാകരന്‍ ചിത്രകലയില്‍ നിന്ന് വഴിതെറ്റി രാഷ്ട്രീയത്തില്‍ വന്നതാണെന്ന്. പക്ഷെ എനിക്ക് തോന്നുന്നു, അത് തിരിച്ചാണെന്ന്. ചിത്രകലാപഠനം ഒരു നിമിത്തമോ, ഒരു ഇടവഴിയോ മാത്രമായിരുന്നു കരുണാകരന്. ഇത്രയും കൌശലക്കാരനും,കേരളം കണ്ടതില്‍ വച്ച് ഏറ്റവും നല്ലൊരു കോഓഡിനേറ്ററുമായ ഒരു വ്യക്തിക്ക് ഒരിക്കലും ഒരു ചിത്രകാരനായി തീരുവാന്‍ സാധ്യമേയല്ല. കോണ്ഗ്രസ് രാഷ്ട്രീയത്തിന് പുതിയ മാര്‍ഗ്ഗങ്ങളും പാര്‍ലമെ ന്ടറി അഭിലാഷങ്ങളും വന്ന കാലത്താണ് ഒരു തൊഴിലാളി കോഓഡിനെറ്റര്‍ ആയി കരുണാകരന്‍ ഉയര്‍ന്നത്. പിന്നീട്, പാര്‍ലമെ ന്ടറി ലകഷ്യങ്ങള്‍ മാത്രമുള്ള കൊണ്ഗ്രസ്സുകാരുടെ തലതൊട്ടപ്പനായി തീര്‍ന്നു അദ്ദേഹം. ആദര്‍ശ രാഷ്ട്രീയത്തിന്റെ പൂവുകളെല്ലാം കരുണാകരന്‍ എന്ന പ്ലാസ്റ്റിക് പൂവിനു പിന്നില്‍ കൊഴിഞ്ഞു വീണു. ബാര്‍ഗയിനിംഗ് രാഷ്ട്രീയത്തിന്റെ നിത്യ യൌവ്വനമായി തീര്‍ന്ന അദ്ദേഹം കേരളത്തില്‍ പുതിയ ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തു. പുതിയ ഭസ്മാസുരഗണങ്ങള്‍ക്ക് യഥേഷ്ടം വരങ്ങള്‍ കോടുത്തു. ഒടുവില്‍ രാഷ്ട്രീയാഭയത്തിനായി അദ്ദേഹത്തിനും പലായനങ്ങള്‍ അറിയേണ്ടി വന്നു.

കേരള രാഷ്ട്രീയത്തില്‍ ഒരു ഭീഷ്മാചാര്യരുടെ റോള്‍ ഒന്നുമായിരുന്നില്ല കരുണാകരന്. മറിച്ച്,അദ്ദേഹം സ്വയം ഒരു ദുര്യോധനന്‍ ആയിരുന്നു. അധികാരത്തിനു വേണ്ടിയാണ് അദ്ദേഹം എന്നും നിലനിന്നിരുന്നത്. കൂടെ നിന്ന യോദ്ധാക്കളെയും ,സാമന്തരെയും അബലരെയും അദ്ദേഹം തന്റെ അധികാരത്തോടൊപ്പം സംരക്ഷിച്ചു. മുരളീധരനെ കേരള രാഷ്ട്രീയത്തില്‍ പ്രതിഷ്ട്ടിക്കാനുള്ള മോഹം അല്‍പ്പം അതിര് കടന്നിരുന്നെങ്കിലും ,അത് അസാധാരണമായ ഒന്നായിരുന്നില്ല. അത് ഒരു അച്ഛന്റെ ആഗ്രഹവും ശ്രമങ്ങളും മാത്രം. പാരമ്പര്യ അവകാശം പോലെ കൊണ്ഗ്രസ്സിനെ കൊണ്ടുനടന്നത് നെഹ്‌റു കുടുംബമാണല്ലോ. ആന്റണിയോ ,ഉമ്മന്‍ ചാണ്ടിയോ,വയലാര്‍ രവിയോ അടക്കമുള്ള കേരളത്തിലെ ഒരു കോണ്ഗ്രസ് നേതാവിനും അതിനെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടാന്‍ സാധിച്ചിട്ടുമില്ല. ജനകീയ അടിത്തറ ഉണ്ടാക്കാന്‍ സാധിക്കാത്തതാണ് മുരളീധരന്റെ പരാജയം. അദ്ദേഹം എന്നുമെന്നും ഒരു മകന്‍ മാത്രമായിരുന്നു.

രാഷ്ട്രീയക്കാരന്‍ ജനസേവകനായിരിക്കുക എന്ന കോണ്‍സെപ്ടിനെ കീഴ്‌മേല്‍ മറിക്കുകയാണ് കരുണാകരന്‍ തന്റെ ട്രേഡ് യൂണിയന്‍ കാലത്ത് തന്നെ ചെയ്തത്. ജവഹര്‍ ലാലില്‍ നിന്നു ഇന്ദിര ഗാന്ധി പോളിച്ചെഴുതിയ വചനങ്ങളെ കരുണാകരന്‍ അപ്പാടെ പിന്‍പറ്റുകയായിരുന്നു. അടിയന്തിരാവസ്ഥകാലത്തെല്ലാം അദ്ദേഹത്തിന്റെ ആ ഭക്തി സിവിലിയന്‍ ഇന്റലെക്ച്ച്വല്‍ നിഷേധങ്ങളായി കേരളത്തെ നന്നായി പോള്ളിച്ചിട്ടുണ്ട്. രാജനെയും,ഈച്ചര വാര്യരെയും ഇന്നും ആരും മറന്നിട്ടില്ല.

ഇന്ദിര വീണ്ടും വീണ്ടും വിജയിച്ചപോലെ കരുണാകരനും വിജയിച്ചു. പാര്‍ലമെന്റിലേക്കും,നിയമസഭകളിലേക്കും ഉറ്റു നോക്കുന്ന വ്യക്തികളെ ,വിജഖ്‌യിയായ ജനസേവകന്റെ കുപ്പായം തുന്നിക്കൊടുക്കുന്നതില്‍ ജനങ്ങളും മത്സരിച്ചു തുടങ്ങിയിരുന്നുവല്ലോ. എന്നാല്‍ സിഖുകാര്‍ ഇന്ദിരയോട് പ്രതികാരം വീട്ടി. കേരളം രാഷ്ട്രീയ നേതാക്കളെ സഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതുകൊണ്ടാവണം,പ്രതികാരത്തിന്റെ രൂപത്തിലല്ല, ശാപങ്ങളുടെ രൂപത്തിലാണ് കരുണാകരന് വീഴ്ച തുടങ്ങിയത്. താന്‍ കൂടി കൂട്ടുനിന്നു അധികാരത്തിലെത്തിച്ച നരസിംഹ റാവുവില്‍ നിന്നു തന്നെ വലിയൊരടി കരുണാകരന് കിട്ടി. താന്‍ കൊണ്ടുനടന്ന ഭൂതഗണങ്ങള്‍ കൂട്ടത്തോടെ തനിക്ക് നേരെ തിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന് തന്റെ ജീവസ്വമായിരുന്ന കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ ഒരിക്കല്‍ പലായനം ചെയ്യേണ്ടി വന്നു. അതിനു ശേഷം തിരിച്ചു വന്നെങ്കിലും,ഉമ്മറമൂലയില്‍ ചാരുകസേരയിട്ട് കിടത്തുന്ന ഒരു നിശബ്ദനായ ഒരു കാരണവര്‍ മാത്രമായിപ്പോയി അദ്ദേഹം.

ജനസേവനം എന്ന ആദര്‍ശത്തെ പടിക്കുപുറത്ത് നിര്‍ത്തി അധികാരം എന്ന ആകര്‍ഷകമായ പുത്തന്‍ ചീട്ടുകശക്കിയിട്ട ഒരു നല്ല കളിക്കാരന്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ കെ.കരുണാകരന്‍. മരണ ശേഷം,പതിവുപോലെ മാധ്യമങ്ങള്‍ എന്തെഴുതിയാലും, അതിനപ്പുറം വളരുന്ന ഒരു മുഖം കേരള സമൂഹത്തില്‍ അദ്ദേഹത്തിനില്ല. വാഴ്തുന്നവര്‍ സത്യം അറിയുകയോ,അറിഞ്ഞത് പറയുകയോ ഇല്ല. അതെന്തു തന്നെ ആയിരുന്നാലും സമൂഹം കാലത്തോട് പറയുന്നതിനേക്കാള്‍ വലിയ യാഥാര്‍ത്ഥ്യം ,കാലം സമൂഹത്തോട് പറയുന്നതാണ്. കരുണാകരനെ ഇനിയും നമുക്ക് കാത്തിരിക്കാം.

 


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan