Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

ബ്രോക്കണ്‍ ഇമേജസ്‌: ചില നാടകക്കാഴ്ചകള്‍

നിരക്ഷരന്‍

കുട്ടിക്കാലം മുതല്‍ക്കേ നാടകങ്ങള്‍ കാണുന്നതിന് എനിക്കൊരു വിലക്കുമില്ല. സിനിമ കാണണമെങ്കില്‍ ഒരുപാട് വലിയ കടമ്പകള്‍ ഉണ്ടുതാനും. നാടകങ്ങളിലാകുമ്പോള്‍ മോശം രംഗങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ലല്ലോ എന്നതായിരിക്കണം മാതാപിതാക്കള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വേര്‍തിരിവിന്റെ കാരണം.

ചില പ്രൊഫഷണല്‍ നാടകോത്സവങ്ങളുടെ ഭാഗമായി ആഴ്ച്ചയില്‍ ഏഴു ദിവസവും നാടകങ്ങള്‍ കാണാനായിട്ടുണ്ട്. െ്രെപമറി സ്‌കൂള്‍ കാലഘട്ടത്ത് സ്വന്തം മുഖത്ത് ചായം വാരിത്തേച്ച് സ്‌റ്റേജില്‍ നില്‍ക്കാനായിട്ടുണ്ട്. ജീവിതത്തില്‍ ആദ്യമായി പുകവലിച്ചത് ഇതേ സ്‌കൂള്‍ നാടകങ്ങളില്‍ ഒന്നിനുവേണ്ടിയായിരുന്നു. സായികുമാര്‍, വിജയരാഘവന്‍, എന്‍.എന്‍.പിള്ള, രാജന്‍ പി.ദേവ് എന്നിങ്ങനെയുള്ള കലാകാരന്മാരെയൊക്കെ വെള്ളിത്തിരയില്‍ കാണുന്നതിന് മുന്നേ സ്‌റ്റേജില്‍ കാണാനായിട്ടുണ്ട്. എന്തിനധികം പറയുന്നു, ഇംഗഌിലുള്ള ഗ്‌ളോബ് തീയറ്ററില്‍ പോയി സാക്ഷാല്‍ ഷേക്ള്‍സ്പിയറിന്റെ 'ആസ് യു ലൈക്ക് ഇറ്റ് ' എന്ന വിശ്വവിഖ്യാത നാടകം കാണാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും 1990കളില്‍ മുംബൈ ജീവിതകാലത്ത് അനുഭവിക്കാന്‍ പറ്റിയില്ല എന്ന് കുണ്ഠിതപ്പെടുത്തുന്ന ചില നാടകക്കാര്യങ്ങളുണ്ട്. പൃഥ്വി തീയറ്ററിലോ മറ്റോ പോയി പ്രമുഖ സ്‌റ്റേജ് ആര്‍ട്ടിസ്റ്റുകളുടെ നാടകങ്ങള്‍ കാണുക എന്നതായിരുന്നു നടക്കാതെ പോയ ആ ആഗ്രഹങ്ങള്‍.

ഗിരീഷ് കര്‍ണ്ണാട് രചിച്ച്, അലിക്ള്‍ പദംസീ സംവിധാനം ചെയ്ത 'ബ്രോക്കണ്‍ ഇമേജസ് ' എന്ന ഏക അംഗവും ഏക രംഗവുമുള്ള ഇംഗഌഷ് നാടകം ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് നമ്മുടെ കൊച്ചുകേരളത്തില്‍ വെച്ചുതന്നെ കാണാനായതോടെ ബാക്കി നിന്നിരുന്ന ആ ഒരു ആഗ്രഹം കൂടെ സഫലമാകുകയായിരുന്നു.

ഒരു മണിക്കൂര്‍ നീളമുള്ള ഒരൊറ്റ രംഗത്തില്‍ തീരുന്ന നാടകത്തില്‍ ഇപ്പറഞ്ഞ സമയമത്രയും രംഗത്ത് നിറഞ്ഞുനില്‍ക്കുന്നത് ശബ്‌നാ ആസ്മി എന്ന അനുഗൃഹീത കലാകാരി മാത്രമാണ്. അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയായി ഒരു ഡിജിറ്റല്‍ കഥാപാത്രത്തെക്കൂടെ രംഗത്ത് സന്നിവേശിപ്പിച്ച് സാങ്കേതിക വിദ്യയുടെ അനന്തസാദ്ധ്യതകള്‍ നാടകരംഗത്തേക്ക് ഉള്‍ക്കൊള്ളിക്കാന്‍ വിദഗ്ദ്ധമായി ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു നാടകത്തിന്റെ ശില്‍പ്പികള്‍.

മഞ്ജുള ശര്‍മ്മ എന്ന പ്രശസ്ത നോവലിസ്റ്റായും, സാങ്കേതിക വിദ്യയിലൂടെ രംഗത്ത് പ്രത്യക്ഷപ്പെടുന്ന മാലിനി ശര്‍മ്മ എന്ന അവരുടെ അന്തരിച്ചുപോയ സഹോദരിയായും ശബ്‌നാ ആസ്മി തന്നെ വേഷമിടുമ്പോള്‍ അവര്‍ ഏറ്റെടുക്കുന്ന വെല്ലുവിളി സാധാരണ ഒരു നാടകത്തിലേതുപോലെ ഡയലോഗ് പറയുകയും അഭിനയം കാഴ്ച്ചവെക്കുകയും മാത്രമല്ല. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍, ഡിജിറ്റല്‍ കഥാപാത്രമായി ടീവിയിലൂടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രവുമായി ടൈമിങ്ങ് തെറ്റാതെ, സ്‌റ്റേജിലെ ഓരോ ചലനങ്ങള്‍ പോലും സംവിധായകന്‍ ക്രമീകരിച്ചതനുസരിച്ച് ചെയ്യുക എന്ന കഠിനമായ ഒരു ജോലിതന്നെയാണ് കഥാനായികയെ അവതരിപ്പിച്ച ശബ്‌നാ ആസ്മി അതിമനോഹരമായി ചെയ്തുതീര്‍ക്കുന്നത്. ഇത്തരത്തിലൊരു ആധുനിക നാടകം വിഭാവനം ചെയ്ത് എഴുതി അത് സ്‌റ്റേജില്‍ അവതരിപ്പിക്കാന്‍ പറ്റുമെന്ന് തെളിയിച്ച ഗിരീഷ് കര്‍ണ്ണാടും അലിക്ള്‍ പദംസീ യും ഒരുപോലെ കൈയ്യടി അര്‍ഹിക്കുന്നു.

ഹിന്ദിയിലെ എഴുത്തുകാരിയാണെങ്കിലും മഞ്ജുള ശര്‍മ്മ പ്രശസ്തിയിലേക്ക് കുതിച്ചുയരുന്നത് ആദ്യത്തെ ഇംഗഌഷ് നോവലിലൂടെയാണ്. ഒരു ടീവീ ചാനലിന് വേണ്ടി അവരുടെ സ്റ്റുഡിയോയില്‍ കഥാനായിക എത്തിച്ചേരുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലിരുന്ന് ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് പോകാനൊരുങ്ങുന്ന മഞ്ജുളയ്ക്ക് അപ്രതീക്ഷിതമായി സ്റ്റുഡിയോയിലെ ടീവി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സ്വന്തം രൂപത്തോട് സാദൃശ്യമുള്ള ഇമേജിനോട് പ്രതികരിക്കേണ്ടി വരുന്നു. നീണ്ടുനീണ്ടുപോകുന്ന ആ സംഭാഷണങ്ങള്‍ക്കിടയില്‍ തന്റെ കുടുംബ ജീവിതത്തിലേയും സാഹിത്യജീവിതത്തിലേയും പല രഹസ്യങ്ങളും അനാവരണം ചെയ്യാന്‍ മഞ്ജുള നിര്‍ബന്ധിതയാവുന്നു. ബ്രോക്കണ്‍ ഇമേജസ് എന്ന പേരിനോട് നീതി പുലര്‍ത്തിക്കൊണ്ട് രംഗം അവസാനിക്കുന്നതോടെ കഥയും പൂര്‍ണ്ണമാകുകയാണ്.

ഒരു രംഗം. ജീവനുള്ള കഥാപാത്രവും ഒന്ന് മാത്രം. എന്നുവെച്ച് നാടകം ഒട്ടും വിരസമാകുന്നില്ല. നാടകാന്ത്യത്തില്‍ സാങ്കേതികവിദ്യയ്‌ക്കൊപ്പം പ്രകാശ സജ്ജീകരണത്തിന്റെ മുഴുവന്‍ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി വ്യത്യസ്തമായ ഒരു കാഴ്ച്ച കൂടെ സമ്മാനിക്കുന്നതോടെയാണ് നാടകം പൂര്‍ണ്ണതയിലെത്തുന്നത്.

തീയറ്റര്‍ നാടകവേദികള്‍ക്ക് കലാകേരളത്തില്‍ അത്യധികം സാദ്ധ്യതകള്‍ ഉണ്ടെന്ന് ആയിരത്തിലധികം പേര്‍ക്കായി ഒരുക്കിയ ഓഡിറ്റോറിയത്തിന്റെ നിറഞ്ഞ കസേരകളും ഹാളില്‍ മുഴങ്ങിക്കേട്ട കൈയ്യടിയും സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഇത്തരം നാടകങ്ങള്‍, വലിയ തോതില്‍ എന്തുകൊണ്ട് കേരളത്തില്‍ പിറക്കുന്നില്ല? മറുഭാഷകളില്‍ നിന്നായാലും ഇത്തരം നാടകങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ കൂടുതലായി പ്രദര്‍ശിക്കപ്പെടുന്നില്ല? തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവല്‍ എന്നൊക്കെയുള്ള രീതിയില്‍ അരങ്ങേറുന്ന നാടകങ്ങള്‍ മാത്രമാണ് ആകെയുള്ള അപവാദം. അനന്തപുരിയോളമോ അതിനേക്കാളധികമോ സാദ്ധ്യതകളുള്ള കൊച്ചിയില്‍ എന്തുകൊണ്ട് മാസത്തിലൊരിക്കലെങ്കിലും ഇതുപോലെ നാടകങ്ങള്‍ പ്രദര്‍ശിക്കപ്പെടുന്നില്ല ? ഇത്തരം നാടകങ്ങള്‍ക്കായി ഒരു സ്ഥിരം തീയറ്ററിനുള്ള സാദ്ധ്യതകള്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയില്‍ ഇല്ലെന്നാണോ ? ഈ നാടകം കാണാന്‍ അവസരമൊരുക്കിയ JTPAC എന്ന സംരംഭത്തോട് നന്ദിയുണ്ട്. പക്ഷെ, ഏറ്റയും കുറഞ്ഞ സീറ്റിന് 500 രൂപ കൊടുത്ത് JTPAC (http://jtpac.org/) ല്‍ പോയി ഇത്തരം നാടകങ്ങള്‍ ആസ്വദിക്കാന്‍ എത്രപേര്‍ക്കാവും ? സാധാരണക്കാരന് കൂടെ എത്തിപ്പിടിക്കാനാവുന്ന വിധത്തിലുള്ള തീയറ്ററുകള്‍ വന്നിരുന്നെകില്‍ എന്നാഗ്രഹിച്ചുപോകുന്നു.

ഈ നാടക പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എടുത്തുപറയണമെന്ന് തോന്നുന്ന ഒരു കാര്യം കൂടെയുണ്ട്. തൊട്ടടുത്ത ദിവസം മലയാള മനോരമയില്‍ വന്ന പത്രവാര്‍ത്തയെപ്പറ്റിയാണത്. നഗരത്തില്‍ ജീവിക്കുന്ന വളരെക്കുറച്ച് പേര്‍ക്ക് മാത്രം കാണാന്‍ പറ്റിയ ഒരു നാടകത്തെപറ്റി റിപ്പോര്‍ട്ട് എഴുതുമ്പോളെങ്കിലും നാടകീയത ഒഴിവാക്കിക്കൂടെ ? കുറേക്കൂടെ കൃത്യമായ വിവരങ്ങള്‍ എഴുതിക്കൂടെ ?

മനോരമ ലേഖനത്തില്‍ പറയുന്നത്... 'മഞ്ജുള ഒരു ടീവി ചാനലിന്റെ അതിഥിയായി എത്തുന്നതാണ് നാടകത്തിന്റെ ആദ്യരംഗം' എന്നാണ്. നാടകത്തിന് ആകെ ഒരു രംഗം മാത്രമേ ഉണ്ടായിരുന്നു എന്ന് അത് കണ്ടിരുന്ന ലേഖകന് / ജേര്‍ണലിസ്റ്റിന് മനസ്സിലായില്ലെന്നുണ്ടോ ? ആതോ അദ്ദേഹം നാടകത്തിനിടയില്‍ എപ്പോഴോ ഉറങ്ങിപ്പോകുകയും ഉറക്കമെണീറ്റപ്പോള്‍ രണ്ടാമത്തെ രംഗമാണിപ്പോള്‍ എന്ന് കരുതിയതാണോ ? അങ്ങനാണെങ്കിലും, നാടകത്തിന്റെ തുടക്കത്തില്‍ ഒറ്റ രംഗമുള്ള നാടകമാണിതെന്ന് പറഞ്ഞത് അദ്ദേഹം കേട്ടില്ലെന്നോ, അതോ അത് പറയാന്‍ ഉപയോഗിച്ച ആംഗലേയ ഭാഷ അദ്ദേഹത്തിന് വശമില്ലെന്നാണോ ? അതോ, നാടകം കാണാതെ തന്നെ ഒരു ഫോട്ടോ മാത്രം സംഘടിപ്പിച്ച് എഴുതിയ റിപ്പോര്‍ട്ടാണോ ഇത്? ഇരട്ടവേഷങ്ങളില്‍ ശബ്‌നാ ആസ്മി കസറി എന്നൊക്കെ എഴുതുമ്പോള്‍ ജനം ഞെട്ടും, ഞെട്ടിത്തരിക്കും. കാരണം സിനിമയിലാണെങ്കില്‍ ഇരട്ടവേഷം എങ്ങനാണ് ചെയ്യുന്നതെന്ന് ഇക്കാലത്ത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. അതുപോലല്ലല്ലോ നാടകത്തില്‍ ഇരട്ടവേഷം എന്നൊക്കെ പറയുന്നത്. ഒന്നുകില്‍ ആ 'ഇരട്ട വേഷം' എത്തരത്തിലായിരുന്നു കാഴ്ച്ചവെച്ചതെന്ന് വിശദമായി എഴുതുക. അല്ലെങ്കില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന അത്തരം പദങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വാര്‍ത്ത വായിച്ച് ഇരട്ടവേഷം നാടകത്തില്‍ കാണാനായി പിറ്റേന്ന് തന്നെ ചാടിപ്പുറപ്പെട്ടാലും കണ്ടുകിട്ടാന്‍ സാദ്ധ്യത കുറവുള്ള തീയറ്റര്‍ നാടകങ്ങളുടെ കാര്യത്തിലാകുമ്പോള്‍ ഇത്തരം സെന്‍സേഷന്‍ വാര്‍ത്തകളിലൂടെ ഉണ്ടാക്കുന്നതൊക്കെ ഒഴിവാക്കിയാല്‍ നന്നായിരുന്നു.

പൊതുജനങ്ങള്‍ക്ക്, ഏറ്റവും കുറഞ്ഞ പക്ഷം എനിക്കെങ്കിലും പത്രവാര്‍ത്തകളിലുള്ള വിശ്വാസം വളരെക്കുറവാണിപ്പോള്‍. ഒരു വാര്‍ത്ത വായിച്ചാല്‍ അത് സ്വയം അരിച്ചെടുത്തതിനുശേഷം മാത്രമാണ് തരിമ്പെങ്കിലും വിശ്വസിക്കാന്‍ ശ്രമിക്കുന്നത്. ഈയിടെയായി പ്രമുഖ പത്രമാദ്ധ്യമങ്ങളില്‍ നിന്നുള്ള അനുഭവങ്ങളൊക്കെ അത്തരത്തിലുള്ളതാണ്. ഈ പത്രവാര്‍ത്ത മറ്റൊരുദാഹണം മാത്രം. വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പടച്ചിറക്കുകയല്ല ആത്മാര്‍ത്ഥമായി പൊലിപ്പും തൊങ്ങലുമൊന്നുമില്ലാതെ എഴുതപ്പെടണം എന്നുമാത്രമേ അഭ്യര്‍ത്ഥിക്കാനുള്ളൂ.

കലാസ്വാദകര്‍ക്ക് പോക്കറ്റില്‍ ഒതുങ്ങുന്ന വിധത്തില്‍ തീയറ്റര്‍ നാടകങ്ങള്‍ ഇനിയും അവതരിപ്പിക്കപ്പെടുമാറാകട്ടെ.അതിനായി സ്ഥിരം വേദികള്‍ തന്നെ ഉണ്ടാകുമാറാകട്ടെ. അവയെപ്പറ്റിയുള്ള നല്ല നല്ല പഠനങ്ങളും വാര്‍ത്തകളും വിമര്‍ശനങ്ങളും ചര്‍ച്ചകളും കലാലോകത്തിന് മുതല്‍ക്കൂട്ടാകട്ടെ എന്നൊക്കെ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan