Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

മഹാവിഷ്ണുവിന് ശാപമോക്ഷം നല്‍കിയ മുക്തിനാഥ്

വത്സലാമോഹന്‍

നേപ്പാളിന്റെ കിഴക്കുവശത്തായി കിടക്കുന്ന പൊക്കാറയില്‍ എവിടെ നിന്ന് നോക്കിയാലും കാണാവുന്ന അന്നപൂര്‍ണ്ണ പര്‍വ്വതനിരകള്‍ ഗവര്‍മെന്റ് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ്. 7600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പര്‍വ്വതശ്രേണികള്‍ ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സംരക്ഷിത സ്ഥലങ്ങളിലൊന്നാണ്. അത്യപൂര്‍വ്വമായ പ്രകൃതിയാണ് ഈ മേഖലയുടെ സവിശേഷത. ഈ മേഖലയില്‍പെട്ട മുക്തിനാഥ് മലനിരകളിലാണ് മുക്തിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ മുക്തിസ്ഥലങ്ങളിലൊന്നായ മുക്തിനാഥ് ക്ഷേത്രത്തിന്റെ ബെയ്‌സ്‌ക്യാമ്പ് പൊക്കാറയിലാണ്. അവിടേയ്ക്കുള്ള തീര്‍ത്ഥാടകര്‍ യാത്ര ആരംഭിക്കുന്നത് പൊക്കാറയില്‍ നിന്നാണ്. നേപ്പാളിലെ മസ്ത്താങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്ന് 12500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പൊക്കാറയില്‍ നിന്ന് ട്രക്കിങ് നടത്തിയും ഹെലികോപ്റ്ററിലും മുക്തിനാഥിലെത്താം. ട്രക്കിങിന് നാല് ദിവസത്തോളെ വേണം. ഇടത്താവളമായ മസ്ത്താങ് ജില്ലയുടെ തലസ്ഥാനമായ ജോമ്‌സോമില്‍ തങ്ങി അവിടെനിന്ന് കുതിരയിലൊ നടന്നോ മുക്തിനാഥിലെത്താം. കഠിനമായ മഞ്ഞുകാലത്ത് ഇവിടേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നിറുത്തി വെക്കാറുണ്ട്. മറ്റു സമയങ്ങളിലും കാലാവസ്ഥക്കനുസരിച്ചെ ഹെലികോപ്റ്റര്‍ സര്‍വ്വീസുള്ളു. അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണ് മുക്തിനാഥ് ദര്‍ശനം എന്നു പറയാം.

ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരുപോലെ ആരാധിക്കുന്ന സ്ഥലമാണ് മുക്തിനാഥ്. സതിയുടെ ശാപത്താല്‍ സാളഗ്രാമ ശിലയായി തീര്‍ന്ന മഹാവിഷ്ണുവിന് ഇവിടെ വച്ചാണ് ശാപമുക്തി ലഭിച്ചത് എന്നാണ് വിശ്വാസം. വൈഷ്ണവരുടെ നൂറ്റെട്ട് മോക്ഷസ്ഥലങ്ങളില്‍ നൂറ്റായാറാമത്തെ മോക്ഷസ്ഥലമാണ് മുക്തിനാഥ്. ഇവിടെ എത്തി ക്ഷേത്രദര്‍ശനം നടത്തുക എന്നത് വൈഷ്ണവ വിശ്വാസികളുടെ ജന്മാഭിലാഷമാണെന്ന് പറയാം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വൈഷ്ണവ ഭക്തന്മാര്‍ ഇവിടെ എത്തുന്നു. മുക്തിനാഥിലെത്തുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിച്ച് മോഷം ലഭിക്കുന്നു എന്നാണ് വിശ്വാസം. എത്തിചേരാനുള്ള വൈഷമ്യങ്ങള്‍ കാരണം ഇവിടേക്ക് തീര്‍ത്ഥാടനം നടത്തുന്നവര്‍ വളരെ കുറവാണ്. അതിരാവിലെ പൊക്കാറ എയര്‍പോര്‍ട്ടിലെത്തിയാല്‍ ഹെലികോപ്റ്റര്‍ പോകാന്‍ പറ്റുന്ന കാലാവസ്ഥയല്ല എന്നറിഞ്ഞു. ചുറ്റും പരന്ന മൂടല്‍ മഞ്ഞ് വിട്ടുമാറി അന്തരീക്ഷം തെളിയാനായി കാത്തിരിക്കുമ്പോള്‍ മനസ്സില്‍ നേരിയ ആശങ്ക തോന്നി. യാത്ര മുടങ്ങരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. നാല് പേര്‍ക്ക് കയറാവുന്ന ഹെലികോപ്റ്ററില്‍ നറുക്കെടുപ്പെന്ന ഭാഗ്യപരീക്ഷണത്തിലൂടെയാണ് ആദ്യത്തെ നാല് പേരില്‍ സ്ഥാനം പിടിച്ചത്. ഒന്നര മണിക്കൂറിന് ശേഷം മൂടല്‍മഞ്ഞ് വിട്ടുമാറാന്‍ തുടങ്ങി. മുന്നില്‍ അന്നപൂര്‍ണ്ണ കൊടുമുടികള്‍ തെളിയാന്‍ തുടങ്ങി. ഹെലികോപ്റ്റര്‍ കയറുമ്പോഴും യാത്ര വഴിക്ക് വെച്ച് മുടങ്ങി തിരിച്ച് വരാന്‍ ഇടയാവരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍.

ഹെലികോപ്റ്റര്‍ പൊങ്ങി ഉയര്‍ന്നു. പൊന്നിന്റെ തിളക്കമുള്ള ഫെവ തടാകവും പൊക്കാറ നഗരവും അപ്രത്യക്ഷമായി. ഞങ്ങള്‍ അന്നപൂര്‍ണ്ണ പര്‍വ്വത ശ്രേണികളുടെ മുകളിലൂടെ കൊടുമുടികള്‍ ഓരോന്നായി തരണം ചെയ്യാന്‍ തുടങ്ങി. ദൂരെ നിന്ന് കണ്ട ഹിമശൃംഗങ്ങളുടെ ഭംഗി അടുത്തെത്തുന്തോറും കൂടിവന്നു. മുന്നോട്ട് നീങ്ങുന്തോറും അത്യുന്നത മനോഹര ശൃംഗങ്ങള്‍ക്ക് ഭീതിജന്യമായൊരു പരിവേഷം കൈവരുന്നതായി തോന്നി. കട്ടിയുള്ള മഞ്ഞുപാളികള്‍ നിറഞ്ഞ് പല ആകൃതിയില്‍ നിമ്‌ന്നോന്നതങ്ങളായി അഗാതഗര്‍ത്തങ്ങളായി കിടക്കുന്ന പേടിപ്പെടുത്തുന്ന പര്‍വ്വതശൃംഗങ്ങള്‍. അന്നപൂര്‍ണ്ണ കൊടുമുടിയില്‍ നിന്ന് മാറി ഹെലികോപ്റ്റര്‍ താഴ്ന്ന് പറക്കാന്‍ തുടങ്ങി. അതുവരെ ശൈലികളില്‍ നിന്ന് വ്യത്യസ്തമായി പച്ചപ്പുള്ള മുക്തിനാഥ് മലനിരകള്‍ തെളിയാന്‍ തുടങ്ങി. ചെങ്കുത്തായ പര്‍വ്വത ചെരുവില്‍ പാറകള്‍ക്കിടയിലെ വളരെ പരിമിതമായ സ്ഥലത്ത് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പേടി തോന്നും. ഒന്ന് തെറ്റിയാല്‍ ചെങ്കുത്തായി കിടക്കുന്ന മലയിടുക്കുകളിലേക്കാണ് പതിക്കുക. അന്‍പത് മിനിട്ടുകൊണ്ട് തിരിച്ച് പോകണമെന്ന് ഹെലികോപ്റ്ററില്‍ നിന്നിറങ്ങുമ്പോള്‍ പൈലറ്റ് പ്രത്യേകം ഓര്‍മ്മപ്പെടുത്തി. ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ വലത് ഭാഗത്ത് പര്‍വ്വത ചെരുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുക്തിനാഥ് ക്ഷേത്രം കാണാം. താഴികക്കുടത്തോടെ പെഗോഡുടെ ആകൃതിയില്‍ ഇന്തോതിബത്തന്‍ രീതിയില്‍ പണികഴിപ്പിച്ച മുക്തിനാഥ് ക്ഷേത്രം മുക്തിനാഥ് മലനിരയുടെ നെറുകയില്‍ സ്ഥിതിചെയ്യുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ പൂജയും ആരാധനയും നിലനിന്നിരുന്നു. ആ ശൈലാദ്രിയില്‍ ചോലമരങ്ങള്‍ക്കിടയില്‍ നദീതീരത്ത് ജലപ്രവാസങ്ങള്‍ക്കിടയില്‍ അത്ഭുതമായി ഉയര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രം. അവിടെ എത്തുമ്പോള്‍ നമുക്ക് നാമറിയാതൊരു മാറ്റം സംഭവിക്കുന്നു. പ്രശാന്തമായ അന്തരീക്ഷത്തിലെങ്ങും അലിഞ്ഞുചേര്‍ന്ന് കിടക്കുന്നൊരു ഊര്‍ജ്ജം നമ്മിലേക്ക് പ്രവഹിക്കുന്നു.
പര്‍വ്വതചെരുവിലൂടെ കുറച്ച് മുന്നോട്ട് നടന്ന്, നാല്‍പ്പത് പടവുകള്‍ കയറിയാല്‍ ക്ഷേത്രത്തിന് മുന്നിലെത്താം. കാക്കോളനദിയും കാളിഗണ്ഡകി നദിയും സംഗമിച്ച് കാകവേണി എന്ന പേരില്‍ ഒഴുകുന്ന സ്ഥലത്താണ് മുക്തിനാഥ് ക്ഷേത്രം. നമ്മുടെ ത്രിവേണിയില്‍ ശ്രാദ്ധം ചെയ്യുന്ന അതേ പ്രാധാന്യത്തോടെ, ക്ഷേത്രത്തിന്റെ ഒരു വശത്തുകൂടെ ഒഴുകുന്ന കാകവേണിനദിയില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധം ചെയ്യാറുണ്ട്. അമ്പലത്തിന്റെ തൊട്ട്പിന്നില്‍ 108 ജലധാരകളുണ്ട്. മുക്തിധാരകളെന്ന് അറിയപ്പെടുന്ന ഈ ജലധാരകളില്‍ നിന്ന് ശക്തിയോടെ തണുത്ത് കോച്ചുന്ന നിര്‍മ്മല ജലം വിച്ഛിന്നമായി ധാരമുറിയാതെ അനസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈ 108 തെളിനീര്‍ ധാരകള്‍ ദിവ്യതീര്‍ത്ഥങ്ങളായി കരുതുന്നു. ശക്തിയോടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈ തണുത്ത ജലധാരകളില്‍ തീര്‍ത്ഥാടകര്‍ സ്‌നാനം ചെയ്യുന്നുണ്ട്. ഈ മുക്തിധാരകളില്‍ നിന്ന് വരുന്ന തീര്‍ത്ഥം പാനം ചെയ്യുന്നതും ഇതില്‍ കുളിക്കുന്നതും, സര്‍വ്വപാപങ്ങളില്‍ നിന്നും മോചനം ലഭിച്ച് മോക്ഷപ്രാപ്തി ലഭ്യമാക്കുമെന്നാണ് വിശ്വസിക്കുന്നത്. അതിദിവ്യമായ കര്‍മ്മമായിട്ടാണ് ഭക്തര്‍ ഇതനുഷ്ഠിക്കുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണുവാണ്. ഉപദൈവങ്ങളായി ലക്ഷ്മി, സരസ്വതി, സീത, ലവകുശന്‍മാര്‍, ഗരുഡന്‍, സപ്തര്‍ഷികള്‍ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് തെക്കുഭാഗത്താണ് ജ്വാലാമയി ദേവി കുടികൊള്ളുന്നത്. തുടര്‍ച്ചയായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിജ്വാലകള്‍. മണ്ണില്‍ നിന്നും, പാറയില്‍ നിന്നും, ജലത്തില്‍ നിന്നും വിഘ്‌നമില്ലാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈ അഗ്നിജ്വാലകളിലൂടെ അഗ്നിദേവിയെ അര്‍ച്ചന ചെയ്യുന്നു എന്നാണ് വിശ്വാസം.

പതിനൊന്നാമത്തെ വയസ്സില്‍ സ്വാമിനാരായണ്‍ ഇവിടെയെത്തി തപസനുഷ്ഠിച്ചിട്ടുണ്ടത്രേ. മൂന്ന് നേരം ഗണ്‍ഡകി നദിയില്‍ കുളിച്ച് മുക്തിനാഥന് പൂജചെയ്ത്, ഒറ്റകാലില്‍ നിന്ന് രണ്ട് കൈകളും മേലോട്ട് ഉയര്‍ത്തി, ഗായത്രി ജപിച്ചുകൊണ്ട് അദ്ദേഹം സൂര്യനാരായണനെ ഭജിച്ചു. ധര്‍മ്മദേവനും ഭക്തിമാതാവും ദിവ്യരൂപത്തില്‍ അദ്ദേഹത്തിന്റെ പിന്നില്‍ ഇരുവശത്തുമായി സന്നിഹിതരായിരുന്നുവത്രേ. സ്വാമി നാരായണ്‍ നിന്ന് തപം ചെയ്ത സ്ഥലത്ത് അദ്ദേഹത്തിന്റെ ദിവ്യപാദത്തിന്റെ രൂപം ശിലയില്‍ തീര്‍ത്ത് വെച്ച് ആരാധിക്കുന്നുണ്ട്. ക്ഷേത്രത്തിന് തെക്ക് വശത്ത് സൂര്യരശ്മികളേറ്റ് വെട്ടിതിളങ്ങുന്ന നിരനിരയായി കിടക്കുന്ന വിസ്മയിപ്പിക്കുന്ന അന്നപൂര്‍ണ്ണ കൊടുമുടികള്‍. വടക്ക് അനന്തമായി കിടക്കുന്ന തിബത്തന്‍ പീഠഭൂമി. പ്രകൃതിയില്‍ അന്തര്‍ലീനമായ താളലയങ്ങള്‍ മുക്തിനാഥിന്റെ മുന്നിലെത്തുമ്പോള്‍ നമ്മള്‍ അനുഭവിച്ചറിയുന്നു. അവിടെ മുക്തി ലഭിക്കുന്നു എന്ന പരമാര്‍ത്ഥം നാമറിയുന്നതും അപ്പോഴാണ്. ക്ഷേത്ര പരിസരത്തെ സ്വച്ഛമായ അന്തരീക്ഷത്തില്‍ ജലധാരകളുടെയും കാകവേണി നദിയുടെയും മുഖരിത ശബ്ദത്തില്‍ മുക്തിനാഥ് ക്ഷേത്രത്തിന് മുന്നിലിരിക്കുമ്പോള്‍ മനസ്സ് അറിയാതെ ഏതോ തലത്തിലേക്ക് പ്രവേശിക്കുന്നു. എല്ലാം സുതാര്യമായ നഗ്നമായ പ്രകൃതിയില്‍ ലയിച്ചിരിക്കുമ്പോള്‍ മുക്തിനാഥിലെത്തി പൂര്‍ണ്ണമായ മോക്ഷം നേടുകതന്നെ ചെയ്യുന്നു.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വഴിയുടെ ഇടതുഭാഗത്താണ് ബുദ്ധമതക്കാരുടെ ഡോളാ മെബര്‍ ഗോംമ്പയും, ഗുരു റിം പോച്ചെയുടെ പേരിലുള്ള ബുദ്ധിസ്റ്റ് മൊണാസ്ട്രിയും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെയും മൊണാസ്ട്രിയുടെയും സാംസ്‌കാരിക പാരമ്പര്യവും തനിമയും ഒരു പോലെ ഒരു കോട്ടവും സംഭവിക്കാതെ കാത്തുസൂക്ഷിക്കുന്നതില്‍ അവിടെയുള്ള ബുദ്ധസന്യാസിമാരും സന്യാസിനിമാരും സദാ ജാഗരീഗരാണ്. ക്ഷേത്രത്തിനുള്ളിലും മൊണാസ്ട്രിക്കുള്ളിലും ഫോട്ടോഗ്രാഫി നിരേധിച്ചിട്ടുണ്ട്. പുറത്തുനിന്ന് ചിത്രങ്ങള്‍ എടുക്കുന്നതിന് വിലക്കുകളില്ല. മഞ്ഞ മലകള്‍ക്കിടയിലെ പച്ചപ്പുള്ള അമര്‍നാഥ് മലനിരകളും, അനന്തമായ തിബത്തന്‍ പീഢഭൂമിയും, വെയിലേറ്റ് വര്‍ണാഭമായ അന്നപൂര്‍ണ്ണകൊടുമുടികളും, മുക്തിനാഥ് ക്ഷേത്രവും, ഗുരുറിപോച്ചെ മോണാസ്ട്രിയുമൊക്കെ ക്യാമറയില്‍ പകര്‍ത്തി. അറ്റമില്ലാതെ കിടക്കുന്ന അരേയും അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള ആ പ്രകൃതി ദൃശ്യങ്ങള്‍ എത്ര പകര്‍ത്തിയാലും മതിവരില്ല. നേരിയ മൂടല്‍ മഞ്ഞ് അന്തരീക്ഷത്തില്‍ പടരാന്‍ തുടങ്ങി. അനുവദിച്ച വളരെ പരിമിതമായ സമയവും കഴിഞ്ഞു. ഹിമശൃംഗങ്ങളിലെ കാലാവസ്ഥ പ്രവചനാതീതമാണ്. എപ്പോഴാണ് മാറുക എന്നറിയില്ല. ഹെലികോപ്റ്ററിനടുത്തെത്തിയപ്പോള്‍ പൈലറ്റ് തിടുക്കം കൂട്ടി. കാലാവസ്ഥ മോശമാകാനുള്ള സാധ്യത കാണുന്നുണ്ടെന്നും അതിന് മുമ്പെ കഴിയുന്നതും വേഗം പൊക്കാറയിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞില്‍ അവ്യക്തമായി കാണുന്ന ഹിമശൃംഗങ്ങള്‍ക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ അനന്തവിഹായസ്സിലേക്ക് പറന്നുയര്‍ന്നു. മോക്ഷദായകനായ മുക്തിനാഥനും അവിടുത്തെ പ്രശാന്തസുന്ദരമായ ശാന്തതയും മനസ്സില്‍ നിറഞ്ഞ് നിന്നു.

(തുടരും)

(ഒന്നാം ഭാഗം ഇവിടെ: http://www.gulfmalayaly.com/magazine/December/article_2.html)


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan