Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍
(ഇ നോവല്‍, അധ്യായം ഒന്ന്)
ഹരിചന്ദനം

രീ..നല്ല പനി. കിടക്കയില്‍ കഴുത്തിനൊപ്പം പുതപ്പു വലിച്ചുചുറ്റി ചുരുണ്ടുകൂടി കിടന്നുകൊണ്ടുള്ള വന്ദനയുടെ പരാതികേട്ടപ്പോള്‍ ചിരിയാണു വന്നത്. ഇനിയിപ്പൊ താന്‍ ചെന്നു നെറ്റിയില്‍ കൈവച്ച് നല്ല ചൂടുണ്ട് എന്ന് പറയുന്നതു വരെ ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കും. വിവാഹം കഴിഞ്ഞു ഈ മഹാനഗരത്തില്‍ അവളേയും കൊണ്ടെത്തിയിട്ടിതു വര്‍ഷം നാലായി. തിരക്കുപിടിച്ച ഈ ഔദ്യോഗികജീവിതത്തിനിടയിലെ പരക്കം പാച്ചിലില്‍ തന്നില്‍ നിന്നെന്നും അവള്‍ ആഗ്രഹിച്ചത് ഇത്തരം കാര്യങ്ങളായിരുന്നു. കുഞ്ഞു പനി വന്നാല്‍ പിന്നെ തന്റെ സാമീപ്യം വേണം, ഇടക്കിടക്ക് നെറ്റിയില്‍ കൈ വച്ച് പനിയുടെ അളവെടുത്തു ഉറക്കെ പറഞ്ഞു വേവലാതിപ്പെടണം, മരുന്നു കഴിക്കേണ്ട സമയമായാല്‍ ഇംഗ്ലീഷ് മരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവളുടെ വാദഗതികള്‍ സമ്മതിച്ച് കൊടുക്കണം..

മൊബൈല്‍ ശബ്ദിച്ചു. ഇന്ന് പ്രൊജക്റ്റ് ഡിപ്ലോയ്‌മെന്റ് ദിവസമാണല്ലോ. ഇനിയിപ്പോ മാത്യൂസിന്റെ ബി.പി കൂടും. തുരുതുരെ വിളിതുടങ്ങും. ഇതൊരു പതിവാണു. ഓഫീസിലേക്കിറങ്ങാന്‍ വൈകി. വന്ദനയുടെ അടുത്തു ചെന്നു നെറ്റിയിലൊന്നു തലോടി, പതിവു പല്ലവികളുടെ കെട്ടഴിച്ചു..
'ഞാനിന്നു ഓഫീസില്‍ നിന്നു നേരത്തെ വരാം നമുക്കൊന്നു ഡോക്ടറെ കാണാം. രാവിലെ ഓഫീസില്‍ ചെന്നേ പറ്റൂ. ഇന്ന് പ്രൊജക്റ്റ് ഡിപ്ലോയ്‌മെന്റ് ദിവസമാ..'
'അതൊന്നും വേണ്ട. വൈകിട്ടാവുമ്പോഴേക്കും മാറും. ഇത് മകരമാസത്തിലെ തണുപ്പു തുടങ്ങുമ്പോള്‍ എനിക്കു സ്ഥിരം ഉള്ളതാ..'
വന്ദനയുടെ പുതിയ കണ്ടുപിടുത്തം. എല്ലാത്തിനും ഇങ്ങനെ എന്തെങ്കിലും ഒരു ന്യായീകരണം ഉണ്ടാവും.
'ഹരിക്കുഞ്ഞേ.. ദേവകിചേച്ചിയാണ്. ബ്രേക്ക്ഫാസ്റ്റ് മേശയില്‍ നിരത്തിക്കഴിഞ്ഞുള്ള പതിവുവിളി..'
'ഹരി കഴിച്ചോളൂ, ഞാനിത്തിരി നേരം കിടക്കട്ടെ. ഓഫീസില്‍ പോവാന്‍ വൈകണ്ട..'

വേഗം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലേക്കിറങ്ങിയപ്പോള്‍ മനസ്സു മുഴുവന്‍ വന്ദനയായിരുന്നു. പലപ്പോഴും അവളെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തന്നെപ്പോലെയല്ല, അവള്‍ പഠിച്ചതും വളര്‍ന്നതും എല്ലാം നഗരത്തില്‍. വിവാഹം കഴിക്കുമ്പോള്‍ നല്ലകമ്പനിയില്‍ ഉണ്ടായിരുന്ന ജോലി തന്റെ ട്രാന്‍സ്ഫറോടു കൂടി ഉപേക്ഷിച്ച അവളുടെ തീരുമാനം അന്നെല്ലാവരേയും അമ്പരപ്പിച്ചു. ഒരു പരിധി വരെ തന്നേയും. ഞായറാഴ്ച്ചകളില്‍ പുറത്തേക്ക് പോവാന്‍ ഇഷ്ടമില്ലാത്ത, തന്റെ നിഴലില്‍ മറഞ്ഞിരിക്കാനിഷ്ടപ്പെടുന്ന, കണ്ണുകള്‍ കൊണ്ടൊരുപാട് സംസാരിക്കുന്ന അവള്‍ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.
ഫോണ്‍ നിര്‍ത്താതെ ചിലക്കുന്നു..കാര്‍ പതുക്കെ റോഡിന്റെ അരികിലേക്കു ഒതുക്കി ഫോണ്‍ എടുത്തു. മാത്യൂസാണ്. ഒരു പ്രൊജക്റ്റ് മാനേജര്‍ എന്ന നിലയില്‍ ജോലിയോട് അദ്ദേഹം പുലര്‍ത്തുന്ന സത്യസന്ധത സമ്മതിക്കണം. രാത്രിയും പകലുമില്ലാതെ ജോലിചെയ്യും. ടെന്‍ഷന്‍ അടിക്കുന്നതിലും മറ്റുള്ളവരെ ടെന്‍ഷന്‍ അടിപ്പിക്കുന്നതിലും മിടുക്കന്‍.
'ആം ഓണ്‍ ദി വേ. വില്‍ റീച്ച് വിത്തിന്‍ ടെന്‍ മിനിറ്റ്‌സ്' ഇനി കൃത്യം പത്ത് മിനിറ്റുകള്‍ക്കു ശേഷം മാത്യൂസ് വിളിക്കും. ഓഫീസിലെ വിശേഷങ്ങള്‍ വന്ദന സ്വമേധയാ ഒന്നും ചോദിക്കാറില്ല. അങ്ങോട്ടെങ്ങാനും പറഞ്ഞാല്‍ പലപ്പോഴും അലക്ഷ്യമായ ഒരു മൂളല്‍ മാത്രം. ആദ്യമൊക്കെ ഓഫീസിലെ സംഭവവികാസങ്ങള്‍ അവളോടു പറയുമായിരുന്നു. പിന്നെ പിന്നെ അവള്‍ വലിയ താല്പര്യം പ്രകടിപ്പിക്കാതായപ്പോള്‍ അതങ്ങു നിന്നു.
ഓഫീസിലോട്ട് ചെന്നു കേറിയപ്പോഴേ അവിടെ മാത്യൂസ് കാര്യങ്ങള്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തിച്ചിട്ടുണ്ട് എന്നു മനസ്സിലായി. എല്ലാവരോടും ഒന്നു ചിരിച്ചെന്നു വരുത്തി വേഗം സീറ്റില്‍ ചെന്നിരുന്നു സിസ്റ്റം ഓണാക്കി. മെയിലുകള്‍ നോക്കാന്‍ സമയം കിട്ടിയില്ല. അതിനു മുന്നേ മാത്യൂസ് ഓടി വന്നു. പതിവുപോലെ ഉത്തരം താങ്ങുന്ന പല്ലിയുടെ വിഷമങ്ങള്‍. ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നാന്‍ മുഖത്തല്‍പ്പം സഹതാപം ചാലിച്ചു ഇരുന്നുകൊടുത്തു.

ഐ.ടി എന്ന 'ഗ്ലാമറസ് ലോകം' (ചിലരുടെകണ്ണിലെങ്കിലും) സൃഷ്ടിച്ചിരിക്കുന്നതു മാത്യൂസിനെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്നു തോന്നുന്നു. പ്രൊജക്റ്റ്, ക്ലയന്റ് ഡിസ്‌കഷന്‍, അെ്രെപസല്‍, പിന്നെ സ്‌റ്റോക്ക് മാര്‍ക്കറ്റ്. തീര്‍ന്നു. ആലോചിച്ചപ്പോള്‍ മുഖത്ത് വന്ന ഒരു ചെറുചിരി മാത്യൂസ് ശ്രദ്ധിച്ചു എന്നു തോന്നുന്നു. പെട്ടെന്നു തന്നെ അവിടെ നിന്നു പോയി. വീക്കെന്‍ഡ് എങ്ങനെയുണ്ട് മച്ചാ. തൊട്ടടുത്ത കാബിലില്‍ നിന്നു ജിജുവിന്റെ ചാറ്റ് മെസേജ്. 'ഫൈന്‍, ഡ്യൂഡ്' എന്ന പതിവു മറുപടി കൊടുത്തു വീണ്ടും മെയിലുകളിലേക്ക് തലപൂഴ്ത്തി
'ഹരി, നീ വരുന്നോ കഴിക്കാന്‍?' മുഖമുയര്‍ത്തിനോക്കിയപ്പോള്‍ വിനോദ് ടിഫിന്‍ ബോക്‌സുമായി തയ്യാറെടുത്തു നില്‍ക്കുന്നു. അപ്പോഴാണു ഉച്ചഭക്ഷണം കൊണ്ടു വരാന്‍ മറന്ന കാര്യം ഓര്‍മ്മ വന്നത്. ഇനി കാന്റീന്‍ തന്നെ ശരണം. എന്തായാലും ഓഫീസിനു പുറത്തേക്കിറങ്ങണം. വന്ദനയ്‌ക്കെങ്ങനെ ഉണ്ട് എന്നു വിളിച്ചന്വേഷിക്കുകയും വേണം. വിളിക്കാനായി ഫോണെടുത്തതും വീട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നതും ഒരുമിച്ചായിരുന്നു.

'നീ ഈ ആഴ്ചവരുന്നില്ലേ. അപ്പുക്കുട്ടേട്ടന്റെ മോളുടെ കല്ല്യാണനിശ്ചയമാണു ഈ ശനിയാഴ്ച. മറക്കണ്ട. നിന്റെ കാര്യങ്ങള്‍ക്ക് അവരെല്ലാം വന്നിരുന്നു. പോവാതിരിക്കാന്‍ പറ്റില്ല. ആ പിന്നെ വടക്കേലെ ശങ്കരന്‍ മരിച്ചു. ഇന്നലെ രാവിലെ. എലിപ്പനിയായിരുന്നു. ഇന്നലെതന്നെ സംസ്‌കാരോം കഴിഞ്ഞു' ഞെട്ടിയില്ല. പക്ഷെ ശരീരത്തിന്റെ ഭാരം കുറഞ്ഞ് ഒഴുകി നടക്കുന്നപോലെ. അമ്മയുടെ തുടര്‍ന്നുള്ള വാക്കുകളൊക്കെ ഒരുപാട് കാതങ്ങള്‍ക്കകലെനിന്നൊഴുകി വരുന്ന പോലെ. മനസ്സ് മുഴുവന്‍ ശങ്കരേട്ടനെ ചുറ്റിപ്പറ്റിയായിരുന്നു.

കുട്ടിക്കാലത്ത് ഞങ്ങളുടെ ഹീറോയായിരുന്നു ശങ്കരേട്ടന്‍. ഒരു തോര്‍ത്തുമുണ്ടും ധരിച്ച് കയ്യിലൊരു വെട്ടുകത്തിയോ കൈകോട്ടോ ആയി തിരക്കുപിടിച്ച് നടന്നു നീങ്ങുന്ന ആ രൂപം ഞങ്ങള്‍ക്ക് സുപരിചിതവുമായിരുന്നു. അമ്മയുടെ വീട്ടില്‍ വിഷൂനും ഓണത്തിനുമൊക്കെ ചെല്ലുമ്പോള്‍ 'ശ്ശൂരെ കുട്ടി വന്നോ' എന്ന് ചോദിച്ച് ഓടിയെത്തുന്ന ശങ്കരേട്ടനോട് എനിക്കെന്തോ ഒരടുപ്പം തോന്നിയിരുന്നു. വൈകീട്ട് പണികഴിഞ്ഞ് ശങ്കരേട്ടന്‍ വരുമ്പോള്‍ കടപ്പറമ്പത്ത് കാവ് വരെ നടക്കാന്‍ എന്നേം കൊണ്ടു പോവും. സര്‍പ്പക്കാവിനും പാടങ്ങള്‍ക്കും ഇടയിലൂടെ റെയില്‍വേ ട്രാക്ക് കടന്ന്, ഇരുവശവും പനകള്‍ നിറഞ്ഞ ആ വള്ളുവനാടന്‍ വഴികളിലൂടെ ശങ്കരേട്ടന്റെ കൂടെയുള്ള യാത്ര മനസ്സില്‍ നിന്നും പോവുന്നുമില്ല. വഴിയിലൂടെ വരുന്നവരോടെല്ലാം 'ശ്ശൂരുള്ള നാരാണീടെ മോനാ' എന്ന് പരിചയപ്പെടുത്തിയും എന്റെ പിന്നാലെ ഓടിയെത്തിയും കഥകള്‍ പറഞ്ഞുമൊക്കെയാണു യാത്രകള്‍.
'ശങ്കരേട്ടാ, എന്താ കാവില് കാണുന്ന ആ വെളിച്ചം?'
'അതു കുട്ട്യേ, നാഗങ്ങള്‍ മാണിക്യം കൊണ്ട് നടക്കുന്ന സ്ഥലമാ. അങ്ങോട്ടോന്നും ഇപ്പൊ നോക്കണ്ട.'

പാടത്തിനരികിലുള്ള ആ സര്‍പ്പക്കാവ് അന്നു മുതല്‍ എന്റെ സ്വപ്നങ്ങളിലെ നാഗദൈവങ്ങളുടെ ആവാസസ്ഥലമായി മാറി. നാഗമാണിക്യം തലയില്‍ ചൂടിയ നാഗരാജാവും ആ സര്‍പ്പക്കാവും അതിലെ പാടത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന അരയാല്‍ മരത്തിലെ കടവാവലുകളും സ്വപ്നത്തിലേക്ക് വന്ന് എന്റെ ഉറക്കം കളഞ്ഞ രാത്രികള്‍ ഒരുപാടുണ്ട്. വന്ദനയോട് വിശദീകരണം പറഞ്ഞ് മടുത്ത നാളുകള്‍.
'പൊഴേലിപ്പൊഴും വെള്ളോണ്ടാവോ ശങ്കരേട്ടാ.'
'എവിടെ. മേടമാസമല്ലേ. തിരുമിറ്റക്കോട്ട് അമ്പലത്തിനടുത്ത് മുങ്ങാന്‍ പാകത്തിനിത്തിരി വെള്ളണ്ടാവും. അതും ജാസ്‌ത്യൊന്നൂല്ല്യ.'
ശങ്കരേട്ടന്‍ നന്നായി നീന്തും. വെള്ളിലപ്പെട്ടി അമ്പലത്തിലെ കുളത്തില്‍ ഞങ്ങളെ കരക്കിരുത്തി മുങ്ങാങ്കുഴിയിടുകയും മലര്‍ന്നുനീന്തിയും ഞങ്ങളുടെ കയ്യടി വാങ്ങുന്നത് ശങ്കരേട്ടനൊരു ഹരമായിരുന്നു.
'ഇതിന്റടിയില്‍ ഒരു കൊട്ടാരണ്ട്. മുത്തും പവിഴൊക്കെ പതിച്ച ഒരു കൊട്ടാരം. ദേവിക്ക് വിശ്രമിക്കാനുള്ളതാ' മുങ്ങി നിവര്‍ന്നു വന്ന് കരയിലിരുന്ന എന്നേം മാളുവിനേയും നോക്കി ശങ്കരേട്ടന്റെ വെളിപ്പെടുത്തല്‍.
മാളുവിന്റെ മുഖത്ത് ആശ്ചര്യത്തിന്റെ വേലിയേറ്റം.
'ചുമ്മാ പുളുവടിക്കില്ലേ ശങ്കരേട്ടാ' എന്ന് ഞാന്‍.
ഇപ്പൊ വരാമെന്ന് പറഞ്ഞതും കുളത്തിനടിയിലേക്ക് ശങ്കരേട്ടന്‍ ഊളിയിട്ടതുമൊരുമിച്ചായിരുന്നു.
ഞങ്ങളുടെ ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ട് ചുരുട്ടിപ്പിടിച്ച് കയ്യുമായി ശങ്കരേട്ടന്‍ കരയിലേക്ക് കയറിവന്നു. മാളുവിനു നേരെ കൈ നീട്ടി. അവളൊരു കൌതുകത്തോടെ ചുരുട്ടിപ്പിടിച്ച കൈ നിവര്‍ത്തി. നല്ല ഭംഗിയുള്ള ഒരു വെള്ളാരംകല്ല്.
'കൊട്ടാരത്തിലെ മുറ്റത്ത് നിറയെ ഇങ്ങനത്തെ കല്ലുകളാ.'
അവളുടെ വിടര്‍ന്ന കണ്ണുകളിലേക്ക് നോക്കി ശങ്കരേട്ടന്‍ പറഞ്ഞു. പെണ്ണിനു ഗമ കൂടാന്‍ വേറെ കാര്യം വേണോ? ആ കല്ലും പിടിച്ച് അവള്‍ ഞങ്ങളുടെ മുന്നില്‍ കുറെ നാള്‍ പോസിട്ടു നടന്നു.
ആദ്യമായി ജോലികിട്ടി നാട്ടില്‍ ചെന്നപ്പോള്‍ ശങ്കരേട്ടന്റെ കയ്യില്‍ അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഒരു നൂറുരൂപ വച്ചു കൊടുത്തു.
'അതങ്ങട് വാങ്ങൂ ശങ്കരാ, കുട്ടി ഒരു സന്തോഷത്തിനു തന്നതല്ലേ. ഒന്നൂല്ലേലും നീ കുറെ കൊണ്ട് നടന്നോനല്ലേ.'
അതുവാങ്ങാന്‍ മടികാണിച്ച ശങ്കരേട്ടനോട് അമ്മൂമ്മയുടെ നിര്‍ദ്ദേശം.

അതും വാങ്ങി തെക്കോട്ട് പാടത്തിലേക്ക് കണ്ണും നട്ട് നിന്നിരുന്ന ശങ്കരേട്ടന്റെ മുഖം മനസ്സില്‍ നിന്നു മായുന്നില്ല. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇടക്കൊന്ന് തിരിഞ്ഞു നോക്കി 'ശ്ശൂരുള്ള കുട്ടിയെ യാത്രയാക്കാന്‍ ശങ്കരേട്ടനെന്തോ വന്നില്ല. അമ്മയുടെ ആഴ്ചവിശേഷങ്ങളില്‍ നിന്നു പിന്നീടറിഞ്ഞു, ശങ്കരേട്ടന്റെ മകന്‍ ദീനം വന്ന് മരിച്ചെന്നും ഭാര്യ വേറെ വിവാഹം കഴിച്ചെന്നും മറ്റും. അവസാനം ഇന്നു ഇതും.

ഫോണ്‍ പിന്നേയും ബെല്ലടിക്കുന്നതു കേട്ടപ്പോഴാണു സ്ഥലകാലബോധം തിരിച്ചു കിട്ടിയത്. വന്ദനയാണ്. ഒരു കുറ്റബോധത്തോടെയാണു ഫോണ്‍ എടുത്തത്.
'പനി കുറവുണ്ട്. ഞാന്‍ ഒന്ന് ആവിപിടിച്ചു. വൈകീട്ടാവുമ്പോഴേക്കും നന്നായി കുറയും. എന്തായി പ്രൊജക്റ്റ് ഡിപ്ലോയ്‌മെന്റൊക്കെ കഴിഞ്ഞോ? ക്ലയന്റ് എന്തു പറഞ്ഞു?' പരാതിയുടെയോ പരിഭവത്തിന്റേയോ ലാഞ്ഛന പോലുമില്ലാതെ വന്ദന.
'കഴിഞ്ഞട്ടില്ല. നല്ല തിരക്കിലാണു. ഞാന്‍ പിന്നെ വിളിക്കാം ശങ്കരേട്ടന്റെ മരണത്തെക്കുറിച്ച് അവളോട് പറഞ്ഞില്ലല്ലോ എന്നോര്‍ത്തത് അപ്പോഴാണൂ. സാരമില്ല, വൈകീട്ട് പറയാം.
ഭക്ഷണം കഴിച്ച് ക്യൂബിക്കിളിലേക്ക് ചെല്ലുമ്പോള്‍ അവിടെ മുഖവും ചുവപ്പിച്ച് പിറുപിറുത്തുകൊണ്ട് മാത്യൂസ് നില്‍പ്പുണ്ടായിരുന്നു.

(നോവലിന്റെ തുടര്‍ലക്കങ്ങള്‍ ഗള്‍ഫ് മലയാളി.കോം സണ്‍ഡേ സ്‌പെഷല്‍ പേജില്‍ വായിക്കാം)


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan