തുടക്കം
കെ. ആര്. മനോരാജ്
അകലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാന് വരുന്നത് കണ്ട് ഞാന്‍ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ് അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്. കിതച്ചുകൊണ്ട് ഞാന്‍ അയാളുടെ മുന്നില്‍ നിന്നു. 'ഇയാള്‍ക്ക് ഒരു കവറുണ്ട്' പുഞ്ചിരിയോടെ ആ മനുഷ്യന് പറഞ്ഞു. മനസ്സില്‍ വളരെയധികം സന്തോഷത്തോടെ ആ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും. ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒര്‍ഡര്‍ ആകണേ. ടെസ്റ്റും, ഇന്റര്‍വ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കില്‍ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛന് കിടപ്പിലാണ്. അമ്മ അടുത്ത വീടുകളില്‍ പോയി പണിയെടുത്ത് കൊണ്ടുവരുന്നതാണ് ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക് നാട്ടില്‍ കൂലിപ്പണിപോലും ആരും തരില്ലല്ലോ? വീട്ടിലെത്തുന്നതുവരെ കവര്‍ പൊട്ടിച്ചില്ല. ഇറയത്ത് ചാണകം മെഴുകിയ നിലത്ത് അമര്‍ന്ന് കൊണ്ട് മെല്ലെ വിറക്കുന്ന കൈകളോടെ കവര്‍ പൊട്ടിച്ചു. ഒരു നിമിഷം അതിലൂടെ കണ്ണോടിച്ച ഞാന്‍ അറിയാതെ എഴുന്നേറ്റുപോയി.
'എനിക്ക് ജോലി കിട്ടി...എനിക്ക് ജോലി കിട്ടി' ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. പരിസരബോധം തിരികെ കിട്ടിയപ്പോള്‍ അകത്തെ മുറിയില്‍ ചെന്ന് അച്ഛനെ വിവരമറിയിച്ചു.
അപ്പോള്‍ മാത്രമാണു ആ കാര്യം ചിന്തിച്ചത്. ഓര്‍ഡറിലൂടെ ഒരിക്കല്‍ കൂടി കണ്ണോടിച്ചു. വയനാട്ടിലെ ഏതോ ഗ്രാമപ്രദേശത്താണു. മനസ്സില്‍ അല്പം വിഷമം തോന്നി. എങ്കിലും ഈ പട്ടിണിയില്ലാതാകുമല്ലോ എന്നോര്‍ത്തപ്പോള്‍ സമാധാനം തോന്നി.
'എവിടെയാടാ' അച്ഛന്
'വയനാട്ടിലാണച്ഛാ'
'ദുരിതമാകും അല്ലേ?'
'ഇത്ര ദുരിതമാകില്ലല്ലോ അച്ഛാ. എന്തായാലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. ഇവിടത്തെ കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കണമല്ലോ...'
പിന്നീടെല്ലാം പെട്ടന്നായിരുന്നു. വീട്ടുകാരോട് യാത്രപറഞ്ഞ് ഒരു കൂട്ടുകാരനോട് കടം വാങ്ങിയ പൈസയുമായി ഞാന്‍ യാത്രയായി. ജീവിതത്തിന്റെ നല്ലോരു തുടക്കത്തിന്... മനസ്സില്‍ സന്തോഷത്തോടെയുള്ള എന്റെ ആദ്യയാത്ര. വളരെ വൈകിയാണു ഞാന്‍ എത്തേണ്ട സ്ഥലത്ത് എത്തിചേര്‍ന്നത്. ഏകദേശം സായം സന്ധ്യയായിക്കാണും. ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ ഗ്രാമത്തെയാകെ ഒരു വിഷാദം പോലെ ഇരുട്ട് അള്ളിപിടിച്ച് തുടങ്ങിയിരുന്നു. ഈ ഇരുട്ടില്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ. അടുത്ത് കണ്ട ഒരു പൊളിഞ്ഞ പീടികയുടെ ചിതലരിച്ചനിലത്ത് എന്റെ വിലയേറിയ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ, എന്നാല്‍ വിലപിടിപ്പുള്ള മറ്റൊന്നുമില്ലാത്ത സഞ്ചിയും മടിയില്‍ വച്ച് ഞാന്‍ ഇരുന്നു. സമയം തീരെ സമയമില്ലാത്ത ഒരു പണിക്കാരനെപോലെ മുന്നോട്ടുപോയികൊണ്ടിരുന്നു. സമയമറിയാന്‍ എന്റെ കൈവശം വാച്ചില്ല. ചോദിച്ചറിയാമെന്നുവച്ചാല്‍ ഒരു മനുഷ്യജീവിയെയും കാണുന്നില്ല. ഒരു വഴിവിളക്കുപോലുമില്ല. ഞാന്‍ ആകെ വിഷണ്ണനായി.... ഉറക്കം വാത്സല്യത്തോടെ എന്റെ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു. ഞാന്‍ നിലത്ത് തലവെച്ച് കിടന്നു. കൈയിലുള്ള സഞ്ചി നിലത്ത് വക്കുവാന് എനിക്ക് മടി തോന്നി. സര്‍ട്ടിഫിക്കറ്റുകള്‍ ചിതലരിച്ചാലോ... എന്റെ എല്ലുകള്‍ നുറുങ്ങുന്ന പോലെ... ശരീരം ആകെ കട്ടുകഴക്കുന്നു... മെല്ലെ മെല്ലെ ഞാന്‍ മയക്കത്തിലേക്ക് വഴുതി വീണു.
പട്ടിയുടെ തുടര്‍ച്ചയായുള്ള കുര കേട്ടാണു ഞാന്‍ കണ്ണുതുറന്നത്. എന്റെ മുന്നില്‍ നില്ക്കുന്ന തെണ്ടിപട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ഥലം അതിക്രമിച്ചു കൈയേറിയവനോടുള്ള തീരാത്ത അമര്‍ഷത്തോടെ...പിന്നീട് എന്തുകൊണ്ടോ ഞാനും അവനെ പോലെ തന്നെ ഒരു തെണ്ടിയാണെന്ന തോന്നലാവാം അവന് എന്റെ കാല്ക്കല് ചുരുണ്ടുകൂടി. ഭയം മനസ്സിനെ മഥിച്ചതിനാല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു വിധം നേരം വെളുപ്പിച്ചു. ഇനി... ഇനി എന്ത്? ഒരു എത്തും പിടിയും ഇല്ല. പ്രതീക്ഷ കൈവിടാതെ ഞാന്‍ നടന്നു. മുന്പില് കണ്ട വഴിയിലൂടെ... കുത്തനെയുള്ള ആ ഇറക്കം ചെന്ന് നിന്നത് വൈക്കോല്‍ മേഞ്ഞ ഒരു പുരക്കു മുമ്പിലാണ്. അവിടെനിന്നും ഒരു സ്ത്രീ ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു. ഏതാണ്ട് അസ്തിപോലായ സ്ത്രീ. ഒക്കത്ത് ഒരു കുഞ്ഞുണ്ട്. അവരുടെ ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. അവള് ഉദാസീനയായി എന്നെ നോക്കി. ആ കണ്ണുകള്‍ എന്നോട് എന്തോ യാചിക്കും പോലെ എനിക്കു തോന്നി.
'ഈ ഗവണ്മെന്റ് സ്കൂളിലേക്കുള്ള വഴിയേതാ?' അവര്‍ നിശബ്ദയായി എന്നെ നോക്കി നിന്നു.
'അമ്മച്ചീ, ഈ ഗവണ്മന്റ് സ്കൂളിലേക്കുള്ള വഴിയേതാ?...' ഞാന്‍ വീണ്ടും ചോദിച്ചു.
അറിയില്ലെന്ന് അവര്‍ കൈമലര്‍ത്തി. ഞാന്‍ നിരാശനായി. ആദ്യം കണ്ട മനുഷ്യജീവിയാണ്. അവര്‍ക്ക് വഴിയറിയില്ല... ദൈവമേ, എന്റെ തുടക്കം പിഴക്കുകയാണോ? തൊണ്ട ആകെ വരളുന്നു. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഭക്ഷണം കഴിച്ചതാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഒന്നുമ്മില്ലെങ്കിലും ഒരു ചൂടന്‍ ചായയെങ്കിലും...
'അമ്മച്ചീ, ഇവിടെ എവിടെയെങ്കിലും ചായക്കടയുണ്ടോ?'
'ഇതാണ് ഇവിടത്തെ ചായക്കട' കുട്ടിക്ക് മുലകൊടുക്കുന്നതിനിടയിലും അല്പം പ്രതീക്ഷയോടെ, ആകംഷയോടെ അവര്‍ പറഞ്ഞു.
ഞാനാകെ ഒന്ന് നോക്കി. വൈക്കോല്‍ കൊണ്ടുമേഞ്ഞ, ഒന്നുരണ്ടു മുളന്തൂണുകള് കൊണ്ട് താങ്ങിനിര്‍ത്തിയിരിക്കുന്ന ഇതോ ചായക്കട. ഇവിടെ അതിന്റെ ഒരു മട്ടുമില്ലല്ലോ! എന്തിനു ഒരു അടുപ്പ് പുകയുന്നതിന്റെ പുക പോലും കണുന്നില്ല. എന്റെ ഭാവം കണ്ടപ്പോള്‍ അവര്‍ ആകെ സൂക്ഷിച്ചുനോക്കി. ഒത്തിരി പ്രതീക്ഷയോടെ...
'ചായകിട്ടുമോ?' മറ്റൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു.
'കയറി ഇരിക്കൂ' അവര്‍ ആഹ്ലാദത്തോടെ പറഞ്ഞു.
ഞാന്‍ അകത്ത് കയറി. പക്ഷെ, എവിടെ ഇരിക്കും. ഞാന്‍ പരുങ്ങി നിന്നു. എന്റെ വിഷമം മനസ്സിലായ അവര്‍ ഒരു മരത്തടി കൊണ്ടിട്ടുതന്നു. അതില്‍ അമര്ന്നുകൊണ്ട് ഞാനാ കടയാകെ കണ്ണോടിച്ചു. രണ്ട് മുറികളാണു ആ കടക്കുള്ളത്. ഒന്ന് കീറിയ സാരികൊണ്ട് മറച്ചിട്ടുണ്ടാക്കിയതാണ്. അതിലാവാം അവരുടെ താമസം. ഞാന്‍ ആകെ ഖിന്നനായി. ഇവരുടെ മുമ്പില്‍ എന്റെ പ്രശ്നങ്ങള്‍ എത്ര നിസ്സാരം. ഞാന്‍ ചിന്തിച്ചു. ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ചായ ഇനിയും കിട്ടിയില്ല. ഞാനാകെ അക്ഷമനായി... അകത്തുനിന്നും ആ കുട്ടിയുടെ കരച്ചില് ഉയര്‍ന്ന് വന്നു.
'അശ്രീകരം.. കരയാതിരിക്ക് എന്റെ കുട്ടാ' ദേഷ്യവും വാത്സല്യവും ഒരുമിച്ച് അവരില്‍ നുരഞ്ഞുപൊങ്ങിയത് ഞാന്‍ അറിഞ്ഞു. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. ഞാന്‍ ആ കീറിയ സാരി മാറ്റി അകത്തേക്ക് നോക്കി. അപ്പോള്‍ കണ്ട കാഴ്ച....
ആ സ്ത്രീ തന്റെ കുഞ്ഞിനെ മുലയില്‍ നിന്നും അടര്‍ത്തിമാറ്റികൊണ്ട് ഒരു ഗ്ലാസ്സിലേക്ക് തന്റെ മുലപ്പാല്‍ പിഴിഞ്ഞൊഴിക്കുന്നു. തന്റെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട് കരയുന്നു...അവര്‍ എന്നെ കണ്ടു.. അവരുടെ മുഖം വിവര്‍ണ്ണമായി.
'പാല് കിട്ടിയില്ല എങ്കിലും ചായ ഇപ്പോള്‍ തരാം. ഈ പാലൊന്നെടുക്കാന്‍ ഈ അശ്രീകരം സമ്മതിക്കണ്ടെ'
മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ ഓടി. കുത്തനെയുള്ള ആ വഴികള്‍ ഓടികയറിയപ്പോള്‍ ഞാന്‍ മറ്റൊന്നും അറിഞ്ഞില്ല. മുള്ളുകള്‍ തറഞ്ഞുകയറി എന്റെ കാലില്‍ നിന്നും ചോര വന്നതു പോലും... എങ്ങിനെയും രക്ഷപ്പെട്ടാല്‍ മതിയെന്നായി. ഇവരുടെ ഈ അവസ്ഥക്ക് മുമ്പില്‍ തന്റെ വീട് സ്വര്‍ഗമാണ്. ഒരു നല്ല തുടക്കം പ്രതീക്ഷിച്ച് വന്ന ഏനിക്ക്... വയ്യ... തിരിച്ചുപോണം... എന്റെ ആ സ്വര്‍ഗത്തിലേക്ക്...
ഇറങ്ങിയ വഴികള്‍ ഓടിക്കയറി ഞാന്‍ ചെന്നപ്പോള്‍ പഴയ പട്ടി എന്നെ കണ്ട് സൗഹൃദഭാവത്തില്‍ കുരച്ചു. പക്ഷെ എന്റെ കാതില്‍ മുഴങ്ങികേട്ടത് ആ കുട്ടിയുടെ വിശന്നുള്ള കരച്ചിലായിരുന്നു. എന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ആ സ്ത്രീയുടെ നിസ്സഹായത ആയിരുന്നു. ...നിസ്സംഗതയായിരുന്നു.. ചായയുമായി ആ സ്ത്രീ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി... ഞാന്‍ ഓടി... ആ സ്ത്രീയില്‍ നിന്നും രക്ഷപെടുവാനായി... വിശപ്പില്ലതെ... ദാഹമില്ലാതെ... മനസ്സിലേറ്റുവാങ്ങിയ ആ മുറിപ്പാടുകളുമായി ഞാന്‍ ഓടി... മറ്റൊരു നല്ല തുടക്കത്തിനായി....