Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

ലോകകപ്പ് ആതിഥ്യം; ഖത്തറിന്റെ പരിശ്രമം വെറുതെയായില്ല
(ജി എം സ്‌പെഷല്‍ ഓഫ് ഡിസംബര്‍)
അമാനുല്ല വടക്കാങ്ങര, അസോസിയേറ്റ് എഡിറ്റര്‍

 


ലോകഭൂപടത്തില്‍ വളരെ ചെറിയ ഒരു രാഷ്ട്രം ലോകത്തിനു തന്നെ മാതൃകയാവുകയാണ്. വലുപ്പമല്ല നിലപാടുകളാണു മറ്റുള്ളവരില്‍ നിന്നു തങ്ങളെ മാറ്റിനിറു ത്തുന്നതെന്ന ശ്രദ്ധേയമായ മാതൃക. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും മാതൃകാപരമായ ഭരണനൈപുണ്യവും അന്താരാഷ്ട്ര തലത്തിലുള്ള ക്രിയാത്മക ഇടപെടലൂകളിലൂടെയുമാണ് ഖത്തര്‍ നാളിതുവരെ തങ്ങളുടെ മികവ് തെളിയിച്ചത്. അന്താരാഷ്ട്ര വിഷയങ്ങളില്‍ വ്യതിരിക്തമായ നിലപാടുകളാണു ഖത്തറിനെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നു വിഭിന്നമാക്കുന്നത്. അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തിന്നു നിര്‍ലോഭമായ പിന്തുണയും ഖത്തര്‍ നല്‍കുകയുണ്ടായി. ഹമാസ് നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി ഇസ്രായേലിനു വ്യക്തമായ മുന്നറിയിപ്പും ഈ കൊച്ചുരാജ്യം നല്‍കി. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കി ആഗോളതലത്തില്‍ സജിവമാവുകയെന്ന നയത്തിന്റെ ഭാഗമായാണ് ഒ.ഐ.സി രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി ദോഹയില്‍ വച്ചു നടത്താന്‍ ഖത്തര്‍ ധൈര്യം കാണിച്ചത്. കൊച്ചു രാഷ്ട്രത്തിന്റെ വേവലാതികളൊന്നുമില്ലാതെ വിജയകരമായി തന്നെ ഒ.ഐ.സി സമ്മേളനം പൂര്‍ത്തിയാക്കിക്കൊണ്ടു ഭാവിയിലെ അവസരങ്ങളിലേക്ക് ഖത്തര്‍ വാതില്‍ തുറന്നിട്ടു. പിന്നീട് ലോകസാമ്പത്തിക ഉച്ചകോടിയടക്കം പല നിലക്കുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും ഖത്തര്‍ ആതിഥ്യം വഹിച്ചു. അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ സ്ഥിരം വേദിയാക്കി ഖത്തറിനെ മാറ്റുക എന്ന നയത്തിന്റെ ഭാഗമായാണു നാലുവര്‍ഷം മുന്നേ ഏഷ്യന്‍ ഗെയിംസിനു കൊച്ചു ഖത്തര്‍ ആഥിത്യം വഹിച്ചത്. കന്നിക്കാരന്റെ ആകുലതകളൊന്നുമില്ലാതെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ എന്നൊന്നും ഓര്‍മ്മിക്കുവാന്‍ ഒരു പാടു മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു കൊണ്ടാണു രണ്ടായിരത്തിയാറിലെ ഏഷ്യന്‍ ഗെയിംസിനു ദൊഹയില്‍ പരിസമാപ്തി കുറിച്ചത്. അന്നു ലഭിച്ച അനുഭവ സമ്പത്തിന്റെ ധൈര്യത്തില്‍ കൂടുതല്‍ മുതല്‍ മുടക്കുള്ളതും ജനകീയ പങ്കാളിതം പ്രതീക്ഷിക്കുന്നതുമായ അന്താരാഷ്ട്രമത്സരങ്ങള്‍ക്ക് ഖത്തര്‍ നിരന്തരം വേദിയായി. വര്‍ഷങ്ങളായി ഡബ്‌ളിയു.ടി.എയുടെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ടെന്നീസ് മത്സരങ്ങള്‍ ഖത്തറില്‍ നടന്നു വരികയാണ്. ലോകത്തിലെ മുന്‍നിര ടെന്നീസ്താരനിരയാണ് ഈ മത്സരങ്ങളില്‍ പങ്കെടുത്തുവരുന്നത്. രണ്ടായിരത്തി പതിനൊന്നു ജനുവരി യില്‍ നടക്കുന്നഏഷ്യാകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്നും ആഥിത്യമുരുളുന്നത് ഖത്തര്‍ തന്നെ. അതി നുള്ള ഒരുക്കങ്ങള്‍ ദ്രൂതഗതിയില്‍ നടന്നുവരുന്നു.
എന്നാല്‍ രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്നു ആഥിത്യമുരുളാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ പലരും കൗതുകത്തോടെയാണു നോക്കിക്കണ്ടത്. കൊച്ചു രാജ്യത്തിനു ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളുടെയും പ്രതീക്ഷകള്‍ക്കൊത്തു ഭൂമിയിലെ കാല്‍പന്തുകളിയുടെ മാമാങ്കത്തിന് ആതിഥ്യമുരുളാന്‍ സാധിക്കുമോ എന്ന ചോദ്യമാണു പലകോണുകളില്‍ നിന്നും ഉയര്‍ന്നത്. ഫുട്‌ബോള്‍ ലോകകപ്പ് സാധാരണ നടന്നുവരുന്ന ജൂണ്‍ ജൂലൈ മാസങ്ങള്‍ മധ്യേഷയിലെ ഏറ്റവും ചൂടുള്ള കാലാവസ്ഥയാണെന്നതാണു ഒന്നാമത്തെ കാരണം. മറ്റു കായിക മത്സരങ്ങളില്‍ നിന്നും വിഭിന്നമായി ഫുട്‌ബോള്‍ ആരാധകരുടെ വര്‍ധിച്ച തോതിലുള്ള ഒഴുക്കു തന്നെ മത്സരം നേരിട്ടു കാണാന്‍ ഉണ്ടാകും. ചെറുരാജ്യമായ ഖത്തറിന് ഇവരെയൊക്കെ ഉള്‍കൊള്ളാന്‍ സാധിക്കുമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇണ്ടു ദിവസം മുന്നേ ഫിഫയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കില്‍ ഖത്തറിലെ ജൂലൈ മാസത്തെ അതിശക്തമായ ചൂടും ചെറു ചൂറ്റളവിനുള്ളില്‍ ക്രമീകരിക്കപ്പെട്ട സ്‌റ്റേഡിയങ്ങളും സ്‌റ്റേഡിയങ്ങള്‍ക്കിടയില്‍ രൂപാന്തരപ്പെടാനിടയുള്ള ഗതാഗതക്കുരുക്കുമൊക്കെയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം ഖത്തറിനു വ്യക്തമായ മറുപടികളുണ്ടായിരുന്നു. ഖത്തര്‍ ബിഡ് കമ്മറ്റി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ഥാനിയും ശൈഖ് മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദും നടത്തിയ പ്രസന്റേഷനുകള്‍ വിസ്മയകരവും ആവേശകരവുമായിരുന്നുവെന്നാണ് ഫിഫ അധികൃതര്‍ അഭിപ്രായപ്പെട്ടത്.
സ്‌റ്റേഡിയം, ട്രെയിനിങ്ങ് സെന്ററുകള്‍ ഇവയൊക്കെ ഇരുപത്തിയഞ്ചു ഡിഗ്രിയില്‍ താപം ക്രമീകരിക്കുന്ന സജീകരണങ്ങളാണു തങ്ങള്‍ തയ്യാറാക്കാനുദ്ദേശിക്കുന്നതെന്നായിരൂനു ഖത്തറിന്റെ മറുപടി. മാത്രമല്ല ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുവാന്‍ പൂര്‍ണതോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്നും ഖത്തര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഖത്തറിന്റെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശുഭപര്യ വസാനമായിക്കൊണ്ട് 2022 ലോകകപ്പിനു ആതിഥ്യം വഹിക്കാന്‍ ദോഹയെ തെരഞ്ഞെടുത്തതായ പ്രഖ്യാപനം ഫിഫ ആസ്ഥാനത്ത് നടന്നപ്പോള്‍ ഖത്തര്‍ ബിഡ് കമ്മറ്റിയും ഭരണകര്‍ത്താക്കളും മാത്രമല്ല ഒരു ദേശം മുഴുവന്‍ ആകാംക്ഷയോടെ കാത്തുനിന്ന സ്വപ്നസാക്ഷാത്ക്കാരമായിരുന്നു അത്. സൂറിച്ചിലെ ചരിത്രമുഹൂര്‍ത്ത കുറിച്ച വേദിയില്‍ ഖത്തറിന്റെ അഭിമാനമായ യുവ രാജകുമാരനും ഖത്തര്‍ ബിഡ് കമ്മറ്റി ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ഥാനിയുടെ വാക്കുകള്‍ ഗള്‍ഫ് മേഖലയിലെ പൊതുവിലും ഖത്തറിലെ വിശേഷിച്ചും യുവജനങ്ങളുടെ പ്രതീക്ഷാനിര്‍ഭരമായ ചിന്തയുടെ നിദര്‍ശനമായിരുന്നു. ഇനി വരാനൂള്ള നാളുകള്‍ ഖത്തറിനു വെറുതെയിരിക്കാനുള്ളതല്ലെന്ന ഉറച്ച ചിന്ത സ്വദേശികളും പ്രവാസികളും ഒരുപോലെ പങ്കുവയ്ക്കുന്നു. മിഡില്‍ ഈസ്റ്റിലെ ആദ്യ ഫുട്‌ബോള്‍ മാമാങ്കത്തെ പുതിയ മാനങ്ങളോടെയാവും ഖത്തര്‍ വരവേല്‍ക്കുക. ലോകപ്പില്‍ ഇന്നുവരെ കാണാത്ത പല അദ്ഭുതങ്ങളും തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു ഖത്തര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്. ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഖത്തറിന്റെ ലോകകപ്പ് ആതിഥ്യശ്രമങ്ങളെ സ്വദേശികള്‍ക്കൊപ്പം പ്രവാസികളും പ്രതീക്ഷകളോടെയാണു നെഞ്ചിലേറ്റിയി രുന്നത്. ഏതായാലും കൊച്ചു ഖത്തര്‍ വീണ്ടും ചരിത്രം രചിക്കുകയാണ്. വലുപ്പമല്ല ആര്‍ജവമാണു ചരിത്രത്തില്‍ ഇടം നേടുന്നതെന്ന ചരിതപാഠം ഖത്തര്‍ ഒരിക്കല്‍ കൂടെ ലോകത്തിനു നല്‍കുന്നു. ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ ഗള്‍ഫ് മലയാളി. കോമും പങ്കു ചേരുന്നു. ഒപ്പം ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി, കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, രാജകുടുംബാംഗങ്ങള്‍, ശൈഖുമാര്‍, മന്ത്രിമാര്‍, ഖത്തറിലെ ജനങ്ങള്‍ എല്ലാവര്‍ക്കും സ്‌നേഹോഷ്മളമായ അഭിവാദ്യങ്ങള്‍.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan