Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

ഒരു ഏച്ചില്‍ മാഹാത്മ്യകഥ
പ്രേമന്‍ മാഷ്

ാരമ്പര്യവൈദ്യ ഫെഡറേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധത്തിന്റെ വിശാദാംശങ്ങള്‍ സംസാരിക്കാനാണ് നാരായണന്‍ ഗുരുക്കള്‍ വന്നത്. ഞങ്ങളുടെ സ്വന്തം ജീവന്‍മശായ് ആണ് എല്ലാവരും നാരായണേട്ടന്‍ എന്ന് വിളിക്കുന്ന നാരായണന്‍ ഗുരുക്കള്‍ . ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കളരിപ്പയറ്റ് പഠിക്കാനും പഠിപ്പിക്കാനും അതിലെ സൂക്ഷ്മമായ കളരി ചികിത്സ സ്വ്വയത്തമാക്കാനും വേണ്ടി ഉഴിഞ്ഞു വെച്ച കര്‍മയോഗി. ഗുരുക്കളുടെ ഒഫീഷ്യല്‍ സ്‌പോക് മാനും എഴുത്തു കുത്തുകളുടെ പരികര്‍മ്മിയുമായ ഞാന്‍ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ചൂരല്‍പ്രയോഗങ്ങള്‍ കളരിയില്‍ നിന്ന് ഏറെ ഏറ്റുവാങ്ങിയിട്ടുള്ള മടിയനായ ശിഷ്യനായിരുന്നു. കളരി ചികിത്സയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു അപൂര്‍വ്വ ഒറ്റമൂലിയെക്കുറിച്ചാവാം അവതരണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണുന്ന സസ്യങ്ങളുടെ ചികില്‌സാപരമായ പ്രയോജനത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. ഇതില്‍ നിന്ന് 'ഏച്ചില്‍' (ശാസ്ത്രീയ നാമം അുീൃീമെ ഹശിറഹല്യമിമ ) എന്ന ചെടിയുടെ ഔഷധ ഗുണത്തെക്കുറിച്ചാവാം പ്രബന്ധം എന്ന് ഞങ്ങള്‍ ഒടുവില്‍ തീരുമാനിച്ചു. ഏച്ചിലിന്റെ അത്യപൂര്‍വ്വമായ ഫലസിദ്ധിയെക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം നിരത്തി. ആയുര്‍വേദത്തില്‍ പോലും പ്രയോജനപ്പെടുത്താത്ത എത്രയെത്ര ഔഷധങ്ങള്‍ നമ്മുടെ സസ്യശേഖരത്തിലുണ്ട് എന്ന് ആ കഥകള്‍ കേട്ട് ഞാന്‍ അതിശയിച്ചു പോയി. ആയുര്‍വേദമെന്ന സമ്പ്രദായം മാത്രമല്ല ആരോഗ്യ രോഗചികിത്സാ രംഗത്ത് നിരവധി നാട്ടുകൈവഴികളും നമുക്കുണ്ടായിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ നാട്ടുചികിത്സയുടെ പാരമ്പര്യം വമ്പിച്ചതാണല്ലോ. അതില്‍ തന്നെ കളരിചികിത്സ കേരളത്തിന്റെ ഏറ്റവും പഴയ ചികിത്സാപദ്ധതിയില്‍ ഒന്നാണ്. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിനോപ്പം തന്നെ ജനിച്ചു വളര്‍ന്നതാണ് കളരി ചികിത്സയും. കളരിപ്പയറ്റിനകത്ത് അതിസാഹസികമായ രീതിയില്‍ അഭ്യാസികള്‍ വിദ്യകള്‍ പരിശീലിക്കുമ്പോള്‍ അവര്‍ക്ക് സംഭവിക്കാനിടയുള്ള വീഴ്ചകള്‍ , ഉളുക്കുകള്‍ ചതവുകള്‍ , മറ്റു അപകടങ്ങള്‍ ഇവ തക്ക സമയത്ത് ചികിത്സിക്കുന്നതിനായി ആയുര്‍വേദത്തില്‍ നിന്നും വ്യത്യസ്തമായി ഒട്ടു വളരെ ചികിത്സാവിധികള്‍ കളരികള്‍ വികസിപ്പിച്ചെടുത്തിരുന്നു. പ്രത്യകിച്ചും അസ്ഥിഭംഗചികിത്സയിലും മറ്റും കളരി മര്‍മ്മ ചികിത്സകര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ , ചികിത്സാരീതികള്‍ എന്നിവ അത്ഭുതകരമായ ഫലങ്ങള്‍ ഉള്ളവയാണ്. ഞങ്ങളുടെ സമ്പ്രദായമായ മലക്ക കളരിയെന്നറിയപ്പെടുന്ന 'വട്ടേന്‍ തിരിപ്പി'ല്‍ അത്യപൂര്‍വവും അത്ഭുതാവഹവുമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനവധി ഔഷധങ്ങളും ചികിത്സാ വിധികളും ഉണ്ട്.

വട്ടേന്‍ തിരിപ്പില്‍ അസ്ഥിഭംഗചികിത്സയില്‍ ഉപയോഗിക്കുന്ന അപൂര്‍വയിനും ഔഷധമാണ് 'ഏച്ചില്‍'. ഏച്ചില്‍ ചെടിയുടെ അപൂര്‍വമായ സിദ്ധികളെക്കുറിച്ച് പുറംലോകം അറിഞ്ഞതിനു ഒരു കഥയുടെ പിന്നണിയുണ്ട്. വട്ടേന്‍ തിരിപ്പ് ശൈലിയുടെ അത്യുജ്വലനായ ഗുരുവര്യനായിരുന്നു ചുവാട്ട ഗുരുക്കള്‍. നാടാറ് മാസം കാടാറ് മാസം എന്നത് അക്കാലത്തെ കളരി ഗുരുക്കന്മാരുടെ ജീവിത ശൈലിയാണ്. വേഷം മാറിയും മാറാതെയും ഉള്ള ഇത്തരം യാത്രകളിലായിരിക്കണം പുതിയ വൈദ്യമുറകളും അഭ്യാസങ്ങളും അവര്‍ പഠിച്ചെടുക്കുന്നത്. തച്ചോളി ഒതേനന്റെയും ജേഷ്ഠന്‍ കോമന്റെയും യാത്രകള്‍ വടക്കന്‍ പാട്ടുകളില്‍ സുലഭമാണല്ലോ. അത്തരത്തിലൊരു യാത്രയില്‍ ചുവാട്ട ഗുരുക്കള്‍ അന്നൂരില്‍ നിന്ന് കുഞ്ഞിമംഗലത്തെത്തി. നടന്നു ക്ഷീണിച്ച ഗുരുക്കള്‍ ദാഹം തീര്‍ക്കാനായി ഒരു നായര്‍ തറവാടില്‍ എത്തി. അല്‍പ്പം വെള്ളത്തിനായി ആവശ്യപ്പെട്ട ഗുരുക്കള്‍ക്ക് വാതിലിനു മറഞ്ഞുനിന്ന ഒരു യുവതിയുടെ സ്വരം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. ഇവിടെ ഇപ്പോള്‍ മുതിര്‍ന്നവര്‍ ആരുമില്ലെന്നും അവരെല്ലാം കൃഷി ചെയ്യാന്‍ പോയിരിക്കുകയാണെന്നും അവള്‍ അറിയിച്ചു. കിണ്ടിയും വെള്ളവും വാതിലിനു മറഞ്ഞു നിന്ന് മുന്നോട്ടു നീക്കിയതല്ലാതെ യുവതി പുറത്തേക്ക് വന്നതേയില്ല. താന്‍ ആരാണെന്ന് വെളിവാക്കിയിട്ടും അവള്‍ പുറത്തേക്ക് വരാതായപ്പോള്‍ ഗുരുക്കള്‍ക്ക് തോന്നി അവള്‍ക്കു പ്രശ്‌നമെന്തോയുണ്ടെന്ന്. എന്ത് തന്നെയായാലും ഭയപ്പെടെണ്ടതില്ലെന്നും താന്‍ അവളെ ബാധിച്ച പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാം എന്നും ഗുരുക്കള്‍ ഉറപ്പു കൊടുത്തതിനു ശേഷമാണ് അവള്‍ വാതിലിനു പുറത്തേക്ക് നീങ്ങി നിന്നത്. അപ്പോഴാണ് ഗുരുക്കള്‍ക്ക് പ്രശ്‌നത്തിന്റെ ഗൌരവം ബോധ്യപ്പെട്ടത്. ആ യുവതിയുടെ ഒരു സ്തനം മറ്റത്തിനെയപേക്ഷിച്ചു വളരെ വലിപ്പം കൂടിയാണിരിക്കുന്നത്. യുവതി ഇക്കാരണത്താല്‍ മറ്റുള്ളവരുടെ കൂടെ പുറത്തിറങ്ങുകയോ ആള്‍ക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യാറില്ല. ആയുധങ്ങളും ചികിത്സാ ഉപകരണങ്ങളും കൈയ്യിലുണ്ടായിരുന്ന ഗുരുക്കള്‍ മറ്റൊന്നും ആലോചില്ല. അപ്പോള്‍ തന്നെ യുവതിയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അവളുടെ വലിപ്പമുള്ള സ്തനം അടിയില്‍ നിന്ന് മുറിച്ചുമാറ്റി മറ്റതിനൊപ്പം നീളം കണക്കാക്കി ഒട്ടിച്ചു ചേര്‍ത്തു. ആ പറമ്പില്‍ നിന്നുതന്നെ പറിച്ചെടുത്ത ഒരു പച്ചിലമരുന്നാണ് ഗുരുക്കള്‍ മുറിവ് കെട്ടാന്‍ പ്രധാനമായും ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുക്കള്‍ ഉടന്‍ തന്നെ അവിടുന്ന് പുറപ്പെട്ടു പോരുകയും ചെയ്തു.

യുവതിയുടെ ആങ്ങളമാരും ബന്ധുക്കളും വീട്ടിലെത്തിയത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. കഷ്ടിച്ച് രണ്ടാഴ്ച കഴിഞ്ഞു കെട്ടെല്ലാം അഴിച്ചു നോക്കിയപ്പോള്‍ യാതൊരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ സ്തനം ശരീരത്തോട് ചേര്‍ന്നിരുന്നു. ഇതില്‍ അതിശയപ്പെട്ട അവര്‍ ആരാണ് അപൂര്‍വ സിദ്ധി വിശേഷമുള്ള ആ വൈദ്യര്‍ എന്ന് ആരായാന്‍ തുടങ്ങി. ലക്ഷണം വെച്ചും ആ ഭാഗത്ത് ഗുരുക്കളെ കണ്ട ചിലരുടെ വാക്കുകള്‍ വെച്ചും ആങ്ങളമാര്‍ ഉറപ്പിച്ചു, അത് ചുവാട്ട ഗുരുക്കള്‍ തന്നെ. ഉടന്‍ തന്നെ ഗുരുക്കളുടെ വീട്ടിലെത്തിയ അവര്‍, ഈ പുണ്യകൃത്യത്തിനു യുക്തമായ എന്തെങ്കിലും പ്രതിഫലം അവരില്‍ നിന്ന് ഗുരുക്കള്‍ കൈക്കൊള്ളണമെന്ന് ശഠിച്ചു. ഗുരുക്കള്‍ ഒരു തരത്തിലും വഴങ്ങിയില്ല. ഒടുവില്‍ പോകാന്‍ നേരം ദക്ഷിണയായി തങ്ങളില്‍ നിന്നു വെറ്റിലയും അടയ്ക്കയുമെങ്കിലും വാങ്ങണമെന്ന് ശാഠ്യം പിടിച്ചു. ആ സമ്മര്‍ദ്ദത്തിനു ഗുരുക്കള്‍ വഴങ്ങി. ദക്ഷിണയും വെച്ച് അവര്‍ പോയതിനു ശേഷമാണ് ഗുരുക്കള്‍ ദക്ഷിണ എന്തെന്നു നോക്കിയത്. പൊന്നനുജത്തിയുടെ ജീവിതം തിരിച്ചു തന്നതിന് പൊന്നുകൊണ്ടുണ്ടാക്കിയ വെറ്റിലയും പൊന്നിന്റെ അടയ്ക്കയും ആണ് അവര്‍ കാഴ്ചവെച്ചത്. ഗുരുക്കള്‍ കഥ ഇങ്ങനെ അവസാനിപ്പിച്ചു, ചുവാട്ട തറവാട്ടുകാര്‍ ആ സ്വര്‍ണവെറ്റില വിറ്റ് വാങ്ങിയ നിലങ്ങള്‍ ഇന്നും അറിയപ്പെടുന്നത് 'വെറ്റിലക്കണ്ടം' എന്നാണ്! (കണ്ടം = വയല്‍ )

അന്ന് അവരുടെ മുറിവായ കൂടാന്‍ ഗുരുക്കള്‍ ഉപയോഗിച്ച പച്ചമരുന്നാണ് എച്ചില്‍. കള്ള് ചെത്തുന്നവര്‍ ആണ് സാധാരണയായി ഏച്ചില്‍ ഇല ഉപയോഗിക്കാറുള്ളത്. ചെത്തുന്ന പൂക്കുല ഓരോ ദിവസവും അല്‍പ്പാല്‍പ്പം മുറിക്കുമല്ലോ. മുറിവായിലൂടെ ഒഴുകി വീഴുന്ന കള്ളിന്‍ തുള്ളികള്‍ പൂക്കുലക്കകത്തെക്ക് പോകാതിരിക്കാന്‍ ചെത്തുകാര്‍ മുറിവായയില്‍ ഏച്ചില്‍ ഇല മുറിച്ച് ഉരയ്ക്കും. ചെത്തിയ ഉടനെയുള്ള കള്ള് അസ്ഥിസ്രാവം പോലുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഔഷധമാകുന്നത് അതില്‍ ഏച്ചില്‍ ഇലയുടെ ഗുണം കൂടി ചേരുന്നത് കൊണ്ടാണ്. ഏച്ചില്‍ ഇല പ്രധാന ഔഷധമായി പ്രയോജനപ്പെടുത്തിയ തന്റെ ഒരു അനുഭവം കൂടി നാരായണന്‍ ഗുരുക്കള്‍ സ്മരിക്കുകയുണ്ടായി. അന്നൂര്‍ പ്രദേശത്തു ഒരിക്കല്‍ ഒരു കാളക്കുട്ടന്‍ സ്വന്തം കയറില്‍ കാലു കുടുങ്ങി അത് വലിച്ചു മുറുക്കി. ഓട്ടത്തിലും വീഴ്ചയിലും കയറു മുറുകി കാലിന്റെ എല്ല് പൊട്ടി. പൊട്ടിയ എല്ലിന്‍ കഷണം കാലിലെ മാംസം തുളച്ചു രണ്ടിഞ്ചു പുറത്തേക്ക് വന്നിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ വന്നു കാലുമുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ല എന്ന് തീര്‍ത്ത് പറഞ്ഞു. ഈ സമയത്താണ് ചില പരിചയക്കാര്‍ നാരായണന്‍ ഗുരുക്കളെ വിവരമറിയിക്കുന്നത്. അദ്ദേഹം ചെന്ന്, പൊട്ടി പുറത്തേക്ക് വന്ന എല്ല് ആദ്യം കഴുകി വൃത്തിയാക്കി. ചീന്തിപ്പോയ അഗ്രഭാഗം കൃത്യമായും മുറിച്ചു എല്ലുകള്‍ ചേര്‍ത്തു വെച്ചു. ഏച്ചില്‍ ഇല എണ്ണയില്‍ അരച്ച് മഞ്ഞളും ചേര്‍ത്ത് പാകപ്പെടുത്തി മുറി ഭാഗത്ത് കനത്തില്‍ പിടിപ്പിച്ച് ചേര്‍ത്തു കെട്ടി. കൃത്യം ഒരാഴ്ച കഴിയുമ്പോഴേക്കും എല്ലുകള്‍ കൂടാന്‍ തുടങ്ങിയിരുന്നു. രണ്ടു മൂന്നാഴ്ചകം കാളക്കുട്ടന്‍ സാധാരണ നില പ്രാപിച്ചു. ഇക്കാര്യം പത്രങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ജില്ലയിലെ നിരവധി ചികിത്സകര്‍ കാളക്കുട്ടനെ കാണായി എത്തിയിരുന്നു. നാരായണന്‍ ഗുരുക്കള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇപ്രകാരം അപൂര്‍വ സിദ്ധികളുള്ള നിരവധി നാട്ടുമരുന്നുകളും അവയുടെ പ്രയോഗങ്ങളും അന്യം നിന്നു പോകുന്നത് ഓര്‍ത്ത് ഞാന്‍ വേവലാതിപ്പെട്ടു. ഇവ എപ്പോഴെങ്കിലും പ്രയോഗിക്കണമെങ്കില്‍ വ്യാജ ചികിത്സകന്‍ അല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഈ 'ജീവന്‍മശായ്'മാര്‍ എപ്പോഴും കയ്യില്‍ കരുതണമെന്നല്ലേ ഇപ്പോള്‍ 'രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍മാര്‍' പറയുന്നത്.


'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan